ചെറു ചിന്ത: പ്രതീക്ഷകൾക്കപ്പുറത്തെ വാഗ്ദത്തം | ആശിഷ് ജോസഫ്

ലൂക്കോസ് 24 : 3 -4

Download Our Android App | iOS App

അവർ അകത്തു കടന്നാറെ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.
അതിനെക്കുറിച്ചു അവർ “ചഞ്ചലിച്ചിരിക്കുമ്പോൾ” മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അരികെ നില്ക്കുന്നതു കണ്ടു.

post watermark60x60

യേശുവിന്റെ ശരീരം മറവു ചെയ്തതിന്റെ മൂന്നാം നാൾ സുഗന്ധ വര്ഗങ്ങളുമായി കല്ലറയിലേക്ക് വന്ന സ്ത്രീകൾക്ക് ചില പ്രതീക്ഷകളും കൂടെ ഉണ്ടായിരുന്നു. കാരണം അവർ നേരത്തെ തന്നെ ശരീരം മറവ് ചെയ്ത സ്ഥലവും വിധവും മനസിലാക്കിയതിനു ശേഷമാണ് സുഗന്ധ വര്ഗങ്ങള് ഉണ്ടാക്കിയതും മൂന്നാം ദിവസം വന്നതും.അതുകൊണ്ടുതന്നെ കല്ലറക്ക് മുൻപിലെ കല്ലും കല്ലറക്കകത്തു കിടക്കുന്ന യേശുവിന്റെ ശരീരവുമാണ് അവരുടെ പ്രതീക്ഷകൾ ( Expectation). ഏതു വിധേനെയും  കല്ല് നീക്കി, ഒരുക്കി കൊണ്ടുവന്നവ  യേശുവിന്റെ ശരീരത്തിൽ  പൂശി തിരികെ പോകണം എന്നുള്ളത് അവരുടെ ആഗ്രഹവും . എന്നാൽ സകലവും അസ്ഥാനത്താക്കിക്കൊണ്ട് കല്ലറക്ക് മുൻപിൽ വെച്ചിരുന്ന കല്ല് നീങ്ങിയതായും യേശുവിന്റെ ശരീരം അപ്രത്യക്ഷമായും കാണപ്പെട്ടു.

തൽക്ഷണം  അവരുടെ മനസ് ചഞ്ചലപ്പെട്ടു തുടങ്ങി … ഉള്ളിൽ പല ചിന്തകളും ഉടലെടുത്തു. ആശകളും മുൻവിധികളും തകിടം മറിഞ്ഞ, തങ്ങളുടെ ലക്ഷ്യത്തിനു വിഘ്‌നം വന്ന ആ നിമിഷം തന്നെ അവരുടെ മനസും കൈവിട്ടുപോയി. യേശുവിന്റെ ശരീരം കിടന്നിടത്ത് ശൂന്യത മാത്രം. മൂന്നാം നാൾ  ഉയർത്തെഴുനേൽക്കും  എന്ന് യേശു പറഞ്ഞ വാക്കുകളെ / അവന്റെ വാഗ്ദത്തത്തെ അവർ വിസ്മരിച്ചു കളഞ്ഞു. ( എന്നാൽ കരുണയുള്ള ദൈവം അവന്റെ വാക്കുകൾ അവരെ  ഓര്മിപ്പിക്കുവാൻ ദൂതന്മാരെ അവിടെ നിർത്തിയിരുന്നു. )

നമ്മുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും  ഇങ്ങനെയാണ് –  മുന്നറിവുള്ളതിനെ മനസ്സിൽ കോറിയിട്ട് മുൻവിധിയാക്കണം, ജീവനില്ലാത്തതിൽ സുഗന്ധം പൂശണം, അതിനു ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി വരെ പോകണം. ദൈവത്തിന്റെ വാഗ്ദത്തങ്ങൾ ഓർക്കാനോ അവയിലൂടെ നമ്മെ കടത്തിവിടാനോ നാം തയ്യാറാകുന്നില്ല.  അങ്ങനെ  ചിന്തകൾക്ക് വിപരീതമായി കാര്യങ്ങൾ നീങ്ങുമ്പോൾ ജീവിതത്തിൽ ചഞ്ചലപ്പെടുവാൻ സാധ്യതയുണ്ട് , ചിലരുടെയെങ്കിലും ജീവിതത്തിന്റ  വിരാമം അവിടെ കുറിക്കപെടും. എന്നാൽ ഇതിനൊക്കെ മുൻപേ ദൈവത്തിന്റെ വാഗ്ദത്തത്തെ നാം ഓർത്താൽ .. അതനുസരിച്ചു മുൻപോട്ട് പോകുവാൻ സമർപ്പിച്ചാൽ ശൂന്യതയുടെ  മുൻപിൽ വിറങ്ങലിച്ചു നിൽക്കേണ്ടി വരില്ല.. കാരണം ഏതു  അവസ്ഥകളിലും യേശുവിന്റെ ശബ്ദം/ വാഗ്ദത്തം  നമ്മെ വഴിനടത്തികൊണ്ടേയിരിക്കും.

ആശിഷ് ജോസഫ്

-ADVERTISEMENT-

You might also like
Comments
Loading...