ചെറു ചിന്ത: ഏഷണി എന്ന വൈറസ് | ഇവാ. അജി ഡേവിഡ് വെട്ടിയാർ

ദാസനെക്കുറിച്ചു യജമാനനോട് ഏഷണി പറയരുത്; അവൻ നിന്നെ ശപിപ്പാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുത്”(സദൃശ:30:10).
ശലോമോൻ രാജാവ് ഏഷണി പറഞ്ഞു പരത്തുന്നവർക്കെതിരായി സംഭവിക്കുന്ന ഭവിഷൃത്തിന്റെ മുന്നറിയിപ്പ് നല്കുകയാണ് സദൃശവാക്യങ്ങൾ 30:10 ാം വാകൃത്തിൽ. ഏഷണി എന്ന ദുരാരോപണം പറയുന്നവരുടെ നാവ് മറ്റൊരുവന്റെ സ്വഭാവത്തെ അപകീർത്തിപ്പെടുത്തുവാനും അപവാദം പ്രചരിപ്പിക്കാനും താഴ്ത്തിക്കെട്ടുവാനും അതെല്ലങ്കിൽ കരിവാരിത്തേക്കുവാനും ഉപയോഗിക്കുന്നു. ഏഷണിക്ക് ചില ഇംഗ്ലീഷ് ബൈബിൾ വേർഷനിൽ Slander(പരദൂഷണം) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത് ഇന്നത്തെപ്പോലെ തന്നെ സമൂഹത്തിൽ അന്നും ഇത്തരം അപഖ്യാതിക്കാർ ധാരാളമുണ്ടായിരുന്നു. ഏഷണി സംബന്ധിച്ച് ഒരു കഥയുണ്ട്: ഒരിടത്ത് മഹാബുദ്ധിമാന്മാരെന്നും ജ്‌ഞാനികളെന്നും സ്വയം അഭിമാനിച്ചിരുന്ന രണ്ടു വൃക്തികളുണ്ടായിരുന്നു. ഒരിക്കൽ രണ്ടു പേരും കൂടി അവരുടെ രാജാവിനെ മുഖം കാണിക്കാനായി ചെന്നു. അവരെ രാജാവ് മാന്യമായി സ്വീകരിക്കുകയുണ്ടായി. രണ്ടു പേർക്കും വിലപിടിപ്പുള്ള സമ്മാനങ്ങൾ നല്കുവാനും തീരുമാനിച്ചു. ഇതിനു മുന്നോടിയായി ഓരോരുത്തരെയും മാറ്റി നിർത്തി സ്നേഹിതനെപ്പറ്റി ആരായുകയുണ്ടായി. ഒന്നാമത്തെ ആൾ ‘തന്റെ സ്നേഹിതൻ വെറും കഴുതയാണെന്ന് ‘ പറഞ്ഞു ഫലിപ്പിച്ചു. തുടർന്ന് രണ്ടാമത്തെ ആളിന്റെ ഊഴം വന്നു. ഇദ്ദേഹം മറ്റെ സ്നേഹിതനെപ്പറ്റിപ്പറഞ്ഞത്: “അയാൾ അങ്ങേ അറ്റത്തെ കഴുത” എന്നാണ്. രാജാവ് രണ്ടു പേരുടെയും മറുപടി കേട്ടതിനു ശേഷം ഇരുവർക്കും ‘തക്കതായ’ സമ്മാനം കൊടുത്തു. അത് പുല്ലും മുതിരയുമായിരുന്നു. അതായത് കഴുതകൾക്ക് കൊടുക്കുന്ന ഭക്ഷണം. ഏഷണി എന്ന ദുർഗുണം ഒരു വൈറസായി നാടിനെ ബാധിച്ചിരിക്കുന്നതിനാൽ ഈ കഥയ്ക്ക് ഇന്നും പ്രസക്തിയുണ്ട്. അന്യരെപ്പറ്റി അനാവശ്യമായി കുറ്റം ആരോപിക്കരുത് എന്ന സന്ദേശമാണ് ഈ കഥയിലൂടെ നല്കുന്നത്.

നവ മാധ്യമങ്ങൾ സജീവമായ ഇന്നത്തെക്കാലത്ത് ആർക്കും ആരെയും എന്തും പറഞ്ഞു പരത്തുവാനുള്ള വേദികൾ സുലഭം. അഭിപ്രായസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടുന്നു. ഏഷണി എന്ന പാപ സ്വഭാവത്തെ ദൈവം ശക്തമായി എതിർക്കുന്നു. ഏഷണി മുഖാന്തിരം പലവിധത്തിലുള്ള ദോഷഫലങ്ങൾ ഉണ്ടാകുന്നു. മിത്രങ്ങൾ വേർപിരിയുന്നു(സദൃ:16:28), കോപം ഉണ്ടാക്കുന്നു(സദൃ:25:23), കൊലപാതകം ഉണ്ടാക്കുന്നു(യെഹെ:22:9). ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും(സങ്കീ:101:5) എന്നും ബൈബിൾ വ്യക്തമാക്കുന്നു.
പ്രിയരേ! ഏഷണി എന്ന പരദൂഷണ സ്വഭാവം സമൂഹത്തിന് ഒരു തീരാശാപമാണ്. ഇത്തരം പ്രവണതകളിലൂടെ മറ്റുള്ളവരെ തകർക്കുവാൻ എളുപ്പമാണ്. സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നും ഏഷണി എന്ന ഈ റ്റെറിബ്ൾ ക്രൂഎ്ൽറ്റി തുടച്ചു നീക്കാൻ ഏവർക്കും കഴിയട്ടെ!

അജി ഡേവിഡ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.