കഥ: കൺചെതുമ്പൽ | പാസ്റ്റർ സണ്ണി കെ. ജോൺ, രാജസ്ഥാൻ

ഗേറ്റ് തുറന്ന് അഹങ്കാരത്തോടെ കയറിവന്ന അയാൾ അനുവാദം ചോദിക്കാതെ തന്നെ സ്വീകരണമുറിയിലേക്ക് കയറിയിരുന്നു.
” ആരാ ? ”
അയാൾ ഉത്തരമൊന്നും പറയാതെ തലക്കെട്ടഴിച്ച്‌ മുഖത്തെ വിയർപ്പ് ഒപ്പിയെടുക്കാൻ തുടങ്ങി.
ഞാനയാളുടെ കാലിലേക്ക് തന്നെ നോക്കുകയായിരുന്നു. അഴുക്കുപിടിച്ച കാൽ വച്ചിരിക്കുന്നത്, കഴിഞ്ഞ ആഴ്ച രൂപ നാൽപതിനായിരം കൊടുത്ത് വാങ്ങിയ രത്ന കംബളത്തിലാണ്.
” ഉപദേശി ഇന്നലെ എന്തിനാ അങ്ങനെ പ്രസംഗിച്ചേ?’
എനിക്ക് സർവാംഗം വിറഞ്ഞുകയറി. കാർപെറ്റിൽ അയാളുടെ വൃത്തികെട്ട കാൽ വച്ച ചൊരുക്കും, അനുവാദം ചോദിക്കാതെ സ്വീകരണമുറിയിൽ കയറിയതിന്റെ അസ്വസ്തയിലും ഞെരിപിരി കൊള്ളുമ്പോഴാണ് ‘ഉപദേശി’ വിളി. ഇത് അപമാനിക്കാൻവേണ്ടി മാത്രമുള്ളതാണ്.ഇന്നത്തെ കാലത്ത് ആരെങ്കിലും അങ്ങനെ വിളിക്കുമോ .
” കാര്യങ്ങൾ മനസ്സിലാക്കാതെ, ”
അയാൾ തുടരുകയാണ്,
“ ഇന്നലെ പ്രസംഗിച്ചത് വളരെ മോശമായി പോയി. ഉപദേശിമാർക്ക് എന്തും പറയാമല്ലോ… ആരെതിർക്കാൻ …?!”
ഇനിയും ക്ഷമിച്ചിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. ഇതുവരെയും ക്ഷമിച്ചത് ദൈവദാസൻ എന്ന പേരിൽ അടുത്തുള്ളവരൊക്കെ അറിയപ്പെടുന്നത്കൊണ്ടാണ്.ക്രിസ്തുവിൻറെ സ്വഭാവത്തോട് അനുരൂപപ്പെടണം എന്നാണല്ലോ വയ്പ്. എന്റെ ശരിക്കുള്ള സ്വഭാവം അയാക്കറിഞ്ഞുകൂടാത്തതു കൊണ്ടാണ്. വീട്ടിൽ കയറിവന്ന് അസഭ്യം പറയുന്നവനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ക്രിസ്തു പഠിപ്പിച്ചിട്ടില്ലാത്തതു കൊണ്ട് ഞാൻ പറഞ്ഞു,
” ഛീ! എണിക്കടോ അവിടുന്ന് , !
എന്റെ രൗദ്രഭാവം കണ്ട് അയാൾ ഭയപ്പെട്ടുപോയി.
” കഴിഞ്ഞ ഞായറാഴ്ച , ” ക്ഷുഭിതനാകാതെ അയാൾ പറഞ്ഞു,
” എന്നെപ്പറ്റി സാർ പ്രസംഗിച്ചല്ലോ. അധികാരത്തെയും അധികാരികളെയും ഭയന്നതു കൊണ്ടും സമ്പത്ത് നഷ്ടപ്പെട്ടുപോകും എന്ന ഭയം കൊണ്ടുമാണ് യേശു മരിക്കുംവരെ ഞാൻ പ്രത്യക്ഷപ്പെടാതിരുന്നത് എന്ന്. ”
” ഓ! താനാണോ ആ മഹാൻ! തന്നെ ക്കുറിച്ച് മോശമായി ഒന്നും ഞാൻ പറഞ്ഞില്ലല്ലോ ”

post watermark60x60

” പക്ഷേ യേശുവിനെ അടക്കാൻ സ്വന്തം കല്ലറ വിട്ടു കൊടുത്ത നിക്കോദേമോസിനെ ദൈവം അധികം മാനിച്ചെന്നും പിൽക്കാലത്ത് യരുശലേമിലെ ഏറ്റവും വലിയ സമ്പന്നനായി തീർന്നെന്നും പ്രസംഗിച്ചില്ലേ?” ”
” അതു പിന്നെ ന്യായമായും നമുക്കങ്ങനെ ഊഹിക്കാമല്ലോ. യേശു ആർക്കും കടക്കാരനല്ല. യേശുവിന്റെ ക്രൂശ് ചുമന്ന ശിമയോന്റെ മക്കൾ ക്രിസ്തുവിൽ പ്രസിദ്ധരായില്ലേ? എന്തിന്, ഈ കേരളത്തിൽ യേശുവിനെ രക്ഷിതാവായി ഏറ്റ് പറഞ്ഞ് സ്നാനപ്പെട്ടതുമൂലം ഒറ്റപ്പെട്ട് ഒരു നേരത്തെ ഭക്ഷണത്തിന് ഗതിയും പരഗതിയുമില്ലാതെ നടന്ന വിശ്വാസികളെ, പാസ്റ്റർമാരെ ഇന്ന് വലിയ സമ്പന്നാവസ്ഥയിലാക്കിയെങ്കിൽ, നിക്കോദേമോസേ…. ”
അയാൾ എഴുന്നേറ്റ് എന്റെ മുന്നിൽ വന്നുനിന്നു. സോഫയിൽ
കൈകുത്തി, കുനിഞ്ഞ് എന്റെ കണ്ണിലേക്ക് നോക്കി ,
നമ്മുടെകർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവൻറെ ദാരിദ്ര്യത്താൽ സാർ സമ്പന്നൻ ആകേണ്ടത് സാർ നിമിത്തം ദരിദ്രനായി തീർന്ന കൃപ അറിയുന്നുണ്ടോ ‘ എന്ന് ചോദിച്ചു.
സാർ വിളിയുടെ സുഖമല്ലാതെഎനിക്ക് ഒന്നും മനസ്സിലായില്ല എന്ന് തിരിച്ചറിഞ്ഞാകണം അയാൾ തന്നെ തുടർന്നു ,
“ഒന്നാമത് ആ കല്ലറ എന്റേത് ആയിരുന്നില്ല. അത് അരിമത്യാ ജോസഫിന്റേതായിരുന്നു. രണ്ടാമത് , എന്റെ അവസാന സമ്പത്ത് കൊടുത്താണ് യേശുവിനെ പൂശാൻ സുഗന്ധവർഗങ്ങൾ വാങ്ങിയത്.
” ഒന്നു ചുമ്മാതിരി. അങ്ങനെ ബൈബിളി പറഞ്ഞിട്ടില്ല. എടോ എന്റെ കഥാപാത്രം വളരെ സമ്പന്നനായിരുന്നു. ബൈബിള് പറയുന്നതാ നമ്മുടെ പ്രമാണം. എന്തായാലും ഞാൻ പ്രസംഗിച്ചത്, പ്രസംഗിച്ചത് തന്നാ. ഇന്നു വരേം തിരുത്തേണ്ടി വന്നിട്ടില്ല. ഇനി താൻ നേരിട്ട് വന്നോണ്ട് തിരുത്വേമില്ല… ”
അത് ശ്രദ്ധിക്കാതെ അയാൾ പറഞ്ഞു,
” അന്ന് രാത്രിയിൽ ഞാൻ യേശുവിനെ കണ്ടുമുട്ടിയതു മുതൽ കഥ മാറുകയാണ് ! പേടി മാറി. സ്നേഹം ഉണ്ടായി. സ്നേഹം എന്ന് വെറുതെ പറഞ്ഞാൽ പോരാ; വല്യ സ്നേഹം. വിശ്വാസത്തിൽ മുന്നേറാൻ ഭയത്തിന് ഇനി സ്ഥാനമില്ലാത്തത്ര സ്നേഹം ! ഞാൻ മഹാപുരോഹിതൻമാരോടും ശാസ്ത്രിമാരോടും യേശുവിന്റെ നിത്യജീവനേക്കുറിച്ച് പറഞ്ഞു.
അതോടെ ‘ നീയും ആ നസ്രായന്റെ കൂടെയായോ’ എന്ന് പറഞ്ഞ് വഴക്കായി.
പിന്നെ വഴക്ക് മൂത്തു.
യേശുവിനെ തള്ളിക്കളഞ്ഞില്ലെങ്കിൽ സൻഹെന്ദ്ര്യം സംഘത്തിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. ഞാൻ പതറിയില്ല. അവർ സ്വത്തുക്കൾ പിടിച്ചെടുത്തു.

പിടിക്കാതെ ബാക്കിയുണ്ടായിരുന്നത് വിറ്റ് സുവിശേഷ വേലക്ക് കൊടുത്തു. വസ്തുക്കൾ ഒന്നൊന്നായി നഷ്ടപെട്ടപ്പോൾ , ഭാരങ്ങൾ ഇറങ്ങിപ്പോയ ആശ്വാസത്തിൽ പിന്നേയും പിന്നേയും ദാരിദ്ര്യത്തിലെ സമ്പന്നതയിൽ ഞാൻ ക്രിസ്തുവിനെ കണ്ടു. പൗലോസിന് സ്വന്തമായി … ”
” ത്ഫൂ ….”
ഞാൻ പറഞ്ഞു, എല്ലാം കൊണ്ട കളഞ്ഞുകുളിച്ചേച്ച് യേശുവിന്റെ പേര് പറയാൻ ഒരുളുപ്പുമില്ലല്ലോ. കർത്താവ് പറഞ്ഞത് ഉറുമ്പിനെ നോക്കി ബുദ്ധി പഠിക്കാനാ . ഒന്നും ഇല്ലാത്തപ്പം ഇരുന്ന് തിന്നാൻ ഉറുമ്പ് വേനൽക്കാലത്ത് ഉണ്ടാക്കി വയ്ക്കും. ക്രിസ്ത്യാനി എന്ന് പറഞ്ഞാ പോരാ. അവനെ കണ്ടാ സമൂഹത്തില് ഒരു നിലേം വിലേം വേണം. പണമില്ലാത്തവൻ പിണം. സ്വന്ത കുടുംബത്തെ നന്നായി നോക്കാൻ അറിയാവുന്നവനെ പാസ്റ്ററാക്കിയാ മതീന്ന് പൗലോസ് പറഞ്ഞതെന്തിനാ ? എനിക്കോ പറ്റീയില്ല. നിങ്ങൾക്ക് അങ്ങനെ പറ്റാതിരിക്കാൻ. എന്നല്ലേ? പാമ്പിനെ പോലെ ബുദ്ധി വേണംന്ന് ശിഷ്യനെ നോക്കി യേശു പറഞ്ഞപ്പോ, ആ സത്യം മനസ്സിലാക്കി നാല് കാശുണ്ടാക്കുന്നവനാണ് യഥാർഥ ശിഷ്യൻ. എല്ലാം കർത്താവാണ് നമുക്ക് തരുന്നത്. കിട്ടുമ്പം വെട്ടിപ്പിടിച്ചോണം. മെതിക്കുന്ന കാളയ്ക്ക് മുഖക്കൊട്ട കെട്ടരുതെന്ന് …. എന്നിട്ടിപ്പോ എല്ലാം നഷ്ടപ്പെടുത്തീട്ട് വലിഞ്ഞ് കേറി വന്നേക്കുന്നോ? ”
“ഇങ്ങനെയൊക്കെ ജീവിച്ചാ സാറിന് കർത്താവിന്റെ കൂടെ പോകാൻ പറ്റും എന്ന് തോന്നുന്നുണ്ടോ ?”
” എന്തിനാ യേശുവിന്റെ കൂടെ എല്ലാവരുമങ്ങ് പോകുന്നത്? ഇവിടെ ബാക്കിയുള്ള ജനത്തിന്റെ കാര്യം ആര് നോക്കും? അന്ത്യ കാലത്ത് ഇന്നുള്ളതിന്റെ പതിൻമടങ്ങ് ആത്മ സാമർഥ്യമാ ദൈവം പകരാൻ പോകുന്നേ! അന്നേരം ഭൂതങ്ങളെ പുറത്താക്കാൻ , രോഗികളെ സൗഖ്യമാക്കാൻ ഇന്നത്തേ പോലെ പെടാപ്പാട് പെടണ്ട. കൈ വെച്ചാ മതി. അപ്പോ വിടുതലാ . കർത്താവെങ്ങനെയാണോ ചെയ്തത്. അങ്ങനെ നമുക്കും ചെയ്യാൻ പറ്റും. താൻ അന്ന് യേശുവിനെ കണ്ടന്നല്ലേ പറഞ്ഞത് യേശു എന്തു പറഞ്ഞു ? പുതുതായി ജനിക്കണമെന്നും വിശുദ്ധിയിൽ ജീവിക്കണം എന്നും. അല്ലേ? ഇനി ഞാനൊന്ന് ചോദിക്കട്ടെ, എന്തിനാണ് വിശുദ്ധി പ്രാപിക്കുന്നത് ? കർത്താവിന്റെ കൂടെ പോകാൻ . അല്ലേ? എടോ യേശുവിന് പല കാര്യങ്ങളും സമയക്കുറവ് കൊണ്ട് തന്നോട് തുറന്ന് പറയാൻ കഴിഞ്ഞില്ല. സാരമില്ല. ഞാൻ പറഞ്ഞു തരാം.

Download Our Android App | iOS App

മരമണ്ടനായ താനും മിക്കവാറും വിശ്വാസികളും ധരിച്ചു വച്ചിരിക്കുന്നത് രൂപാന്തരം പ്രാപിച്ച് പോയാ സ്വർഗത്തിൽ സ്ഥിരമായി ജീവിക്കാമെന്നല്ലേ ?!! പക്ഷേ, എത്ര വർഷം ഇവർ സ്വർഗത്തിൽ കാണും ? വെറും എഴുവർഷം ! അതുകഴിഞ്ഞ് ആയിരം വർഷത്തേക്ക് ഭരിക്കാൻ ഈ ഭൂമിയിലോട്ട് തന്നെ വരുവല്ലോ. അപ്പോ പോകാതിരുന്നാൽ ഇവിടെയുള്ള സ്വാഭാവിക മനുഷ്യനായ എനിക്ക് സ്വാഭാവിക ജീവിതം ജീവിക്കാം !”
” എനിക്കതതങ്ങോട്ട് ശരിക്കും മനസ്സിലായില്ലാ ” എന്ന് അയാൾ പറഞ്ഞു.
” നോക്ക്. ഞാൻ വ്യക്തമാക്കി തരാം ശ്രദ്ധിച്ച് കേൾക്കണം. ഉദാഹരണത്തിന് ഇപ്പോൾ എനിക്ക് അമ്പത്തിയഞ്ച് വയസുണ്ട്. ഒരു പതിനഞ്ച് വർഷം കഴിഞ്ഞ് കർത്താവ് വന്ന് വിശ്വാസികളെ കൊണ്ടുപോകുന്നു എന്നുകരുതുക. അപ്പോൾ എനിക്ക് വയസ്സെത്രയാ? എഴുപത് . ഏഴ്വർഷം സ്വർഗത്തിൽ . അപ്പോൾ എനിക്ക് ഇവിടെ ഈ ഭൂമിയിൽ വയസ്സ് എഴുപത്തിയേഴ് ! കർത്താവ് രണ്ടാം പ്രാവശ്യം വരുമ്പോൾ ഭൂമിയിൽ ആയുസ്സ് വർദ്ധിക്കുന്നു !!
അന്ന് ആരോഗ്യവും യൗവ്വനവും കർത്താവ് എനിക്ക് മടക്കി തരും. ബാലൻ പോലും നൂറു വയസ്സിലെ മരിക്കു.
നല്ല ഭക്ഷണം കഴിക്കാം. മാത്രമല്ലാ, ആദത്തിന്റെ കാലത്തേ പോലെ കുടുംബജീവിതം ജീവിക്കാം…! ഭൂമിയിലെ ശാപം മാറും. ”
നിക്കോദേമോസ് മിഴിച്ചിരിക്കുകയാണ്. അത് മലയാളിയല്ലാത്തതുകൊണ്ടാണ്. മലയാളികൾക്കാണെങ്കിൽ കാര്യങ്ങൾ പെട്ടെന്ന് പിടികിട്ടും.
” തനിക്ക് ശാപംന്ന് ഞാൻ പറഞ്ഞതു മനസ്സിലായില്ലല്ലേ? എടോ, ഈ ഒരെണ്ണത്തിന്റെ കൂടെ കഴിഞ്ഞോളണമെന്ന ശാപം മാറുമെന്ന്…! അന്ന് ആർക്കും ആരേയും പരിഗ്രഹിക്കാം…! ലജ്ഞയില്ലാത്തതു കൊണ്ട് അന്ന് വസ്ത്രത്തിന്റെ ആവശ്യം ഉണ്ടാവുകയില്ലായിരിക്കും.
ഓ! ഒന്ന് സങ്കൽപിച്ചു നോക്കിക്കേ… അന്ന് സ്വർഗ ദൂതരായി മാറിപ്പോയ ഈ വിശ്വാസികൾക്ക് ദുഃഖത്തോട് കൂടിയ നിരാശയുണ്ടാകും …! തങ്ങൾക്ക് ഈ സുഖം അനുഭവിക്കാൻ കഴിയുന്നില്ലല്ലോ എന്ന് !! താനെന്തിനാ കരയുന്നേ?”
കരഞ്ഞു കൊണ്ട്തന്നെ അയാൾ മടങ്ങി പോയി !.
എന്തിനാണ് അയാൾ കരഞ്ഞത് ? ഈ സുഖങ്ങൾ അനുഭവിക്കാൻ കഴിയാതെ ക്രിസ്തുവിൽ മരിച്ചു പോയ എല്ലാവരേയും ഓർത്തായിരിക്കും. ഇനി ഒരുപക്ഷേ, ഈ ഭാവികാല രഹസ്യം അയാൾക്ക് വെളിപ്പെട്ടാതെ പോയതു കൊണ്ടാകുമോ…?!
ആർക്കറിയാം !
ഇരുൾ കനത്തുതുടങ്ങിയ വഴിത്താരകളിലൂടെ ഞാൻ ആടിനെ അഴിച്ച് കൊണ്ടുവരാൻ ഇറങ്ങി….
കണ്ണിന് വെള്ളഴുത്താണ് !
ഒന്നും കാണുന്നില്ല… !! ഒന്നും തന്നെ !!!

പാസ്റ്റർ സണ്ണി കെ. ജോൺ

-ADVERTISEMENT-

You might also like