ശുഭദിന സന്ദേശം: ഒഹോലയും ഒഹോലീബയും | ഡോ. സാബു പോൾ

പിന്നെയും യഹോവ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, നീ ഒഹൊലയെയും ഒഹൊലീബയെയും ന്യായംവിധിക്കുമോ?”( യെഹ.23:36).

ഒരു സന്യാസി നദിയിൽ കുളിക്കാനായി ചെന്നു. നീരാട്ടിനായി ഇറങ്ങിയവർ അവരുടെ വസ്ത്രങ്ങൾ കരയിൽ അലക്ഷ്യമായി ഇട്ടിരിക്കുന്നു.
തൻ്റെ വസ്ത്രം അക്കൂട്ടത്തിൽ പെടാതിരിക്കാൻ മണലിൽ ഒരു കുഴി കുഴിച്ചിട്ട് വസ്ത്രം അതിനകത്ത് വെയ്ക്കുകയും തിരിച്ചറിയാനായി അദ്ദേഹം മണൽ കൊണ്ട് കൂന കൂട്ടുകയും ചെയ്തു.

വിസ്തരിച്ചുള്ള കുളി കഴിഞ്ഞ് തിരികെക്കയറിയ സന്യാസി അത്ഭുതപ്പെട്ടുപോയി…!

നദിക്കരയിൽ പല മണൽക്കൂനകൾ….

എന്താണ് സംഭവിച്ചത്…?
സന്യാസി ചെയ്യുന്നത് കണ്ടു കൊണ്ടാണ് അടുത്ത വ്യക്തി കുളിക്കാനായി എത്തിയത്. ഈ നദിയിൽ കുളിക്കുന്നവർ ഇങ്ങനെ വസ്ത്രം മണലിനകത്ത് കുഴിച്ചിട്ടിട്ട് കൂന ഉണ്ടാക്കുന്നത് ഇവിടത്തെ സമ്പ്രദായമായിരിക്കും എന്ന് ചിന്തിച്ച് അയാളും അതുപോലെ ചെയ്തു. തുടർന്നു വന്നവരും പ്രസ്തുത രീതി പിന്തുടർന്നപ്പോൾ നദിക്കരയിൽ ധാരാളം മണൽക്കൂനകളായി…

ആരോ ചെയ്ത അബദ്ധങ്ങളെ അന്ധമായി മറ്റുള്ളവർ പിൻതുടർന്നതാണ് പല ആചാരങ്ങളുടെയും രംഗപ്രവേശത്തിന് കാരണമായിത്തീർന്നത്.

വിഗ്രഹങ്ങളുടെ കേന്ദ്രസ്ഥാനമായ ബാബേലിൽ നിന്ന് അബ്രഹാമിനെ ദൈവം വിളിച്ചിറക്കിയപ്പോൾ അവൻ ദൈവം പറഞ്ഞതുപോലെ തന്നെയാണ് യാത്ര ചെയ്തത്. അതുകൊണ്ട് തന്നെ അബ്രഹാമിൻ്റെ ജീവിതത്തിൽ വിഗ്രഹങ്ങൾ ഉണ്ടായിരുന്നില്ല. ഇസ്ഹാക്കും യാക്കോബും അതേ പാത പിൻതുടർന്നു. കാരണം അവർക്കും ദൈവവുമായി നിരന്തര ബന്ധം നിലനിന്നിരുന്നു.

ഇവർ മൂവരും പല രാജ്യങ്ങളിൽ താമസിച്ചെങ്കിലും പല ജനസമൂഹങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടെങ്കിലും വിഗ്രഹങ്ങളെ അവർ അകറ്റി നിർത്തുക തന്നെ ചെയ്തു.

എന്നാൽ യിസ്രായേൽജനം മിസ്രയീമിൽ ആയിരുന്നപ്പോൾ ദൈവവുമായുള്ള ബന്ധത്തിൽ വിള്ളലുകൾ വീണു. അവർ മിസ്രയീമ്യ ദൈവങ്ങളെ സേവിച്ചിരുന്നു എന്നാണ് യോശുവ പറയുന്നത്(യോശു.24:14).

മിസ്രയീമ്യരുടെ കാള ദൈവമായ ‘അപ്പിസി’ൻ്റെ ഓർമ്മ കൊണ്ടായിരിക്കാം ദൈവത്തെ നിർമ്മിച്ച് നൽകാൻ ജനം അഹരോനോട് ആവശ്യപ്പെട്ടപ്പോൾ പൊന്നുകൊണ്ടുള്ള കാളക്കുട്ടിയെ അവൻ ഉണ്ടാക്കിക്കൊടുത്തത്.

ദൈവീക മാർഗ്ഗനിർദ്ദേശപ്രകാരമുള്ള മരുയാത്രയും ദൈവീക ഭരണത്തിൻ്റെ ന്യായാധിപ വാഴ്ച്ചയും കടന്ന് രാജ ഭരണത്തിലേക്ക് ചുവടുമാറ്റം നടത്തിയപ്പോഴും വിഗ്രഹരഹിത സമൂഹമായി അവർ നിലനിന്നു.

വീണ്ടും വ്യതിചലനത്തിൻ്റെ വഴിത്താര വെട്ടിത്തുറന്നത് യൊരോബെയാം ആയിരുന്നു. ദാനിലും ബെഥേലിലും സ്വർണ്ണക്കാളക്കുട്ടികളെ ഉണ്ടാക്കി(1രാജാ.12:2-33) അവയെ നമസ്ക്കരിക്കാനും ചുംബിക്കാനും അവസരമുണ്ടാക്കി(ഹോശേ.13:2).

യിസ്രായേലിന് സംഭവിച്ച ഈ അധ:പതനത്തെയാണ് യെഹസ്ക്കേൽ പ്രവാചകൻ 23-ാം അദ്ധ്യായത്തിൽ വരച്ചു കാണിക്കുന്നത്.
ഒഹോല എന്നതിന് ‘അവളുടെ സ്വന്തം ആലയം’ എന്നാണർത്ഥം.
ഓഹോലീബ എന്നതിന് ‘എന്റെ ആലയം അവളിൽ’ എന്നുമാണ് അർത്ഥം. ഓഹോല വടക്കേ രാജ്യമായ യിസ്രായേലും (അവർ സ്വന്തമായി ആലയങ്ങൾ ഉണ്ടാക്കി.) ഒഹോലീബ യഹൂദയുമാണ് (യഹോവയുടെ ആലയം യെരുശലേമിൽ ഉണ്ടായിരുന്നല്ലൊ.)

‘ഇവരെ നീ ന്യായം വിധിക്കുമോ?’ എന്ന് പ്രവാചകനോട് ദൈവം ചോദിക്കുന്നതിന്റെ അർത്ഥം ‘ഞാനിവരെ ന്യായം വിധിക്കാതെ ഇരിക്കുമോ?’ എന്നാണ്.

ഇന്നലെകളിലെ ജാതീയ ആചാരങ്ങളുടെ അനുകരണത്തിൻ്റെ തുടർച്ചയായി അശൂരിൻ്റെ ശക്തിയും പ്രതാപവും കണ്ട് അവരുടെ ദൈവങ്ങളെ ആരാധിക്കാൻ ശ്രമിച്ച ഒഹോലയെ (യിസ്രായേൽ) ദൈവം അവിടേക്ക് തന്നെ അടിമകളായി അയയ്ക്കുന്നു….. ഒഹോലീബ(യഹൂദ) ബാബേലിൻ്റെ അടിമ നുകത്തിൻ കീഴിലാകുന്നു…..

പ്രിയമുള്ളവരേ,

ഒഹോലയെ മൂത്തവൾ എന്ന് പറഞ്ഞിരിക്കുന്നത് വലിയവൾ എന്ന നിലയിലാണ്. യിസ്രായേലിൽ പത്തു ഗോത്രങ്ങൾ ഉണ്ടായിരുന്നല്ലൊ. ആൾബലം അധികമുള്ളവർ ചെയ്ത അബദ്ധവും, അതിനെ തുടർന്നുണ്ടായ ശാപവും കണ്ടിട്ടും യഹൂദയും അതേ പരാജയം ആവർത്തിച്ചു…..
ഇതര ജാതികളെയോ, ക്രിസ്തീയ നാമധേയമുള്ള ‘ജ്യേഷ്ഠത്തിമാരെയോ’ അനുകരിക്കാതെ വചനത്തിലേക്കും ദൈവത്തിങ്കലേക്കും നോക്കാം….
കഴിയുമെങ്കിൽ വ്രതന്മാരെയും തെറ്റിക്കാൻ പിശാച് നടത്തുന്ന കുതന്ത്രങ്ങളെ തിരിച്ചറിയാം…

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.