ശുഭദിന സന്ദേശം: സമ്പത്ത് ആപത്ത് | ഡോ. സാബു പോൾ

അവൻ വളരെ സമ്പത്തുള്ളവൻ ആകകൊണ്ടു ഈ വചനത്തിങ്കൽ വിഷാദിച്ചു ദുഃഖിതനായി പൊയ്ക്കളഞ്ഞു” (മർ.10:22).

ഇന്നത്തെ തുർക്കിയുടെ ഭാഗമായിരുന്ന ലിഡിയയിലെ രാജാവായിരുന്നു ഫിഥിയസ്.
അദ്ദേഹം വളരെ സമ്പന്നനായിരുന്രസിദ്ധനുമായിരുന്നു.

സമ്പത്തിനോടുള്ള ആസക്തിയിൽ നിന്നും അദ്ദേഹത്തെ മോചിപ്പിക്കണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു രാജ്ഞി….

ഒരിക്കൽ അദ്ദേഹം  നായാട്ട് കഴിഞ്ഞ് വളരെ വിശപ്പോടെ കൊട്ടാരത്തിലെത്തിയപ്പോൾ പ്ലേറ്റുകളിൽ ഭക്ഷണത്തിനു പകരം
രാജകീയസ്വർണ്ണഖനികളിൽ നിന്നു കൊണ്ടുവന്ന പൊന്ന് വിളമ്പി വെയ്ക്കാൻ അവർ പരിചാരകരോട് നിർദ്ദേശിച്ചു…

പ്ലേറ്റുകളിൽ നിറഞ്ഞിരിക്കുന്ന സ്വർണ്ണം അല്പസമയം രാജാവ്  കൗതുകത്തോടെ നോക്കി നിന്നു. അതിനു ശേഷം അദ്ദേഹം ഭക്ഷണമാവശ്യപ്പെട്ടു.

”ആഹാരമോ…?”

അത്ഭുതം അഭിനയിച്ചു കൊണ്ട് രാജ്ഞി മറുചോദ്യമുന്നയിച്ചു.

”തീർച്ചയായും അവർ വിളമ്പി വെച്ചിരിക്കുന്നത് നിങ്ങൾ ഈ ലോകത്തിൽ ഏറ്റവും സ്നേഹിക്കുന്ന കാര്യം തന്നെയല്ലേ…?”

”നീ എന്താണീ പറയുന്നത്…?
സ്വർണ്ണത്തിന് എൻ്റെ വിശപ്പടക്കാനാവുമോ..?”

”ഇല്ലേ…? അങ്ങനെയെങ്കിൽ എല്ലായ്പ്പോഴും പ്രയോജനമാകാത്ത ഒന്നിനെ അങ്ങ് എല്ലാറ്റിലുമുപരി സ്നേഹിക്കുന്നത് മൗഢ്യമല്ലേ…?”

”ജീവിതത്തിൽ  ഉപകാരപ്രദമായ കാര്യങ്ങൾ വാങ്ങാൻ മാത്രമാണ് പൊന്ന് അല്ലെങ്കിൽ സമ്പത്ത് പ്രയോജനപ്പെടുന്നത് എന്ന് അങ്ങ് മനസ്സിലാക്കിയാൽ നന്നായിരുന്നു….”

യഥാർത്ഥത്തിൽ ആവശ്യക്കാരന് ആവശ്യമായത് വാങ്ങാൻ പ്രയോജനപ്പെടുമ്പോഴാണ് സമ്പത്തിന് മൂല്യമുണ്ടാകുന്നത്….

ധനികനായ യുവാവ് യേശുവിനോട് വന്ന് ചോദിക്കുന്നത്, ”നല്ല ഗുരോ, നിത്യ ജീവനെ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?” എന്നാണ് (മർ.10:17).

ന്യായപ്രമാണത്തിലെ കല്പനകളിൽ അണുവിട വ്യതിചലിക്കാത്തവനെന്ന്  അഭിമാനം കൊള്ളുന്നവനാണ് അവൻ…

പക്ഷെ, കല്പനകൾക്ക് പിന്നിലെ ദൈവീക ഉദ്ദേശ്യം തിരിച്ചറിയുന്നതിൽ അവൻ പരാജയപ്പെട്ടു പോയി.
കല്പനകളിലെ അക്ഷരങ്ങളിൽ കുടുങ്ങിപ്പോയ അവൻ
അതിൻ്റെ ആത്മാവിനെ അവഗണിച്ചു…..

കല്പനകൾ പ്രമാണിക്കുമ്പോഴും
സമ്പത്തുമായി തന്നെ ബന്ധിച്ചിരിക്കുന്ന ആശാപാശത്തെ അറുത്തുമാറ്റാൻ അവൻ അശക്തനായിരുന്നു….

ലോകപരമായി സമ്പന്നനായിരിക്കുമ്പോഴും ദൈവ വിഷയത്തിൽ ദരിദ്രമായിരിക്കുന്ന അവൻ്റെ ദയനീയത യേശു കണ്ടു…!

സ്വർഗ്ഗത്തിൽ നിലനിൽക്കുന്ന സമ്പത്തുണ്ടാകേണ്ടതിന് സ്വന്തമായതെല്ലാം വിറ്റു ദരിദ്രർക്ക് നൽകാനാണ് യേശു കല്പിച്ചത്.

ദൈവത്തിൻ്റെ മുഴുവൻ കല്പനകളെയും അതേപടി പാലിക്കുന്നുവെന്ന് അവകാശപ്പെട്ടവന് ദൈവപുത്രൻ്റെ ഒരേയൊരു കല്പന അനുസരിക്കാനായില്ല…..!

അവൻ *വളരെ* സമ്പത്തുള്ളവനാകയാൽ വചനത്തിൽ വിഷാദിച്ച് ദു:ഖിച്ച് പൊയ്ക്കളഞ്ഞു.

വളരെ സമ്പത്ത് കുമിഞ്ഞുകൂടുന്നതാണ് പ്രശ്നം ഗുരുതരമാക്കുന്നത്. അതോടെ സ്വർഗീയ ദർശനത്തിൽ നിന്നും വ്യതിചലിച്ച് മാമോനോടുള്ള വിധേയത്വത്തിലേക്ക് വഴിമാറുന്നു….

സുവിശേഷ മറിയിക്കുന്നതിനെക്കാൾ സ്ഥാപനങ്ങളും സ്ഥാവരജംഗമ വസ്തുക്കളും വർധിപ്പിക്കാനുള്ള നെട്ടോട്ടമാരംഭിക്കുന്നു….

സ്ഥാപനങ്ങളിലും വാഹനങ്ങളിലും രഹസ്യമായി പണം ഒളിപ്പിച്ച് വെക്കുന്ന സംഭവങ്ങളൊക്കെ അതിൻ്റെ തുടർക്കഥകളാണ്…

ഇന്നുമില്ലേ….?

…വലിയ ഭക്തരായിരിക്കുമ്പോഴും സമ്പത്തിനോട് അതിലേറെ ഭക്തി പുലർത്തുന്ന ‘ആത്മീയർ’?

…വിശുദ്ധിക്ക് വേണ്ടി ദാഹിക്കുമ്പോൾ തന്നെ  പണത്തിനോടുള്ള പറ്റുമാനം വിട്ടുമാറാത്തവർ?

…കർത്താവിനെ പിൻഗമിക്കാൻ ഉറച്ച തീരുമാനമെടുത്തിട്ടും സ്വയം ത്യജിക്കാൻ വൈമനസ്യമുള്ളവർ?

പ്രിയമുള്ളവരേ,

വിശ്വാസത്തിൻ്റെ അപ്പൊസ്തലന്മാരെന്ന് ഊറ്റം കൊണ്ട പലരും പല നിലകളിൽ നിയമക്കുരുക്കുകളിൽ പെട്ടു കൊണ്ടിരിക്കുന്നു….

സത്യവചനം യഥാർത്ഥമായി പ്രസംഗിച്ച് അതിൻ പ്രകാരം ജീവിക്കുന്നവർ ‘നല്ലവനും വിശ്വസ്തനുമായ ദാസനേ’ എന്നുള്ള ശബ്ദം കേൾക്കും….!
കണ്ണു മഞ്ഞളിപ്പിക്കുന്ന മാമോൻ നരകത്തിലേക്ക് വഴി കാട്ടുമ്പോൾ, അതിൽ ആകർഷിക്കപ്പെടാതെ മായമില്ലാത്ത വചനം അനുസരിക്കാം…!!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.