കാലികം: വളർന്നു വരുന്ന നവമാധ്യമ നിരീശ്വര വാദത്തിന് എതിരെ സഭക്ക് എന്ത് മാർഗ്ഗങ്ങൾ സ്വീകരിക്കാം? | ഫെബിന്‍ ഡാന്‍

 

നിരീശ്വരവാദത്തിന്റെ വേരുകൾ ക്രിസ്‌തീയ തലമുറയെ പിടിച്ചു മുറുക്കുന്നു എന്നുള്ളതിന് തെളിവാണ്, നവ മാധ്യമമായ ക്ലബ്‌ ഹൗസിൽ Ex- christian, യൂട്യൂബ് കമന്റിൽ പഴയ ക്രിസ്ത്യാനി, ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ Atheist എന്നീ ലേബലിൽ ആശയങ്ങൾ പങ്ക് വയ്ക്കുന്ന നിരീശ്വരവാദികൾ. സഭ സജ്ജമാകുക, അടുത്ത തലമുറയെ നേടാൻ. അതിന് വേണ്ടി സഭക്ക് ചെയ്യാൻ കഴിയുന്ന ചുരുക്കം ചില മാർഗ്ഗങ്ങൾ ചുവടെ ചേർക്കുന്നു :

1. സൺഡേ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുക. പെട്ടകത്തിന്റെ നീളവും, വീതിയും, എലിയാവ് യാഗത്തിന് വിറകു അടുക്കിയതും മാത്രമല്ല, കാലിക പ്രസക്തി ഉള്ള വിഷയങ്ങളും, ആശയങ്ങളും പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുക. എത്ര സൺഡേ സ്കൂൾ പുസ്തകങ്ങളിൽ, യേശു ക്രിസ്തുവിന്റെ ക്രൂശികരണം, ഉയർത്തെഴുന്നേൽപ്പ് എന്നിവയെ പറ്റി കൃത്യമായ സയന്റിഫിക്കൽ, മെഡിക്കൽ, ഹിസ്റ്റോറിക്കൽ എവിഡൻസ് ചേർത്ത പാഠം ഉണ്ട് ? ദൈവം ഉണ്ട് എന്ന് തെളിയിക്കാൻ പറ്റിയ തെളിവുകളും, ഫിലോസോഫിക്കൽ ആശയങ്ങളും ഉള്ള എത്ര പാഠങ്ങൾ ഉണ്ട് ?? സ്‌കൂളുകളിൽ, കോളേജുകളിൽ നടക്കുന്ന വിശ്വാസ സംബന്ധമായ സംവാദങ്ങളിൽ, മറുപടി കൊടുക്കാൻ അവരെ പ്രാപ്തരാക്കുന്ന എത്ര പാഠങ്ങൾ ഉണ്ട് ?കാലത്തിനു അനുസൃതമായി പാഠഭാഗങ്ങൾ പരിഷ്കരിക്കുക.

2. യുവജന ക്യാമ്പുകളിൽ apologetics സംബന്ധിച്ചുള്ള വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കുക. അതിൽ പ്രാവീണ്യമുള്ള ദൈവദാസന്മാരെ കൊണ്ട് ക്ലാസ്സുകൾ നടത്തുക. സംശയങ്ങളുമായി മുന്നോട്ടു വരാൻ നമ്മുടെ യുവജനതയെ പ്രോത്സാഹിപ്പിക്കുക. സംശയങ്ങൾ മാറി അവർ ക്രിസ്തുവിനെ കൂടുതൽ അറിയട്ടെ. മുടന്തൻ ന്യായങ്ങൾ ഒഴിവാക്കി, സഭ അതിന് വഴി ഒരുക്കുക.

3. ദൈവദാസന്മാർ, സഭയിലുള്ള കുഞ്ഞുങ്ങളുടെ, യുവജനങ്ങളുടെ വിഷയങ്ങളെ അഭിസംബോധന ചെയ്യുക. അവരുടെ സംശയങ്ങൾക്ക് മറുപടി കൊടുക്കുക, അല്ലെങ്കിൽ സംശയനിവാരണം നടത്താൻ കഴിവുള്ളവരിലേക്ക് അവരെ നടത്തുക. പ്രസംഗം മാത്രം നടത്താതെ, അവർക്കു പറയാൻ ഉള്ളത് കേൾക്കുക.. Be a listener first, then preach. ദൈവ വചന അടിസ്ഥാനത്തിലുള്ള നിർദ്ദേശങ്ങൾ മാത്രം നൽകുക, സ്വയം ശരി എന്നു തോന്നുന്നു നിർദ്ദേശങ്ങൾ അവരുടെ തലയിൽ അടിച്ചേല്പിക്കാതെ ഇരിക്കുക. നൽകുന്ന നിർദ്ദേശങ്ങൾ എന്തു കൊണ്ട് പാലിക്കണം, അതുകൊണ്ടുള്ള പ്രയോജനം എന്നിവയെപ്പറ്റി ചോദിക്കുമ്പോൾ, അവരെ അധിക്ഷേപിക്കാതെ, തർക്കുത്തരം പറയുന്നവൻ, മനസന്തരപ്പെടാത്തവൻ എന്നു പറഞ്ഞു ഒഴിവാക്കാതെ, യുവാക്കളെ പറഞ്ഞു ബോധവന്മാർ ആക്കുക.

4. ദൈവദാസന്മാർ സഭയിൽ, വചനം കൃത്യമായും ബോധത്തോടെയും പഠിപ്പിക്കുക. വളർന്നു വരുന്ന തലമുറ നല്ല ചിന്താശേഷി ഉള്ളവരും, അറിവ് ഉള്ളവരുമാണ്. ആദ്യത്തെ 5 മിനിറ്റ് ദൈവ ദാസൻ പ്രസംഗിക്കുമ്പോൾ അറിയാം, തുടർന്ന് ആ പ്രസംഗം കേൾക്കണോ വേണ്ടയോ എന്ന്. അതിനാൽ പറയുന്ന വിഷയങ്ങൾ ആധികാരികമായി, വ്യക്തമായി പറയുക. ഊഹാപോഹങ്ങളും, മുത്തശ്ശി കഥകളും, കേട്ടാൽ ചിരി വരാത്ത പഴഞ്ചൻ നിലവാരം ഇല്ലാത്ത തമാശകളും ഒഴിവാക്കുക. കഴിയുമെങ്കിൽ സയന്റിഫിക്, മെഡിക്കൽ, ജനറൽ ആയിട്ടു ഉള്ള ഫാക്ടസ് ഉൾപ്പെടുത്തുക. അവ യുവജനങ്ങളെ കൂടുതൽ വിശ്വാസത്തിൽ ഉറപ്പിക്കും എന്നുള്ളതിന് തർക്കം ഇല്ല.
അതേ, അടയാളം തേടുന്ന തലമുറ ആണ് ഇന്ന്.

5. സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം കുതിച്ചുയരുന്ന ഈ കാലഘട്ടത്തിൽ, വിഡിയോ, ഓഡിയോ, ആനിമേഷൻ മേഖലകളിൽ പ്രവീണ്യമുള്ള യുവാക്കന്മാരെ സംഘടിപ്പിച്ച് മലയാളത്തിൽ നല്ലതും ലളിതവുമായ apologetics contents നിർമിക്കുക, സാധാരണക്കാരിലേക്കു എത്തിക്കുക.

6. പൊതുവേദികളിൽ ക്രിസ്തുവിനു വേണ്ടി നിൽക്കാൻ, സംവാദങ്ങൾ നടത്തുവാൻ ( Topics related to apologetitc) അവരെ പ്രാപ്തർ ആക്കുന്ന വീഡിയോകൾ, യൂട്യൂബ് ലിങ്കുകൾ, ഇ- ബുക്ക്, കാലിക പ്രസക്തി ഉള്ള വിവരങ്ങൾ, സംവാദങ്ങൾ ഉൾക്കൊള്ളിച്ച ഓഡിയോ ക്ലിപ്പുകൾ എന്നിവ ദൈവദാസന്മാർ യുവാക്കന്മാർക്ക് ഷെയർ ചെയ്യുക. അവർ കേൾക്കട്ടെ, അവർ വളരട്ടെ. വിശ്വാസം പൊയ്പോകാൻ സാധ്യത ഉള്ള ഈ കാലഘട്ടത്തിൽ സത്യം മനസിലാക്കി ക്രിസ്തുവിനു വേണ്ടി അവർ നില കൊള്ളട്ടെ.

7. ബൈബിൾ കോളേജുകളിൽ പഠിക്കുന്ന സഹോദരി -സഹോദരന്മാർക്ക് apologetics ൽ പ്രത്യേക പരിശീലനം നൽകുക. അവർ സഭകളിൽ ഇനി ശുശ്രൂഷയ്ക്ക് കയറുമ്പോൾ അഭിസംബോധന ചെയ്യാൻ പോകുന്നത്, സാമൂഹിക മാധ്യമങ്ങളിൽ നിരീശ്വരവാദികളുടെ പ്രഭാഷണങ്ങൾ ശ്രവിച്ച് ദൈവത്തെപ്പറ്റി സംശയം കലർന്ന മനസുമായി വളർന്നു വരുന്ന തലമുറയെയാണ്. ഇന്നത്തെ ബൈബിൾ കോളേജ് വിദ്യാർഥികളെ നാളത്തെ തലമുറക്കായി സജ്ജരാക്കുക.

8. യുവജന സംഘടനകൾ യുവാക്കന്മാരെ ചേർത്തു പിടിക്കട്ടെ. അവരെ ക്രിസ്തുവിലേക്കു നടത്തട്ടെ. അവർക്ക് പറയാൻ ഉള്ളത് കേൾക്കട്ടെ. കാലഘട്ടത്തിന് അനുസൃതമായി പ്രോഗ്രാമുകൾ സംഘടിപ്പിക്കട്ടെ. നൂതന ആശയങ്ങൾ, നവ സാമൂഹിക മാധ്യമങ്ങൾ എന്നിവ സുവിശേഷത്തിനായി ഉപയോഗിക്കുക.

ഇത്തരം കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ, നാളകളിൽ “പണ്ട് അവിടെ ഒരു സഭ” ഉണ്ടായിരുന്നു എന്ന് ഇന്നത്തെ യുവാക്കന്മാർക്ക് നാളത്തെ വയോധികർക്ക് കഥ പറയാൻ ഉള്ള വിഷയം ആയി “സഭ” എന്ന വാക്ക് മാറും എന്നുള്ളത് തർക്കമറ്റ സംഗതി ആണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.