ശുഭദിന സന്ദേശം: സങ്കോചവും സന്തോഷവും | ഡോ. സാബു പോൾ

അവൻ ഇതു പറഞ്ഞപ്പോൾ അവന്റെ വിരോധികൾ എല്ലാവരും നാണിച്ചു; അവനാൽ നടക്കുന്ന സകല മഹിമകളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു ”(ലൂക്കൊ.13:17).

Download Our Android App | iOS App

തിരഞ്ഞെടുപ്പിൻ്റെ കേളികൊട്ടുയർന്നു കഴിഞ്ഞു….
ഫലപ്രഖ്യാപനം നടക്കുമ്പോൾ ജയിച്ച പാർട്ടിയുടെ അണികൾ സന്തോഷിക്കുകയും പരാജിതർ പരിതപിക്കുകയും ലജ്ജിക്കുകയും ചെയ്യും. എന്നാൽ ഒരേ അണികൾ തന്നെ സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന സന്ദർഭങ്ങളുമുണ്ട്. തങ്ങളുടെ അസംബ്ലി മണ്ഡലത്തിൽ സ്വന്തം സ്ഥാനാർത്ഥി വിജയിച്ചെങ്കിലും നിയമസഭയിൽ എതിർപക്ഷമാണ് ഭൂരിപക്ഷം നേടിയതെങ്കിൽ അങ്ങനെ സംഭവിക്കാം….

post watermark60x60

ഇവിടത്തെ സന്തോഷങ്ങളും സങ്കോചങ്ങളും താത്ക്കാലികമാണ്. കാരണം, അഞ്ചു വർഷം കഴിയുമ്പോൾ വീണ്ടും തിരഞ്ഞെടുപ്പുണ്ടാകും.അങ്ങനെയുള്ള പ്രതീക്ഷകളിൽ ജീവിക്കാം, മാറ്റങ്ങൾ സംഭവിച്ചെന്നുമിരിക്കാം…..

എന്നാൽ പുനരുത്ഥാനത്തെക്കുറിച്ച് ദാനിയേൽ പ്രവാചകൻ പറയുന്നത് ‘ചിലർ നിത്യ ലജ്ജക്കും നിത്യ നിന്ദക്കുമായി’ ഉണരുമെന്നാണ്(ദാനീ.12:2). പിന്നീടൊരിക്കലും മാറ്റമില്ലാത്ത, പുനർവിചിന്തനത്തിനു വിധേയമാകാത്ത ഈ വിധിയിൽ നിന്ന് രക്ഷപ്പെടുന്നവനാണ് യഥാർത്ഥ ജ്ഞാനി….!

ഇന്നത്തെ വേദഭാഗം യേശുക്രിസ്തു ചെയ്ത ഒരു അത്ഭുതത്തിൻ്റെ അനന്തര സംഭവമാണ്.
18 സംവത്സരമായി രോഗം ബാധിച്ചു കൂനിയായിപ്പോയ ഒരു സഹോദരി ക്ഷണത്തിൽ നിവർന്നു നിന്ന് ദൈവത്തെ മഹത്വപ്പെടുത്തുകയാണിവിടെ.
ചിലർക്കതിൽ സന്തോഷം….
മറ്റു ചിലർക്ക് സങ്കോചം….

സന്തോഷിക്കുന്നവർക്ക് രണ്ട് കാരണങ്ങളുണ്ട്.

1️⃣ സുപരിചിതയായ ഈ സ്ത്രീയുടെ ദുരവസ്ഥയിൽ അവർക്ക് വേദനയുണ്ടായിരുന്നു. ഇപ്പോൾ അവൾക്ക് ലഭിച്ച സൗഖ്യത്തിൽ അവർ ആനന്ദിച്ചു.

2️⃣ ദൈവത്തിൻ്റെ പ്രവൃത്തിയിലും സൗഖ്യങ്ങളിലും സന്തോഷിക്കുന്നവരാണ് ദൈവമക്കൾ. സൗഖ്യം ആർക്ക് ലഭിച്ചാലും അതൊരു ദൈവ പ്രവൃത്തിയായതിനാലും ദൈവനാമത്തിന് മഹത്വമായതിനാലും അവർ സന്തോഷിക്കും.

ലജ്ജിക്കുന്നവർക്കുമുണ്ട് കാരണങ്ങൾ

1️⃣ അവർ നിയമത്തിൻ്റെ വക്താക്കളും സംരക്ഷകരുമാണ്. മനുഷ്യനോടുള്ള സഹാനുഭൂതിയെക്കാൾ കർശനമായി പാലിക്കേണ്ട നിയമ വ്യവസ്ഥയെക്കുറിച്ചാണ് അവർക്ക് ആവലാതി.

2️⃣ യഹൂദന്റെ പള്ളിയിൽ യഹൂദ നിയമങ്ങളിലൊന്നായ ശാബ്ബത്ത് അനുഷ്ഠിക്കുന്നതിൻ്റെ പ്രാധാന്യം ഓർമ്മിപ്പിച്ചപ്പോൾ യഹൂദ റബ്ബി അതിനെ വിമർശിക്കുകയും ചിലർ അത് കേട്ട് തലയാട്ടുകയും ചെയ്തു. അതൊരു അപമാനമായിട്ടാണ് നിയമക്കാർക്ക് അനുഭവപ്പെട്ടത്.

3️⃣ മറുപടി പറയാനാകാതവണ്ണം നാവടപ്പിക്കുന്ന ചോദ്യമാണ് യേശുവിൽ നിന്നുയർന്നത്. ന്യായപ്രമാണത്തിൻ്റെ ഇഴകീറി മറുന്യായമുന്നയിക്കാൻ കഴിയാതിരുന്നതിനാൽ തന്നെ അവർ ലജ്ജിച്ചു തലതാഴ്ത്തി.

നോക്കൂ….

ഈ സിന്നഗോഗിൽ വന്നിരിക്കുന്നവർ എല്ലാം യഹൂദരാണ്. എല്ലാവരും യഹോവയെ ആരാധിക്കുന്നവരും മോശൈക ന്യായപ്രമാണം മന:പാഠമാക്കിയവരുമാണ്. പക്ഷേ, ഒരു ദൈവപ്രവൃത്തി വെളിപ്പെട്ടപ്പോൾ ചിലർ ലജ്ജിച്ചു, ചിലർ സന്തോഷിച്ചു. ഏതു വീക്ഷണത്തിൽ അത് കണ്ടു എന്നതിനനുസരിച്ചാണ് സന്തോഷമോ സന്താപമോ ഉണ്ടാകുന്നത്.

ഇന്നും സമാന സംഭവങ്ങൾ ദൃശ്യമല്ലേ….?

…ഒരേ സന്ദേശത്തെ വ്യത്യസ്തമായ നിലയിൽ ഉൾക്കൊള്ളുന്നവർ!

…ചിലർക്ക് കത്തലുണ്ടാക്കുന്നത് മറ്റു ചിലർക്ക് കുത്തലായി തോന്നുന്നു!

…വിടുതലുകൾ നടക്കുമ്പോൾ ചിലരതിൽ സന്തോഷിക്കുന്നു, മറ്റു ചിലർ ന്യൂനതകൾ കണ്ടെത്താനുള്ള ഗവേഷണത്തിൽ മുഴുകുന്നു!

…സഭയിൽ പുതിയ ആളുകൾ വരുമ്പോൾ സഭയുടെ വളർച്ച കണ്ട് ഒരു വിഭാഗം സന്തോഷിക്കുന്നു, മറ്റു ചിലർ തങ്ങളുടെ സ്ഥാനവും പ്രാധാന്യവും കുറഞ്ഞു പോയേക്കുമോ എന്ന് ശങ്കിക്കുന്നു!

പ്രിയമുള്ളവരേ,
നിയമങ്ങൾ ആവശ്യമാണ്. അല്ലെങ്കിൽ ‘വളയമില്ലാതെ ചാടുന്നവർ’ ഉണ്ടായേക്കാം. പക്ഷേ, നിയമങ്ങളുടെ നല്ല ലക്ഷ്യമാണ് തിരിച്ചറിയേണ്ടത്…
സഭാ വളർച്ചയ്ക്കും ആത്മീയ വർദ്ധനവിന് പ്രതികൂലമായി മനുഷ്യനിർമ്മിത നിയമങ്ങൾ ഉണ്ടായിക്കൂടാ….!
ലക്ഷ്യം ആത്മീയ വളർച്ചയാകട്ടെ…
ആത്മനാഥൻ വരാറായി…..

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

You might also like
Comments
Loading...