ഭാവന: “എനിക്ക് ജീവിച്ചു തുടങ്ങണം ചേട്ടാ” | ബ്ലെസ്സി രൂഫസ്

യു. കെ ചാപ്റ്റർ ലെറ്റർ റൈറ്റിങ് കൊമ്പറ്റിഷനിൽ രണ്ടാം സ്ഥാനം നേടിയ കൃതി


ത്രയും സ്നേഹം നിറഞ്ഞ ചേട്ടന് ,

ഈ എഴുത്ത് എന്നിൽ നിന്നും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്നറിയാം. എഴുതണമെന്നു ഞാനും ഒരിക്കൽ പോലും ആഗ്രഹിച്ചതുമല്ല. അവിടം വിട്ടിറങ്ങിയത് മുതൽ ബോധപൂര്‍വ്വം എല്ലാം മറക്കുവാന്‍ ശ്രമിച്ചുകൊണ്ട്‌ ഓടുകയായിരുന്നു.ഒരിക്കലും മാഞ്ഞുപോകരുതെന്നാഗ്രഹിച്ച വര്‍ണ്ണ കാഴ്ചകള്‍ക്കു പിന്നാലെയുള്ള ഓട്ടം. എങ്ങും നിര്‍ത്തിയില്ല. നിര്‍ത്താന്‍ തോന്നിയില്ല എന്നതാണ് സത്യം.കൂടെ ഓടാനും ചങ്കു പറിച്ചുതരാനുമായി കുറേയേറെ സുഹൃത്തുക്കള്‍. ഞങ്ങള്‍ കാണാത്തതും അനുഭവിക്കാത്തതും കീഴടക്കാത്തതുമായി ഇനി ഈ നാട്ടിൽ ഒന്നും തന്നെ ശേഷിക്കുന്നുണ്ടാകില്ല.ഞങ്ങള്‍ ആഘോഷിക്കുകയായിരുന്നു.വേറൊരു ചിന്തകളും എന്നെ അലട്ടാന്‍ ഞാന്‍ അനുവദിച്ചിരുന്നില്ല. അപ്പനോ, വീടോ, നാടോ ഒന്നും. ബന്ധങ്ങളുടെ ബന്ധനങ്ങളിൽ പെട്ടു പാഴാക്കിയ നിമിഷങ്ങളെയോര്‍ത്തായിരുന്നു ദുഃഖം മുഴുവനും. ഒടുവിൽ എവിടെയോ വെച്ച് കാലുകള്‍ കുഴഞ്ഞു.. ഇനി ഒരടിപോലും മുന്നോട്ടു വെക്കാനാകില്ലെന്നു ഉള്ളിലിരുന്നു ആരോ മന്ത്രിച്ചുകൊണ്ടിരുന്നു. തോറ്റുകൊടുക്കാന്‍ തോന്നിയില്ല. സര്‍വ്വ ശക്തിയും എടുത്തു ഒരവസാന ശ്രമം കൂടെ നടത്തി നോക്കി. കഴിഞ്ഞില്ല. ഇടറി വീഴുന്നത് കണ്ടിട്ടും താങ്ങിനിര്‍ത്താന്‍ ആരും വന്നില്ല. കാണാഞ്ഞതാണോ അതോ കണ്ടില്ലെന്നു നടിച്ചതാണോ…അവര്‍ ഓടിക്കൊണ്ടേയിരുന്നു. അല്ലെങ്കിലും കയ്യിലെ പണം കഴിഞ്ഞെന്നറിഞ്ഞാ പിന്നെ ആര് തിരിഞ്ഞു നോക്കാന്‍….

തിരിച്ചുപോകാമെന്നു മനസ്സ് പറഞ്ഞു. അഭിമാനം അതിനനുവദിച്ചില്ല. വാശിയായിരുന്നു. ജീവിച്ചു കാണിക്കണമെന്ന വാശി. ഒന്ന് കര പറ്റിയെന്നു തോന്നിയപ്പോഴാണ് ദേശത്തു ക്ഷാമം വന്നത്. പിടിച്ചുനിൽക്കാന്‍ പറ്റിയില്ല..വിശപ്പിന്‍റെ വിളിയോളം എത്തില്ലല്ലോ ഒരു അഭിമാനവും. ജോലിക്കായി നാടുമുഴുവനും അലഞ്ഞു. പണ്ട് പണം കൊടുത്തു സഹായിച്ചവര്‍ പോലും ഒരു ദാക്ഷിണ്യവുമില്ലാതെ ഇറക്കിവിട്ടു. ഒടുവിൽ പൗരന്മാരിൽ ഒരുത്തനെ കണ്ടു കാലുപിടിച്ചു കരഞ്ഞപ്പോള്‍ വയലിലെ പന്നികളെ മേയ്ക്കുന്ന ജോലി തന്നു. ആദ്യമൊക്കെ ചെറിയ കൂലി കിട്ടിയിരുന്നു. ക്ഷാമം കടുത്തപ്പോള്‍ അതും കിട്ടാതെ ആയി. ഒടുവിൽ പന്നിക്കു കൊടുക്കുന്ന വാളവര ആരും കാണാതെ തിന്നും തോട്ടിലെ വെള്ളം കുടിച്ചും ഒരുകണക്കിന് വിശപ്പടക്കാന്‍ ശ്രമിച്ചു. എന്നാൽ ഇത്‌ കണ്ടുപിടിച്ച യജമാനന്‍ ഒരു ദയയും കാണിക്കാതെ ജോലിയിൽ നിന്നും പറഞ്ഞുവിട്ടു. ഇനിയും ഇവിടെ നിന്നാൽ മരണം അല്ലാതെ വേറൊന്നും എന്‍റെ മുമ്പിൽ ഞാന്‍ കാണുന്നില്ല. വിശപ്പു കണ്ണിന്‍റെ കാഴ്ചയെ പോലും മറച്ചു തുടങ്ങിയിരിക്കുന്നു. എന്തുവന്നാലും ഒരു ഭീരുവിനെപ്പോലെ ഈ മണ്ണിൽ ജീവിതം അവസാനിപ്പിക്കാന്‍ ഞാന്‍ ഒരുക്കമല്ല.

അപ്പനെഴുതണമെന്നു പലവട്ടം ചിന്തിച്ചതാണ്. എഴുതിത്തുടങ്ങിയതുമാണ്. പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ല. കയ്യൊക്കെ കുഴഞ്ഞുപോകുന്നതുപോലെ… ആ ഹൃദയം തകര്‍ത്തിട്ടല്ലേ ഞാന്‍ അവിടെ നിന്നും ഇറങ്ങിയത് …എന്നെയോര്‍ത്തു ആ മനസ്സ് എത്ര വേദനിച്ചുകാണും. അതോര്‍ക്കുമ്പോൾ നെഞ്ചിനകത്തു എന്തൊക്കെയോ ഉരുണ്ടുകൂടുന്നു. ഒന്നുറക്കെ കരയണമെന്നുണ്ട്. എല്ലാം ഗദ്‌ഗദങ്ങളായി തൊണ്ടയി ത്തന്നെ കുടുങ്ങിപ്പോകുന്നു. ഒരു കാര്‍മേഘം പോലെ പെയ്തൊഴിയുവാനായി മനസ്സ് വെമ്പുന്നുണ്ട്‌. കണ്‍പീലികള്‍ക്കിടയി പടരുന്നനേര്‍ത്ത നനവ് കടലാസിലെ അക്ഷരങ്ങളി വികൃതമായ കോലങ്ങള്‍ വരച്ചുകൊണ്ടേയിരുന്നു. എന്തോ…എനിക്കതിനു കഴിയുന്നില്ല.

നമ്മുടെ വീടൊരു സ്വര്‍ഗ്ഗമായിരുന്നു..അത് തിരിച്ചറിയാതെ പോയ ഞാനാണ് തെറ്റുകാരന്‍. നഷ്ടങ്ങളാണല്ലോ എന്നും മനുഷ്യനെ പിന്തിരിഞ്ഞു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്…സ്വാതന്ത്ര്യത്തിന്‍റെ അനന്തവിഹായസ്സു തേടി പറന്ന ഞാന്‍ ഇന്ന് ചിറകറ്റ്‌ നിലം പതിച്ചുകൊണ്ടിരിക്കുന്ന പക്ഷിയേപ്പോലെയാണ്. ഞാന്‍ യാത്രതിരിക്കുകയാണ്‌. ഞാന്‍ വരുന്നുണ്ടെന്ന് അപ്പനെ അറിയിക്കണം. ചേട്ടന്‍ എന്നോടു ക്ഷമിക്കുമെന്ന്‌ ഞാന്‍ വിശ്വസിച്ചോട്ടേ ? വേറൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. അപ്പന്‍ എന്നെ സ്വീകരിക്കുമോ ? ഒരു മകന്‍ ആയി വേണ്ട. ഞാന്‍ അത് അര്‍ഹിക്കുന്നില്ല. ഒരു വേലക്കാരന്‍ ആയെങ്കിലും…എനിക്കപ്പന്‍റെ കാലി വീണു അപ്പാ , ഞാന്‍ സ്വര്‍ഗത്തോടും നിന്നോടും പാപം ചെയ്തു. നിന്‍റെ മകന്‍ എന്ന് വിളിക്കപെടുവാന്‍ ഞാന്‍ യോഗ്യനല്ല . നിന്‍റെ കൂലിക്കാരി ഒരുത്തനെപ്പോലെ എന്നെ ആക്കണമേ എന്ന് കരഞ്ഞപേക്ഷിക്കണം. മാപ്പര്‍ഹിക്കാത്ത തെറ്റാണു ഞാന്‍ ചെയ്തത്. ആ തെറ്റ് തിരുത്താന്‍ കൂലിക്കാരന്‍ ആയെങ്കിലും ഒരു അവസരം അപ്പന്‍ തരുമെന്ന് എനിക്ക് ഉറപ്പുണ്ട്.. ഇനിയെങ്കിലും എനിക്ക് ജീവിച്ചുതുടങ്ങണം.. ദുരാഗ്രഹങ്ങളില്ലാതെ….സംതൃപ്തിയോടെ ഒരു പുതിയ ജീവിതം..
സ്നേഹത്തോടെ
സ്വന്തം അനുജന്‍

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.