എഡിറ്റോറിയൽ : നിലം ഉഴുന്ന കർഷകന് മെതിക്കുമ്പോൾ മുഖക്കൊട്ടയോ ? |പാസ്റ്റർ അലക്സ് പൊൻവേലിൽ

നമ്മുടെ രാജ്യത്ത് കാർഷിക മേഖലയിലെ ആശങ്കകൾ ക്രമാതീതമായി ഉയർന്നു വരുന്ന കാഴ്ചയാണ് ഈ ദിവസങ്ങളിൽ ഏറെയും. കൃഷിക്കും കർഷകനും സംരക്ഷണം; അത് ഏത് രാജ്യത്തിന്റേയും നിലനിൽപ്പിന് അനിവാര്യമാണ് . ആശങ്കകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കേണ്ട ഉത്തരവാദിത്വം ഗവൺമെന്റിനുണ്ട്. അധ്വാനിക്കുന്ന കൃഷിക്കാരന് മതിയായ പ്രതിഫലം ലഭിക്കുന്നില്ല. കടക്കെണിയും ആത്മഹത്യയും ഒക്കെ ആണ് കർഷകന്റെ കുടുംബത്തിൽ ശേഷിക്കുന്നതെങ്കിൽ അത് ഏറെ ഗൗരവമായി തന്നെ പരിഹരിക്കേണ്ട വിഷയം ആണ്.
ഈ കാര്യത്തിൽ ബൈബിൾ മുന്നോട്ട് വെക്കുന്ന ചില നിലപാടുകൾ വളരെ പ്രസക്തമാണ്.

ഭൂമിയിൽ നിന്നു പുല്ലും, വിത്തുള്ള സസ്യങ്ങളും, അതതു തരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചു വരട്ടെ എന്ന് ദൈവം കൽപ്പിച്ചു; അങ്ങനെ സംഭവിച്ചു. അത് നല്ലത് എന്ന് ദൈവം കണ്ടു , ആ നന്മ ആണ് ഇന്നും മനുഷ്യനുൾപ്പെടുന്ന ജീവജാലങ്ങളുടെ ചരിത്രം ലോകത്തിൽ ശേഷിക്കുന്നതിന് ആധാരമായിരിക്കുന്നത്. ആ കൽപന ശിരസ്സാവഹിക്കുന്ന ധീരനാണ് കർഷകൻ. തിരുവെഴുത്തിൽ കൃഷിക്കരനായി തീർന്ന ആദ്യ കർഷകൻ ആയിരുന്ന കായീൻ തോട്ടത്തിൽ നിന്നും പുറത്തായെങ്കിലും നോദ് ദേശത്ത് പാർത്തു കൃഷിതുടർന്നിരിക്കാം. പ്രളയാനന്തര ഭൂമിയിലും നോഹ കൃഷിചെയ്യുവാൻ തുടങ്ങി എന്ന് ബൈബിൾ ചരിത്രം. ആകാശത്തുനിന്ന് മഞ്ഞും ,മഴയും, ഭൂമിയുടെ പുഷ്ടിയും, നിമിത്തമേ കളപ്പുരകൾ നിറയൂ; ഇതിനും ദൈവം കനിയണം. ചുരുക്കം പറഞ്ഞാൽ ദൈവസഹായവും കർഷകന്റെ അധ്വാനവും ഒത്തുചേരുന്നിടത്താണ് കാർഷിക സമൃദ്ധി. അത് ചൂഷണം ചെയ്യപ്പെടുന്നതിനോട് ബൈബിൾ തീവ്രനിലപാട് തന്നെയാണ് കൈക്കൊണ്ടിരിക്കുന്നത്. വിതക്കുന്നവനും, ഫലം ശേഖരിക്കുന്നവനും ഒരുപോലെ അനുഭവേദ്യമാകണം സന്തോഷം. അധ്വാനിക്കുന്നവന്റെ കൂലി ഒരുദിവസം പോലും വൈകരുത്. സൂര്യൻ അതിന്മേൽ അസ്തമിക്കരുത് എന്നാണ് ദൈവനീതി.
അധ്വാനിക്കുന്ന കൃഷിക്കാരനാണ് ആദ്യം ഫലം അനുഭവിക്കേണ്ടതും, വിള സമൃദ്ധിയിൽ സംതൃപ്തനാവേണ്ടതും. ദൈവത്തെ ഭയപ്പെടാതെ കൂലി ലഭിക്കേണ്ടവന്റെ ന്യായം മറിച്ചു കളയുന്നതും, പീഡനവും ആണ് അധ്വാനിക്കുന്ന കർഷകന് ഓഹരിയായി ലഭിക്കുന്നതെങ്കിൽ അത് പ്രവർത്തിക്കുന്നവന് വിരോധമായി താൻ തന്നെ ഒരു ശീഘ്ര സാക്ഷി ആയിരിക്കും എന്ന് മലാഖി പ്രവാചകനിലൂടെ സൈന്യങ്ങളുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

കർഷകന്റെ സന്തോഷം വിളവെടുപ്പ് നാളിൽ ആണ്. അവിടെയും പരദേശിക്കും, അനാഥർക്കും,വിധവമാർക്കും ശേഷിപ്പ് ഉണ്ടാവണം എന്നാണ് വ്യവസ്ഥ. വയലിൽ മറന്ന കറ്റ എടുക്കാൻ തിരികെ പോകരുത്, കാലാ പെറുക്കരുത്, ഫലവൃക്ഷം പറിച്ചെടുക്കുമ്പോൾ കൊമ്പ് തപ്പി പറിക്കരുത് ; ഇതൊക്കെ പാർശ്വ വൽക്കരിക്കപെട്ടവന്റെ അവകാശം ആണ് എന്ന് സാരം. മെതിച്ചെടുക്കുവാൻ സഹായി ആയിരിക്കുന്ന മിണ്ടാപ്രാണിയുടെ അവകാശം ആണ് ആ വൈക്കോൽ; അത് അവ വേണ്ടുവോളം ആസ്വദിക്കട്ടെ. ആ നഷ്ടമൊ സമയ നഷ്ടമോ ഓർത്ത് കർഷകൻ വേവലാതി പെടേണ്ട കാര്യമില്ല. അധ്വാനിക്കുന്ന കൃഷിക്കാരന്റെ ഔദാര്യം ആണ് പാർശ്വ വൽക്കരിക്കപെട്ടവന്റെ സംതൃപ്തി. അത് അവർ സന്തോഷത്തോടെ ചെയ്‌വാൻ ഉള്ള സാഹചര്യം രാജ്യത്തുണ്ടാകണം. അതിനു പകരം ചൂഷണത്തിന് ഇരയാകുന്നതും , കടക്കെണിയും, ആത്മഹത്യകളും വർദ്ധിക്കുന്ന സാഹചര്യം അല്ല രാജ്യത്തുണ്ടാകേണ്ടത് .
നിയമ നിർമ്മാണം കർഷക പരിരക്ഷക്കാകട്ടെ. അതേ, ഒരു നല്ല നാളേക്കായി, രാജ്യ പുരോഗതിക്കായി!!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.