ശുഭദിന സന്ദേശം: പരിഹരിക്കുന്നവൻ, പരിഹസിക്കുന്നവർ | ഡോ. സാബു പോള്‍

”ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു”(1കൊരി.1:18).

ഫിജി ദ്വീപ് സന്ദർശിച്ച നിരീശ്വരവാദിയായ പ്രൊഫസറെക്കുറിച്ച് കേട്ടിട്ടുള്ള ഒരു സംഭവം…

അവിടെ ഒരു സുവിശേഷ യോഗത്തിലെ ഗായക സംഘത്തിന് നേതൃത്വം നൽകിക്കൊണ്ടിരുന്ന പ്രായമായ വ്യക്തിയോട് പ്രൊഫസർ പറഞ്ഞു:
”പഴയ ക്രിസ്തീയ മിഷണറിമാർ എഴുതിയ പാട്ടുകളാണല്ലൊ നിങ്ങൾ പാടുന്നത്. സകല മനുഷ്യർക്കും വേണ്ടി യേശു മരിച്ചെന്ന് പറയുന്നതൊക്കെ മൗഢ്യമല്ലേ….? ഇക്കാലത്തും ഇത് വിശ്വസിക്കുന്നവരുണ്ടല്ലോ എന്നോർത്ത് ഞാൻ ലജ്ജിക്കുന്നു…”

അതിനു മറുപടിയായി ആ മനുഷ്യൻ തൻ്റെ വിരലുകൾ ഒരു ദിശയിലേക്ക് ചൂണ്ടി.
”ആ വലിയ പാറ നിങ്ങൾ കാണുന്നുണ്ടോ…?
ആ പാറമേൽ മനുഷ്യരുടെ തല തല്ലിത്തകർത്തിട്ട് തൊട്ടപ്പുറത്ത് തീക്കുണ്ഡം കൂട്ടി ചുട്ടു തിന്നുന്നതായിരുന്നു ഞങ്ങളുടെ രീതി. നിങ്ങൾ പുച്ഛിച്ച മിഷണറിമാർ ഇവിടെ വന്നില്ലായിരുന്നെങ്കിൽ നിങ്ങൾ പണ്ടേ ഞങ്ങളുടെ ആഹാരമാകുമായിരുന്നു…..”

മേൽപ്പറഞ്ഞ ആധുനീക പ്രൊഫസറെപ്പോലെ പല ‘ബുദ്ധിജീവികളും’ ക്രിസ്തുവിൻ്റെ ക്രൂശിനെ ഭോഷത്വമായി കാണുന്നു.

പക്ഷേ, സമൂഹത്തിൽ വളർന്നു വരുന്ന മൂല്യച്യുതിക്കും തിന്മകൾക്കും പരിഹാരമെന്താണ്…?

ഒരു കാലത്ത് ശാസ്ത്രം പറഞ്ഞു മനുഷ്യൻ്റെ അജ്ഞതയാണ് അന്ധമായ മത വിശ്വാസത്തിലേക്ക് അവനെ നയിക്കുന്നതെന്ന്. വിജ്ഞാനം വരുമ്പോൾ അവൻ സകല തിന്മകളെയും അന്ധതകളെയും അതിജീവിക്കുമെന്നും ശാസ്ത്രം പ്രതീക്ഷ പ്രകടിപ്പിച്ചു.

*എന്നാൽ സംഭവിച്ചതെന്താണ്…?*

ജ്ഞാനം വർദ്ധിച്ചപ്പോൾ തിന്മകൾ ചെയ്യാൻ ‘ഹൈടെക് ‘ മാർഗ്ഗങ്ങൾ മനുഷ്യൻ അവലംബിച്ചു. എങ്ങനെ സയനൈഡ് കൊണ്ടും വിഷപ്പാമ്പിനെക്കൊണ്ടും ഉറ്റവരെ ഉന്മൂലനം ചെയ്യാമെന്ന് സാധാരണക്കാർ പോലും പഠിച്ചു.

പല മതങ്ങളും മറ്റുള്ളവരെ ഉന്മൂലനം ചെയ്യാനുള്ള തന്ത്രങ്ങളും പദ്ധതികളും ഉപദേശിച്ചു. അല്ലെങ്കിൽ, അത്തരം വ്യാഖ്യാനങ്ങൾ നൽകി തീവ്രവാദ ഗ്രൂപ്പുകൾ ജന്മമെടുക്കുകയും മറ്റുള്ളവരെ കൊന്നൊടുക്കുകയും ചെയ്തു.

*എന്നാൽ ക്രിസ്തുവിൻ്റെ ക്രൂശു ബലിയിൽ വിശ്വസിച്ചവരെ നോക്കൂ…..*

…അവർ തിന്മകളെ കീഴടക്കി.
…അധമ സ്വഭാവങ്ങളെ വെടിഞ്ഞു.
…മദ്യത്തെ പടിക്കു പുറത്താക്കി.
…കലഹവും കൊലപാതകവും ഇല്ലാതാക്കി.

*അവർ…*

…ശത്രുക്കളെ സ്നേഹിച്ചു.
…ഉപദ്രവിച്ചവർക്കു വേണ്ടി പ്രാർത്ഥിച്ചു.
…പരിഹാസവും നിന്ദയും സഹിച്ചു.

*അവർ…..*

…അവകാശങ്ങൾ നേടിയെടുക്കാൻ ജാഥകൾ നടത്തിയില്ല.
…ബസുകൾക്ക് കല്ലെറിഞ്ഞില്ല.
…പ്രതിഷേധ സമരങ്ങൾ നടത്തിയില്ല.
…സംഘം ചേർന്ന് മറ്റുള്ളവരെ ആക്രമിച്ചില്ല.

*കാരണം…..*

…ക്രൂശിലെ സ്നേഹം അവരുടെ പാപത്തെ പരിഹരിച്ചു.
…സകലരെയും സഹോദരങ്ങളായി കാണാൻ കൃപ നൽകി.
…സ്നേഹിക്കുന്ന, ക്ഷമിക്കുന്ന ദൈവത്തിൻ്റെ ഗുണവിശേഷങ്ങൾ അവരിൽ സ്വാഭാവികമായി വെളിപ്പെട്ടു.

ഒരു വശത്ത് ക്രൂശിതനെ പരിഹസിക്കുന്നവർ. മറുവശത്ത് അവരുടെയും പാപങ്ങളെ പരിഹരിക്കുന്ന ക്രൂശിതൻ…..

പ്രിയമുള്ളവരേ, നിഷ്പക്ഷമായി ചിന്തിച്ചാൽ, ഫലങ്ങളെ പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ ക്രൂശ് മനുഷ്യവർഗ്ഗത്തിന് വരുത്തിയ രൂപാന്തരം.വചനപ്രകാരമുള്ള സഭയുടെ ഭാഗമായിട്ടും ഇത്തരം മാറ്റങ്ങൾ താങ്കളിൽ വന്നിട്ടില്ലെങ്കിൽ താങ്കൾ വീണ്ടും ജനിച്ചിട്ടില്ലെന്നു കൂടി തിരിച്ചറിയുക….

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
ഡോ. സാബു പോള്‍

-Advertisement-

You might also like
Comments
Loading...