ശുഭദിന സന്ദേശം : അന്യഭാഷയും അന്യായഭാഷയും (4) | ഡോ.സാബു പോൾ

അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതാൻ ആത്മികവർദ്ധന വരുത്തുന്നു; പ്രവചിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന വരുത്തുന്നു”(1കൊരി.14:4).

അപ്പൊസ്തല പ്രവൃത്തി 2-ാം അദ്ധ്യായത്തിൽ പരിശുദ്ധാത്മാവിൻ്റെ അവരോഹണത്തോടുള്ള ബന്ധത്തിൽ സംഭവിച്ച കാര്യങ്ങളെയാണ് നാം പഠിച്ചു വന്നത്. അവിടെ കൊടിയ കാറ്റടിക്കുന്നതു പോലെ മുഴക്കം, അഗ്നിജ്വാല പോലെ പിളർന്നിരിക്കുന്ന നാവുകൾ, അന്യഭാഷ എന്നിവയുണ്ടായി. കൂടി വന്ന പലരും അവരുടെ മാതൃഭാഷയിൽ ദൈവത്തിൻ്റെ വൻകാര്യങ്ങൾ പ്രസ്താവിക്കുന്നത് കേട്ട് ആശ്ചര്യപ്പെട്ടു. ഒന്നും മനസ്സിലാകാത്തവർ ‘ഇവർ പുതുവീഞ്ഞു കുടിച്ചിരിക്കുന്നു’ എന്ന് പരിഹസിച്ചു. ഇവിടെ നടന്ന കാര്യങ്ങൾ യോവേൽ പ്രവാചകൻ്റെ പ്രവചന നിവൃത്തിയാണെന്ന് എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ (ഗ്രീക്കിൽ ആയിരിക്കണം) പത്രോസ് വിശദീകരിച്ചു. കേവലം സംഭവ വിവരണത്തെക്കാളപ്പുറം അന്യഭാഷയുടെ പ്രത്യേകതയെക്കുറിച്ച് ഒന്നും ഇവിടെ കാണുന്നില്ല….

എന്നാൽ അന്യഭാഷയെക്കുറിച്ച് വ്യക്തമായി പഠിപ്പിക്കുന്നത് 1കൊരി.14-ൽ ആണ്. മനുഷ്യർക്ക് മനസ്സിലാകാത്ത ഭാഷയാണതെന്ന് പൗലോസ് അസന്നിഗ്ദമായി വ്യക്തമാക്കുന്നു(14:2). ഉടനെ പുതിയൊരുപദേശമുണ്ടായി. അന്യഭാഷ രണ്ടുതരമുണ്ട്. മനുഷ്യർക്ക് മനസ്സിലാകുന്ന ഭാഷയും, മനസ്സിലാകാത്ത ഭാഷയും. ‘മനുഷ്യരുടേയും ദൂതന്മാരുടേയും ഭാഷ’ എന്ന പഠിപ്പിക്കലിനെക്കുറിച്ച് നാം ചിന്തിച്ചു കഴിഞ്ഞു.

*ഒരേയൊരു ചോദ്യം….?*

അങ്ങനെ മനുഷ്യർക്ക് മനസ്സിലാകുന്ന വേറൊരു തരം അന്യഭാഷയുണ്ടായിരുന്നെങ്കിൽ പൗലോസ് എന്തായിരുന്നു ഈ അദ്ധ്യായത്തിൽ പറയേണ്ടിയിരുന്നത്?
”നിങ്ങൾ ആർക്കും മനസ്സിലാകാത്ത അന്യഭാഷ പറഞ്ഞാൽ മറ്റുള്ളവർ നിങ്ങൾക്ക് ഭ്രാന്തുണ്ട് എന്ന് പറകയില്ലയോ? അതു കൊണ്ട് മനസ്സിലാകുന്ന തരം അന്യഭാഷയുണ്ടല്ലോ, അതാണ് നിങ്ങൾ പ്രാപിക്കേണ്ടത്….!” പക്ഷേ, പൗലോസ് അങ്ങനെ പറഞ്ഞില്ല. കാരണം അത്തരം വേറൊരന്യഭാഷയില്ല….!!

*പരിജ്ഞാനമില്ലായ്മ*

കൊരിന്ത്യസഭയിൽ വിവിധ കൃപാവരങ്ങളുള്ളവരുണ്ടായിരുന്നു. എന്നാൽ അതുപയോഗിക്കുന്നതിൽ അല്പം പരിജ്ഞാനക്കുറവ് ചിലർ കാണിച്ചു. അതിനെ വളരെ ശ്രദ്ധാപൂർവ്വം പൗലോസ് ശ്ളീഹ കൈകാര്യം ചെയ്യുകയാണ് 14-ാം അധ്യായത്തിൽ.

അന്യഭാഷ ആത്മീയതയുടെ അത്യന്തമായ പ്രകടനമാണെന്നും താൻ കുറച്ച് അന്യഭാഷ പറഞ്ഞാൽ ആത്മീയനായി എല്ലാവരും തന്നെ കാണുമെന്നുമുള്ള ചിന്ത അവിടെ ചിലർക്കുണ്ടായിരുന്നു. അതുകൊണ്ട് കൂട്ടായ്മയിൽ എഴുന്നേറ്റ് നിന്ന് സഭയോട് അന്യഭാഷ പറയുന്ന അത്തരക്കാരെയാണ് പൗലോസ് ഇവിടെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത്. ”താൻ *പ്രവാചകൻ* എന്നോ *ആത്മീകൻ* എന്നോ ഒരുത്തന് തോന്നുന്നു എങ്കിൽ, ഞാൻ നിങ്ങൾക്ക് എഴുതുന്നത് കർത്താവിൻ്റെ കല്പന എന്ന് അവൻ അറിഞ്ഞുകൊള്ളട്ടെ”(വാ.37) എന്ന് പ്രവചനം, അന്യഭാഷ എന്ന പ്രധാന കാര്യങ്ങളെ കേന്ദ്രീകരിച്ചുള്ള ചർച്ച ഉപസംഹരിക്കുമ്പോൾ പൗലോസ് പറയുന്നത് ചേർത്ത് ചിന്തിക്കുക.

*കൊരിന്ത് മടങ്ങിവരുന്നു*

ഇന്നത്തെ സാമൂഹീക മാധ്യമങ്ങൾ കൊരിന്ത് മടങ്ങിവരുന്ന അനുഭവമാണ് കാണിച്ചുതരുന്നത്. ചില സഹോദരിമാർ മൂടുപടം പോലുമിടാതെ ലൈവിൽ വന്ന് വെറുതെ അന്യഭാഷ പറയുന്നു. പരിഹസിക്കപ്പെടാനുള്ള അവസരം മന:പൂർവ്വം സൃഷ്ടിക്കുകയാണിവർ. ‘ട്രാൻസ്’ പോലുള്ള സിനിമകളുണ്ടാകാനും മിമിക്രി വേദികളിൽ അന്യഭാഷയെ അനുകരിച്ച് അപഹാസ്യപ്പെടുത്താനും അവസരങ്ങൾ നൽകിയത് ഇത്തരത്തിലുള്ളവരാണ്. സഭകളിൽ ദൈവമക്കൾ കൂടുന്നിടത്ത് പരിശുദ്ധാത്മ വ്യാപാരത്താൽ സ്വാഭാവീകമായി സംഭവിക്കുന്നതിനെ ലൈവായും റെക്കോർഡ് ചെയ്തും പുച്ഛിക്കുന്നവരുടെ മുന്നിലേക്കിട്ടു കൊടുത്തു. പന്നിയുടെ മുമ്പിലേക്ക് മുത്ത് ഇട്ടു കൊടുത്തതുപോലെ…

അന്യഭാഷയെ തിരുത്തുമ്പോൾ തനിക്ക് കൃപ നഷ്ടപ്പെട്ടെന്ന് പറയാൻ സാധ്യതയുണ്ടെന്നറിയാവുന്ന പൗലോസ് (പല ഗ്രൂപ്പുകാർ അവിടെ ഉണ്ടായിരുന്നുവെന്നോർക്കുക) ”നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കേണമെന്നും വിശേഷാൽ പ്രവചിക്കണമെന്നു”(വാ.5)മാണ് തൻ്റെ ആഗ്രഹമെന്നു പറയുന്നതു കൂടാതെ കൊരിന്തിലെ എല്ലാ വിശ്വാസികളിലും അധികം താൻ അന്യഭാഷ സംസാരിക്കുന്നയാളാണെന്നും(വാ.18) എടുത്തു പറയുന്നു. എന്നാൽ സഭയിൽ വരുമ്പോൾ എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ പഠിപ്പിക്കാനാണ് താൻ ഇഷ്ടപ്പെടുന്നത് എന്ന പൗലോസിൻ്റെ വാക്കുകൾ എടുത്ത് (വാ.19) അന്യഭാഷ സഭയിലല്ല, വീട്ടിലാണ് പറയേണ്ടത് എന്ന ഉപദേശം ചിലർ പ്രചരിപ്പിക്കാൻ തുടങ്ങി.

എന്നാൽ ഇവിടെ കൂട്ടായ്മയിൽ എഴുന്നേറ്റ് നിന്ന് സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനെക്കുറിച്ചാണ് പൗലോസ് പറയുന്നത് എന്ന് 6, 19 വാക്യങ്ങൾ വായിച്ചാൽ വ്യക്തമാകും. പൗലോസ് കൂട്ടായ്മയിൽ വന്നാൽ ഏതെങ്കിലും ഒരു മൂലയിലിരുന്ന് അന്യഭാഷ പറഞ്ഞിട്ടു പോകുകയല്ല, സഭയോട് പ്രസംഗിക്കുകയാണ് ചെയ്യുക എന്ന് മനസ്സിലാക്കാൻ അസാമാന്യ ബുദ്ധിയുടെ ആവശ്യമില്ല. ഇവിടെ ആ അർത്ഥത്തിലാണ് സംസാരിക്കുന്നതെന്ന് വ്യാഖ്യാതാക്കളെല്ലാം സമ്മതിക്കുന്നുണ്ടു താനും.

ഇനി, ‘സഭയൊക്കെയും ഒരുമിച്ച് കൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മ വരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാൽ നിങ്ങൾക്ക് ഭ്രാന്തുണ്ട് എന്നു പറകയില്ലയോ?”(വാ.23) എന്ന ചോദ്യമാണ് സംശയം ഉയർത്തുന്ന അടുത്ത വിഷയം. ഇവിടെ എല്ലാവരും ഒരേ സമയം സംസാരിക്കുന്നതിനെക്കുറിച്ചല്ല പറയുന്നത് എന്ന് അടുത്ത വാക്യങ്ങൾ (24,25) തെളിയിക്കുന്നു.

”എല്ലാവരും പ്രവചിക്കുന്നുവെങ്കിലോ….. എല്ലാവരാലും വിവേചിക്കപ്പെടും… ഹൃദയ രഹസ്യങ്ങളും വെളിപ്പെട്ടു വരും” എന്നെഴുതിയിരിക്കുന്നത് ഒരേ സമയം എല്ലാവരും കൂടി പ്രവചിക്കുന്നതിനെക്കുറിച്ചല്ലല്ലോ. കാരണം, അങ്ങനെ ചെയ്താൽ കുറെ ബഹളം മാത്രമേയുണ്ടാകയുള്ളൂ. ശ്രോതാവിന് ഒന്നും സ്പഷ്ടമായി കേൾക്കാൻ കഴിയുകയില്ല. അതുകൊണ്ട് ഓരോരുത്തരായി പ്രവചിക്കുന്നതിനെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. മാത്രമല്ല, ‘ഒരാൾ പ്രവചിക്കുമ്പോൾ മറ്റൊരാൾക്ക് വെളിപ്പാടുണ്ടായാൽ ഒന്നാമത്തവൻ മിണ്ടാതിരിക്കട്ടെ’ (വാ.30) എന്ന നിർദേശം കൂടി ചേർത്ത് ചിന്തിക്കുമ്പോൾ അക്കാര്യം കൂടുതൽ വ്യക്തമാകുന്നു.

ഇങ്ങനെ കൂട്ടായ്മയിൽ എഴുന്നേറ്റു നിന്ന് സഭയോട് അന്യഭാഷ പറയുന്നതിനെ നിയന്ത്രിക്കുന്ന പൗലോസ് വ്യാഖ്യാനി ഇല്ലെങ്കിൽ തന്നോടും ദൈവത്തോടും സംസാരിക്കണമെന്നും നിർദേശിക്കുന്നുണ്ട്(വാ.28). ഓരോരുത്തർ എഴുന്നേറ്റു അന്യഭാഷ പറഞ്ഞാൽ സഭയ്ക്ക് ആത്മീക വർദ്ധനവുണ്ടാകയില്ല. അതിന് സങ്കീർത്തനവും, ഉപദേശവും, വെളിപ്പാടുമൊക്കെ (വാ.26) ആവശ്യമാണ്.

ഇന്ന് ക്ലാസ്സിക്കൽ പെന്തെക്കോസ്ത് സഭകളിലെ ആരാധനയിൽ എല്ലാവരും ചേർന്ന് പാട്ടു പാടുമ്പോൾ സ്തുതി സ്തോത്രങ്ങൾ ഉരുവിടാനും പരിശുദ്ധാത്മനിയോഗത്താൽ അന്യഭാഷയിൽ സ്തുതിക്കാനുമൊക്കെ സ്വാതന്ത്രമുണ്ട്. അതേ സമയം അവിടെ വ്യക്തമായ ഉപദേശവും ഉണ്ട്. സകലവും ഉചിതമായും ക്രമമായുമാണ് നടക്കുന്നത്.

അന്യഭാഷ പരിശുദ്ധാത്മ സ്നാനത്തിൻ്റെ തെളിവും പറയുന്ന വ്യക്തിക്ക് ആത്മീയ വർദ്ധനവും ആയിരിക്കുമ്പോൾ തന്നെ മറ്റു കൃപാവരങ്ങളിലേക്കുള്ള വാതിലുമാണ്. പെന്തെക്കൊസ്തിൻ്റെ മുഖമുദ്രയും വളർച്ചയുടെ കാരണവും പരിശുദ്ധാത്മാവിന് പ്രവർത്തിക്കുവാനുള്ള എല്ലാ സ്വാതന്ത്ര്യവും ഈ മുന്നേറ്റം നൽകിയെന്നതുമാണ്. എന്നാൽ ഇന്ന് ഇതിൻ്റെ ഭാഗമായ ചില ദൈവദാസൻമാർ പോലും പരിശുദ്ധാത്മ പ്രവൃത്തിക്കെതിരെ സംസാരിക്കുന്നു. അന്യഭാഷയും പ്രവചനവുമൊന്നും ഇഷ്ടമല്ലെങ്കിൽ ബ്രദറൺ,ബാപ്റ്റിസ്റ്റ് സഭകളിലേക്ക് അങ്ങനെയുള്ളവർക്ക് പോകാമല്ലൊ…

*വീട്ടിൽ പറഞ്ഞാൽ മതിയെങ്കിൽ പ്രാപിക്കുന്നതെവിടെ?*

▪️പ്രവൃത്തികളിൽ കാണുന്ന സംഭവങ്ങളിലെല്ലാം കൂട്ടായ്മകളിലാണ് വിശ്വാസികൾ അന്യഭാഷ പ്രാപിച്ചത്.
▪️പലപ്പോഴും അഭിഷിക്തന്മാരുടെ കൈ വെപ്പും അതിനു പിന്നിൽ ഉണ്ടായിരുന്നു.
▪️കൂട്ടായ്മകളിൽ ആത്മാവിൽ ആരാധിക്കുന്നവരോട് ചേർന്നിരുന്നിട്ടും അഭിഷിക്തർ കരം വെച്ചിട്ടും പരിശുദ്ധാത്മ സ്നാനം പ്രാപിക്കാത്തവരുണ്ട്. അപ്പോൾ കൂട്ടായ്മകളിൽ ഇത്തരം അനുഭവമേ ഇല്ലെങ്കിൽ പിന്നെ എവിടെ വെച്ചാണ് പ്രാപിക്കുന്നത്?
▪️’വീട്ടിൽ പറഞ്ഞാൽ മതി’ എന്ന് ഉപദേശിക്കുന്നവർക്ക് ജീവിതത്തിൽ ഈ അനുഭവമേ ഇല്ലെന്നതാണ് യാഥാർത്ഥ്യം.

വ്യാഖ്യാനം, പ്രവചനം എന്നിവയെക്കുറിച്ചു കൂടി ചിന്തിച്ച് അടുത്ത സന്ദേശത്തിൽ ഈ ചിന്ത അവസാനിപ്പിക്കാം.
(തുടരും)

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.