ചെറു ചിന്ത: ഇരുളിനെ വെളിച്ചമാക്കുന്നവർ | സോനു സക്കറിയ ഏഴംകുളം

തുവയൂർ കേന്ദ്രമാക്കി കുക്ക് സായ്പ്പ് പ്രവർത്തിച്ചുകൊണ്ടിരുന്ന കാലം. വർഷം 1917. സമീപപ്രദേശമായ ശൂരനാട്ട് നടത്തപ്പെട്ട ഒരു സുവിശേഷയോഗാനന്തരം, അദ്ദേഹം 86 പേരെ ഒരുമിച്ച് ജലത്തിൽ സ്നാനപ്പെടുത്തി.

നൂറുകണക്കിന് നാട്ടുകാരുടെ മുൻപിൽ, ഓരോരുത്തർ വരിവരിയായി വെള്ളത്തിലേക്കിറങ്ങിക്കൊണ്ടിരുന്നു. അക്കൂട്ടത്തിലെ ഒരാളിനെക്കണ്ട് ജനം അമ്പരന്നു. കുഷ്ഠരോഗം ബാധിച്ച് ശരീരമാസകലം വ്രണം നിറഞ്ഞ ഒരു വ്യക്തി.

അന്ധവിശ്വാസങ്ങളുടെയും ഇടുങ്ങിയ ചിന്താഗതികളുടെയും തേർവാഴ്ചകൾ എങ്ങും നടമാടിയിരുന്ന കാലമായിരുന്നു അത്. ദൈവകോപം മൂലം ഏറ്റവും ശപിക്കപ്പെട്ടവർ എന്ന് കുഷ്ഠരോഗികളെ കരുതുകയും, ഒരു കാരണവശാലും ആരും കൺവെട്ടത്തുപോലും നിർത്തുകയും ചെയ്യാതിരുന്ന കാലം.

കുക്ക് സായ്പ്പിനു മാത്രം ഒരു സംശയവുമുണ്ടായിരുന്നില്ല. ഒരു മടിയും കൂടാതെ ആ മനുഷ്യനെ അദ്ദേഹം സ്നാനപ്പെടുത്തി. കൂടിനിന്ന ജനത്തിന് അത് അത്ഭുതമായിരുന്നു. മിഷനറിമാരിലൂടെ വെളിപ്പെടുത്തപ്പെട്ട ക്രൈസ്തവസ്നേഹത്തിന്റെ വളരെ ചെറിയ ഉദാഹരണമായിരുന്നു അത്.

ഇന്ത്യയുടെ അനേകഭാഗങ്ങളിൽ എത്തപ്പെട്ട ക്രൈസ്തവമിഷനറിമാർ, സമൂഹത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ ബോധവൽക്കരണം നടത്തുന്നതിൽ ഉത്സുകരായിരുന്നു. എല്ലാവരിലേക്കും അറിവിന്റെ വെളിച്ചം എത്തിക്കാനും, സമൂഹത്തിനു വഴികാട്ടിയാകാനും അവർ യത്നിച്ചു. അനേക സാമൂഹ്യപരിഷ്കരണങ്ങൾക്ക് നിശ്ശബ്ദകാരണങ്ങളാകാൻ അവർക്ക് കഴിഞ്ഞു.

ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെട്ടിരുന്ന ആഫ്രിക്കയുടെ സാമൂഹികമാറ്റത്തിനു കാരണമായ ഒരു പേര് ചരിത്രത്തിന്റെ ഏടുകളിൽ തങ്കലിപികളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ആഫ്രിക്കൻ മണ്ണിനായി തന്റെ ഹൃദയം ആക്ഷരികമായി സമർപ്പിച്ച ഡേവിഡ് ലിവിങ്സ്റ്റൺ. ചൈനയിലേക്ക് പോകാനാഗ്രഹിച്ച ലിവിങ്സ്റ്റണെ ദൈവം ആഫ്രിക്കയിലേക്ക് വഴിതിരിച്ചുവിട്ടു. അത് ആഫ്രിക്കയുടെ ഭാഗ്യമായി മാറി. ഒരു മെഡിക്കൽ മിഷനറിയായി അവിടെയെത്തിയ ലിവിങ്സ്റ്റണെ, പക്ഷെ കാലം അടയാളപ്പെടുത്തുന്നത് ‘അടിമവ്യാപാരം’ നിർത്തലാക്കുവാൻ കാരണമായ സാമൂഹ്യപരിഷ്കർത്താവ് എന്ന പേരിലാണ് – മറ്റനേകം സംഭാവനകൾ അദ്ദേഹം നല്കിയിട്ടുണ്ടുതാനും.

മിഷനറിസംഭാവനകളെ തിരസ്കരിക്കുകയും തമസ്കരിക്കുകയും ചെയ്യുന്ന ഈ കാലത്ത്, ഇതൊക്കെ ഓർക്കുന്നത് നന്നായിരിക്കും. വിദ്യാഭ്യാസവും വിവരവിദ്യയും ഒരേപോലെ സമൂഹത്തിനു നൽകാൻ ഒരായുസ്സ് മുഴുവൻ ഹോമിച്ച ഗ്രഹാം സ്റ്റെയ്ൻസിനെപ്പോലെ എത്ര പേർ. അവരുടെയൊക്കെ സംഭാവനകളെ തിരിച്ചറിയാൻ എത്രയെത്ര ഉദാഹരണങ്ങൾ. ചിറ്റൂർ സംഭവം അറിഞ്ഞപ്പോൾ ഇതൊക്കെയൊന്ന് ഓർത്തുപോയെന്ന് മാത്രം.

വിദ്യാഭ്യാസം എത്രയുണ്ടെങ്കിലും ‘വിവരം’ വച്ചില്ലെങ്കിൽ പ്രയോജനമില്ലെന്ന് സാമാന്യഭാഷാപ്രയോഗമുണ്ട്. ആന്ധ്രാസംസ്ഥാനത്തെ ചിറ്റൂരിൽ, ഉന്നതവിദ്യാഭ്യാസമുണ്ടായിരുന്ന കുടുംബത്തിലെ രണ്ടു പെണ്മക്കൾ ഇന്ന് സമൂഹമനസ്സാക്ഷിയുടെ വിങ്ങലാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? വോട്ടുബാങ്ക് രാഷ്ട്രീയം മുന്നിൽക്കണ്ട്, ആന്ധ്രയിലെ ഒരു പ്രമുഖപാർട്ടിയുടെ തലവൻ ക്രിസ്ത്യൻസമൂഹത്തെ അടച്ചാക്ഷേപിച്ചിട്ട് ദിവസങ്ങളായതേയുള്ളൂ. സാധാരണക്കാരനിൽ ഉന്നതസാമൂഹ്യചിന്തയുണർത്താനും സ്നേഹത്തിന്റെ മനോഭാവം വളർത്താനും പ്രയത്നിച്ച ക്രിസ്ത്യൻ മിഷനറി സംസ്കാരത്തെ മുച്ചൂടും പിഴുതുമാറ്റി, അന്ധവിശ്വാസത്തിലും വർഗ്ഗീയതയിലും അധിഷ്ഠിതമായ ഒരു ഇരുണ്ട സമൂഹത്തെ വളർത്തിയെടുത്ത് എന്നും തങ്ങളുടെ ആജ്ഞാനുവർത്തികളായി കൊണ്ടുനടക്കാനുള്ള ഭൂരിപക്ഷശക്തികളുടെ അധമപ്രവർത്തനത്തിന്റെ ഫലം. ഇത് പുതിയതല്ല; ഇതുകൊണ്ട് അവസാനിക്കാനും സാധ്യതയില്ല.

ക്രിസ്തീയമാർഗ്ഗം സ്നേഹത്തിന്റെതാണ്. സമൂഹത്തിന്റെ നന്മയ്ക്കും പരിഷ്കരണത്തിനും അന്ധവിശ്വാസങ്ങളില്ലാത്ത ഒരു ജനതതിയ്ക്കും വേണ്ടി പ്രതിഫലേച്ഛ കൂടാതെ, സ്വയം എരിഞ്ഞടങ്ങാൻ മടിയില്ലാത്തവരാണ് ഓരോ യഥാർത്ഥ ക്രൈസ്തവസാക്ഷിയും. ക്രിസ്തു കാണിച്ച, അപ്പോസ്തലന്മാർ അനുവർത്തിച്ച, അനേകസഹസ്രം മിഷനറിമാരിലൂടെ തുടർന്ന സാമൂഹ്യപരിഷ്കരണം. എത്ര പീഡിപ്പിച്ചാലും, അടിച്ചമർത്തിയാലും, കൊന്നാലും കൊല്ലിച്ചാലും, കത്തിച്ചാലും, സ്നേഹത്തിന്റെ രണകണങ്ങൾ ലോകത്തിൽ ഉയർന്നുകൊണ്ടേയിരിക്കും. ഉപദ്രവിക്കുന്ന എല്ലാവരോടും ഒരു വാക്ക് – ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; ഹൃദയത്തിൽനിന്ന് ആത്മാർത്ഥമായി സ്നേഹിക്കുന്നു. ജീവൻ പോയാലും വേണ്ടില്ല, നിങ്ങളുടെ നന്മയാണ് ഞങ്ങളുടെ ആഗ്രഹം.

സോനു സക്കറിയ ഏഴംകുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.