ചെറു ചിന്ത: ദാനീയേൽ ഉൽകൃഷ്ടമാനസനായിരുന്നതുകൊണ്ട് | ഇവാ. അജി ഡേവിഡ് വെട്ടിയാർ

 

എന്നാൽ ദാനീയേൽ ഉൽകൃഷ്ടമാനസനായിരുന്നതുകൊണ്ട്‌ അവൻ അധ്യക്ഷന്മാരിലും പ്രധാനദേശാധിപന്മാരിലും വിശിഷ്ടനായി വിളങ്ങി; രാജാവ് അവനെ സർവരാജ്യത്തിനും അധികാരിയാക്കുവാൻ വിചാരിച്ചു”(ദാനീ:6:3)

16-ാം വയസ്സിൽ(ബി.സി.606) യെരുശലേമിൽനിന്നും തടവുകാരനായി ബാബിലോണിലെത്തിയ ദാനീയേൽ പിന്നീട് രാജ്യസേവനത്തിലേക്ക് എത്തപ്പെടുകയായിരുന്നു. ചെറുപ്രായത്തിൽത്തന്നെ ശീലിച്ച ദൈവത്തിലുള്ള വിശ്വാസം, പ്രാർത്ഥനാ നിരതമായ ജീവിതം, വിശുദ്ധി, നീതിനിഷ്ഠ തുടങ്ങിയ ദൈവദത്തമായ വൈഭവത്തിലൂടെയാണ് രാജ്യസേവനത്തിന്റെ അമരത്ത് അവരോധിക്കപ്പെട്ടത്. ബാബിലോണിന്റെ തകർച്ചയ്ക്കുശേഷം ദാര്യാവേശ് രാജസ്ഥാനത്ത് എത്തപ്പെടുകയും രാജ്യം ഒക്കെയും ഭരിക്കേണ്ടതിനു രാജ്യത്തിന്മേൽ 120 പ്രധാന ദേശാധിപതികളെയും അവരുടെമേൽ മൂന്ന് അധ്യക്ഷന്മാരെയും നിയമിച്ചു. ഈ മൂവരിൽ ഒരാൾ ദാനീയേൽ ആയിരുന്നു.” എന്നാൽ ദാനീയേൽ ഉൽകൃഷ്ട മാനസനായിരുന്നതു കൊണ്ട് അവൻ അധ്യക്ഷന്മാരിലും പ്രധാന ദേശാധിപന്മാരിലും വിശിഷ്ടനായി വിളങ്ങി …”(ദാനീ:6:3). ഉൽകൃഷ്ടമാനസൻ എന്ന പദത്തിനു kjv bible ൽ excellent spirit_ ഉൽകൃഷ്ട ആത്മാവ് എന്നാണുപയോഗിച്ചിരിക്കുന്നത്. അവനെ രാജാവ് സർവ്വരാജ്യത്തിനും അധികാരിയാക്കാൻ വിചാരിച്ചു. ആകയാൽ അധ്യക്ഷന്മാരും പ്രധാന ദേശാധിപന്മാരും രാജ്യം സംബന്‌ധിച്ച് ദാനീയേലിനു വിരോധമായി കാരണം കണ്ടെത്തുവാൻ അന്വേഷിച്ചു. എന്നാൽ അവൻ വിശ്വസ്തനായിരുന്നതു കൊണ്ട് ഒരു തെറ്റും കുറ്റവും അവനിൽ കണ്ടെത്തിയില്ല(6:4). സ്വഭാവത്തിലും ആത്മീകജീവിതത്തിലും രാജ്യസേവനത്തിലും ഫുൾ എ പ്ലസ്സാണ് ദൈവത്തിന്റെ ഈ അഭിഷിക്തനുള്ളത്. യേശു കഴിഞ്ഞാൽ ഊനമില്ലാത്തവനായി ബൈബിൾ സാക്ഷ്യപ്പെടുത്തുന്ന ഏക വ്യക്തിയാണ് ദാനീയേൽ. ഒരിക്കലും എവിടെയും സ്ഥാനമാനങ്ങൾ നേടിയെടുക്കാനായി അവസരങ്ങൾ തേടിപ്പോയ വ്യക്തിയല്ല ദാനീയേൽ; സ്ഥാനമാനങ്ങൾ ദാനീയേലിനെ തേടിയെത്തുകയായിരുന്നു. ഇത് വർത്തമാന കാലത്ത് ഏവരും വളരെയധികം മാതൃകയാക്കേണ്ട ഒന്നാണ്.

പ്രിയരേ! ഇന്ന് പെന്തെക്കോസ്തു വിശ്വാസികളിൽ പലരും സ്വദേശത്തും വിദേശത്തും ഉദ്യോഗതലങ്ങളിലും മറ്റ് ഉന്നതസ്ഥാനങ്ങളിലും കഴിവുകൾ തെളിയിച്ചിട്ടുണ്ട്. കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ചിലർ മത്സരിക്കുകയും വിജയിക്കുകയും ചെയ്തത് വാർത്തകളായിരുന്നു. നിയമ സഭയിലേക്കും പാർലമെന്റിലേക്കുമൊക്കെ മത്സരിച്ച് അധികാര സ്ഥാനങ്ങളു ടെ തലപ്പത്തും എത്തണമെന്ന് ചർച്ചകൾ നടക്കുമ്പോഴും, അഴിമതിയും സ്വജന പക്ഷപാതവും തട്ടിപ്പുകളും അപവാദക്കഥകളുമൊക്കെക്കൊണ്ട് സമൂഹം മലീമസമായ ഇക്കാലത്ത് ദാനീയേൽ പ്രവാചകനെപ്പോലെ ഓരോരുത്തരും ഉത്കൃഷ്ട ആത്മാവിൽ വസിക്കണം. ആത്‌മീകതലങ്ങളിലും പൊതു സമൂഹമധ്യത്തിലും വിശ്വസ്തരായിരിക്കണം. യാതൊരുവിധ തെറ്റിനും കുറ്റത്തിനും
ഇടവരുത്തരുത്. അതാകട്ടെ നമ്മുടെ സാക്ഷ്യം.

ഇവാ.അജി ഡേവിഡ് വെട്ടിയാർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.