ചെറു ചിന്ത : ആശ്വാസമഖിലസാരമൂഴിയിൽ | മറിയാമ്മ റോയി

ഏതെങ്കിലും രീതിയിലുള്ള വേദന അനുഭവിച്ചിട്ടില്ലാത്തവർ വളരെ ചുരുക്കമാണ്. എന്നാൽ ഇതിനേക്കാൾ പ്രാധാന്യമുള്ള വിഷയമാണ് വേദനിക്കുന്നവരോടുള്ള നമ്മുടെ സമീപനം. അവരെ ആശ്വസിപ്പിക്കാൻ നാം ശ്രമിക്കാറുണ്ട്, എന്നാൽ നമ്മുടെ ആശ്വാസം അവർക്ക് എങ്ങനെ പ്രയോജനപ്പെടും എന്ന് നാം ചിന്തിക്കാറില്ല. മാരകരോഗത്തിന്റെ പിടിയിലമർന്ന് വേദന തിന്നുന്ന ഒരു സഹോദരിയെ സന്ദർശിക്കാനെത്തിയ ‘ആശ്വാസകരെ’ കുറിച്ച് “വേദനിക്കുമ്പോൾ ദൈവം എവിടെ” എന്ന പുസ്തകത്തിൽ ഫിലിപ്പ് യാൻസി പറഞ്ഞിരിക്കുന്നത് ഇവിടെ കുറിക്കട്ടെ.
ഒരു വർഷം മുമ്പ് വിവാഹിതരായ ജോണും ക്ലൗദിയയും ഫിലിപ്പ് യാൻസിയുടെ സുഹൃത്തുക്കളാണ്. വിവാഹത്തിന്റെ സന്തോഷം നഷ്ടപ്പെടുത്തിക്കൊണ്ട് അവൾ ക്യാൻസർ രോഗിയായി. ജീവിക്കാൻ 50% ആണ് സാധ്യത. ആഴ്ചകൾക്കുള്ളിൽ അവളുടെ ശരീരം പല സർജറികൾക്ക് വിധേയമായി. കാണപ്പെട്ട എല്ലാ ക്യാൻസർ സെല്ലുകളും നീക്കംചെയ്തു. അവളുടെ സൗന്ദര്യം ഓടിപ്പോയി. ശരീരം കറുത്തു. തലമുടി കൊഴിഞ്ഞുപോയി. ക്ഷീണിച്ച് അവശയായ അവൾ ജീവച്ഛവമായി കിടന്നു. തൊണ്ടയിലൂടെ ഭക്ഷണം ഇറക്കാൻ കഴിയുന്നില്ല. എന്നാൽ ആ കിടക്കയിൽ തന്റെ വേദനയുടെ പാരമ്യതയിൽ അവൾ ദൈവത്തെ ഓർത്തു. ജോണും പ്രിയപ്പെട്ടവളും ക്രിസ്ത്യാനികൾ എന്നു മാത്രമല്ല, ജോൺ ഒരു ആശുപത്രിയിൽ അസിസ്റ്റന്റ് ചാപ്ലയിനുമാണ്.
ഇനി നമുക്ക് അവളുടെ സന്ദർശകരെ പരിചയപ്പെടാം. ഒന്നാമൻ അവരുടെ ചർച്ചിലെ ഡീക്കൻ ആണ്. വന്നപാടെ അദ്ദേഹം തുറന്നടിച്ചു, ദൈവം നിന്നെ ചിലത് പഠിപ്പിക്കാൻ ശ്രമിക്കുകയാണ്, നീ എന്തോ തെറ്റ് ചെയ്തിട്ടുണ്ട് അത് ദൈവത്തിന് പ്രസാധകരമല്ല. മുന്നറിയിപ്പ് തരാനും ശിക്ഷിക്കാനും വേണ്ടിയാണ് ദൈവം ഇത്തരം സാഹചര്യങ്ങൾ തരുന്നത്. എന്താണ് ദൈവം നിന്നോട് പറയുന്നതെന്ന് ശ്രദ്ധിച്ച് കേൾക്കുക.
രണ്ടാമതു വന്നത് അവരുടെ ചർച്ചിലെ ഒരു രോഗശാന്തി സ്പെഷ്യലിസ്റ്റ് ആണ്. അവരെ അവൾക്കു വലിയ പരിചയമില്ല. ആ സ്ത്രീ കുറച്ച് പൂവുകളുമായിട്ടാണ് വന്നത്. മനോഹരമായ സങ്കീർത്തനങ്ങൾ അവർ വായിച്ച് കേൾപ്പിക്കുകയും പാട്ട് പാടുകയും ചെയ്തു. അവൾ തന്റെ വേദനകളെക്കുറിച്ചും രോഗത്തെക്കുറിച്ചും പറയാൻ തുടങ്ങിയപ്പോൾ ഒക്കെ അവർ വിഷയം തിരിച്ചുവിട്ടു. ദൗത്യം പൂർത്തീകരിച്ച അവർ പോയി. കുറേ കഴിഞ്ഞപ്പോൾ ആ പൂവുകൾ വാടിപ്പോയി, അവരുടെ പാട്ടുകളും അകന്നുപോയി.
പിന്നെ വന്നത് ടെലിവിഷനിലെ വിശ്വാസ പ്രസംഗങ്ങൾ എല്ലാം അതു പടി പിന്തുടരുന്ന ഒരു സഹോദരിയാണ്. രക്ഷപ്പെടാനുള്ള ഏക മാർഗം സൗഖ്യമാകുക മാത്രമാണെന്ന് അവർ പറഞ്ഞു. ഡീക്കൻ തന്ന ഉപദേശത്തെക്കുറിച്ച് അവൾ അവരോട് പറഞ്ഞു. അവർ പൊട്ടിത്തെറിച്ചു, രോഗം ഒരിക്കലും ദൈവേഷ്ടം അല്ല, ബൈബിൾ പറയുന്നത് ശ്രദ്ധിക്കുക, സാത്താൻ അലറുന്ന സിംഹം പോലെ ചുറ്റിത്തിരിഞ്ഞു നടക്കുകയാണ്, എന്നാൽ ദൈവം നിന്നെ വിടുവിക്കും പക്ഷെ, നീ സൗഖ്യമാകും എന്ന വലിയ വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ ദൈവം വിടുവിക്കുകയുള്ളൂ. വിശ്വാസമുണ്ടെങ്കിൽ പർവ്വതങ്ങളെ നീക്കുവാൻ കഴിയും പിന്നെയാണോ നിന്റെ ക്യാൻസർ? വാഗ്ദത്തം അവകാശം പറയുക, പിന്നെ സൗഖ്യം അവകാശപ്പെടുക. പിറ്റേദിവസം അതെക്കുറിച്ച് ചിന്തിച്ചപ്പോൾ വ്യായാമത്തിലൂടെ വലുതാക്കാൻ പറ്റുന്ന ഒരു
മസിൽ അല്ല വിശ്വാസം എന്ന് മനസ്സിലായി. എന്നാൽ അവൾ ദൈവത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തില്ല.
ചർച്ചിലെ ഏറ്റവും വലിയ ആത്മീയത ഉള്ള ഒരു സഹോദരിയാണ് നാലാമതു വന്നത്. കയ്യിൽ കുറെ പുസ്തകങ്ങളുണ്ട്. സംഭവിക്കുന്ന എല്ലാ കാര്യത്തിനും ദൈവത്തിന് നന്ദി പറയുവാൻ അവർ ആ പുസ്തകത്തിൽ കൂടെ അവളെ പ്രേരിപ്പിച്ചു. എന്നിട്ട് അവർ അവളോട് പറഞ്ഞു, നീ ദൈവത്തോട് പറയുക, “അല്ലയോ ദൈവമേ, ഈ വേദന അനുഭവിക്കാൻ ഭാഗ്യം തന്ന് എന്നെ ഒരുക്കിയതിന് ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഈ വേദന തന്നതിലൂടെ നീ എന്നെ കൂടുതൽ സ്നേഹിക്കുന്നല്ലോ”. ഭൂലോകത്തേക്കാൾ വലിപ്പമുള്ള എന്തോ ഒരു സാധനം നിസ്സഹായനായ മനുഷ്യന്റെ നഖം കൊണ്ട് പൊട്ടിക്കുന്നതായിട്ടാണ് അതേക്കുറിച്ചു ചിന്തിച്ചപ്പോൾ അവൾക്ക് തോന്നിയത്.തന്റെ ദൈവം ഇങ്ങനെ ഒരു ദൈവമല്ലെന്ന് അവൾക്ക് ഉറപ്പുണ്ട്.
ഏറ്റവുമൊടുവിൽ വന്നത് അവരുടെ പാസ്റ്റർ ആയിരുന്നു. അദ്ദേഹം മൊഴിഞ്ഞു: പ്രിയ സഹോദരീ, കർത്താവിനുവേണ്ടി കഷ്ടം സഹിക്കാൻ നിന്നെ തെരഞ്ഞെടുത്തിരിക്കുകയാണ്. നിനക്ക് അവൻ പ്രതിഫലം തരും. നീ ദൈവഭയവും ശക്തിയും ഉള്ളവൾ ആയതുകൊണ്ട് അവൻ ഇയ്യോബിനെ പോലെ നിന്നെ തെരഞ്ഞെടുത്തതാണ്. കഷ്ടം സഹിക്കുന്നവർക്ക് നീ ഒരു മാതൃക ആകുവാൻ ദൈവം ആഗ്രഹിക്കുന്നു. കൈപ്പുള്ളവളായിരിക്കാതെ ഇതൊരു ഭാഗ്യമായി കരുതുക.
കഷ്ടം സഹിച്ച് രക്തസാക്ഷിയാകാൻ തെരഞ്ഞെടുക്കപ്പെട്ട ഒരു സൂപ്പർതാരമാണ് താൻ എന്ന് അവൾക്ക് തോന്നിയില്ല. ഇവരിൽ ആരുടെയും വാക്കുകൾ അവൾക്ക് ആശ്വാസം ആയി തോന്നിയില്ല എന്ന് മാത്രമല്ല അവൾ ചിന്തകുലങ്ങളാൽ വ്യാകുലയാകുകയും ചെയ്തു. ഒരു തരം ആശയക്കുഴപ്പം അവൾക്ക് അനുഭവപ്പെട്ടു.

post watermark60x60

ചിന്തിക്കാനും പ്രവർത്തിക്കാനും ഇത് ഉതകുമല്ലോ.

മറിയാമ്മ റോയി

-ADVERTISEMENT-

You might also like