ചെറു ചിന്ത: ഹലോ…. ഹലോ | പാസ്റ്റർ റ്റോമി എം. തോമസ്

നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒരു വാക്കായിത്തീർന്നു _”ഹലോ”. അകലങ്ങളിൽ ഇരുന്ന് ബന്ധങ്ങൾ വളർത്തുന്നതിന്, തുടക്കത്തിൽ ഉപയോഗിക്കുന്ന ഏറ്റവും മനോഹരമായ ഒരു പദം.

സത്യത്തിൽ, എന്താണ് ഈ ഹലോ????

ടെലഫോൺ കണ്ടു പിടിച്ച അലക്സാണ്ടർ ഗ്രഹാം ബെല്ലിന്റെ കാമുകി ആയിരുന്ന, മാർഗ്ഗരറ്റ് ഹലോ യുടെ പേരാണ് ഇതെന്നും, ഫോൺ കണ്ടുപിടിച്ച ശേഷം ടെസ്റ്റ് ചെയ്യുന്നതിനായി അദ്ദേഹം ഉപയോഗിച്ച ആദ്യ വാക്കായിരുന്നു ‘ഹലോ’ എന്നുമുള്ള ഒരു ഉദാത്തമായ പ്രണയകഥ പ്രചരിക്കുന്നുണ്ട്. പക്ഷേ ഇതൊന്നുമല്ല ഇൗ വാക്കിന്റെ പുറകിലുള്ള സത്യം…

‘ഹലോ’ എന്ന പദം ‘ഹോല’ എന്ന പുരാതന ജർമ്മൻ വാക്കിൽ നിന്നുമാണ് ഉണ്ടായത് എന്ന് അനുമാനിക്കുന്നു. “നിൽക്കൂ….ശ്രദ്ധിക്കൂ..” എന്നൊക്കെ ആണ് ഇതിന്റെ അർത്ഥം.

ഒരു ദിവസത്തിൽ ഏറ്റവും കുറഞ്ഞത് ഒരു പ്രാവിശ്യമെങ്കിലും ഇൗ വാക്ക് ഉപയോഗിക്കാത്തവർ ഇല്ല എന്നു തന്നെ പറയാം. കേവലം ഒരു ഹലോയിൽ തുടങ്ങി, ബന്ധത്തിന്റെ ആഴവും പരപ്പും കൂടുന്നതിന് അനുസരിച്ച്, മണിക്കൂറുകളോളം സംസാരിക്കുന്നവരാണ് പലരും. പക്ഷേ ‘ഹലോ’ ( നിൽക്കൂ…ശ്രദ്ധിക്കൂ) എന്ന് നമ്മോട് പറയുന്ന ഒരു ശബ്ദം, മറ്റു ഹലോ ശബ്ദങ്ങളുടെ തിരക്കിൽ നാം കേൾക്കാതെ പോകുന്നുണ്ടോ??? സ്വന്തം പുത്രനെ നൽകി നമ്മെ സ്നേഹിച്ച പിതാവായ ദൈവത്തിന്റെ ‘ഹലോ’ നാം കേൾക്കുന്നുണ്ടോ??? നാം പറയുന്ന ഹലോ യ്ക്ക്‌ തിരിച്ച് ഹലോ കേട്ടില്ലെങ്കിൽ നാമവിടെ സംസാരം അവസാനിപ്പിക്കും. അതായത്, ആ ബന്ധത്തിന് എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട്. അതുപോലെ തന്നേ, ദൈവശബ്ദത്തിന് മുൻപിൽ പ്രതികരിച്ചവരുടെ ജീവിതത്തിൽ മാത്രമേ മാറ്റങ്ങൾ സംഭവിച്ചിട്ടുള്ളൂ….

ദാൻ മുതൽ ബേർശേബ വരെ ദൈവത്തിന്റെ വിശ്വസ്ത പ്രവാചകൻ എന്ന പേര് (1 ശമു 3:20) ശമുവേൽ പ്രാപിച്ചത്, തന്റെ ശുശ്രൂഷയുടെ ആരംഭത്തിൽ, തന്നെ പേര് ചൊല്ലി വിളിച്ച നാഥന്റെ സ്വരത്തിന് മുൻപിൽ “അരുളിച്ചെയ്യേണമേ… അടിയൻ കേൾക്കുന്നു” എന്ന സമർപ്പണത്തിലൂടെ ആയിരുന്നു. ദൈവത്തിന്റെ വിളിയോട് പ്രതികരിക്കുന്നവനെ ദൈവത്തിനു ചിലത് ഏൽപ്പിക്കാനുണ്ട് എന്ന് നാം മറന്നു പോകരുത്. അനേകർ, ദൈവശബ്ദം ശ്രദ്ധിക്കാതെ ഇരുന്ന ആ കാലഘട്ടത്തിൽ പ്രതികരിച്ച ഒരുവന്റെ ജീവിതത്തിൽ ശുശ്രൂഷയുടെ പുതിയ വഴികൾ തുറക്കപ്പെട്ടു.

‘വിശ്വാസികളുടെ പിതാവ്’ ആയ അബ്രഹാം ദൈവത്തിന്റെ വിളി കേട്ട്, സകലതും ത്യജിച്ച് എവിടേക്ക് പോകുന്നു എന്നറിയാതെ യാത്രപുറപ്പെട്ടു (എബ്ര 11:10). ദൈവത്തിൻറെ വിളിയോട് പ്രതികരിച്ച അബ്രഹാമിന്റെ ജീവിതത്തിൽ അനേകം പ്രാവശ്യം ദൈവത്തിൻറെ കരുതൽ അനുഭവിച്ചു. യിസ്സഹാക്കിന്റെ യാഗാർപ്പണ സമയത്ത് ദൈവത്തിന്റെ വിളിയുടെ മുൻപിൽ, “ഞാൻ ഇതാ” എന്ന് ദൈവത്തോട് പ്രതികരിച്ച അബ്രഹാമാണ് ദൈവത്തിന്റെ കരുതൽ അനുഭവിച്ചത്.

ആരും സഹായം ഇല്ലാതിരുന്ന മരുഭൂമിയിൽ ദൈവത്തിന്റെ ശബ്ദത്തിന് മുൻപിൽ പ്രവർത്തിച്ച ഹാഗാർ കണ്ടത് ഒരു നീരുറവ ആയിരുന്നു. ദൈവ ശബ്ദത്തിന് നമ്മുടെ മരുഭൂമിയുടെ അനുഭവങ്ങളിൽ, നീരുറവ ഒരുക്കിത്തരാൻ കഴിയും.

“ശൗലേ… ശൗലേ” എന്ന വിളിയുടെ മുൻപിൽ ” നീ ആരാകുന്നു കർത്താവേ” എന്ന തിരിച്ച് മറുപടി കൊടുത്തവനെയാണ്, ദൈവനാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രയേൽ മക്കൾക്കും മുൻപിൽ വഹിക്കുവാൻ തിരഞ്ഞെടുത്ത പാത്രം (അപ്പൊ :പ്രവർത്തി 9:15) ആക്കി മാറ്റിയത്. പിന്നീട് പൗലോസ്, കർത്താവിനു വേണ്ടി ഒരു തീപ്പന്തമായി ശോഭിച്ചു.

നമ്മുടെ നിത്യജീവിതത്തിൽ ദൈവം നമ്മോട് ഹലോ പറയുന്നത് നാം കേൾക്കുന്നുണ്ടോ?? ഞാൻ വാതിൽക്കൽ നിന്ന് മുട്ടുന്നു (വെളി 3:20). ആ വിളിയോട് പ്രതികരിക്കുന്നവർക്ക് ഉള്ള വാഗ്ദാനം ; ഞാൻ അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും എന്നാണ്. അതായത്, നമ്മുടെ ജീവിതത്തിന്റെ അവസാനം വരെ നമ്മോട് കൂടെ ഇരിക്കും എന്ന അനുഗ്രഹീത വാഗ്ദത്തം. നിരവധി ഹലോ ശബ്ദത്തിന്റെ ഇടയിൽ നമ്മുടെ പ്രാണപ്രിയന്റെ ‘ഹലോ ‘ നാം അവഗണിക്കരുത്. തിരിച്ചറിയുക…നമ്മുടെ ജീവിതത്തിൽ ഒറ്റപ്പെടലിന്റെ, പ്രതിസന്ധിയുടെ ഒക്കെ മധ്യത്തിൽ ദൈവശബ്ദം തരുന്ന ആശ്വാസം മറ്റൊരു ‘ഹലോ’ യിൽ നിന്നും നമുക്ക് ലഭിക്കുകയില്ല. ദൈവത്തിന്റെ ‘ഹലോ’ യോട് പ്രതികരിക്കുന്നവരോട് ദൈവം ഇന്നും സംസാരിക്കുന്നു. അവരിൽ രൂപാന്തരങ്ങൾ സംഭവിക്കുന്നു. ദൈവശബ്ദത്തോട് പ്രതികരിക്കൂ…. അനുഗ്രഹം പ്രാപിക്കൂ……

പാസ്റ്റർ റ്റോമി എം തോമസ്,
വെസ്റ്റ് ബംഗാൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.