ചെറുചിന്ത : പുറപ്പാടിന്റെ സമയങ്ങൾ | ബെന്നി ഏബ്രാഹം, സീതത്തോട്, ഗുരുനാഥൻമണ്ണ്

അനന്തരം യോസേഫിനെ അറിയാത്ത പുതിയൊര രാജാവ് മിസ്രയീമിൽ ഉണ്ടായി'(പുറപ്പാട് 1-8)
യിസ്രായേൽജനം വളരെ സമ്പത്തോടുകൂടി മിസ്രയീമിൽ നിന്ന് വാഗ്ദത്തദേശത്തേക്ക് ദൈവീക വാഗ്ദത്തപ്രകാരം പുറപ്പെടാനുള്ള സമയമടുത്തു. ദൈവം യിസ്രായേലിനെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു വാഗ്ദത്ത ദേശമായ കനാൻദേശത്തേക്കു കൊണ്ടുപോകുമെന്ന് യാക്കോബും യോസഫും യിസ്രായേൽമക്കളും വിശ്വസിച്ചിരുന്നു. എന്നാൽ അവരുടെ പുറപ്പാട് അടുത്ത സമയത്ത് കാര്യങ്ങൾ പ്രതികൂലമാവുകയാണ് സുഖകരമായ ജീവിതം നയിച്ചിരുന്ന എബ്രായജനത ഇപ്പോൾ അടിമവേല ചെയ്യുകയാണ്. അവരുടെ ആൺപൈതങ്ങളെ നദിയിൽ എറിഞ്ഞുകളയണമെന്ന കല്പ്പന വളരെ ഹൃദയഭേദകമാണ്… ഈ കഷ്ടതകൾ തങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ അവരുടെ നിലവിളി ഉയർന്നു.. ഒരു വിടുതലിനായി അവർ ആഗ്രഹിച്ചു.. ഒരു മോചനത്തിനായി അവർ കാംക്ഷിച്ചു…അതേ ദൈവത്തിനും അതായിരുന്നു ആവശ്യം.

post watermark60x60

യോസേഫിനു ദൈവം അധികാരംകൊടുത്തു സമ്പത്തുകൊടുത്തു എന്നിരുന്നാലും യോസേഫ് ഒരിക്കലും അതിൽ മയങ്ങി പോകാതെ അതുതന്നെ കീഴടക്കുവാൻ അനുവദിക്കാതെ ദൈവത്തിന്റെ കല്പനകളിലും വാഗ്ദത്തങ്ങളിലും മുറുകെപിടിച്ചു…അതുകൊണ്ടാണ് തന്റെ ജീവിതത്തിന്റെ അവസാനസമയത്ത് ഇങ്ങനെ പറഞ്ഞത്-“ഞാൻ മരിക്കുന്നു എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കുകയും ഈ ദേശത്തുനിന്നു താൻ അബ്രാഹാമിനോടും യിസഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു കൊണ്ടുപോകയും ചെയ്യും എന്നുപറഞ്ഞു.ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്റെ അസ്ഥികളെ ഇവിടെനിന്നു കൊണ്ടുപോകണമെന്നു പറഞ്ഞ്,യോസേഫ് യിസ്രായേൽമക്കളെ ക്കൊണ്ടു സത്യം ചെയ്യിച്ചു”(ഉൽപ്പത്തി50-24,25).ദൈവീക വചനത്തിലും വാഗ്ദത്തത്തിലും വിശ്വാസമുണ്ടായിരുന്നു യോസേഫ് വലിയ മഹിമയുടെയും പ്രൗഢിയുടെയും അടയാളമായ ഒരു പിരമിഡിൽ കൂടി തന്റെ മഹത്വം ലോകത്തെ വിളിച്ചറിയിക്കാൻ തയ്യാറായില്ല… എന്നാൽ യിസ്രയേൽമക്കൾക്ക് എല്ലാവർക്കും ഈ ഒരു കാഴ്ചപ്പാട് ഇല്ലായിരുന്നു അവർക്ക് മിസ്രയീമിലെ സുഖസൗകര്യങ്ങളിൽ ദൈവത്തിന്റെ വാഗ്ദത്തം നിറവേറിയില്ലെങ്കിലും കുഴപ്പമില്ല എന്നൊരു രീതിയായിരുന്നു..ഈ മനോഭാവത്തിന്റെ ബഹിർസ്ഫുരണങ്ങൾ പിന്നീടു വെളിപെട്ടത് പുറപ്പാട് 16-3ലും സംഖ്യാ11-4,5ലും കാണുവാൻ സാധിക്കും-‘യിസ്രായേൽമക്കൾ അവരോട് ഞങ്ങൾ ഇറച്ചികലങ്ങളുടെ അടുക്കലിരിക്കുകയും തൃപ്തിയാകുംവണ്ണം ഭക്ഷണം കഴിക്കുകയും ചെയ്ത മിസ്രയിംദേശത്തുവെച്ച് യെഹോവയുടെ കൈയ്യാൽ മരിച്ചാൽ കൊള്ളാമായിരുന്നു'(പുറപ്പാട്16-3).-‘യിസ്രായേൽമക്കളും വീണ്ടും കരഞ്ഞുകൊണ്ട്:ഞങ്ങൾക്കു തിൻമാൻ ഇറച്ചി ആർ തരും?ഞങ്ങൾ മിസ്രയീമിൽ വച്ചു വില കൂടാതെ തിന്നിട്ടുള്ള മത്സ്യം,വെള്ളരിക്ക,മത്തങ്ങാ,ഉള്ളി, ചുവന്നുള്ളി,ചിറ്റുള്ളി എന്നിവ ഞങ്ങൾ ഓർക്കുന്നു.(സംഖ്യാ11-4,5)..
യിസ്രായേൽ മിസ്രയീമിൽ താമസിക്കുവാൻ വന്നപ്പോൾ ദേശത്തിലെ നല്ല പ്രദേശമായ ഗോശൻ ദേശം അവർക്കു കൊടുത്തു.. തീർച്ചയായും ഇത് ഒരു അനുഗ്രഹമാണ്. എന്നാൽ ദൈവം വരുവാനുള്ള പുറപ്പാട് മുന്നിൽ കണ്ടുകൊണ്ടാണ് ഈ ദേശം അവർക്ക് കൊടുത്തത്; ഈ ജനം സാമ്പത്തികമായും ശാരീരികമായും കുടുംബപരമായും പുഷ്ടി പ്രാപിക്കണം ഇതായിരുന്നു അനുഗ്രഹത്തിന് പിൻമ്പിൽ.എന്നാൽ മിസ്രയീമിലെ സുഖങ്ങളിലും ഭക്ഷണ പാനീയങ്ങളിലും സമ്പ്രദായങ്ങളിലും ആചാരങ്ങളിലും വേരിറങ്ങിക്കിടന്ന യിസ്രയേൽ ജനം ദൈവം കൊടുത്ത വാഗ്ദത്തങ്ങൾ നടന്നില്ലെങ്കിലും കുഴപ്പമില്ല എന്ന് കരുതുന്ന ഒരു തലമുറയിൽ ഇപ്പോൾ എത്തി നിൽക്കുകയാണ്!!…എന്നാൽ വാഗ്ദത്തങ്ങളിൽ വിശ്വസ്തനായ ദൈവം യോസേഫിനെ അറിയാത്ത പുതിയോരു രാജാവിനെ മിസ്രയീമിൽ എഴുന്നേൽപ്പിച്ചു.
പീഡനത്താലും അടിമവേലയാലും യിസ്രായേൽ ജനത്തെ ക്ഷീണിപ്പിക്കുകയും,ആൺപൈതങ്ങളെ കൊന്ന് യിസ്രായേൽ വംശത്തെ ചുരുക്കുവാനും നോക്കി അവരുടെ ജീവിതത്തെ കൈപ്പാക്കി.എന്നാൽ ഇതിന്റെ നടുവിൽ ദൈവം യിസ്രായേൽ ജനത്തെ മിസ്രയീമിൽനിന്നുള്ള ഒരു മോചനം കാംക്ഷിക്കുന്ന നിലയിലേക്കും ദൈവം കൊടുത്ത വാഗ്ദത്തം ഓർക്കുന്നതിലേക്കും അതു പ്രാപിക്കുവാനുള്ള വാഞ്ച്ഛയിലേക്കും കൊണ്ടുവരുമാറാക്കി…
യഹോവ മുൾപ്പടർപ്പിൽ വച്ച് മോശയോടു പറഞ്ഞത് ‘മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു കണ്ടു ഊഴിയവിചാരകൻമാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു;ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു;അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു……. കൊണ്ടുപോകുവാനും ഇറങ്ങി വന്നിരിക്കുന്നു (പുറപ്പാട് 3-7,8).അതേ ദൈവം അബ്രഹാമിനോടും യിസഹാക്കിനോടും യാക്കോബിനോടും അരുളിചെയ്തത് നിവൃത്തിപ്പാൻ ഇറങ്ങിവന്നിരിക്കുന്നു..പുറപ്പാടിന് സമയമായി..

ഒരു ദൈവപൈതലിന്റെ ജീവിതം, ജീവിത നിലവാരങ്ങളിലെ അഭിവൃദ്ധികളിൽ കുടുങ്ങി കിടക്കാൻ ദൈവം ആഗ്രഹിക്കുന്നില്ല,യാക്കോബിനേയും യോസേഫിനേയും പോലെ ഹൃദയത്തിൻ ഒരു നിശ്ചയം എപ്പോഴും ഉണ്ടായിരിക്കണം.ഈ മിസ്രയീം ദേശത്ത് കിടക്കുവാൻ ഉള്ളവരല്ല നമ്മൾ… ‘വരുവീൻ നാം ഭൂതലത്തിലൊക്കെയും ചിതറിപോകാതിരിപ്പാൻ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിയുക നമുക്ക് ഒരു പേരുമുണ്ടാക്കുകാ’എന്ന് പറഞ്ഞും പ്രവൃത്തിച്ചും ഇവിടെ സമയങ്ങൾ പാഴാക്കരുത്!..നമുക്കായി ദൈവം വാഗ്ദത്തങ്ങൾ നൽകിയിട്ടുണ്ടല്ലോ..ലോകം പ്രശ്നങ്ങളാൽ തിളച്ചു മറിയുന്നു..അവർ സമാധാനമെന്നും നിർഭയമെന്നും പറഞ്ഞ് നല്ല ഭാവി വാഗ്ദാനം ചെയ്യുന്നു…അവർക്ക് തെറ്റിഒഴിയുവാൻ കഴിയുകയില്ല..ദൈവപൈതലേ കാഴ്ചപാട് മങ്ങിപോകുവാൻ അനുവദിക്കരുത്.കഷ്ടങ്ങളും തിരമാലകളും കൊടുംകാറ്റുകളും പടകിൽ വന്ന് ആഞ്ഞടിക്കുമ്പോൾ നിത്യതയിലേക്കുള്ള ലക്ഷ്യം മാറാതെ സൂക്ഷിക്കുകാ…നമ്മുടെ പെസഹാകുഞ്ഞാടും അറുക്കപ്പെട്ടു..അതിനാൽ പുളിച്ചമാവിനെ നീക്കികളയാം..നമുക്കു പുറപ്പാടിനുള്ള സമയവും ഇതാ വന്നിരിക്കുന്നു.ശുഭമായിരിക്കട്ടെ..

Download Our Android App | iOS App

ബെന്നി ഏബ്രാഹം
സീതത്തോട്,ഗുരുനാഥൻമണ്ണ്.

-ADVERTISEMENT-

You might also like