ചെറു ചിന്ത: ആത്മ മനുഷ്യൻ കരുത്തുള്ളതോ ? | ജീവൻ സെബാസ്റ്റ്യൻ

 

ഒരുവനിലെ ആത്മ മനുഷ്യന്റെ കരുത്ത് എത്രയാണെന്ന് വെളിപ്പെടുന്നത് അവന്റ വചനധ്യാന സമയത്തോ,
പ്രാർഥനാ സമയങ്ങളിലോ,
സഭയിലെ അന്യഭാഷ ഭാഷണത്തോടെയുള്ള ആരാധനാ സമയത്തോ അല്ല. മറിച്ച് അവൻ ഇവക്കെല്ലാം ശേഷം കടന്നു ചെല്ലുന്ന അവന്റ പച്ചയായ ജീവിത സാഹചര്യങ്ങളിൽ പിശാച് തന്ത്ര പൂർവ്വം ഒരുക്കി വച്ചിട്ടുള്ളതും
അവന് നേരെ എതിർപ്പെട്ടു വരുന്നതുമായ പാപ സാഹചര്യങ്ങൾക്കു മുമ്പിൽ, അവനിലെ ജഡ മനുഷ്യൻ ഉണർന്നെഴുന്നേറ്റ് പാപത്തിന്റെയും, ലോകത്തിന്റെയും ജഡിക സുഖങ്ങളെ അവനോട് ആവശ്യപ്പെടുമ്പോൾ
അവൻ പ്രാപിച്ചിട്ടുള്ള ദൈവ വചനത്തിന്റ അറിവിനെയും,
പരിശുദ്ധാത്മാവിന്റെ ശക്തിയെയും ഉപയോഗപ്പെടുത്തി അവന് എത്രമാത്രം ആ സാഹചര്യങ്ങളെ ദൈവഹിതപ്രകാരം ജയിക്കുവാൻ കഴിയുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്
അവനിലെ ആത്മ മനുഷ്യൻ എത്ര മാത്രം കരുത്ത് ഉള്ളതാണെന്നും അത് എത്ര മാത്രം ക്രിസ്തുവിനോട് അനുരൂപപെട്ടു വളർച്ച പ്രാപിച്ചു എന്നും വെളിപ്പെട്ടു വരുന്നത്.

വീണ്ടെടുക്കപെട്ട ദൈവപൈതലിനെ കുറിച്ചുള്ള പരമപ്രധാനമായുള്ള ദൈവീക ലക്ഷ്യം ദൈവ പുത്രനാകുന്ന ക്രിസ്തുവുമായി എല്ലാ കാര്യങ്ങളിലും അനുരൂപപെട്ടു ക്രിസ്തുവിന് ഒപ്പം ആത്മ വളർച്ച പ്രാപിക്കുക എന്നതാണ്.
രക്ഷിക്കപ്പെട്ട ഒരു ദൈവപൈതൽ തന്റെ മരണത്തിനു മുന്നെ പൂർത്തീകരിക്കേണ്ടുന്ന പരമ പ്രധാനമായ ദൈവ ഇഷ്ടവും അതു തന്നെയാണ്.

ക്രിസ്തു ഭവനത്തിൽ പുതിയതായി ജനിച്ച ഒരു ദൈവപൈതൽ ആത്മീയമായി വളരുക എന്നതുകൊണ്ട് ബൈബിൾ അർത്ഥമാക്കുന്നത്, വീണ്ടും ജനനം പ്രാപിച്ച നമ്മിലെ പ്രാകൃത സ്വഭാവത്തെ നീക്കിക്കളഞ്ഞിട്ട്,
ഓരോ ദിവസം കഴിയുന്തോറും ക്രിസ്തുവിന്റെ
സ്വഭാവത്തോട് നാം അനുരൂപപ്പെടുക എന്ന അർത്ഥത്തിലാണ്.
ചുരുക്കി പറഞ്ഞാൽ ക്രിസ്തു ചിന്തിച്ചതു പോലെ ചിന്തിക്കുവാനും,
ക്രിസ്തു പ്രതികരിച്ചതുപോലെ പ്രതികരിക്കുവാനും,
ക്രിസ്തു പ്രവർത്തിച്ചതുപോലെ പ്രവർത്തിക്കുവാനും നമുക്ക് കാഴിയുമ്പോഴാണ് നാം ആത്മീയമായി വളരുന്നവരായി മാറുന്നത്.
അത് ക്രിസ്തുവിൽ നാം വീണ്ടും ജനിച്ച ദിവസം തൊട്ട് നമ്മുടെ മരണ ദിവസം വരെ വ്യത്യസ്തമായ കാര്യങ്ങളിലും,
വ്യത്യസ്തമായ രീതിയിലും,
ദൈവവചന പ്രകാരവും,
പരിശുദ്ധാത്മാവിന്റെ സഹായത്താലും സംഭവിക്കേണ്ടുന്ന യാഥാർഥ്യം ആണെന്നുള്ള വസ്തുത നാം മറന്നു പോകരുത്.

ഈ ഭൂമിയിൽ ക്രിസ്തുവുമായി നാം എത്ര മാത്രം അനുരൂപപ്പെട്ടു എന്നതാണ് നിത്യതയിൽ നമ്മുടെ തേജസ്സിന്റെ അളവിനെ നിശ്ചയിക്കുന്ന ഘടകം. ആത്മീയ വളർച്ചയിൽ ക്രിസ്തു എന്ന തലയോളം നാം പൂർണമായും വളർന്നു എങ്കിൽ, കൂടെ നടന്നവൻ ഒറ്റികൊടുക്കുമ്പോഴും സ്നേഹിതാ എന്നു വിളിച്ചുകൊണ്ടു അവനെ മാറോട് ചേർത്ത് ചുംബിക്കുവാൻ നമുക്ക് കഴിയും. കൂടെ നടന്നവൻ തള്ളി പറഞ്ഞാലും അവനെ തള്ളി കളയാൻ കഴിയാതെ അവന്റെ പിന്നാലെ ചെല്ലും. വിലാപ്പുറം കുത്തി കീറുന്നവനുവേണ്ടിയും ഹൃദയം തകർന്ന് പ്രാർത്ഥിക്കുവാൻ നമുക്ക് കഴിയും. ജീവൻ നൽകിയും മറ്റുള്ളവരെ സ്നേഹിക്കുവാൻ നാം തയ്യാറാകും. ഈ നിലയിൽ നമുക്ക് പ്രവർത്തിക്കുവാൻ കഴിയുന്നില്ലെങ്കിൽ നാം ക്രിസ്തു എന്ന തലയോളം വളർന്നവരല്ല, വളർന്നുകൊണ്ടിരിക്കുന്നവർ ആണെന്നുള്ള വസ്തുത നാം മറന്നു പോകരുത്.

അതുകൊണ്ട് പ്രിയരേ വളർച്ചയുടെ ഒരോ ഘട്ടത്തിലും നാം പിന്നിടേണ്ടുന്ന ഒരു ദൂരപരിധി ദൈവം നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ടെന്ന് നാം മറന്നു പോകരുത്. തീർച്ചയായും ആ സമയ പരിധിയിൽ ദൈവം ആഗ്രഹിക്കുന്ന അത്രയും ക്രിസ്തുവുമായി അനുരൂപപെട്ടു വളർച്ച പൂർത്തീകരിക്കുവാൻ നമുക്ക് കഴിഞ്ഞെങ്കിലെ
പൂർണ വളർച്ച എത്തിയ ഒരു ആത്മ മനുഷ്യനുമായി നമുക്ക് ഈ ലോകം വിട്ടു പോകാൻ കഴിയുകയുള്ളു.

ജീവൻ സെബാസ്റ്റ്യൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.