സ്പീക്കർ ചുമക്കുന്ന പാസ്റ്റർ എം.പൗലോസ്

അനുസ്മരണം | ✍️ലെജി ഫിലിപ്പ്

ഏകദേശം 10 വർഷം മുൻപ് ആണെന്നു തോന്നുന്നു. ഏതാനും ദിവസത്തെ വചന ശുശ്രൂഷയ്ക്ക് ക്ഷണിച്ച പ്രകാരമാണ് പാസ്റ്റർ എം. പൗലോസ് സഹധർമ്മിണി സരോജത്തോടൊപ്പം വൈറ്റില ശാരോൻ സഭയിൽ എത്തിയത്. എവിടെപ്പോയാലും സുവിശേഷം അറിയിക്കണം എന്ന് നിർബന്ധം ഉള്ളതു കൊണ്ട് അദ്ദേഹത്തിന്റെ വാഹനത്തിൽ ധാരാളം ട്രാക്ടും, പരസ്യ യോഗത്തിനാവശ്യമായ മൈക്കും കരുതിയിരുന്നു. ചർച്ചിലെ മീറ്റിംഗ് ഇല്ലാത്ത ഇടവേളകളിൽ ഞങ്ങളുടെ പാസ്റ്റർ ഉൾപ്പടെ സുവിശേഷ താൽപര്യം ഉള്ള സഹോദരീ-സഹോദരന്മാരെയും കൂട്ടി പൗലോച്ചായനും അമ്മാമ്മയും സുവിശേഷ പ്രവർത്തനത്തിനിറങ്ങും.

നന്നാ വെളുപ്പിന് കടവന്ത്ര ജംഗ്ഷനിൽ ചെന്നാൽ ധാരാളം തമിഴ് തൊഴിലാളികളെ കാണാം എന്ന് മനസ്സിലാക്കി ഒരു പ്രഭാതത്തിൽ സൂര്യനുദിക്കുന്നതിനു മുൻപെ ഞങ്ങൾ കടവന്ത്രയിലെത്തി. സരോജം അമ്മാമ്മയാണ് തമിഴിൽ പ്രസംഗിക്കുന്നത്. കോർഡ്ലെസ് മൈക്ക് തനിക്കു കൊടുത്തു. സ്പീക്കർ ഞങ്ങൾ വന്ന കാറിനു മുകളിൽ വയ്ക്കാം എന്ന് ഞങ്ങളുടെ പാസ്റ്റർ ഒ. അച്ചൻ കുഞ്ഞും, ഞാനും അഭിപ്രായപ്പെട്ടു. എന്നാൽ പൗലോസ് പാസ്റ്റർ അതൊന്നും ശ്രദ്ധിക്കാതെ തന്റെ വാഹനത്തിൽ സൂക്ഷിച്ചിരുന്ന ഒരു ടവ്വൽ കൊണ്ട് തലച്ചുമട് വയ്ക്കാൻ പാകത്തിന് ഒരു ചുമടുതാങ്ങി ഉണ്ടാക്കി ആ സ്പീക്കർ തന്റെ തലയിൽ വയ്ക്കാൻ പറഞ്ഞു. ഞങ്ങൾക്കു വല്ലാത്ത പ്രയാസവും, നാണക്കേടും തോന്നി. അദ്ദേഹത്തിനും അമ്മാമ്മയ്ക്കും യാതൊരു കൂസലും ഇല്ല. അമ്മാമ്മ തമിഴ് സുവിശേഷ പ്രസംഗം ആരംഭിച്ചു. തന്റെ കയ്യിലുള്ള “തമ്പിയുടെ ഹൃദയത്തിന്റെ” വലിയ ചാർട്ട് ഉപയോഗിച്ച് മനുഷ്യന്റെ പാപത്തെക്കുറിച്ചും, യേശുവിലൂടെയുള്ള പാപമോചനത്തെക്കുറിച്ചും, വരുവാനുള്ള ശിക്ഷാവിധിയെക്കുറിച്ചുമൊക്കെ അമ്മാമ്മ ലളിതമായ തമിഴിൽ വിവരിക്കയാണ്. ഏകദേശം 150 ഓളം തമിഴ് ശ്രോതാക്കളുണ്ട്. നാലുപാടും നിൽക്കുന്ന ജനങ്ങളിലേക്ക് ഒരുപോലെ ശബ്ദം എത്തിക്കുന്നതിന് പൗലോസ് പാസ്റ്റർ തന്റെ ശരീരം നാലുപാടും തിരിച്ച് സ്പീക്കറിന്റെ ദിശ മാറ്റുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്കു കുറ്റബോധം തോന്നിത്തുടങ്ങി. പ്രായമുള്ള ഈ മനുഷ്യന്റെ തലയിൽ ചുമട് വച്ചിട്ട് ഞങ്ങൾ എങ്ങനെ നോക്കി നിൽക്കും? ഞാനും, അച്ചൻ കുഞ്ഞ് പാസ്റ്ററും മാറി മാറി ചെന്ന് ആ സ്പീക്കർ ഞങ്ങളുടെ തലയിൽ വയ്ക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടും അത് തന്റെ അവകാശം ആണെന്ന മട്ടിൽ അദ്ദേഹം തന്നില്ല! ഏകദേശം മുക്കാൽ മണിക്കുറോളം നീണ്ട ആ പരസ്യയോഗത്തിൽ അദ്ദേഹം നിന്നുകൊണ്ട് ആ സ്പീക്കർ തന്റെ തലയിൽ താങ്ങി !

സുവിശേഷത്തെക്കുറിച്ച് ഒരു ദൈവ മനുഷ്യന്റെ ഭാരം എത്രയുണ്ടെന്ന് അറിയണമെങ്കിൽ പാസ്റ്റർ എം. പൗലോസിന്റെയും, തന്റെ പ്രിയ പത്നി സരോജത്തിന്റെയും ജീവിതം പഠിച്ചാൽ മതി.

ബ്രദർ ലെജി ഫിലിപ്പ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.