ശുഭദിന സന്ദേശം : അന്യഭാഷയും അന്യായഭാഷയും(2) |ഡോ.സാബു പോൾ

അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാൽ സഭയുടെ ആത്മിക വർദ്ധനെക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ”(1കൊരി.14:12).

സാമൂഹിക മാധ്യമങ്ങളിൽ ലൈവിൽ വന്ന് ചുമ്മാ അന്യഭാഷ പറയുന്നത് വചനാനുസൃതമോ
എന്നതിനെക്കുറിച്ചുള്ള ചർച്ച തുടരുന്നു……

ഈ ചിന്തയുടെ ഒന്നാം ഭാഗം അയച്ചു കഴിഞ്ഞപ്പോൾ പാസ്റ്റർ ഷെമീർ കൊല്ലത്തിൻ്റെ ‘അന്യഭാഷ’ എന്ന പ്രഭാഷണത്തിൻ്റെ യൂടൂബ് ലിങ്ക് എനിക്ക് ഒരാൾ അയച്ചു തന്നു. ‘ബൈബിൾ വായനയിൽ എനിക്ക് മനസ്സിലായത്’ എന്ന് പറഞ്ഞ് അദ്ദേഹം അവതരിപ്പിക്കുന്ന ആശയങ്ങൾ പെന്തെകൊസ്തൽ ഉപദേശത്തിൽ നിന്നും തികച്ചും വിഭിന്നമാണ്. (തൻ്റേതാണ് ശരിയായ ഉപദേശം എന്നദ്ദേഹം അവകാശപ്പെടുന്നില്ലെങ്കിലും അദ്ദേഹത്തിൻ്റെ ‘ബോധ്യങ്ങൾ’ പലരെയും തെറ്റിക്കാൻ സാദ്ധ്യതയുണ്ട്.) ചില ദിവസങ്ങൾക്ക് മുമ്പ് മാത്രം അപ് ലോഡ് ചെയ്ത ഈ വീഡിയോയുടെ ലിങ്ക് https://youtu.be/9gIM1xycfHg ഇതാണ്. അതുകൂടി കണ്ടു കഴിഞ്ഞപ്പോൾ ഈ ചർച്ചയുടെ പ്രസക്തി തിരിച്ചറിയുന്നതിനാൽ സംക്ഷിപ്തമായി പറയാൻ ആഗ്രഹിച്ചതിനെ അല്പം വിശദമായി തന്നെ ചർച്ച ചെയ്യാനാഗ്രഹിക്കുന്നു.

എൻ്റെ ഡോക്ടറേറ്റ് പഠനം ഒരു കത്തോലിക്ക സ്ഥാപനത്തിലായിരുന്നു. വിഷയം ‘പെന്തെക്കൊസ്ത് ആത്മീയത’യും. പബ്ളിക് ഡിഫൻസ് കഴിഞ്ഞ് ‘ഡോക്ടർ ഓഫ് തിയോളജി’ ആയി എന്നെ പ്രഖ്യാപിച്ചിട്ടും തിസീസിൻ്റെ ഔദ്യോഗിക അംഗീകരണത്തിന് സമയം പിന്നെയുമെടുത്തു. പ്രധാന പ്രതിബന്ധം പരിശുദ്ധാത്മശാസ്ത്രത്തെ സംബന്ധിച്ച എൻ്റെ കണ്ടെത്തലുകളോട് Third Reader ക്ക് ഉണ്ടായ വിയോജിപ്പായിരുന്നു. ”പരിശുദ്ധാത്മാവിനെ സംബന്ധിച്ച് ഗൗരവമായ പഠനം പാശ്ചാത്യ, പൗരസ്ത്യ, പ്രൊട്ടസ്റ്റൻ്റ് സഭകൾ നടത്തിയില്ല. അത് ചെയ്തത് പെന്തെക്കൊസ്ത് മുന്നേറ്റമാണ്” എന്ന വാക്ക് അദ്ദേഹത്തിന് ഒട്ടും അംഗീകരിക്കാനായില്ല. തെളിവിനായി പല ഫുട്നോട്സും നൽകിയിട്ടും അദ്ദേഹം സംതൃപ്തനായില്ല. ‘എന്റെ കണ്ടെത്തൽ പൂർണ്ണമായും ശരിയാണ്’ എന്ന് അദ്ദേഹത്തെ തിയോളജിയിൽ ഏറ്റവും ഉന്നത ബിരുദമുള്ള മറ്റൊരു പുരോഹിതൻ ബോധ്യപ്പെടുത്തിയപ്പോഴാണ്‌ അദ്ദേഹം അവസാനം അതംഗീകരിക്കാൻ തയ്യാറായത്.

അന്യഭാഷയെ സംബന്ധിച്ചും ഇതേ പ്രശ്നമുണ്ട്. ബൈബിൾ കമൻ്ററിയെഴുതിയവർക്ക് പ്രവചനം, അന്യഭാഷ എന്നിവയെക്കുറിച്ച് ശരിയായ ധാരണയുണ്ടായിരുന്നില്ലെന്ന് അവരുടെ ആശയങ്ങൾ വായിക്കുമ്പോൾ മനസ്സിലാകും. കാരണം, അവർ പ്രതിനിധാനം ചെയ്യുന്ന സഭയിൽ അതുണ്ടായിരുന്നില്ല. ഉദാഹരണമായി, പ്രവചനത്തെ വചനപ്രഭാഷണമായാണ് ചില വ്യാഖ്യാതാക്കൾ കാണുന്നത്. അതുകൊണ്ട് ശരിയായ ഒരു നിർണ്ണയത്തിലെത്താൻ പല വ്യാഖ്യാതാക്കളുടെ അഭിപ്രായങ്ങൾ നിഷ്പക്ഷതയോടെ പഠിച്ചേ മതിയാവൂ…!

ചില പ്രത്യേക വിഷയങ്ങൾ പഠിക്കുമ്പോൾ മലയാളം ബൈബിൾ മാത്രം വായിച്ച് നിഗമനത്തിലെത്തുന്നത് അബദ്ധമായേക്കാം. അന്യഭാഷകൾ(പ്രവൃ.2:4,10:45), ഭാഷാവരം(1കൊരി.13:8), വിവിധ ഭാഷാ വരം(1കൊരി.12:28), പലവിധ ഭാഷകൾ(1കൊരി.12:10) എന്നിങ്ങനെയുള്ള വ്യത്യസ്ത പദങ്ങൾ വായിക്കുമ്പോൾ ഇതെല്ലാം പല കാര്യങ്ങളാണ് എന്ന ചിന്തയുണ്ടാകാൻ സാദ്ധ്യതയുണ്ട്. എന്നാൽ ഇവിടെയെല്ലാം ഗ്രീക്കിൽ ഗ്ലോസ്സ(GIossa) എന്ന ഏകവചനവും, ഗ്ലോസ്സായി(Glossai) എന്ന ബഹു വചനവുമാണ് നൽകിയിരിക്കുന്നത്. അന്യഭാഷാ ഭാഷണത്തിന് ‘ഗ്ലോസ്സോലാലിയ’ എന്ന ഗ്രീക്ക് പദമാണുപയോഗിച്ചിരിക്കുന്നത് എന്ന കാര്യം പൊതുവേ എല്ലാവർക്കുമറിയാം.

മറ്റൊന്ന്, അപ്പൊ. പ്രവൃത്തി രണ്ടാം അദ്ധ്യായത്തിൽ കൂടി വന്നവർ പറഞ്ഞ അന്യ ഭാഷ വന്നു കൂടിയവർക്ക് മനസ്സിലായി(2:7-11). എന്നാൽ കൊരിന്ത്യ സഭയ്ക്ക് എഴുതുമ്പോൾ അന്യഭാഷ മറ്റു മനുഷ്യർക്ക് തിരിച്ചറിയുന്നില്ല(1കൊരി.14:2) എന്ന് പൗലോസ് അപ്പൊസ്തലൻ പറയുന്നു. അപ്പോൾ ഇവ തമ്മിൽ വ്യത്യാസമില്ലേ എന്ന ചിന്തയാണ്.

അന്യഭാഷയിൽ മനുഷ്യരുടേയും ദൂതന്മാരുടേയും ഭാഷയുണ്ടെന്നാണ്(1 കൊരി.13:1) ഇതിന് മറുപടിയായി നൽകുന്ന ഒരു വ്യാഖ്യാനം. എന്നാൽ, താൻ അങ്ങനെ സംസാരിക്കുന്നുവെന്നല്ല പൗലോസ് പറയുന്നത്. പ്രത്യുത, ഞാൻ അങ്ങനെയൊക്കെ സംസാരിച്ചാലും തനിക്കു സ്നേഹമില്ല എങ്കിൽ ഒരു പ്രയോജനവുമില്ല എന്നാണ്. ”എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും, എൻ്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും”(വാ.3) എന്ന് തുടർന്ന് അദ്ദേഹം പറയുന്നുണ്ട്. അതിനർത്ഥം പൗലോസിൻ്റെ ശരീരം ചുടുവാൻ ഏല്പിച്ചുവെന്നല്ല. എത്ര വലിയ കൃപാവരമുണ്ടായാലും, എത്ര ത്യാഗം ചെയ്താലും സ്നേഹമില്ലെങ്കിൽ എല്ലാം വൃഥാവാണ് എന്ന് സ്ഥാപിക്കാനാണ് താനിവിടെ ശ്രമിക്കുന്നത്.

സാധാരണ മാനുഷീക ഭാഷകൾക്ക് ‘ഡയലെക്ടോസ്’ (Dialectos) എന്ന ഗ്രീക്ക് പദമാണ് ഉപയോഗിച്ചിരിക്കുന്നത് (അ.പ്രവൃ.1:19, 2:6,8, 21:40,22:2,26:4).

മറ്റു ഭാഷകൾ സംസാരിക്കാനുള്ള കഴിവാണ് അന്യഭാഷയെന്നും അത് സുവിശേഷ ഘോഷണത്തിന് പ്രയോജനമായിത്തീരാൻ നൽകിയതാണെന്നുമാണ് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നത്. എന്നാൽ ലുസ്ത്രയിലെ ആളുകൾ ലുക്കവോന്യ ഭാഷക്കാരായിട്ടും അപ്പൊസ്തലന്മാർ അവരുടെ ഭാഷയിലല്ല സംസാരിച്ചത് എന്ന് വ്യക്തമാണ് (പ്രവൃ.14:8-15).
(തുടരും)

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.