ചെറു ചിന്ത: ഈ അമ്മയുടെ ഒരു കാര്യം!! | മിനി എം. തോമസ്‌

“,ശ്ശോ മൊത്തം ഇരുട്ടാണെല്ലോ!! ഒരു വലിയ കിളി ആകാശത്ത് വട്ടമിട്ട് പറക്കുന്നത് നോക്കി ആസ്വദിച്ച് നിൽക്കുകയായിരുന്നു. അപ്പോൾ ദേ, ചിറകും വിരിച്ച് അമ്മ എന്നെ തള്ളി ചിറകിനുള്ളിലാക്കി.
അമ്മയ്ക്ക് മാത്രം പുറത്തെ കാഴ്ചകൾ കണ്ടാൽ മതിയോ? എനിക്ക് കാണണ്ടേ? ഹും!!
അമ്മയുടെ ചിറക് ഒന്നു മാറ്റിയിരുന്നുവെങ്കിൽ കുറച്ച് കാറ്റും വെളിച്ചവും ഒക്കെ കിട്ടിയേനെ. ചിറക് കൊണ്ട് എന്നെ മൂടിവെച്ച് ഈ അമ്മ എന്തെടുക്കുകയാണ്?”

           അമ്മക്കോഴിയുടെ ചിറകിനുള്ളിൽ അമർന്നിരിക്കേണ്ടി വരുന്ന കുഞ്ഞുകോഴിയുടെ സങ്കടം പറച്ചിലാണ്. ചിറകുവിരിച്ച് പറന്നടുക്കുന്ന പരുന്തിനെ കാണുമ്പോൾ അമ്മക്കോഴി തന്റെ ചിറക് വിരിച്ച് കുഞ്ഞുങ്ങളെ അതിനുള്ളിലാക്കും. വെളിച്ചവും കാറ്റുംകൊണ്ട് കൗതുകത്തോടെ ഓടി നടന്ന കോഴിക്കുഞ്ഞുങ്ങൾക്ക് കുറച്ചു സമയം അമ്മയുടെ ചിറകിനുള്ളിൽ ഒതുങ്ങിയേ മതിയാകൂ. തങ്ങളെ അമ്മ ഇരുട്ടിലാക്കിയെന്ന് തോന്നിയാലും, ആ അൽപ്പസമയത്തെ നിശ്ശബ്ദതയ്ക്ക് ഒരു ജീവന്റെ വിലയുണ്ട്.

          ആഗ്രഹിച്ചത് ലഭിക്കാതെ ഒതുങ്ങിപ്പോയി എന്ന തോന്നലുകൾ ഉണ്ടാവുമ്പോൾ നാമറിയാതെ നമ്മെ സംരക്ഷിക്കുന്ന ഒരു ചിറകുണ്ട്.  ചില ഇരുട്ടുകളും, നിശ്ശബ്ദതകളും
അല്പസമയത്തേക്ക് വേണ്ടി മാത്രം അനുവദിക്കുന്നതാണ്. ചില ആപത്തുകൾ ഒഴിഞ്ഞുപോകുന്നത് വരെയേ അതിന് ആയുസ്സുണ്ടാകൂ.

          കഴിഞ്ഞ വർഷം നമ്മെ സംരക്ഷിച്ച ആ ചിറകിനുള്ളിൽ ഈ പുതിയ വർഷവും മറഞ്ഞിരിക്കാം. _“ഈ ആപത്തുകൾ ഒഴിഞ്ഞു പോകുവോളം ഞാൻ നിന്റെ ചിറകിൻനിഴലിൽ ശരണം പ്രാപിക്കുന്നു”_ എന്ന ഭക്തന്റെ പ്രാർത്ഥന നമുക്കും ഏറ്റുപറയാം.

മിനി എം. തോമസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.