ശുഭദിന സന്ദേശം: ആശ്രയം ആലംബം | ഡോ. സാബു പോൾ

“യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ” ( യിരെ.17:7).

മന:ശാസ്ത്രപരമായ സമീപനത്തിൽ സംഘമായി ചെയ്യുന്ന ‘വിശ്വാസത്താലുള്ള വീഴ്ച്ചാ വ്യായാമം'(Trust-fall exercise) എന്നൊരു സമ്പ്രദായമുണ്ട്. രണ്ട് പങ്കാളികൾ ഈ പരീക്ഷണത്തിന് ആവശ്യമാണ്. ഒരാൾ മറ്റേയാളിൻ്റെ മുമ്പിൽ നിൽക്കണം.
മുമ്പിൽ നിൽക്കുന്നയാൾ നിവരെ പുറകോട്ട് വീഴണം. അതേസമയം പിന്നിൽ നിൽക്കുന്നയാൾ താഴെ വീഴാതെ അയാളെ താങ്ങുകയും വേണം.

തുടക്കത്തിൽ, വീഴേണ്ട വ്യക്തിക്ക് പുറകോട്ട് വീഴാൻ ബുദ്ധിമുട്ടും ഭയവുമായിരിക്കും.
പുറകിൽ നിൽക്കുന്ന വ്യക്തിതാങ്ങുമോ എന്ന ഭയം…..
അയാൾക്ക് തന്നെ താങ്ങാനുള്ള ശക്തിയുണ്ടാകുമോ എന്ന ഭയം…
എന്നാൽ ഈ പ്രവൃത്തി ആവർത്തിക്കുമ്പോൾ….
ആശ്രയമനോഭാവത്തിൻ്റെ നിലവാരം ഉയരുന്നു…
ആത്മവിശ്വാസം അധികരിക്കുന്നു…
അങ്ങനെ ഒരു ഭയവുമില്ലാതെ പുറകോട്ട് വീഴാൻ മുമ്പിൽ നിൽക്കുന്ന വ്യക്തിക്ക് കഴിയുന്നു… ‘വിശ്വാസത്താലുള്ള വീഴ്ച്ച’ എന്ന ഈ പരിശീലനത്തിലൂടെ അന്യോന്യം ആശ്രയിക്കാനും അപരൻ്റെ കഴിവിൽ വിശ്വാസമർപ്പിക്കാനും കഴിയുന്നു.

ഇത്തരം വിശ്വാസം ദൈവത്തിലും ഉണ്ടാകേണ്ടത് ആവശ്യമാണ്.
ജീവിതത്തിൽ പ്രശ്നങ്ങളിലൂടെയും പ്രയാസങ്ങളിലൂടെയും കടന്നു പോകുമ്പോൾ…

… ഒന്നും കാണാതെ പുറകോട്ട് വീഴുന്ന പോലുള്ള അനുഭവമാണ്!

കർത്താവിൽ പൂർണ്ണ ആശ്രയമില്ലെങ്കിൽ, താഴെ വീണ് തകർന്നു പോകുമെന്ന് നാം ഭയപ്പെടും…!

എന്നാൽ അവങ്കൽ ആശ്രയിക്കുന്നെങ്കിൽ, താഴെ വീഴാതെ അവിടുന്ന് നമ്മെ താങ്ങുമെന്ന ഉറപ്പ് നമ്മെ ഭരിക്കും….!

എത്രയോ സന്ദർഭങ്ങളിൽ നിരാശയാലും രോഗത്താലും തളർന്നിരുന്നവരെ കർത്താവ് കൈപിടിച്ച് എഴുന്നേൽപ്പിച്ചിരിക്കുന്നു…!
വെള്ളത്തിൽ താഴ്ന്നു കൊണ്ടിരുന്ന പത്രോസിനു നേരെ ആ കരം നീണ്ടു ചെന്നതു പോലെ…. നമ്മെയും വലിച്ചുയർത്തുകയും താങ്ങുകയും ചെയ്ത എത്രയോ സന്ദർഭങ്ങൾ സ്മൃതിപഥത്തിൽ തെളിഞ്ഞു കിടക്കുന്നുണ്ട്…

പഴയ നിയമത്തിലെ പല ഭക്തൻമാരും ഇങ്ങനെ ദൈവത്തിൽ പൂർണ്ണമായി വിശ്വസിച്ച് വീഴ്ചയ്ക്ക് തയ്യാറെടുത്തവരാണ്.

ദൈവം പറഞ്ഞതുപോലെ പെട്ടകമുണ്ടാക്കുമ്പോൾ നോഹയും….
അറിയാത്ത സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോൾ അബ്രഹാമും….
കർത്താവിൽ പൂർണ്ണമായി ആശ്രയിച്ച് ആ കരങ്ങളിലേക്ക് വീഴുകയായിരുന്നു….

അഗ്നിച്ചൂളയുടെ മുമ്പിൽ എബ്രായ ബാലന്മാരും സിംഹങ്ങളുടെ ഗുഹയുടെ മുമ്പിൽ ദാനിയേലും ആ കരങ്ങളിലേക്ക് വീഴാൻ പൂർണ്ണമായി സമർപ്പിച്ചു….

അവരെയെല്ലാം അവിടുന്ന് താങ്ങി….

യിരമ്യാവിന് പറയാനുള്ളതും അതുതന്നെയാണ്….
മിസ്രയിമിൽ ആശ്രയിക്കാതെ,
കള്ള പ്രവാചകന്മാരിൽ ആശ്രയിക്കാതെ,
കപട നേതാക്കളിൽ ആശ്രയിക്കാതെ,
കണ്ണുമടച്ച് ദൈവകരങ്ങളിലേക്ക് വീണാൽ…
അവിടുന്ന് നമ്മെ താങ്ങും..!
ഭയത്തിൽ നിന്നും വരൾച്ചയിൽ നിന്നും വാട്ടത്തിൽ നിന്നും സംരക്ഷിക്കും…!!

കൊറോണാക്കാലത്തും അവനിലുള്ള ആശ്രയം വർദ്ധിക്കട്ടെ.
ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.