ശുഭദിന സന്ദേശം: കാലഗതി ഒരേ ഗതി | ഡോ. സാബു പോൾ

എല്ലാവർക്കും ഒരേ ഗതി വരുന്നു എന്നുള്ളതു സൂര്യന്റെ കീഴിൽ നടക്കുന്ന എല്ലാറ്റിലും ഒരു തിന്മയത്രേ”(സഭാ.9:3).

Download Our Android App | iOS App

ഒരു എഞ്ചിനീയറിംഗ് ബിരുദധാരിയുടെ നിരീക്ഷണം ഇങ്ങനെയായിരുന്നു:
”പഠനകാലയളവിൽ ഏറ്റവും പ്രയാസം കണക്ക് എന്ന വിഷയമായിരുന്നു. എന്നാൽ ജോലി ലഭിച്ചു കഴിഞ്ഞാൽ ഇത്ര കഷ്ടപ്പെട്ട് പഠിച്ച കണക്ക് ഒരിക്കലും ആവശ്യമായി വരുന്നു മില്ല.” ഇത് വായിക്കുമ്പോൾ സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുന്നത് എന്തിനു വേണ്ടി പഠിച്ചു എന്ന് ഇന്നുമറിയാത്ത ‘ലോഗരിതം ടേബിൾ’ ആയിരിക്കും.

post watermark60x60

ഈ ലോകത്തിലെ അനുഭവങ്ങളെ നിത്യതയുമായി താരതമ്യം ചെയ്യുമ്പോഴുള്ള വൈരുദ്ധ്യാത്മകതയാണിത്. ലോഗരിതം ടേബിൾ പഠിച്ചയാൾക്ക് ജോലിയിൽ അത് ആവശ്യമില്ലെങ്കിലും ലോഗരിതം പഠിക്കാതെ കണക്ക് പാസ്സാകുകയില്ല. കണക്ക് ജയിക്കാതെ ഉപരിപഠനവും ജോലിയും അസാദ്ധ്യമാണു താനും….

ജ്ഞാനികൾ സകലത്തെയും നിരീക്ഷിക്കുന്നു. അതിൽ നിന്നും നൂതനമായ ആശയങ്ങൾക്ക് രൂപം നൽകുന്നു. അത് അവൻ്റെ ഫിലോസഫിയായി മാറുന്നു. അവന് ശിഷ്യൻമാരുണ്ടെങ്കിൽ അവർ അത്തരം ആശയങ്ങളുടെ പ്രചാരകരാകുന്നു.

ശലോമോൻ എന്ന ജ്ഞാനിയും സൂര്യന് കീഴിലുള്ള സകലത്തെയും തൻ്റെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. അപ്പോൾ അദ്ദേഹത്തിന് മനസ്സിലായ കാര്യമാണ് സഭാപ്രസംഗി 9-ാം അദ്ധ്യായത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്. എത്ര നന്നായി ജീവിച്ചാലും എത്ര മോശമായി ജീവിച്ചാലും എല്ലാവർക്കും ഒരേ ഗതി വരുന്നുവെന്നതാണ് ശലോമോൻ്റെ കണ്ടെത്തൽ….

ഒരുപക്ഷേ, ശലോമോനെക്കാൾ ഒരു പടികൂടി കടന്നു ചിന്തിച്ച വ്യക്തിയാണ് ആസാഫ്. ഭക്തനെക്കാൾ ദുഷ്ടൻ അഭിവൃദ്ധി പ്രാപിക്കുന്നതിൻ്റെ നീരസത്തിലാണ് 73-ാം സങ്കീർത്തനം സമാരംഭിക്കുന്നത്. എന്നാൽ തൻ്റെ നിരീക്ഷണം മറ്റുള്ളവരുമായി പങ്കുവെയ്ക്കാതെ ആസാഫ് ദൈവസന്നിധിയിലേക്ക് ചെല്ലുന്നു…

അനുഗ്രഹിക്കപ്പെട്ടു നിൽക്കുന്ന ദുഷ്ടൻ്റെ അപ്രതീക്ഷിതമായ പതനവും തകർച്ചയും കാണുന്നതോടൊപ്പം കരം പിടിച്ച് തന്നെ നടത്തുന്ന, പിന്നത്തേതിൽ മഹത്വത്തിലേക്ക് കൈക്കൊള്ളുന്ന ദൈവത്തെയും അവൻ ദർശിക്കുന്നു. പഴയ നിയമത്തിൽ വിരളമായി വർണ്ണിച്ചിരിക്കുന്ന സ്വർഗ്ഗം എന്ന പ്രത്യാശയിലേക്ക് ആസാഫിനെ ദൈവം ഉയർത്തുന്നു…

ഇന്ന് ആത്മീയർ പോലും നന്മകൾക്കു പിന്നാലെ പായുകയാണ്. സ്വർഗ്ഗത്തിലെ സകല ആത്മീകാനുഗ്രഹങ്ങളെക്കാളും ഭൗതീക സമ്പത്തിനാണ് പ്രാധാന്യം കൂടുതൽ….

ശലോമോൻ ഒരിക്കൽ പ്രാർത്ഥിച്ചത് ദാരിദ്ര്യവും സമ്പത്തും നൽകാതെ നിത്യവൃത്തി തന്ന് തന്നെ പോഷിപ്പിക്കണമേ എന്നായിരുന്നു. കാരണം, സമ്പത്ത് അധികമായാൽ ദൈവത്തെ നിഷേധിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു (സദൃ.30: 8,9). ശലോമോൻ ശങ്കിച്ചതു പോലെ തന്നെ തനിക്ക് ഭവിക്കുകയും ചെയ്തു…

പ്രിയമുള്ളവരേ,

ലോഗരിതം ടേബിൾ പോലെ തന്നെയാണ് ഈ ലോകത്തിൽ ഭക്തൻ അനുഭവിക്കുന്ന കഷ്ടതകളും. അതിലൂടെ മാത്രമേ പരീക്ഷകൾ പാസ്സാകൂ…!
എങ്കിലേ സ്വർഗ്ഗത്തിന് അവകാശിയാകൂ…..!!
പക്ഷേ, സ്വർഗ്ഗത്തിൽ ഒരിക്കലും കഷ്ടതയില്ല, കണ്ണുനീരില്ല, വേദനയില്ല…..

അഭിവൃദ്ധിയിൽ ദൈവത്തെ നിഷേധിക്കുന്നവർ ഇവിടെ എന്തെല്ലാം സൗഭാഗ്യങ്ങൾ ഹ്രസ്വകാലത്തേക്ക് നേടിയാലും നിത്യകാലം ദുരിതക്കയത്തിൻ്റെ നരകത്തിലായിരിക്കുമെന്ന് വചനം വിളിച്ചു പറയുന്നു.

ശലോമോൻ്റെ നിരീക്ഷണം ഈ ലോകത്തിൽ പരിമിതപ്പെട്ടു. ആസാഫിൻ്റെ ദർശനം ഈ ലോകത്തിൻ്റെ തിരശ്ശീലക്കപ്പുറത്തുള്ള വരും ലോകത്തിലേക്ക് അവനെ നയിച്ചു.
നമ്മുടെ ദർശനവും ഈ ഭൂമിയിൽ ഒതുങ്ങിപ്പോകാതെ സ്വർഗ്ഗത്തോളമെത്തട്ടെ…..!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

You might also like
Comments
Loading...