ചെറു ചിന്ത: രണ്ടാമതൊരവസരം | ജിതിൻ മാത്യു, തിരുവല്ല

ബൈബിൾ ഉടനീളം എടുത്തു പഠിച്ചാൽ ദൈവം കാലകാലങ്ങളിൽ പിന്മാറിപ്പോയ ഓരോരുത്തർക്കും ഒരു അവസരം കൂടി കൊടുക്കുന്നത് കാണുവാൻ സാധിക്കും. തന്റെ തെറ്റുകളെ ഓർത്തു അനുതപിച്ചു ദൈവസന്നിധിയിൽ വരുന്ന ഏവർക്കും അവൻ കരുണാസമ്പന്നനും ആർദ്രവാനുമാണ്‌.ദാവീദിന്, ഹിസ്കിയ രാജാവിന്, ശിംശോന് എന്തിനേറെ തന്നോടൊപ്പം ക്രൂശിലേറ്റപ്പെട്ട കള്ളന് പോലും തന്റെ അനുതാപത്തിന് മുന്നിൽ പറുദീസ കൊടുത്ത ഒരു നല്ല കർത്താവിനെയാണ് നാം സേവിക്കുന്നത്.
ഒരുകാലത്തു പച്ചതാടിയെല്ലുകൊണ്ട് ആയിരം പേരെ കൊന്ന ചരിത്രം പറയാനുള്ള ശിംശോൻ ദാഗോന്റെ ക്ഷേത്രത്തിൽ മാവുപൊടിക്കേണ്ട അവസ്ഥ വന്നു.തന്റെ നാസീർ വ്രതം തെറ്റിച്ചിട്ട് അഭിഷേകം നഷ്ടമായി നിൽക്കുന്ന ശിംശോന്റെ നിസ്സഹായമായ അവസ്ഥയിൽ തന്നെ ഓർക്കണമേ,ഒരു പ്രാവശ്യം കൂടി ശക്തി നൽകണമെന്ന് പ്രാർത്ഥിച്ചപ്പോൾ തന്നിലേക്കു ദൈവം ശക്തി കൊടുക്കുവാനും താൻ ജീവിച്ചിരുന്നപ്പോൾ കൊന്നതിൽ അധികംപേരെ മരണസമയത് കൊല്ലുവാനും ഇടയായി. ക്രൂശിൽ കിടന്ന കള്ളൻ അനുതാപത്തോടെ, തന്നെ കൂടി രാജത്വം പ്രാപിച്ചു വരുമ്പോൾ ഓർക്കേണമേ എന്ന് അപേക്ഷിച്ചപ്പോൾ തന്റെ ഭൂതകാലം നോക്കാതെ അവന്റെ മനസുകണ്ട് പറുദീസാ കൊടുത്ത എന്റെ കർത്താവ്. ഹിസ്‌കിയ രാജാവിനോട് യെശെയ്യാപ്രവാചകൻ തന്റെ ഗൃഹകാര്യം ക്രമത്തിൽ ആക്കണമെന്നും മരിച്ചുപോകും സൗഖ്യമാകയില്ലെന്നും പറഞ്ഞപ്പോൾ താൻ മുഖം ചുവരിന് നേരെ തിരച്ചിട്ട് വിശ്വസ്തതയോടെ തിരുമുൻപിൽ നടന്നത് ഓർക്കണമെന്ന് പ്രാർത്ഥിക്കുന്നതും കാണാം.തന്മൂലം ദൈവം തന്റെ പ്രാർത്ഥന കേൾക്കുകയും പതിനഞ്ചു സംവത്സരം കൂട്ടികൊടുക്കുകയും ചെയ്തു. തന്റെ കുറ്റം നാഥാൻ പ്രവാചകൻ വന്നു ദാവീദിനോട് പറഞ്ഞപ്പോൾ താൻ യഹോവയോട്‌ പാപം ചെയ്തെന്ന് പറഞ്ഞു അനുതപിക്കുന്നതും തന്മൂലം യഹോവ പാപം മോചിക്കുന്നതായും കാണാം. തന്നെ മൂന്നവട്ടം തള്ളിപ്പറഞ്ഞ പത്രോസിന്റെ അനുതാപത്തോടെ യുള്ള ഏറ്റുപറച്ചിലിൽ കർത്താവ് തന്നെ ചേർത്തുനിർത്തി കുഞ്ഞാടുകളെ മേയിക്ക എന്ന മഹൽ ദൗത്യം തന്നെ ഏല്പിച്ചു.
അതെ, ബൈബിളിലുടനീളം അനുതാപ ഹൃദയത്തോടെ ദൈവത്തിങ്കലേക്കു വന്നവർക്ക് ഒരു അവസരംകൂടെ കൊടുക്കുന്നതായി കാണാം.അവൻ നമ്മുടെ കണ്ണീരിനെ മറികടന്നു പോകുന്നവനല്ല.ഒരുപക്ഷെ നാം നേരോടെ ദൈവസന്നിധിയിൽ നിന്നിട്ട് അവിടംവിട്ട് അകന്ന് പോയവരായിരിക്കാം ദൈവത്തിന് അനിഷ്ടമായത് പ്രവർത്തിച്ചിരിക്കാം, എന്നാൽ സ്വർഗ്ഗത്തിലെ നല്ല അപ്പൻ നിനക്കായ് കാത്തിരിക്കുന്നു, അപ്പന്റെ ഭവനത്തിലേക്കുള്ള നിന്റെ മടങ്ങിവരവിന്റെ ദൂരം ഒരു അനുതാപത്തോടെയുള്ള നിന്റെ ഹൃദയവും പ്രാർത്ഥനയും മാത്രമാണ്. മുടിയനായ പുത്രനെ പോലെ അപ്പാ ഞാൻ സ്വർഗത്തോടും നിന്നോടും പാപം ചെയ്തു ഇനി നിന്റെ മകൻ എന്ന് പറയാൻ യോഗ്യനല്ല എന്നുള്ള അനുതാപത്തിന് മുന്നിൽ അകന്നുപോകുന്നവനല്ല നമ്മുടെ നല്ല അപ്പൻ. ഈ മഹാമാരിയുടെ സമയത്തും നമ്മെ ഓർക്കേണമേയെന്ന് പ്രാർത്ഥനയോടെ അനുതാപഹൃദയത്തോടെ ഒരു അവസരത്തിനായി കർത്താവിന്റെ സന്നിധിയിൽ താണിരിക്കാം.അവൻ അംഗീകരിക്കും നിശ്ചയം…!!!!

ജിതിൻ മാത്യു, തിരുവല്ല

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.