ചെറു ചിന്ത: ഇത് എനിക്കു വേണം… | മറിയാമ്മ റോയി, സെക്കന്തരാബാദ്

നട്ടെല്ലുകളുടെ അകൽച്ച മൂലം നടക്കുവാൻ പ്രയാസപ്പെട്ടുകൊണ്ടിരുന്ന ഒരു മിഷനറി വനിതയെ എനിക്ക് പരിചയമുണ്ട്. പൂനെയിലെ ഒരാശുപത്രിയിൽ ചികിത്സയിൽ ആയിരിക്കുമ്പോൾ വേദനയുടെ മൂർദ്ധന്യാവസ്ഥയിൽ അവർ ചോദിച്ചു: “കർത്താവേ, ഞാൻ ഓടി നടന്ന് വേല ചെയ്തുകൊണ്ട് ഇരുന്നതല്ലേ, എന്തിനാണ് ഈ കഷ്ടം അനുവദിച്ചത്?” കർത്താവ് മറുപടി കൊടുത്തില്ല. ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളുമായി പിറ്റേ ദിവസം ബൈബിൾ വായിച്ചു കൊണ്ടിരിക്കുമ്പോൾ മുറിയിലേക്ക് കയറിവന്ന തൂപ്പുകാരി പെട്ടെന്ന് വാതിൽ അടച്ചശേഷം ഓടിച്ചെന്ന് ആ ബൈബിൾ പിടിച്ചു വാങ്ങിച്ചിട്ട് പറഞ്ഞു, “ഇത് എനിക്ക് വേണം. നിങ്ങൾക്കറിയാമോ ഞാനെത്ര നാളായി ഈ പുസ്തകത്തിനു വേണ്ടി കാത്തിരിക്കുകയാണ്”. ഏതോ ഒരു രോഗി ആശുപത്രിയിൽവച്ച് യേശുവിനെക്കുറിച്ച് അവരോട് പറഞ്ഞു. കൂടുതൽ അറിയാൻ വേണ്ടി ബൈബിൾ വായിക്കാനും പറഞ്ഞിരുന്നു. അന്നു മുതൽ അവർ ഒരു ബൈബിളിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. അത്ഭുത സ്തബ്ധയായ മിഷനറി വനിത അവരുടെ കഥ മുഴുവനും കേട്ടു. ബൈബിളുമായി വീട്ടിലെത്തിയ തൂപ്പുകാരി കുടുംബസമേതം ആ മിഷനറിയെ സന്ദർശിക്കുകയും ജീവനുള്ള ദൈവത്തെ ആരാധിക്കുന്നവരായിത്തീരുകയും ചെയ്തു. “എല്ലാറ്റിനും സ്തോത്രം ചെയ്യുക” എന്ന വാക്യം ഓർത്ത മിഷനറി വനിത തന്റെ രോഗത്തിനായും സ്തോത്രം പറഞ്ഞു. ബൈബിൾ എന്താണെന്ന് അറിയാത്തവരും കണ്ടിട്ടില്ലാത്തവരും നമ്മുടെ ഭാരതത്തിലുണ്ട്. തിരുവല്ലയിലും കോട്ടയത്തും ഉള്ള ക്രിസ്തീയ പുസ്തകശാലകളുടെയും പ്രസിദ്ധീകരണങ്ങളുടേയും ദശാംശത്തിനെങ്കിലും ഇന്ത്യയുടെ മറ്റു പട്ടണങ്ങളിൽ ഉണ്ടായിരുന്നെങ്കിൽ!
അല്ല, ബൈബിൾ കണ്ടിട്ടില്ലാത്തവരും യേശുക്രിസ്തുവിന്റ പേരുപോലും കെട്ടിട്ടില്ലാത്തവരുമായ ലക്ഷക്കണക്കിന് ഭാരത വാസികൾക്ക് ഒരു ബൈബിൾ വാങ്ങിച്ചു കൊടുക്കുവാനോ അല്ലെങ്കിൽ ഒരു മിഷനറിയെ സാമ്പത്തികമായി സഹായിക്കുവാനോ നിങ്ങൾക്ക് ദർശനം ഉണ്ടെങ്കിൽ അവധി വയ്ക്കരുത്. “രാജ്യത്തിന്റെ ഈ സുവിശേഷം സകല ജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും, അപ്പോൾ അവസാനം വരും” എന്നു വിശ്വസിക്കുന്ന നാം അത് ത്വരിതമാക്കുവാൻ വേണ്ടി എന്തു ചെയ്യുന്നു എന്ന ചോദ്യം നമ്മുടെ മുൻപിൽ ഞാൻ വയ്ക്കട്ടെ!

Download Our Android App | iOS App

ചിന്തിക്കാനും പ്രവർത്തിക്കാനും ഇത് ഉതകുമല്ലോ.

post watermark60x60

മറിയാമ്മ റോയി, സെക്കന്തരാബാദ്

-ADVERTISEMENT-

You might also like
Comments
Loading...