എഡിറ്റോറിയല്‍: വായിക്കാം, വായിച്ചു വായിച്ചു വളരാം | രാജേഷ് മുളന്തുരുത്തി

ഇന്ന് ലോകവായനാദിനം, ലോകം ലോക്ക് ഡൗണിനാൽ അടയ്ക്കപ്പെട്ട ഈ കാലത്തും പരന്ന വായനയ്ക്കും തുറന്ന പുസ്തകത്തിനും ഇടയിൽ തടസങ്ങൾ ഇല്ല എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഒരു വായനാ ദിനവുംകൂടി വന്നുചേർന്നു. “വായന ഒരു ജീവിതചര്യയാക്കി മാറ്റുക ” എന്ന സന്ദേശം സാധാരണക്കാരിൽ എത്തിക്കുവാൻ വായനക്കാരുടെ കൂട്ടം തെരഞ്ഞെടുത്ത ദിവസം. വായന ജനതയെ പ്രബുദ്ധരാക്കിതീർത്തു. “വായിക്കുന്നവൻ വളരും, വായിക്കാത്തവൻ തളരും എന്ന പൊതുതത്വമാണ് നമ്മെ ഒരു പരന്ന വായനക്കാരനാക്കി മാറ്റുന്ന പ്രേരകഘടകം.
വിജ്ഞാനം വിരൽത്തുമ്പിൽ വിസ്മയം തീർക്കുന്ന ഈ കാലത്തും വായനയ്ക്കുള്ള പ്രാധാന്യം ഒട്ടും കുറയുന്നില്ലായെന്ന ഓർമ്മപ്പെടുത്തൽകൂടിയാണ് ഈ ദിനം സമ്മാനിക്കുന്നത്. “ബോധപൂർവ്വമുള്ള വായന അലസമായ വായനയിൽ നിന്ന് നൂറ് മടങ്ങ് പ്രയോജനപ്രദമായിരിക്കും” എന്ന മലയാളക്കര കണ്ട ശ്രദ്ധേയനായ കഥാകൃത് പൊൻകുന്നം വർക്കിയുടെ വാക്കുകളിൽ വായനയെക്കുറിച്ചുള്ള ഉൾക്കാഴ്ച്ചകൾ നൽകുന്നവയാണ്. വായന മനുഷ്യനെ പൂർണ്ണനാകും എന്ന ചിന്തയോടെ ആയിരിക്കേണം ഓരോ വായനക്കാരനും പുസ്തകങ്ങളെ സമീപിക്കേണ്ടത്.

നാം എത്രതന്നെ തിരക്കുള്ള ആളാണെങ്കിലും വായനയ്ക്കായി സമയം കണ്ടെത്തണം. ഇല്ലെങ്കിൽ സ്വയമായി തെരഞ്ഞെടുത്ത അജ്ഞതക് നാം തന്നെയായിരിക്കും ഉത്തരവാദി.
എല്ലാ വായനക്കാരേയും രണ്ടായി വേർതിരിക്കാവുന്നതാണ്. ചിലർ ഓർക്കുവാൻ വേണ്ടി വായിക്കുന്നവർ, മറ്റുചിലരാക്കട്ടെ മറക്കുവാൻ വേണ്ടിയും. എങ്ങനെ വായിക്കണം എന്ന ചോദ്യത്തിന്റെ ഉത്തരം മെക്കാളെ പ്രഭുവിന്റെ വാക്കുകളിൽ ഉണ്ട് ” ഒരു പുസ്തകം വേഗത്തിൽ വായിക്കുന്നതിനേക്കാൾ നല്ലത് ഒരു പേജ് ചിന്തിച്ച് വായിക്കുന്നതാണ് “. ആയതിനാൽ വായനയുടെ പ്രാധാന്യം മനസിലാക്കി നമ്മുക്ക് വായിക്കാം, വായിച്ച് വായിച്ച് വളരാം….!

രാജേഷ് മുളന്തുരുത്തി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.