ശുഭദിന സന്ദേശം: പ്രസംഗം പ്രഘോഷം | ഡോ. സാബു പോൾ

എന്റെ ജനത്തെ തെറ്റിച്ചുകളകയും പല്ലിന്നു കടിപ്പാൻ വല്ലതും ഉണ്ടെങ്കിൽ സമാധാനം പ്രസംഗിക്കയും അവരുടെ വായിൽ ഒന്നും ഇട്ടുകൊടുക്കാത്തവന്റെ നേരെ വിശുദ്ധയുദ്ധം ഘോഷിക്കയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു”(മീഖാ 3:5).

മനുഷ്യന് ഭ്രാന്ത് പിടിച്ചാൽ ചങ്ങലക്കിടാം. എന്നാൽ ചങ്ങലയ്ക്ക് ഭ്രാന്തു പിടിച്ചാലോ….?

മൃഗങ്ങൾ വിളവ് തിന്നാതെ സംരക്ഷിക്കുന്നത് വേലിയാണ്. എന്നാൽ വേലി തന്നെ വിളവു തിന്നാലോ….?

കോവിഡ് രോഗത്തിൻ്റെ വ്യാപനത്തെക്കുറിച്ച് അറിവു കിട്ടിയ ആദ്യ നാളുകളിൽ തന്നെ ഏറ്റവും ഉണർന്നു പ്രവർത്തിച്ച് ലോകത്തിന് മാതൃകയായി നമ്മുടെ കൊച്ചു കേരളം….
ഭരണാധികാരികൾ, പൊലീസ്, ആരോഗ്യ പ്രവർത്തകർ, മീഡിയ തുടങ്ങി എല്ലാവരും നിതാന്ത ജാഗ്രത പുലർത്തിയപ്പോൾ മരണ വക്ത്രത്തിൽ നിന്ന് രോഗികളെ മടക്കിക്കൊണ്ടുവരിക മാത്രമല്ല, ആകെ രോഗികളുടെ എണ്ണം 15-ൽ താഴെ വരെയെത്തിക്കുവാനും കഴിഞ്ഞു.

എന്തായിരുന്നു പ്രധാന കാരണം….?

വളരെ കർശനമായി നിയമം പാലിക്കുന്നുണ്ടെന്ന് അധികാരികൾ ഉറപ്പു വരുത്തി….
ചിലരൊക്കെ പല ന്യായങ്ങൾ നിരത്തി നിരത്തിലിറങ്ങിയപ്പോൾ വീട്ടിലേക്കവരെ വിരട്ടിയോടിച്ചു പോലീസ്. സാമൂഹിക അകലം, മാസ്ക്ക്, കൈ കഴുകൽ എന്നിവ കർശനമാക്കി.

എന്നിട്ടോ….?

ഇലക്ഷൻ വന്നപ്പോൾ നേതാക്കളും അണികളും പോലീസും മാധ്യമങ്ങളും കൊറോണയെ സൗകര്യപൂർവ്വം മറന്നു. പക്ഷേ, കൊറോണ ആരെയും മറന്നില്ലെന്ന് പെരുകുന്ന കണക്കുകൾ തെളിയിക്കുന്നു…..

വിദ്യാർത്ഥികൾ എല്ലാവരും അച്ചടക്കം പാലിക്കാൻ ഇഷ്ടപ്പെടുന്നവരോ, ശ്രദ്ധിക്കുന്നവരോ ആകണമെന്നില്ല. അദ്ധ്യാപകരാണ് അത് ശ്രദ്ധിക്കേണ്ടത്. വാഹനം ഓടിക്കുന്ന എല്ലാവരും നിയമം പാലിക്കണമെന്നില്ല, ശ്രദ്ധിക്കേണ്ടത് മോട്ടോർ വാഹന വകുപ്പാണ്.

സഭാംഗങ്ങളെല്ലാം ആത്മീയ കാര്യങ്ങളിൽ ശുഷ്കാന്തി കാണിച്ചു എന്ന് വരികയില്ല. നേതൃത്വമാണ് നേരായി നയിക്കേണ്ടത്.
എന്നാൽ നയിക്കുന്നവർ തന്നെ വഴി തെറ്റിപ്പോയാലോ…..?

നേതൃത്വത്തിൻ്റെ പരാജയമാണ് മീഖാ 3- ലെ പ്രമേയം. ഇന്നത്തെ വാക്യത്തിൽ പ്രവാചകരെക്കുറിച്ചാണ് പ്രത്യേകം പരാമർശിക്കുന്നത്.

ശരിയായ പ്രവചനത്തിൻ്റെയും പ്രവാചകൻ്റെയും ശത്രു വ്യാജ പ്രവാചകനാണ്. വരാൻ പോകുന്ന ആപത്തിനെക്കുറിച്ച് യിരമ്യാവ് പ്രവചിച്ചപ്പോൾ അത് ജനത്തിൻ്റെ ആത്മധൈര്യം ചോർത്തിക്കളയുന്ന ദേശദ്രോഹപ്രവൃത്തിയായിട്ടാണ് ‘സമാധാനം’ ഘോഷിക്കുന്ന വ്യാജ പ്രവാചകർക്ക് തോന്നിയത്.
അതുകൊണ്ട് പലവിധ പീഡകളിലൂടെ യിരമ്യാവിന് പോകേണ്ടി വന്നു.

തങ്ങൾക്ക് പണവും ഭക്ഷണവും നൽകുന്നവരോട് സമാധാനം പ്രസംഗിക്കുകയും, അങ്ങനെ ചെയ്യാത്തവർക്കെതിരെ യുദ്ധം പ്രഘോഷിക്കുകയും ചെയ്യുന്ന പ്രവാചകരാണിപ്പോൾ യെരുശലേമിലുള്ളത്. ദൈവം കൊടുക്കുന്ന ദൂതുകൾ മായം കലരാതെ ജനത്തിന് കൈമാറേണ്ടവർ പക്ഷപാതം കാണിച്ച് കീശ വീർപ്പിക്കുന്നു.

പ്രവചനം ധനാഗമ മാർഗ്ഗമാക്കുന്നത് പിശാചാണ് (പ്രവൃ.16:16-19). സത്യദൈവത്തിൻ്റെ പ്രവാചകർ എന്നഭിമാനിക്കുന്നവരുടെയും ലക്ഷ്യം സാമ്പത്തീകം മാത്രമാകുമ്പോൾ ജനം വഴി തെറ്റുന്നു. അതിൻ്റെ പരിണിത ഫലം യെരുശലേമിൻ്റെ നാശവും അടിമത്തവുമാണ്(മീഖാ 3:12).
കറൻസിയുടെ കട്ടി കൂടുന്നതിനനുസരിച്ച് ദൂതിന് മാറ്റം വരുത്താത്ത മീഖാ യുടെ ശക്തമായ സന്ദേശം ഹിസ്ക്കിയാവിൻ്റെ കാലത്തെ ആത്മീയ നവീകരണത്തിലേക്ക് ജനത്തെ നയിച്ചു…..

പ്രിയമുള്ളവരേ,
സാമ്പത്തീക വിടുതൽ പ്രഖ്യാപിച്ച് സ്വയം സമ്പന്നരാകുന്നവരെ തിരിച്ചറിയാം…..
നമ്മിൽ കുറവുകളുണ്ടെന്ന് നമുക്ക് സ്വയം ബോധ്യമുള്ളപ്പോഴും വിശുദ്ധരായി നമ്മെ പ്രഖ്യാപിക്കുന്നവൻ്റെ ആശ സമ്പത്തിൽ മാത്രമെന്ന് സംശയിക്കണം….
പ്രവാചകരേ, അഗ്നിജ്വാലക്കൊത്ത കണ്ണുള്ളവനെ ഭയപ്പെടുക…

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.