ചെറു ചിന്ത: ദൈവത്താൽ മതിൽ ചാടിക്കടന്ന ഒരാൾ | സോനു സക്കറിയ ഏഴംകുളം

സാധാരണഗതിയിൽ അസാധ്യമെന്നു കരുതപ്പെടുന്നതിനെ ദൈവത്താൽ സാധ്യമാക്കിത്തീർക്കുന്ന ചിലർ; അങ്ങനെയുള്ളവരുടെ അനുഭവങ്ങൾ നമ്മിൽ ഉത്തേജനം നിറയ്ക്കാറുണ്ട്. ആ ഗണത്തിൽ ഒരാളാണ് ചാങ് ഷെൻ.

പത്തൊൻപതാം നൂറ്റാണ്ടിൻറെ രണ്ടാം പാദത്തിൽ വടക്കുകിഴക്കൻ ചൈനയിൽ ജനിച്ച ചാങ് ഷെൻ ഒരു മഹാതെമ്മാടിയായാണ് അറിയപ്പെട്ടിരുന്നത്. സമൂഹത്തിന് ഒരു ശല്യമായി ജീവിച്ചുവരവെ ഒരു നാൾ തൻറെ കാഴ്ച നഷ്ടപ്പെട്ടു. ചികിത്സാർത്ഥം ഒരു ക്രിസ്ത്യൻ മിഷൻ ആശുപത്രിയിൽ എത്തപ്പെട്ട ചാങ്ങിന്, അവിടെവച്ച് പുറംകണ്ണിനു മാത്രമല്ല അകക്കണ്ണിനും കാഴ്‌ച ലഭിച്ചു. ഒരു തികഞ്ഞ ക്രിസ്തുവിശ്വാസിയായി പുറത്തെത്തിയ അദ്ദേഹം തൻറെ ജീവിതം സുവിശേഷവേലയ്ക്കായി സമർപ്പിച്ചു.

ചില കാലങ്ങൾ കഴിഞ്ഞപ്പോൾ ഒരു നാടൻ വൈദ്യൻ ചാങ്ങിൻറെ കാഴ്ച പൂർണമായി നഷ്ടപ്പെടുത്തിയെങ്കിലും, അദ്ദേഹം തളർന്നില്ല. ദൃഢനിശ്ചയത്തോടെ താൻ ബൈബിൾ മനഃപ്പാഠമാക്കി. സുവിശേഷവുമായി ഗ്രാമഗ്രാമാന്തരങ്ങൾ സഞ്ചരിച്ച്, നൂറുകണക്കിനു പാപികളെ അദ്ദേഹം ക്രിസ്തുവിനുവേണ്ടി നേടി. അന്ധതമൂലം ഉണ്ടായ പ്രതിസന്ധികളെ ദൈവികകൃപയാൽ മറികടന്ന ചാങ്, കാഴ്ചയുള്ളവർക്കുപോലും ഒരു മനുഷ്യായുസ്സ്‌കൊണ്ട് ചെയ്യുവാൻ കഴിയുന്നതിനുമപ്പുറത്ത് ദൈവനാമത്തിനുവേണ്ടി ചെയ്‌തു.

അതോടെ സുവിശേഷവിരോധികൾ ചാങ്ങിനെതിരെ എഴുന്നേറ്റു; അദ്ദേഹത്തെ അവർ തടവിലാക്കി. വിശ്വാസം ഉപേക്ഷിക്കാൻ ചില മോഹനവാഗ്ദാനങ്ങൾ അവർ തൻറെ മുൻപിൽ വച്ചു. ചാങ് ഷെൻ പിന്മാറിയില്ല. ക്രിസ്തുവിനുവേണ്ടി മരിക്കുന്നതാണ് ലാഭമെന്ന് ബോധ്യമുണ്ടായിരുന്ന ആ ധീരഭടൻ, ഒടുവിൽ പ്രത്യാശയോടെ രക്തസാക്ഷിത്വം വരിച്ചു.

ചെറിയ പ്രയാസങ്ങൾ പോലും നമ്മിൽ പലരെയും തളർത്താറുണ്ട്. ചാങ് ഷെനിൻറെ ജീവിതം നമുക്ക് മാതൃകയാണ്. ക്രിസ്തുവിനുവേണ്ടി പ്രയോജനപ്പെടുവാൻ ജീവിതസാഹചര്യങ്ങൾ തടസ്സമല്ല. ഒറ്റപ്പെട്ടുപോയാലും, നിന്ദകൾ നേരിട്ടാലും, പീഡകൾ വന്നാലും, മാരകരോഗം പിടിപെട്ടാലും ഭൗതികബുദ്ധിമുട്ടുകൾ നേരിട്ടാലും, നിയമം എതിരായാലും, നാം ക്രിസ്തുപത്രങ്ങളായി അനേകരെ ദൈവത്തിങ്കലേക്ക് ആകർഷിക്കുവാൻ വിളിക്കപ്പെട്ടവരാണ് എന്ന് ബോധ്യം എപ്പോഴുമുണ്ടാകണം.

എനിക്ക് കഴിവില്ല എന്ന് സ്വയം ചിന്തിക്കുന്ന അനേകരുണ്ട്. എനിക്ക് പ്രസംഗിക്കാനറിയില്ല, നന്നായി പ്രാർത്ഥിക്കാനറിയില്ല, പാടാൻ വശമില്ല തുടങ്ങി അനേകന്യായങ്ങൾ. കഴിവുള്ളവരും കഴിവില്ലാത്തവരും ദൈവമുൻപിൽ ഒരേപോലെയാണ്. കഴിവല്ല വിഷയം, സമർപ്പണമാണ്; ബാക്കി ദൈവം ചെയ്തുകൊള്ളും. ദൈവം നമ്മിലൂടെ സംസാരിക്കും, പറയേണ്ടത് എന്തെന്ന് പരിശുദ്ധാത്മാവ് തക്കസമയത്തു തരും; അത് ന്യായാധിപസംഘത്തിലായാലും. ആത്മാവിൽ നാം പ്രാർത്ഥിക്കും, പാടും. വിക്കനായ മോശയെയും അന്ധനായ ചാങ് ഷെനിനെയും പോലെ നമ്മെയും ദൈവം ഉപയോഗിക്കും.

യിസ്രായേലിനെ അടിമകളാക്കി ഭരിച്ചിരുന്ന കനാന്യരാജ്യത്തെ സേനാപതിയായ സീസെരായെ തകർക്കാൻ ദൈവം ഉപയോഗിച്ചത് ഒരു സാധാരണ വീട്ടമ്മയായിരുന്ന യായേലിനെയാണ്. അതുവഴി യിസ്രായേലിന് വിജയം ലഭിച്ചപ്പോൾ, യായേലിനെ “നാരീജനത്തിൽ, കൂടാരവാസിനീജനത്തിൽ അനുഗ്രഹം ലഭിച്ചവൾ” എന്നാണ് ബൈബിൾ ചരിത്രം വിശേഷിപ്പിക്കുന്നത്.

നാം ആരാണ്, നമുക്ക് കഴിവുണ്ടോ എന്നൊന്നും ദൈവം നോക്കുന്നില്ല. തയ്യാറാണോ, ദൈവം ഉപയോഗിക്കും. എൻറെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും എന്നത് നമ്മെ ബലപ്പെടുത്തുന്ന വാക്യമാണ്; അത് ഫലത്തിൽ വരുത്താറുണ്ടോ എന്നതാണ് ചിന്തനീയമായ ചോദ്യം. അന്ധത ചാങ് ഷെനിൻറെ ജീവിതവഴിയടച്ച ഒരു വൻമതിലായിരുന്നു. സാധാരണഗതിയിൽ അവിടംകൊണ്ട് എല്ലാം അവസാനിക്കേണ്ടതാണ്. പക്ഷെ അദ്ദേഹത്തിൽ ദൈവം പകർന്ന അസാധാരണ കൃപ, ആ മതിലിനെ ചാടിക്കടക്കാൻ തന്നെ പ്രാപ്തനാക്കി. ദൈവികപദ്ധതി തന്നിലൂടെ തികച്ചെടുക്കപ്പെടുന്നതുവരെ ഓടുവാൻ, ആ കൃപ അദ്ദേഹത്തെ ശക്തിപ്പെടുത്തി.

ചെറുതും വലുതുമായ മതിലുകൾ നമ്മുടെ ജീവിതത്തിലും വന്നേക്കാം. തളരരുത്; ദൈവം നമ്മെ ശക്തരാക്കും. നേരിടുന്ന വന്മതിലിൽ തട്ടി തീരാനുള്ളതല്ല ഒരു ദൈവപൈതലിൻറെ യാത്ര. മതിൽ ചാടിക്കടക്കാൻ നാം തയ്യാറാണെങ്കിൽ; ശക്തി പകരുവാൻ ദൈവം കൂടെയുണ്ട്.

സോനു സക്കറിയ ഏഴംകുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.