ശുഭദിന സന്ദേശം: ഗോചരവും, അഗോചരവും | ഡോ. സാബു പോൾ

അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു”(റോമ.1:23).

ഒരു അവിശ്വാസിയുമായി നടന്ന സംഭാഷണത്തെക്കുറിച്ച് സഭാപിതാവായ അഗസ്റ്റിൻ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു വിഗ്രഹത്തെ ചൂണ്ടിക്കാട്ടിയിട്ട് അയാൾ ചോദിച്ചു:
”ഇതാ എൻ്റെ ദൈവം! നിങ്ങളുടെ ദൈവം എവിടെ?”
വീണ്ടും ആകാശത്തേക്ക് വിരൽ ചൂണ്ടി അയാൾ ചോദിച്ചു:
”നോക്കൂ, അതും എൻ്റെ ദൈവമാണ്! താങ്കളുടെ ദൈവം എവിടെ?”
ചില ജീവികളെ ചൂണ്ടിക്കാണിച്ചും അയാൾ ചോദ്യം തുടർന്നു:
”ഇവയും എൻ്റെ ദൈവങ്ങളാണ്! താങ്കളുടെ ദൈവം?”

എന്നാൽ…
അഗസ്റ്റിൻ പറയുന്നു,
”എൻ്റെ ദൈവത്തെ ഞാൻ കാണിച്ചു കൊടുക്കാത്തത്, കാണിക്കാൻ ഒരു ദൈവമില്ലാത്തതു കൊണ്ടല്ല; ആ ദൈവത്തെ കാണാനുള്ള കണ്ണ് അയാൾക്കില്ലാത്തതുകൊണ്ടാണ്…..”

സത്യദൈവത്തെ അറിയാത്തവർക്ക് ഇത് മനസ്സിലാകുകയില്ല എന്നതിൻ്റെ തെളിവാണ് ഹിസ്ക്കിയാവിൻ്റെ നവീകരണത്തെക്കുറിച്ച് അശൂർരാജാവിൻ്റെ റബ്-ശാക്കേയുടെ നിരീക്ഷണം….
”അല്ല, നിങ്ങൾ എന്നോടു: ഞങ്ങളുടെ ദൈവമായ യഹോവയിൽ ഞങ്ങൾ ആശ്രയിക്കുന്നു എന്നു പറയുന്നു എങ്കിൽ, അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവു നീക്കിക്കളഞ്ഞിട്ടല്ലോ യെഹൂദായോടും യെരൂശലേമ്യരോടും യെരൂശലേമിലുള്ള ഈ യാഗപീഠത്തിന്റെ മുമ്പിൽ നമസ്കരിപ്പിൻ എന്നു കല്പിച്ചതു”(2 രാജാ.18:22).

ജാതീയ രാജാവിന് ദൃഷ്ടിഗോചരമായ എന്തെങ്കിലും കണ്ടാൽ മാത്രമേ അത് ദൈവമാണെന്നും ദൈവീക ആരാധനയാണെന്നും തിരിച്ചറിയാനാകൂ. എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ച അദൃശ്യനായ ദൈവമാണ്.

പക്ഷേ……

ബൈബിൾ ദൈവ വചനമാണെന്ന് അംഗീകരിക്കുന്നവർ പോലും ”മുമ്പിൽ ഒരു രൂപവുമില്ലാതെ എങ്ങനെ പ്രാർത്ഥിക്കാൻ കഴിയും?” എന്നു ചോദിക്കുമ്പോഴാണ് ശരിക്കും അമ്പരന്നു പോകുന്നത്…!

സഭാപിതാവായി വിശുദ്ധ അഗസ്റ്റിനെ അംഗീകരിക്കുന്നവർ…. അപ്പൊസ്തലനായ പൗലോസിനെ വിശുദ്ധപൗലോസ് എന്ന് ആദരവോടെ അഭിസംബോധന ചെയ്യുന്നവർ…
അവർ പറഞ്ഞത് തിരിച്ചറിയാൻ കഴിയാത്തവരായിപ്പോയി. പൗലോസിന്റെ ഭാഷയിൽ ”അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടു പോയി…”(റോമ.1:21).

പ്രിയമുള്ളവരേ,

സ്രഷ്ടാവായ ദൈവത്തെ സൃഷ്ടിയോട് സമനാക്കുന്നതിനെക്കാൾ വലിയ അവിവേകം മറ്റെന്താണ്….?

നമ്മുടെ ഹൃദയ ദൃഷ്ടി പ്രകാശിക്കട്ടെ….
സത്യ ദൈവത്തെ തിരിച്ചറിയാൻ കഴിയട്ടെ….
അദൃശ്യ ദൈവ സാന്നിദ്ധ്യത്തിനു മുമ്പിൽ ഹൃദയം പകരാൻ കഴിയട്ടെ…

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.