ചെറു ചിന്ത: സുവിശേഷ ലഘുലേഖകൾ കഥ പറയുമ്പോൾ | മറിയാമ്മ റോയി, സെക്കന്തരാബാദ്

സുവിശേഷീകരണത്തിൽ അദ്വിതീയമായ സ്ഥാനം വഹിക്കുന്ന ഒരു മാധ്യമമാണ് ലഘുലേഖകൾ. മനുഷ്യജീവിതത്തിൽ ഈ ലഘുലേഖകൾ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ക്രൂശിൻ ചുവടു വരെയും എത്തുന്നവ ആയിത്തീർന്നിട്ടുണ്ട്. ഒരിക്കൽ
വിഷമടിച്ചു ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച ഒരു മനുഷ്യന്റെ പോക്കറ്റിൽനിന്ന് കണ്ടെത്തിയ ചെറിയ ലഘുലേഖയിലെ വിലാസക്കാരോട് അയാളെ കൊണ്ടുപോകാൻ പോലീസ് പറഞ്ഞു. ആ സംഘത്തിന്റെ സ്നേഹവും പരിചരണവും ആ മനുഷ്യന്റെ ജീവിതത്തെ മാറ്റിമറിക്കുകയും അദ്ദേഹം ഒരു വലിയ സുവിശേഷകൻ ആവുകയും ചെയ്തു. മറ്റൊരു സംഭവത്തിൽ ലഘുലേഖകൾ വിതരണം ചെയ്തുകൊണ്ട് വീടുകൾ തോറും കയറി ഇറങ്ങി വന്ന ഒരു കൂട്ടം പെൺകുട്ടികളുടെ തലയിൽ മുകളിലത്തെ നിലയിൽനിന്ന് ഒരു സ്ത്രീ തൂത്തുവാരിയ ചപ്പുചവറുകൾ തള്ളിയിട്ടു. ഉയരങ്ങളിലേക്ക് കണ്ണുകൾ ഉയർത്തിയ അവരെ ആ സ്ത്രീ ചൂല് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടികൾ മടങ്ങി പോകുമ്പോൾ സംഭവം കണ്ടു നിന്ന അയൽക്കാരി വിളിച്ചുകയറ്റി ലഘുലേഖ ചോദിച്ചുവാങ്ങിച്ചു. ആ കുടുംബം രക്ഷപ്പെട്ടു.

എന്നാൽ ഇവിടെ മറ്റൊരു ലഘുലേഖ “എനിക്ക് പറയാനുള്ളത് നിങ്ങൾ കേൾക്കണം” എന്നു പറയുന്നു. കേട്ടാലോ?
ശരി തുടങ്ങിക്കോ ലഘുലേഖേ!
ലഘുലേഖ തന്റെ കഥ പറയുകയാണ്. നമുക്ക് ശ്രദ്ധയോടെ കേൾക്കാം.
ഭോജ്പൂർ ജില്ലയിൽ ‘ചന്ദുവാ മോഡി’ലെ ഒരു പ്രിന്റിംഗ് പ്രസ്സിൽ കുറേക്കാലമായി പൊടിപിടിച്ച് ഇരിക്കുകയായിരുന്ന വെള്ളപേപ്പർ ആയിരുന്നു ഞാൻ. കോവിഡ് മൂലം ജനങ്ങൾക്ക് പേപ്പറും വേണ്ടതായല്ലോ!

അങ്ങനെയിരിക്കെ ഒരു ദിവസം ഹൗസിംഗ് കോളനിയിൽനിന്ന് രണ്ട് പാതിരിമാർ എന്റെ സാറിനെ സമീപിച്ചു. അവർ എന്തൊക്കെയോ സംസാരിച്ചു. ഭോജ്പൂരിയിലും ഹിന്ദിയിലുമൊക്കെയായി സംഭാഷണം നടക്കുന്നു. ഞാൻ അവിടെ ഇരുന്നു കേൾക്കുക മാത്രം ചെയ്തു. ഒന്നും മനസ്സിലായില്ല. പാതിരിമാർ പോയി. പോകുംമുമ്പ് സാറിന്റെ പക്കൽ എന്തോ ഏൽപ്പിക്കുകയും ചെയ്തു. പിറ്റേദിവസം ജോലിക്കാർ വന്നപ്പോൾ അവർ പൊടിപിടിച്ചിരുന്ന എന്നെ പൊക്കിയെടുത്തു. കുറെനാൾ ആയി അനക്കം ഇല്ലാതിരുന്ന പ്രിന്റിംഗ് മെഷീൻ പൊടി അടിച്ച് വൃത്തിയാക്കി. അവർ അക്ഷരങ്ങൾ അടുക്കിവെച്ചു. ആദ്യത്തെ അക്ഷരക്കൂട്ടങ്ങൾ എന്റെ മേൽ പതിഞ്ഞത് അവർ തലക്കെട്ട് ആക്കി മാറ്റി. അത് ഞാൻ വായിച്ചെടുത്തു: ‘ഗരീബോം കാ മശിഹ’ (പാവപ്പെട്ടവന്റെ മശിഹാ)! വായിച്ചപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഒരുത്സാഹം തോന്നി. അവർ തലങ്ങുംവിലങ്ങും അക്ഷരങ്ങൾ അടുക്കിപ്പെറുക്കി വെച്ച് പ്രിന്റിംഗ് തകൃതി ആക്കി. അവർ അച്ചടി പൂർത്തിയാക്കി. ഞാൻ പതുക്കെ വായന തുടങ്ങി. പാവപ്പെട്ടവന്റെ രക്ഷകനായ യേശു എളിയവരുടെയും ദുഃഖിക്കുന്നവരുടെയും ദളിതരുടെയും നിരാലംബരുടെയും മശിഹാ ആണെന്ന്! അവൻ വഴിയും സത്യവും ജീവനും ആണെന്ന്! അവൻ പാപങ്ങൾ ക്ഷമിക്കുകയും മുക്തി നൽകുകയും ചെയ്യുന്നുവെന്ന്!എനിക്ക് ഇതൊരു പുതിയ അറിവായി തോന്നി. എങ്കിലും അതെക്കുറിച്ച് ചിന്തിച്ച് ചിന്തിച്ച് അനങ്ങാതിരുന്നു.
വൈകുന്നേരം ആയപ്പോൾ ആ രണ്ടു പാതിരിമാർ വന്നു. എന്റെ സാറ് കാശ് വാങ്ങിച്ച് കീശയിൽ ഇട്ടിട്ട് എന്നെ അവരുടെ പക്കൽ ഏൽപ്പിച്ചു. എന്റെ പുതിയ അറിവ് പരസ്യമാക്കണം എന്ന താല്പര്യം എനിക്ക് ഉണ്ടായി. എങ്കിലും മിണ്ടാതിരുന്നു.
ആ രണ്ടു പാതിരിമാർ അവരുടെ താമസ സ്ഥലത്ത് എന്നെ എത്തിച്ചു. രാത്രി അവർ ഉറങ്ങാതിരുന്ന് എന്നെ മടക്കി സുന്ദരമാക്കി എന്റെ മേൽ അവരുടെ മുദ്രയും അടിച്ചു ഭദ്രമാക്കി വച്ചിട്ട് അവർ എന്റെ മേൽ കൈവെച്ച് പ്രാർത്ഥിച്ചു. ഞാൻ സ്വസ്ഥമായി മിണ്ടാതിരുന്നു. നേരം വെളുത്തു. പാതിരിമാർ രാവിലെ എന്നെ എടുത്തു വീണ്ടും പ്രാർത്ഥിച്ച് ഭദ്രമായി സഞ്ചിയിൽ വച്ചു. അവർ സൈക്കിൾ ചവിട്ടി തുടങ്ങി. ഇടയ്ക്ക് പലയിടത്ത് നിർത്തി ജനങ്ങളുടെ മുമ്പിൽ എന്നെ എടുത്തു കാണിച്ചു. പലർക്കും വേണ്ടാന്ന് പറഞ്ഞു. പിന്നെ അവർ എത്തിയത് ഒരു ചായക്കടയിലാണ്. രണ്ടുപേരും ഓരോ ചായയും കുടിച്ച് കടക്കാരനോട് കുശലവും അന്വേഷിച്ചു. അനന്തരം എന്നെ പുറത്തെടുത്തു. അയാൾ കൈ നീട്ടി വാങ്ങിച്ചു. എന്നാൽ അവർ പോയപ്പോൾ അയാൾ എന്നെ എടുത്തു ഓടിച്ചൊന്നു നോക്കിയിട്ട് സമോസ പൊതിയുന്ന പേപ്പറുകളുടെ കൂട്ടത്തിൽവച്ചു. എനിക്ക് സങ്കടം വന്നു. അയാൾ എന്നെ ഒന്ന് വായിക്കാൻ ശ്രമിച്ചില്ലല്ലോ, ഞാൻ മിണ്ടാതിരുന്നു. ദിവസങ്ങൾ പലതും കഴിഞ്ഞു. വീണ്ടും പൊടി പിടിക്കാൻ തുടങ്ങിയല്ലോ എന്ന് ആത്മഗതം ചെയ്തു.

അങ്ങനിരിക്കെ ഒരു വൈകുന്നേരം ഒരു പാവം കൂലിപ്പണിക്കാരൻ തന്റെ മകന് സമോസ വാങ്ങിക്കാൻ കടയിൽ വന്നു. കടക്കാരൻ എന്റെ ചെവിക്ക് പിടിച്ചു പൊക്കിയെടുത്തു. ആദ്യം നടുവേ കീറാൻ നോക്കി. ഞാൻ സങ്കടപ്പെട്ടു. എങ്കിലും ബലം പിടിച്ച് ഇരുന്നു. ഭാഗ്യം. കീറിയില്ല. അയാൾ എന്നെക്കൊണ്ട് സമോസ പൊതിഞ്ഞു. കൂലിപ്പണിക്കാരന്റെ സഞ്ചിയിലാണ് ഞാൻ ഇപ്പോൾ.
ഇനി എന്താകും എന്നൊരു ആകാംക്ഷ എനിക്ക് ഉണ്ടായിരുന്നു.

കൂലിപ്പണിക്കാരൻ വീട്ടിൽ കയറിയതും ഒരു കൊച്ചുപയ്യൻ ഓടിവന്ന് സഞ്ചിയിൽ കയ്യിട്ടു. സമോസ സഹിതം എന്നെ ആ കൊച്ചു കുട്ടി പൊക്കിയെടുത്തു. ഞാൻ ഭയന്നു. എല്ലാം ഇവിടെ അവസാനിച്ചുവെന്ന് കരുതി. എന്നാൽ സമോസ തിന്നശേഷം ഒരു പേപ്പർ ബോട്ട് ഉണ്ടാക്കി വെള്ളത്തിൽ കളിക്കാൻ ഒന്നും അവൻ മെനക്കെട്ടില്ല. എന്റെ ഭാഗ്യം എന്നു പറഞ്ഞാൽ മതിയല്ലോ. അവൻ കടിച്ചാൽ പൊട്ടാത്ത രണ്ടുമൂന്ന് കപ്പലണ്ടി കഷണങ്ങളും ആയി എന്നെ അവന്റെ അപ്പന്റെ പക്കൽ ഏൽപ്പിച്ചു. സ്നേഹപൂർവ്വം മകൻ വച്ചുനീട്ടിയ കപ്പലണ്ടി കടിച്ച് പൊട്ടിച്ചശേഷം അദ്ദേഹം എന്നെ കയ്യിൽ പിടിച്ചുകൊണ്ട് വെറുതെ ഇരുന്നു. കുറെ കഴിഞ്ഞപ്പോൾ ആ കൂലിപ്പണിക്കാരന് എന്നോട് എന്തോ ഒരു സ്നേഹം. അദ്ദേഹം പൊടി ഒക്കെ തട്ടിക്കളഞ്ഞ് വായിക്കാൻ തുടങ്ങി. പാവപ്പെട്ടവന്റെ മശിഹ എന്ന തലക്കെട്ട് അദ്ദേഹത്തെ സ്പർശിച്ചു എന്ന് എനിക്ക് തോന്നി. ഞാൻ മിണ്ടാതെ ഇരുന്നു. അദ്ദേഹം തുടർന്ന് വായിക്കുവാൻ തുടങ്ങി. വായിക്കുംതോറും അദ്ദേഹത്തിന്റെ മുഖം ശോഭിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എനിക്ക് സന്തോഷമായി. അദ്ദേഹം
അതി സന്തോഷവനായി കാണപ്പെട്ടു. വളരെ ശ്രദ്ധയോടെ എന്നെ മടക്കി ഉടുപ്പിന്റെ പോക്കറ്റിൽവച്ചു.

പിറ്റേദിവസം അദ്ദേഹം കൂലിപ്പണിക്ക് പോയില്ല പകരം എന്റെ മേൽ ആ പാതിരിമാർ എഴുതിയിരുന്ന അഡ്രസ്സ് നോക്കി യാത്ര തുടങ്ങി ഒടുവിൽ ഞാൻ വീണ്ടും കൂലിപ്പണിക്കാരനൊപ്പം പാതിരിമാരുടെ അടുത്ത് എത്തി. അവർക്കും എനിക്കും അദ്ദേഹത്തിനും സന്തോഷം. കൂലിപ്പണിക്കാരൻ പിന്നീട് എല്ലാ ഞായറാഴ്ചയും അവിടെ പോകാൻ തീരുമാനിച്ചു. ഈ കഥ തീർന്നിട്ടില്ല അത് തുടർന്നുകൊണ്ടേയിരിക്കുന്നു. നന്ദി!

മറിയാമ്മ റോയി, സെക്കന്തരാബാദ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.