കവിത: ജീവശ്വാസം | ജോളി ബാംഗ്ലൂർ

പ്രപഞ്ചത്തെയും ചരാചരങ്ങളെയും
സൃഷ്‌ടിച്ചു തൃപ്തനായില്ലവൻ,
ആ പരമചൈതന്യമീ ധരണിയിൽ
തനിയ്ക്കൊരു സൗഹൃദ കൂട്ടായ്മയ്ക്കായി
മനുഷ്യനെ ചമച്ചവന്റെ ഉള്ളിലേക്ക്
ജീവശ്വാസവും ഊതിക്കൊടുത്തവൻ
ഇപ്പോളവൻ വെറും മൺപ്രതിമയല്ല
സൃഷ്ടിതാവിൻ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്ത
ദൈവാംശിയാണവൻ.
ദൈവത്തിൻ മുൻപാകെ നിവർന്നു നിന്ന്
അവിടുത്തെ നിശ്വാസങ്ങൾ പിന്നെയും പിന്നെയും
ഉള്ളിലേക്ക് വലിച്ചെടുത്തവൻ.
ഒരുനാൾ ദൈവത്തിൻ ചാരെ നിന്നും
കുറച്ചകലേക്ക് മാറി പോയനേരം
ശ്വസിക്കുവാനാകാതെയവനൊന്നു പിടഞ്ഞു
സൃഷ്ടിതാവിൻ ശ്വാസമുള്ളിലേക്കെടുക്കുവാൻ
കഴിയുന്ന പരിധിക്കുമപ്പുറത്തേക്കവൻ പൊയ്പ്പോയി.
കണ്ണുകൾ പുറത്തേക്കുന്തി കിതച്ചുഴറിയാ
മർത്യന്റെയടുത്തേക്കോടിയെത്തി
സഹായഹസ്‌തവുമായി സാത്താൻ.
മനുഷ്യനാർത്തിയോടെ വലിച്ചെടുത്തു
ചെകുത്താന്റെ നിശ്വാസങ്ങൾ.
സൃഷ്ടിച്ചു ജീവശ്വാസം ഊതിക്കൊടുത്ത
ദൈവത്തെയവൻ മറന്നുപോയ്‌.
ഇപ്പോളവന്റെ ശ്വാസനിശ്വാസങ്ങളാൽ
പരിസരങ്ങളെയെല്ലാം
മാലിന്യവലയത്തിലാക്കിയവൻ
മുഴുലോകവും അടക്കിവാഴുന്നു.
മനുഷ്യാ നിനക്കിനിയുമുണ്ടവരം
ആ പരമചൈതന്യത്തിന്റെയടുക്കലേക്ക്
മടങ്ങി വരുമെങ്കിലവൻ പിന്നെയും
നിന്റെയുള്ളിലെക്കൂതിടും
കരുണയിൻ ജീവശ്വാസം.
മടങ്ങി വരിക!

Download Our Android App | iOS App

ജോളി ബാംഗ്ലൂർ

-ADVERTISEMENT-

You might also like
Comments
Loading...