ശുഭദിന സന്ദേശം: വിയോഗവും നിയോഗവും | ഡോ. സാബു പോൾ

ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു”(യെശ.6:1).

Download Our Android App | iOS App

”നിനക്ക് നിയോഗം ഉണ്ടാകണമോ..? നിനക്ക് ദർശനവും ശുശ്രൂഷയും ലഭിക്കണമോ…?
…നിൻ്റെ ഉസ്സിയാവ് മരിക്കണം!”

post watermark60x60

ഒരു കാലത്ത് ആവർത്തിച്ച് മുഴങ്ങിക്കേട്ട സന്ദേശമിതായിരുന്നു…

”നോക്കൂ! ഒന്നു മുതൽ അഞ്ചു വരെ അദ്ധ്യായങ്ങളിൽ മറ്റുള്ളവരുടെ മാത്രം കുറ്റങ്ങൾ കണ്ട യെശയ്യാവ് സ്വർഗ്ഗീയ ദർശനത്തിൻ്റെ മുമ്പിലാണ് സ്വന്തം കുറവുകൾ തിരിച്ചറിഞ്ഞത്. ‘അവർക്ക് അയ്യോ കഷ്ടം!’ എന്നു പറഞ്ഞയാൾ ഇപ്പോൾ ‘എനിക്ക് അയ്യോ കഷ്ടം!’ എന്നു വിലപിക്കുന്നു. സ്വർഗ്ഗീയ ദർശനമുണ്ടായാലേ സ്വന്തം കുറ്റങ്ങൾ മനസ്സിലാകൂ….”

പിന്നീട് പലപ്പോഴും കേട്ട മറ്റൊരു വ്യാഖ്യാനമിതായിരുന്നു.

യാഥാർത്ഥ്യമെന്താണ്…?

ദൈവീക നിയോഗം ലഭിക്കാതെ ഒരാൾക്കും പ്രവചനം നടത്താൻ കഴിയുകയില്ല എന്നത് നിസ്തർക്കമാണ്. അങ്ങനെ യെശയ്യാവിന് നിയോഗം ലഭിച്ചത് ആറാം അദ്ധ്യായത്തിൽ… അപ്പോൾ നിയോഗം കിട്ടാതെയാണോ ആദ്യത്തെ അഞ്ച് അദ്ധ്യായങ്ങളിൽ ദൂതു പറഞ്ഞത്…?

ആറാം അദ്ധ്യായത്തിലാണ് യെശയ്യാവ് തൻ്റെ നിയോഗത്തെക്കുറിച്ച് പരാമർശിക്കുന്നതെങ്കിലും അതാണ് തൻ്റെ ശുശ്രൂഷയുടെ തുടക്കമെന്നും ആദ്യത്തെ അഞ്ച് അദ്ധ്യായങ്ങൾ യെശയ്യാവിൻ്റെ മുഴുപ്രവചനത്തിൻ്റെയും ആമുഖമായി യഹൂദ സമൂഹത്തിൻ്റെ ആത്മീയ അവസ്ഥയെക്കുറിച്ചുള്ള വിവരണമാണെന്നുമാണ് ഒരു വിഭാഗം വേദപണ്ഡിതർ ചിന്തിക്കുന്നത്.

അപ്പോഴും അടുത്തൊരു പ്രശ്നം നിലനിൽക്കുന്നു. ”ആമോസിൻ്റെ മകനായ യെശയ്യാവ് യെഹൂദ രാജാക്കന്മാരായ ഉസ്സിയാവ്, യോഥാം, ആഹാസ്, യെഹിസ്ക്കിയാവ് എന്നിവരുടെ കാലത്ത്…ദർശിച്ച ദർശനം.” എന്ന് 1:1 ൽ രേഖപ്പെടുത്തിയിരിക്കുന്നു. അതായത് ഉസ്സിയാവിൻ്റെ കാലത്ത് യെശയ്യാവ് ദർശനങ്ങൾ കണ്ടു. പക്ഷേ, 6-ാം അദ്ധ്യായത്തിൽ നിയോഗം ലഭിച്ചത് ഉസ്സിയാവ് മരിച്ച ആണ്ടിൽ ആണു താനും….

പഴയനിയമത്തിൻ്റെ അരാമ്യ പരിഭാഷയായ താർഗ്ഗത്തിൽ (Targum) ‘ഉസ്സിയാവിന് കുഷ്ഠം ബാധിച്ച ആണ്ടിൽ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 759 B.C. – ലാണ് യെശയ്യാവിൻ്റെ ദർശനം ആരംഭിക്കുന്നത്. ആ വർഷം അവസാനമായപ്പോഴേക്കും ഉസ്സിയാവ് മരിച്ചു. ഉസ്സിയാവ് മരിച്ചതിനു ശേഷമാണ് ദർശനമെങ്കിൽ ‘യോഥാമിൻ്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ’ എന്നാണ് എഴുതേണ്ടിയിരുന്നത്.

വീണ്ടും ഒരു സംശയം ഉണ്ടാകാനുള്ള സാധ്യത 2 ദിന.26:22-ൽ ഉണ്ട്. “ഉസ്സിയാവിൻ്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം ആമോസിൻ്റെ മകനായ യെശയ്യാ പ്രവാചകൻ എഴുതിയിരിക്കുന്നു” എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഉസ്സിയാവിൻ്റെ വാഴ്ചയുടെ അവസാന വർഷം നിയോഗം കിട്ടിയ യെശയ്യാവ് എങ്ങനെയാണ് ഉസ്സിയാവിൻ്റെ ആദ്യാവസാന ചരിത്രം ചമയ്ക്കുന്നത്…?

യെശയ്യാവിൻ്റെ പിതാവായ ആമോസ് രാജകുടുംബത്തിൻ്റെ ഭാഗമായിരുന്നുവെന്നാണ് യഹൂദവിശ്വാസം. സ്വാഭാവികമായി ചരിത്രങ്ങൾ യെശയ്യാവിനറിയാം. അദ്ദേഹം ശുശ്രൂഷ ആരംഭിച്ചപ്പോൾ മേൽപ്പറഞ്ഞ ചരിത്രങ്ങൾ എഴുതി. പ്രവാചകന്മാർ എഴുതിയ ചരിത്രങ്ങളാണ് ദൈവനിശ്വാസീയമായി യെഹൂദന്മാർ കണ്ടിരുന്നതും.

എന്തായാലും ശക്തനായ ഒരു രാജാവ് അഹങ്കാരത്തിൻ്റെ മൂർദ്ധന്യാവസ്ഥയിൽ മൂർദ്ദാവിൽ കുഷ്ഠം ബാധിച്ച് നിഷ്കാസിതനായപ്പോൾ നിരാശിതനായ യെശയ്യാവിനോട് സ്വർഗ്ഗം പറയുന്നു, എല്ലാ ഭരണ സംവിധാനങ്ങളുടെയും മേൽ അധികാരമുള്ള ഉന്നതമായ സിംഹാസനം സ്വർഗ്ഗത്തിലുണ്ട്.

പ്രിയമുള്ളവരേ,
സ്വർഗ്ഗസ്ഥനായ ദൈവമാണ് സകലവും നിയന്ത്രിക്കുന്നതും ഭരിക്കുന്നതും…..
അതാണ് നമ്മുടെ ധൈര്യം….

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

You might also like
Comments
Loading...