ശുഭദിന സന്ദേശം: വഞ്ചകന്മാർ വാചാലന്മാർ | ഡോ. സാബു പോൾ

“വൃഥാവാചാലന്മാരും മനോവഞ്ചകന്മാരുമായി വഴങ്ങാത്തവരായ പലരും ഉണ്ടല്ലോ”(തീത്തൊ.1:10).

ദുഷ്കരമായ ദൗത്യത്തിന് ആരെ അയയ്ക്കണം എന്ന ചർച്ചയിൽ രണ്ട് വ്യക്തികളുടെ പേരാണ് ഉണ്ടായിരുന്നത്….

കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തതിനു ശേഷം ഒന്നാമത്തെ വ്യക്തിയെക്കുറിച്ചു വന്ന തീരുമാനം ഇതായിരുന്നു:

”ബുദ്ധിമുട്ടേറിയ ദൗത്യമായതിനാൽ അദ്ദേഹത്തെ അയയ്ക്കണ്ട!”

എന്നാൽ രണ്ടാമനെ സംബന്ധിച്ച് എല്ലാവരും പറഞ്ഞു:

”ഇത് വളരെ കഠിനമായ ദൗത്യമായതിനാൽ അദ്ദേഹത്തെ തന്നെ അയയ്ക്കാം!”

ഇവിടെ ആദ്യത്തെ വ്യക്തിക്ക് കഠിനമായ ദൗത്യം നിർവ്വഹിക്കാൻ കഴിയില്ല എന്നതുകൊണ്ടാണ് അയയ്ക്കേണ്ട എന്ന് തീരുമാനിച്ചത്. എന്നാൽ ഇത്ര കഠിനമായ കാര്യം ഏറ്റെടുത്ത് ചെയ്യാൻ ശക്തനാണ് രണ്ടാമത്തെ വ്യക്തി എന്നതിനാലാണ് അദ്ദേഹത്തെ തന്നെ അയയ്ക്കാം എന്ന തീരുമാനം വന്നതും…

ക്രേത്ത ദ്വീപിലെ വിശ്വാസികളുടെ പശ്ചാത്തലവും സംസ്കാരവും അല്പം കുഴപ്പം പിടിച്ചതാണ്. പല കാര്യങ്ങളും ക്രമത്തിലാക്കണം. ‘സ്ഥാനമാറ്റം വന്ന അവയവങ്ങൾ പിടിച്ച് ശരിയാക്കി പൂർവ്വസ്ഥിതിയിലാക്കുന്ന’ ചികിത്സാരീതിയുടെ ചിത്രമാണ് പൗലോസ് ഇവിടെ നൽകുന്നത്.

ബുദ്ധിമുട്ടേറിയ കാര്യങ്ങളും ക്രമത്തിലാക്കാൻ തീത്തൊസിന് കഴിയും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് പൗലോസ് ക്രേത്തയിൽ അദ്ദേഹത്തെ ചുമതലയേൽപ്പിച്ചിട്ട് പോന്നത്.

അപ്പൊസ്തല പ്രവൃത്തിയിൽ ഒരിക്കൽ പോലും പരാമർശിക്കാത്ത തീത്തൊസിനെക്കുറിച്ച് നമുക്ക് വ്യക്തമായ ചിത്രം കിട്ടുന്നത് ലേഖനങ്ങളിലൂടെയാണ്.

തീത്തൊസ്….
▶️ യഥാർത്ഥ പുത്രനെന്ന് പൗലോസ് വിളിച്ചു(തീത്തൊ.1:4).▶️ സ്വന്ത സഹോദരനായിട്ടും പൗലോസ് അദ്ദേഹത്തെ കണ്ടു(2 കൊരി. 2:13).
▶️ പൗലോസിൻ്റെ കൂട്ടാളിയും കൂട്ടുവേലക്കാരനുമായിരുന്നു(2കൊരി.8:23).
▶️ പൗലോസിൻ്റെ അതേ ജീവിതരീതി പിന്തുടരുന്ന വ്യക്തിയായിരുന്നു(2 കൊരി.12:18).
▶️ വിശ്വാസ സമൂഹത്തിനു മുന്നിൽ നല്ലൊരു മാതൃകയായിരുന്നു(തീത്തൊ.2:7).

സഭകൾക്ക് സുപരിചിതനായ ഒരുവൻ്റെ കൂടെയാണ് തീത്തൊസിനെ പൗലോസ് കൊരിന്തിലേക്ക് അയച്ചത്. അത് ലൂക്കൊസ് ആയിരിക്കാമെന്നും തീത്തൊസ് ലൂക്കൊസിൻ്റെ സഹോദരനായിരിക്കാം എന്നുമാണ് ബാർക്ലെയുടെ അനുമാനം.

ക്രേത്ത ദ്വീപിലെ വിവിധ പട്ടണങ്ങളിൽ സഭകളുണ്ട്. അവയ്ക്കെല്ലാം അദ്ധ്യക്ഷന്മാരെ (ഇടയന്മാരെ) നിയമിക്കുക എന്ന ഉത്തരവാദിത്തം പൗലോസ് തീത്തൊസിനെ ഭരമേൽപ്പിക്കുന്നു. ഇടയനെ (മൂപ്പനെ) പ്രാദേശിക സഭ തിരഞ്ഞെടുക്കുകയായിരുന്നില്ല, അപ്പൊസ്തലന്മാരോ അവർ നിയോഗിക്കുന്നവരോ നിയമിക്കുകയായിരുന്നു എന്ന് വചനം വ്യക്തമാക്കുന്നുണ്ട്.

എന്തിനാണ് അദ്ധ്യക്ഷന്മാർ?

അപ്പൊസ്തലിക ഉപദേശവും അപ്പൊസ്തലന്മാരുടെ അധികാരവും സഭ അംഗീകരിച്ചു പോരുമ്പോൾ അതിനു വഴങ്ങാത്ത വഞ്ചകന്മാരും വാചാലന്മാരുമായ ഉപദേശകരെക്കുറിച്ചാണ് പൗലോസ് ഇന്നത്തെ കുറി വാക്യത്തിൽ പരാമർശിക്കുന്നത്. അങ്ങനെയുള്ളവരുടെ തന്ത്രങ്ങളിൽ നിന്ന് സഭയെ രക്ഷിക്കാൻ ഇടയന്മാരുടെ സത്യോപദേശത്തിന് സാധിക്കും.

വഞ്ചകന്മാർ

ക്രൈസ്തവ സഭയുടെ ഭാഗമായി നിൽക്കുന്നുവെന്ന് തോന്നുമെങ്കിലും ഇവരുടെ ഒരു കാൽ യഹൂദമതാചാരങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. പിന്നെന്തിനാണ് ഇവർ സഭയിൽ വന്നത്? യൂദാ മതത്തിൻ്റെ ഭാഗമായി തുടരുകയോ, അല്ലെങ്കിൽ സമാനമനസ്കരുമായി ചേർന്ന് ഒരു മതഭേദം ഉണ്ടാക്കുകയോ ചെയ്യാമായിരുന്നില്ലേ? പക്ഷേ, ഇവർ നിഷ്കളങ്കരായ വിശ്വാസികളെക്കൂടെ തെറ്റിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഇവരെ വഞ്ചകന്മാർ എന്ന് വിളിക്കുന്നത്.

വാചാലന്മാർ

വളരെ മനോഹരമായി സംസാരിക്കാൻ കഴിവുള്ള ഇവർ ആളുകളെ ആകർഷിക്കുന്നു. അങ്ങനെ അടുപ്പം വർദ്ധിക്കുന്നു. വാചാലതയിൽ മയങ്ങുന്നവർ കേൾക്കുന്ന കാര്യങ്ങൾ സത്യമെന്ന് വിശ്വസിക്കുന്നു. ദുരുപദേശകരുടെയെല്ലാം രംഗപ്രവേശം ഇങ്ങനെയാണ്.

ആത്മഭാരത്തിൻ്റെ കണ്ണുനീർ പൊഴിച്ച് ലോകം യോഗ്യമല്ലെന്ന് പാട്ടും പാടി നടന്നിട്ട് ധാരാളം സമ്പാദിച്ചവർ ലോകത്തിൻ്റെ ധാടിമോടികൾക്ക് പിന്നാലെ അലയുന്ന കാഴ്ച വഞ്ചകന്മാർ ആരെന്ന് തെളിയിക്കുന്നു.

പെന്തെക്കൊസ്ത് സഭയുടെ ഭാഗമായിട്ടും മറ്റ് വിഭാഗങ്ങളുടെ ഉപദേശങ്ങളും പഠിപ്പിക്കുന്ന, ഉപേക്ഷിക്കേണ്ടവയെ പൂർണ്ണമായി വിടാതിരിക്കുകയും ചെയ്യുന്നവരാണ് വാചാലന്മാർ….

പ്രിയമുള്ളവരേ,
വഞ്ചകന്മാരെയും വാചാലന്മാരെയും തിരിച്ചറിഞ്ഞ് വചനത്തിൻ്റെ സത്യത്തിനായി ഉറച്ചു നിൽക്കാം….

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.