ചെറു ചിന്ത: ശുഭഭാവി പ്രതീക്ഷിക്കുക | ജോസ് പ്രകാശ്

നമ്മുടെ പ്രിയപ്പെട്ടവരെ ദൈവം തിരികെ വിളിച്ചപ്പോഴും, വേല തികച്ച ശുദ്ധർ വീടോടണഞ്ഞപ്പോഴും ജീവനുള്ളവരുടെ ദേശത്തു നമ്മെ ജീവനോടെ ശേഷിപ്പിച്ചതിനു പിന്നിൽ ദൈവത്തിന് എന്തെങ്കിലും പദ്ധതി ഉണ്ടോ..? നിശ്ചയമായും നമുക്ക് ഒരു ശുഭ ഭാവിയുണ്ട്. നമ്മുടെ ദൗത്യം അവസാനിച്ചിട്ടില്ല, ഇനിയും നമ്മിലൂടെ അനേകർ ഏക രക്ഷകനായ യേശുവിനെ അറിയേണ്ടതുണ്ട്.

post watermark60x60

നമ്മോടുള്ള അവിടുത്തെ ദയ വളരെ ഉന്നതമാണ്. നമ്മുടെ ഭാവിയെക്കുറിച്ച് നമുക്കുള്ളതിനെക്കാൾ വളരെ കൃത്യമായതും ശാശ്വതവുമായ നിരൂപണങ്ങൾ ദൈവത്തിനുണ്ട്.
നമ്മുടെ ഭാവിയും കാലഗതികളുടെ പൂർണ്ണ നിയന്ത്രണവും ആലോചനയിൽ വലിയവനും പ്രവർത്തിയിൽ ശക്തനുമായ ദൈവത്തിന്റെ കരങ്ങളിൽ തികച്ചും ഭദ്രമാണ്. പ്രതീക്ഷ നിറഞ്ഞ ഒരു ഭാവി നമുക്ക് നൽകാൻ അവിടുത്തേക്ക് പദ്ധതിയുണ്ട്. അതുകൊണ്ട് യഹോവയിങ്കൽ പ്രത്യാശ വെച്ച് ധൈര്യമായിരിക്കാം. ജീവനുള്ളവരുടെ ദേശത്ത് യഹോവയുടെ നന്മ അനുഭവിക്കുമെന്ന് ഉറപ്പായും വിശ്വസിക്കാം.

നഷ്ടപ്പെട്ടതിനെക്കാൾ മെച്ചപ്പെട്ട ഉപജീവനമാർഗ്ഗവും അതിജീവനത്തിനുള്ള അവസരങ്ങളും സന്തോഷവും മനസ്സമാധാനവും നൽകുവാൻ ദൈവം ശക്തനത്രെ. നശിപ്പിക്കുന്ന മഹാമാരിയുടെ മദ്ധ്യത്തിലും രക്ഷിക്കുന്ന മഹാവീരനായ ദൈവത്തിന് നമ്മോടൊരു സന്ദേശമുണ്ട് ;
” ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്. ”

Download Our Android App | iOS App

ഈ മഹാമാരിയുടെ ഓളങ്ങൾ നമ്മുടെ മീതേ കവിയാത്തതും നമ്മെ മുക്കിക്കളയാത്ത തും അമരത്ത് യേശുനാഥൻ കൂടെ ഉള്ളത് കൊണ്ടാണ്. അതുകൊണ്ട് നഷ്ടങ്ങളെ ഓർത്ത് വിഷാദപ്പെടാതെ ദൈവം ചെയ്യുവാൻ പോകുന്ന പുതിയ പ്രവർത്തികൾക്കായി നന്ദി കരേറ്റാം.

അവിടുന്ന് നമ്മുടെ സ്ഥിതി മാറ്റും, ദുഃഖം സന്തോഷമാകും, മാറാ മധുരമാകും. സാമൂഹിക അകലം വരുത്തുന്ന കഷ്ട-നഷ്ടങ്ങളിൽ ദൈവം ഏറ്റവും അടുത്ത തുണയായി കൂടെ ഉണ്ടാകും. അനർത്ഥം വ്യസനമായി തീരാതെ വണ്ണം തക്ക സമയങ്ങളിൽ ആളും സഹായവും ഒരുക്കിത്തരും. നാളിതുവരെ സംവത്സരത്തെ നന്മകളാൽ അലങ്കരിച്ച സർവ്വശക്തന്റെ നേർവീഥിയിലൂടെ നടന്നാൽ തുടർന്നും ഒരു നന്മയും മുടങ്ങുകയില്ല.

ഏറ്റവും അടുത്ത സ്നേഹിതനായ അവിടുത്തെ ദൃഷ്ടി ഈ വർഷത്തിലും നമ്മെ വിട്ടുമാറില്ല.
അതെ അവിടുന്ന്‌ അറിയാതെ ഒന്നും സംഭവിക്കുകയില്ല. തുടർന്നു കൊണ്ടിരിക്കുന്ന മഹാമാരിയുടെ നടുവിൽ മാറാത്ത ദൈവം കൂടെയുണ്ട്. ആകയാൽ ഓരോ ആണ്ടിലെയും ഭീതിപ്പെടുത്തുന്ന പുതിയ വാർത്തകൾ കേൾക്കുമ്പോൾ ധൈര്യം ക്ഷയിക്കുകയല്ല പ്രത്യാശ വർദ്ധിക്കുകയാണ് വേണ്ടത്.

ശക്തീകരിക്കുന്ന ക്രിസ്തുവിന്റെ സഹായത്താൽ സകലതും ശുഭകരമായി ചെയ്യുവാൻ നാം പ്രാപ്തരാണ്. ദൈവത്തിൽ നിന്നും ആർജിക്കുന്ന ശക്തിയാലും അവിടുത്തെ സഹായത്താലും പ്രതികൂലങ്ങളെ ഭേദിച്ച് ലക്ഷ്യം സാധൂകരിക്കാനാകും. യേശുവോട് ചേർന്നിരിക്കുന്നവർക്ക് നാളെയെന്ന ഭീതിയോ, ഭാവിയെക്കുറിച്ചുള്ള ആധിയോ, ഭാവിയിൽ ഉണ്ടായേക്കാവുന്ന വ്യാധിയോ ഒന്നും സാരമില്ലെന്നറിയുക.

നമുക്കായി മുൻകരുതിയിട്ടുള്ള
ദിവ്യപദ്ധതികൾ ദൈവത്തിന്റെ മനസ്സിലുണ്ട്‌. നമ്മുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്‌ – നമുക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതിയാണത്
(യിരെ -29:11).

ജോസ് പ്രകാശ്

-ADVERTISEMENT-

You might also like