ശുഭദിന സന്ദേശം : മനോഹരതുരഗം മഹനീയഖഡ്ഗം | ഡോ. സാബു പോൾ

എന്റെ കോപം ഇടയന്മാരുടെ നേരെ ജ്വലിച്ചിരിക്കുന്നു; ഞാൻ കോലാട്ടുകൊറ്റന്മാരെ സന്ദർശിക്കും; സൈന്യങ്ങളുടെ യഹോവ യെഹൂദാഗൃഹമായ തന്റെ ആട്ടിൻ കൂട്ടത്തെ സന്ദർശിച്ചു അവരെ പടയിൽ തനിക്കു മനോഹരതുരഗം ആക്കും”(സെഖ.10:3).

ബഹിരാകാശ യാത്രികനായിരുന്നയാൾ വലിയൊരു എയർലൈൻ കമ്പനിയുടെ പ്രസിഡൻ്റായി ചാർജ്ജെടുത്തു. തൻ്റെ കമ്പനിയെ ഏറ്റവും മെച്ചമായ എയർലൈൻ സേവനദാതാവാക്കി മാറ്റണമെന്ന തീവ്രമായ ആഗ്രഹത്തിലായിരുന്നു അദ്ദേഹം….

ഒരിക്കൽ പുതിയ പ്രസിഡൻ്റ് ഒരു പ്രത്യേക ഡിപ്പാർട്ടുമെൻ്റിൽ പരിശോധനയ്ക്കായി എത്തി. അപ്പോൾ ഒരു ജോലിക്കാരൻ തൻ്റെ കാൽ ഡെസ്ക്കിൽ കയറ്റിവെച്ച് വിശ്രമിക്കുന്നതു കണ്ടു. ആ മേശമേൽ ഉള്ള ടെലിഫോൺ തുടർച്ചയായി മണി മുഴക്കിക്കൊണ്ടിരിക്കുന്നു.

”താങ്കൾ ഫോൺ എടുക്കാത്തതെന്താണ്…?”
അല്പം അനിഷ്ടത്തോടെ പുതിയ പ്രസിഡൻ്റ് ചോദിച്ചു.

”അതെൻ്റെ ഡിപ്പാർട്ടുമെൻ്റല്ല… ഞാൻ മെയിൻ്റനൻസ് സെക്ഷനിലാണ് ജോലി ചെയ്യുന്നത്.”

പുതിയ ബോസിനെ തിരിച്ചറിയാത്ത ജോലിക്കാരൻ അലസമായി ഉത്തരം പറഞ്ഞു.

”ഓഹോ! അങ്ങനെയെങ്കിൽ ഇനി മുതൽ താൻ ഒരു സെക്ഷനിലും ജോലി ചെയ്യണ്ട…!”

ചിലരങ്ങനെയാണ്. ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്തത്തെക്കുറിച്ച് തെല്ലും ചിന്തയില്ല. PSC പരീക്ഷ പാസ്സാക്കാൻ രാത്രികളെ പകലാക്കി അദ്ധ്വാനിക്കുന്നവർ ഗവൺമെൻ്റ് ജോലി കിട്ടിക്കഴിഞ്ഞാൽ പകലുകളെ രാത്രിയാക്കി ഓഫീസിൽ കൂർക്കംവലിച്ചുറങ്ങുന്നു….

സമാന വിഷയമാണ് സെഖര്യാവും പ്രതിപാദിക്കുന്നത്. രാജാവും പ്രഭുക്കന്മാരും പുരോഹിതന്മാരുമായ ഇടയന്മാർ ആടുകളെ സംരക്ഷിക്കുകയും നേർവഴിക്ക് നടത്തുകയും ചെയ്യുന്നതിനു പകരം അവയെ ഉഴലുമാറാക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നു.
ഭരണാധികാരികളാണ് ഇടയന്മാർ എങ്കിൽ അവർ ആടുകൾക്ക് മേൽ നിയമിച്ചിരിക്കുന്ന മേലധികാരികളാണ് കോലാടുകൾ…

തൻ്റെ ആടുകളെ വിഗ്രഹാരാധാനയിലേക്കും അന്യദൈവാരാധനയിലേക്കും നയിക്കുന്നതിനെതിരെ ദൈവം ആവർത്തിച്ചു മുന്നറിയിപ്പ് നൽകിയിട്ടും അവഗണിക്കുന്ന ഇടയന്മാരെയും കോലാട്ടുകൊറ്റൻമാരെയും അവിടുന്ന് ശിക്ഷിക്കുന്നത് തൻ്റെ ആടുകളെ മനോഹര തുരഗങ്ങളാക്കി മാറ്റിക്കൊണ്ടാണ്….!

ആടിനു മേൽ അല്ലേ ഇടയന് അധികാരമുള്ളൂ….?
ചെമ്മരിയാടിനെയല്ലേ കോലാട്ടുകൊറ്റന്മാർക്ക് ഉപദ്രവിക്കാനാവൂ….?

അവ യുദ്ധത്തിനു വേണ്ടി ഒരുക്കപ്പെടുന്ന കുതിരകളായി മാറിയാലോ….?
ഇടയനും കോലാട്ടുകൊറ്റനും പരാജയപ്പെടുക തന്നെ ചെയ്യും!
അതുപോലെ തന്നെയാണ് വീരൻ്റെ കയ്യിലെ വാൾ പോലെ തൻ്റെ ജനത്തെ ദൈവം രൂപാന്തരപ്പെടുത്തുന്നതും(സെഖ.9:13).

പ്രിയമുള്ളവരേ,
നമ്മുടെ സാഹചര്യങ്ങളെയും ഉപദ്രവിക്കുന്നവരെയും മാറ്റാൻ ദൈവത്തിന് കഴിയും…..

എന്നാൽ ചിലപ്പോൾ ആ സാഹചര്യങ്ങളുടെയും എതിർക്കുന്ന വ്യക്തികളുടെയും മുകളിൽ നമ്മെ ഉയർത്താനായിരിക്കും ദൈവീക പദ്ധതി…
…ഒരു മനോഹര തുരഗമാക്കി,
…വീരൻ്റെ കയ്യിലെ വാൾ ആക്കി,
…ചിറകടിച്ച് കയറുന്ന കഴുകനാക്കി ഒക്കെ അവിടുന്ന് നമ്മെ മാറ്റും.

സാഹചര്യങ്ങളെയും അധികാരികളെയും രൂപാന്തരപ്പെടുത്തണമേ എന്ന പ്രാർത്ഥന മാറ്റി എന്നെ രൂപാന്തരപ്പെടുത്തണമേ എന്ന് പ്രാർത്ഥിച്ചു തുടങ്ങൂ…..!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.