ഒരു സ്വാതന്ത്ര്യ ദിന ഓർമ്മക്കുറിപ്പ് | ബോവസ് പനമട

An Independence Day Memorial Article by Bovas Panamada


ലക്കീറുകൾക്കിടയിലൂടെ ആകാശവും നോക്കി ഞാൻ കിടന്നു.വീട്ടിൽ എല്ലാവരുംതന്നെ ഉറക്കത്തെ പുണർന്നു കഴിഞ്ഞിരുന്നു. എനിക്ക് ഒട്ടും ഉറക്കം വന്നില്ല. എങ്ങനെ ഉറങ്ങും.നാളത്തെ ദിവസം അത്ര വിശേ ക്ഷപ്പെട്ടതാണ്.മനോരാജ്യങ്ങളിൽ വിഹരിച്ച്. നേരം വെളുക്കുവോളം കുത്തിയിരിക്കണം.ആ ഒറ്റമുറി കുടിലിൻ്റെ മൂലയിൽ കരിന്തിരി കത്തിതുടങ്ങിയ പാട്ട വിളക്കിൻ്റെ മങ്ങിയ പ്രകാശം മാത്രം മുറി മുഴുവനും എൻ്റെ കണ്ണുകൾ എന്തിനു വേണ്ടിയോ പരതി നടന്നു. ഒന്നിന് മുകളിൽ ‘ഒന്നൊന്നായി കരിപുരണ്ട മൺചട്ടികൾ ഉറിയിൽ തൂങ്ങിക്കിടക്കുന്നു.. അപക്വമായ മനസ് രൂപപ്പെടുത്തിയെടുത്ത’. രക്തദാഹിയായ ഒരു പറ്റം ഭീകര സത്ത്വംങ്ങളിലേക്ക് ഉറിയിൽ തൂങ്ങി കിടക്കുന്ന ചട്ടികൾക്ക് രൂപമാറ്റം സംഭവിക്കുന്നുണ്ടോ .. എൻ്റെ കണ്ണുകളിൽ ഭയം തത്തികളിച്ചു. ഞാൻ തലവഴി പുതപ്പു മൂടി അനങ്ങാതെ കിടന്നു….. നാളയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളാണ് ‘ ഇന്നിൻ്റെ പ്രജോദനം… വർഷം മുഴുവനും, ഇലായ്മകളുടെ ഓർമ്മപ്പെടുത്തലുമായിട്ടാണ് ആദിത്യൻ ആഗമിക്കാറുള്ളത്… എന്നാൽ ചില വിശേഷ ദിനങ്ങൾ ആഹ്ളാദത്തിൻ്റെ പൂക്കുട ചൂടാറുമുണ്ട്’… അങ്ങനത്തെ ഒരു സുവർണ്ണ സുദിനമാണ് ‘സമാഗതമാകാൻ പോകുന്നത്.പാരതന്ത്ര്യത്തിൻ്റെ പടുകൂറ്റൻ ചങ്ങലകൾ പൊട്ടിച്ച് ഭാരതമാതാവ് സ്വതന്ത്രയായ ആഘോഷദിവസം…
…. സൂര്യനസ്തമിക്കാത്ത.ബ്രിട്ടീഷ് സാമ്രാജ്യത്തോട് പടപൊരുതി.വിലപ്പെട്ട സ്വാന്തന്ത്ര്യം നമുക്ക് വാങ്ങി തന്ന മഹാൻമാർ:. മഹാത്മാ ഗാന്ധി’. നെഹ്റു’വല്ലഭായി പട്ടേൽ, നേതാജി തുടങ്ങിയ ഭാരതത്തിൻ്റെ വീരപുത്രൻമാർ ‘.. ഇവരുടെയൊക്കെ വർണ്ണചിത്രങ്ങളിലേക്ക് കണ്ണെടുക്കാതെ നോക്കിയിരുന്ന ബാല്യം. വീരാരാധനയോടെ അല്ലാതെ അവരെയൊന്നും നോക്കിക്കാണാൻ’ അന്നാർക്കും കഴിയുമായിരുന്നില്ല.. ജ്യേഷ്ഠൻ്റെ പാഠപുസ്തകത്തിലേക്ക് രണ്ടര വയസുകാരനായ ഞാൻ ജിജ്ഞാസയോടെ ഉറ്റുനോക്കി ഇരിക്കുമായിരുന്നു…. വട്ട കണ്ണാടിയും കൈയിൽ ഒരു നീളൻ വടിയും കുത്തിപ്പിടിച്ച് തൂവെള്ള പുതപ്പും വാരി ചുറ്റി’ മന്ദസ്മിതം തൂകി നിൽക്കുന്ന മുത്തഛൻ്റെ ചിത്രം ചൂണ്ടിക്കാട്ടി ജ്യേഷ്ഠൻ വായിക്കും…..
…. ഞാൻ ഒരുവിധം ഏറ്റ് ചൊല്ലും ‘..
….. മഹാത്മാ …..
…..മടാമാ’…..
… ഗാന്ധി;……
….മാണ്ടി ‘…..
….എഴുത്തിൽ വിരലോടിച്ച് കൊണ്ട് ചേട്ടാട്ട (ജ്യേഷ്oൻ) ഒന്നുകൂടി തറപ്പിച്ച് പറയും. ഞാൻ എനിക്ക് ആകുന്നതു പോലെ അത് താളത്തിൽ ഏറ്റു പാടും
… മഹാത്മാ ഗാന്ധി ‘
…. മഗാമാങ്ങാണ്ടി’….
ഇതു കേട്ട് അമ്മയും ജ്യേഷ്ഠനും ആർത്തു കുലിങ്ങി ചിരിക്കും…

ഞാൻ വീണ്ടും അതു തന്നെ ആവർത്തിച്ചു കൊണ്ട് പുസ്തകത്തിലൂടെ കുഞ്ഞു വിരലുകൾ കൊണ്ട് കുത്തിവരച്ച് കൊണ്ടിരിക്കുമായിരുന്നു
കാലം കടന്നു പോയി ഞാൻ മൂന്നാം ക്ലാസ്സിൽ എത്തിയിരിക്കുന്നു…
നാളെ സ്വാന്തന്ത്ര്യ ദിനമാണ് പള്ളിക്കൂടത്തിൽ രാവിലെ പതാക ഉയർത്തലും.പായസം വെപ്പും മിഠായി വിതരണവും മറ്റും ഉണ്ട്…. അതിൻ്റെ മധുരക്കിനാവുകളിൽ മുഴുകി ഞാൻ ഉറക്കമിളച്ച് കിടക്കുകയാണ്….
ഒരിക്കൽ ഗാന്ധിജിയോട് ഒരു കുരുന്ന് ചോദിച്ചു..
.’…… അല്ലയോ ബാപ്പൂജീ… അങ്ങെന്താണ് ഉടുപ്പ് ധരിക്കാത്തത്…
…… വെയിലത്ത് അങ്ങേക്ക് പൊള്ളില്ലേ ……
മഴയത്ത് ശരീരം നനയില്ലേ….
കൊടും തണുപ്പത്ത് കുളിരില്ലേ…..
ഞാൻ എൻ്റെ അമ്മയോട് പറഞ്ഞ് ബാപ്പൂജീക്ക് മനോഹരമായ ഒരു കുപ്പായം തൈപ്പിച്ച് തരാം…

മഹാത്മാ ആ കുസൃതി കുടുക്കയുടെ കവിളിൽ തലോടികൊണ്ട് മൊഴിഞ്ഞു.
… നിൻ്റെ മാതാജീക്ക് എത്ര ഉടുപ്പ് തൈപ്പിച്ച് തരാൻ പറ്റും …
ഉം’… എത്ര വേണേലും…..
…. ബാപ്പൂജീക്ക് എത്ര കുപ്പായം വേണം…. ഉൽസാഹത്തോടെ ആ കുഞ്ഞിൻ്റെ കിളികൊഞ്ചൽ ഉയർന്നു
…. ഒരു നാൽപ്പതു കോടി ഉടുപ്പ് എനിക്ക് വേണം.
ഒരോ ഭാരതീയനും ഒരു ജോഡി വസ്ത്രമെങ്കിലും ഇല്ലാതെ ഞാൻ എൻ്റെ ശരീരത്തിൽ വസ്ത്രം ധരിക്കില്ലന്ന് പ്രതിജ്ഞയെടുത്ത ആ മഹാനുഭവൻ വൈദേശികമായതിനെ യെല്ലാം ബഹിക്ഷ്ക്കരിച്ച് .സ്വദേശിയ വസ്ത്രങ്ങൾക്ക് മുൻതൂക്കവും പ്രചാരവും നൽകിയ ദേശീയതയുടെ പ്രതിരൂപം….
നാളെ സഹദേവനും. ബിനുവും
സഞ്ചുവും അദ്ധ്യാപകരുടെ മക്കളുമെല്ലാം പുത്തൻ ഉടുപ്പുകൾ അണിഞ്ഞ് വരും.അവർ ഗമയിൽ സല്യൂട്ട് അടിക്കുമ്പോൾ ഞാൻ മാത്രം പകുതി ബട്ടൺ’ ഇല്ലാത്ത നരച്ച് പഴകിയ കുപ്പായവും ഇട്ട്’ വാനിൽ ഉയർന്ന് പറക്കുന്ന ത്രിവർണ്ണ പതാകക്ക് അവശതയോടെ അഭിവാദ്യമർപ്പിക്കുന്നതോർത്ത്’ എൻ്റെ ബാല്യം കണ്ണീരണിഞ്ഞു. എല്ലവർക്കും വസ്ത്രം എന്ന ഗാന്ധിജീയുടെ’ സ്വപ്നം. ഇനിയും അകലയോ….
കഴിഞ്ഞ ദിവസം കുട്ടിയമ്മ ടീച്ചർ ഞങ്ങളെ സബർമതി ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി .. ആശ്രമത്തിലെ അന്തേവാസികൾക്കെല്ലാം നൂൽനൂറ്റ് വസ്ത്രം നിർമ്മിച്ച് നൽകിയിരുന്ന ഗാന്ധിജി.അതിന്നായി ഒരു ഉപകരണവും കണ്ടെത്തി അതിൻ്റെ പേരാണ് ചർക്ക
ടീച്ചർ വിവരണം തുടരുന്നതിനിടയിൽ അറിയിപ്പ് വന്നു. നാളെ സ്വാന്തന്ത്ര്യദിന ആഘോഷങ്ങളുടെ ‘ ഭാഗമായി.പായസവിതരണം ഉണ്ടായിരിക്കുന്നതാണ്… പായസം എന്ന് കേട്ട പാടെ എൻ്റെ ചിന്തകൾ പായസത്തിലൂടെ കയറിയിറങ്ങി കഞ്ഞിപ്പുരയിലെത്തി അവിടെ ചുറ്റിപറ്റി നിന്നു ‘.. ഇതിനിടയിൽ കുട്ടിയമ്മ ടീച്ചറിൻ്റെ’. ആവേശ്വജ്ജലമായ ചരിത്ര വിവരണങ്ങളെ ഞാൻ പാടെ മറന്നു…
… ഇതിനിടയിൽ ടീച്ചറിൻ്റെ ചോദ്യമുയർന്നു
…. വസ്ത്ര നിർമ്മാണത്തിന് ഗാന്ധിജീ കണ്ടെത്തിയ ഉപകരണത്തിൻ്റെ പേര് പറയുക….
.. എല്ലാരുമങ്ങ് ചാടി കേറി പറയണ്ട…
.. ചോദിക്കുന്നവര് പറഞ്ഞാ മതി:
… ചൂരല് കറക്കി കൊണ്ട് ടീച്ചർ ക്ലാസ്സ് ആകമാനമൊന്ന് വീക്ഷിച്ചു.മനസിൽ മധുരമുള്ള ചൂട് പായസം ഊതി കുടിച്ചു കൊണ്ടിരുന്ന’. എൻ്റെ നേരെ ചൂരലിൻ്റെ അറ്റം നീണ്ടു വന്നു…
…. ലാസ്റ്റ് ബെഞ്ചിൽ കുനിഞ്ഞിരുന്ന എന്നെ നോക്കി ടീച്ചർ നീട്ടി വിളിച്ചു….
… ബോവസ്… പറയ്……
.. ഞാൻ ചാടി എഴുന്നേറ്റ് തലകുനിച്ച് നിന്നു. ടീച്ചർ ചോദ്യം ആവർത്തിച്ചു …
… ചർക്ക എന്ന് പറയാൻ തുടങ്ങിയതാണെങ്കിലും നാക്കിൻ്റെ തുഞ്ചത്ത് നിന്ന് അതിനെ തള്ളി പുറത്തെക്കിട്ടപ്പോൾ കോമ്പല്ലിൽ തട്ടി ‘ർ’ തെറിച്ച് ചുണ്ടിനും പല്ലിന്നും ഇടയിലെ വിടവിൽ വീണുപോയി ..
… പുറത്തു വന്നതോ….
….. ചക്ക …….
.. ചക്കയല്ലടാ …. മാങ്ങ :……ടീച്ചർ അലറി

കോപം കൊണ്ട് വിറപൂണ്ട ടീച്ചറിൻ്റെ മുഖം’ കൂടുതൽ ചുവന്നു തുടുത്തു … ചൂരൽ അതിവേഗം ‘ഉയർന്നു താഴ്ന്നു അതെൻ്റ കൈവെള്ളയിൽ കുങ്കുമ്മ രേഖകൾ വരച്ചു..
…. രാവിലെ ഇങ്ങു പോന്നോളും… ഓരോന്നൊക്കെ…..
കഴിഞ്ഞ പകലിൽ സ്ക്കൂളിൽ നടന്ന കാര്യമോർത്ത് വിഷമം തോന്നിയെങ്കിലും.. പുതിയ പുലരിയിലെ മധുര പ്രതീക്ഷകളിൽ മനസ് മോദിച്ചു…
:പുറത്ത് വൃക്ഷ തലപ്പുകളിൽ കാറ്റ് താളം പിടിക്കുന്നതിൻ്റെ ഇരമ്പലും..
നിശാ ജീവികളുടെ മൂളലുകളും കാതിൽ വന്നലയ്ക്കുന്നുണ്ടായിരുന്നു… എപ്പോഴോ നിദ്രയുടെ തലോടലിനോട് മനസ്സും ശരിരവും പ്രതികരിച്ചു കഴിഞ്ഞിരുന്നു……
പിറ്റേന്ന് ഞാൻ ഉണരുന്നതിന്ന് മുമ്പ് തന്നെ കതിരവൻ പടിഞ്ഞാറോട്ട് പ്രയാണം തുടങ്ങി കഴിഞ്ഞിരുന്നു
…. അമ്മ വന്ന് സ്വാതന്ത്ര്യത്തിലേക്ക് വിളിച്ചുണർത്തിയപ്പോഴാണ് .സുഷുപ്തിയുടെ ബന്ധനം പൊട്ടിച്ച് ഞാൻ സ്വാന്തന്ത്ര്യത്തിലേക്ക് ചാടി എഴുന്നേറ്റത്…..
പിന്നെയെല്ലാം പെട്ടന്നായിരുന്നു.
… എന്തെങ്കിലും തിന്നിട്ട് പോടാ….
പായസം കുടിക്കാൻ പോകുന്ന ഞാൻ അമ്മയുടെ സ്നേഹം കൂട്ടികുഴച്ച പഴങ്കഞ്ഞിയെ നിർദാക്ഷ്യണം നിരസിച്ചു’.. അനുജൻ മാരായ സീബായേയും, സാമിനെയും കൂട്ടി കുന്നിറങ്ങിയോടി.. തടിച്ചുരുണ്ട പ്രകൃതമുള്ള.സാമ് ഞങ്ങടെ ഒപ്പം ഉരുണ്ടുരുണ്ട് വരുന്നുണ്ടായിരുന്നു…
..ഇന്നൊരുവിശേഷപ്പെട്ട ദിവസമാണ്..
നടക്കാൻ പാടില്ല ബസ്സിന് തന്നെ പോയിക്കളയാം…… ഞങ്ങൾ തീരുമാനിച്ചു
… ഗായത്രിയും, ലക്ഷ്മ്മിയും പോയി. കഴിഞ്ഞിരുന്നു… മെലിഞ്ഞ താടിക്കാരൻ ചേട്ടൻ ഓടിക്കുന്ന .. ഞങ്ങളുടെ പ്രിയപ്പെട്ട സൗഭാഗ്യ ബസ്സ് എന്തുകൊണ്ടൊ അന്ന് വന്നില്ല ബാല്യം ഭാഗ്യകരം എന്ന് പറയാൻ കഴിയില്ലായിരുന്ന ഞങ്ങളിൽ പലരും പള്ളിക്കൂടത്തിലേക്ക് പോയിരുന്നത് ഈ സൗഭാഗ്യക്ക് ആയിരുന്നു എന്നത് ചെറുപത്തിലെ സൗഭാഗ്യം മായി കരുതുന്നു’
ഇനിയിപ്പം സാനിവരണം:… അല്ലങ്കിൽ പിന്നെ പത്ത് മണിക്ക് കിരണെയുള്ളൂ
സാനിയും വന്നില്ല ഒടുവിൽ കിരൺബസ്സിന് സ്കൂളിൻ്റെ മുന്നിൽ വന്നിറങ്ങുമ്പോൾ സ്ക്കൂളിൽ പതാക ഉയർത്തലും മുഠായി വിതരണവും കഴിഞ്ഞ്’ ടീച്ചർമാർ കുട്ടികൾക്ക് ചൂട് പയറ് പായസം വിളമ്പി കൊടുക്കുന്നതിൻ്റെ തിരക്കിലായിരുന്നു.കാരാപ്പുഴ സെബാസ്റ്റ്യനും, വാണാംകുഴി ജോബിയും, ചാമ്പ്യൻ സജിയും എന്നു വേണ്ട സർവ്വത്ര ആൺക്കുട്ടികളും പെൺകുട്ടികളും വരാന്തയിലും, പനിനീർചാമ്പയുടെ കീഴിൽ നിന്നും ആൽമരചുവട്ടിലിരുന്നും സന്തോഷത്തിൻ്റെ കലപിലാരവങ്ങൾ ഉയർത്തി.പായസം കുടിച്ചു കൊണ്ടിരിക്കുന്നു… എല്ലാത്തിനും സാക്ഷിയായി ‘വാനിലുയർന്നു പറക്കുന്ന നവഭാരതത്തിൻ്റെ മൂവർണ്ണകൊടി….
….. നിങ്ങളെന്നാടാ താമസിച്ചു പോയെ…..
… പതാക ഉയർത്തലൊക്കെ കഴിഞ്ഞു… കൂട്ടുക്കാരിൽ ചിലർ ചുറ്റിനും കൂടി ……
… ബസ്സ് കിട്ടിയില്ല’…..
…. ഇന്ന് സൗഭാഗ്യ വന്നില്ല…..
…. ഞങ്ങൾ വിഷാദത്തോടെ അറിയിച്ചു
….ടീച്ചർമാർ ഞങ്ങളെ വിളിച്ച് പായസം വിളമ്പി തന്നു.പായസം പാത്രത്തിൽ വാങ്ങിയ ഞാൻ ഒരു നിമിഷം പതാകയെ നോക്കി നിന്നിട്ട് ചൂട്പായസം കോരി കുടിക്കാൻ തുടങ്ങി …. ആദ്യം കുടിക്കാൻ തുടങ്ങിയവരെക്കാൾ വേഗത്തിൽ ഞാൻ പായസം കുടിക്കൽ വിജയകരമായ നാല് റൗണ്ട്പൂർത്തിയാക്കി കഴിഞ്ഞിരുന്നു.. എന്നിട്ടും മിഠായി ലഭിക്കാത്തതിലുള്ള വിഷമം എൻ്റെ മനസിൻ്റെ കോണിലെവിടെയോ ഇരുന്ന് കേഴുന്നുണ്ടായിരുന്നു
… വിലപ്പെട്ടത് എന്തോ നഷ്ടപ്പെട്ടു പോയവനെ പോലെയുള്ള എൻ്റെ ഇരിപ്പുകണ്ടിട്ടാകണം രതീഷ് ചന്ദ്രൻ എൻ്റെ അടുത്ത് വന്നിട്ട് അവൻ തിന്നാതെ സൂക്ഷിച്ചു വച്ചിരുന്ന മിഠായി എടുത്ത് എൻ്റെ കൈയിൽ വച്ചു തന്നു ‘…
….. നീ..തിന്നോടാ …. എനിക്ക് ഈ മുട്ടായി വേണ്ട……
അവൻ ചിരിച്ചു കൊണ്ട് അറിയിച്ചു’..

പായസവും കുടിച്ച് ‘കുറച്ച് നേരം അവിടെയൊക്കെ ചുറ്റിപറ്റി നടന്നിട്ട് തിരിച്ച് പോകാൻ തുടങ്ങിയ ഞങ്ങളെ അച്ചാമ്മ ടീച്ചർ വിളിച്ച് നിർത്തി ‘ ഞങ്ങൾ ഓഫീസിലേക്ക് ചെന്നു.. അദ്ധ്യാപകർ എല്ലാവരും അവിടെ ഉണ്ടായിരുന്നു…. കാര്യമറിയാതെ ഞങ്ങൾ ഓഫീസിൻ്റെ മൂലയിൽ പരുങ്ങി നിന്നു ‘… എബ്രാഹം സാർ.ആനി ടീച്ചർ, കുഞ്ഞമ്മ ടീച്ചർ, കുട്ടിയമ്മ ടീച്ചർ, അച്ചാമ്മ ടീച്ചർ തുടങ്ങി എല്ലാവരും കൂടി ഇടയ്ക്കിടയ്ക്ക് ഞങ്ങളെ നോക്കി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…. ചർച്ചയുടെ ഒടുവിൽ ഞങ്ങളെ അരികിലേക്ക് വിളിച്ചു…..
…. ഷർട്ടിനും നിക്കറിനുമുള്ള പുതിയ തുണി കവറ് പൊട്ടിക്കാതെ ഞങ്ങടെ കൈയിലെക്ക് തന്നപ്പോൾ എൻ്റെ കൈകാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു….
….. തൈയ്യൽക്കൂലി ഉണ്ടോടാ…..?
കീശയിൽ കൈയിട്ട് കൊണ്ട് എബ്രാഹം സാർ തിരക്കി…
… ഞാൻ നിന്ന് വിറച്ചതല്ലാതെ വാക്കുകൾ പുറത്തു വന്നില്ല….
….. പിടക്കുന്ന രണ്ട് നൂറ് രൂപാ നോട്ടുകൾ എൻ്റെ കൈയിൽ തന്നിട്ട് സാർ അറിയിച്ചു
… നല്ല വൃത്തിക്ക് തൈയ്യ്പ്പിക്കണം….
ഇരുനൂറ് രൂപയും കീശയിലിട്ട് പുത്തൻ തുണിയും ഉയർത്തി പിടിച്ച് അനുജൻമാരെയും കൂട്ടി യുദ്ധം ജയിച്ച് വരുന്ന രാജാവിനെ പോലെ കുട്ടികൾക്ക് നടുവിലൂടെ തല ഉയർത്തിപ്പിടിച്ച് ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു… അപ്പോഴും ത്രിവർണ്ണ പതാക കാറ്റിൽ പാറി കളിക്കുന്നുണ്ടായിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like