കോവിഡ് കാലം ദൈവദാസന്മാർക്ക് സമ്മാനിച്ചത് ദുരിതമോ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ക്രൈസ്തവ എഴുത്തുപുര സർവ്വേഫലം പുറത്ത്
തയ്യാറാക്കിയത്; ക്രൈസ്തവ എഴുത്തുപുര എഡിറ്റോറിയൽ ബോർഡ്
കോവിഡ് കാലഘട്ടത്തിൽ ദൈവദാസന്മാർ അനുഭവിക്കുന്ന സാമ്പത്തിക പ്രയാസങ്ങൾ എന്തൊക്കെയാണ് എന്ന് അന്വേഷണം നടത്തിയ ക്രൈസ്തവ എഴുത്തുപുര ടീമിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ.
ലോകമെമ്പാടും പകർന്ന മഹാവ്യാധി സർവ്വ മേഖലകളിലും ദുരിതം വിതച്ചു എന്നതാണ് സത്യം. എന്നാൽ കേരളത്തിലെ ദൈവദാസന്മാർ എങ്ങനെ ഈ പ്രതിസന്ധിയെ അതിജീവിക്കുന്നു എന്ന അന്വേഷണമാണ് ക്രൈസ്തവ എഴുത്തുപുരയെ ഇങ്ങനെയൊരു സർവ്വേയിൽ എത്തിച്ചത്. സഭാ ഹോളുകൾ അടഞ്ഞു കിടക്കുവാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടു. ഇതിനിടയിൽ കൊറോണ വ്യാപനം കുറഞ്ഞു എന്ന തോന്നൽ ഉണ്ടായപ്പോൾ സഭാഹോളുകൾ തുറക്കണം എന്ന ആവശ്യമായി ഒരു കൂട്ടർ രംഗത്തുവന്നിരുന്നു. എന്നാൽ പിന്നീട് ഇതിന് അനുമതി ലഭിച്ചെങ്കിലും, തുറക്കാതെ ഇരുന്ന തീരുമാനം ഒരർത്ഥത്തിൽ നന്നായി എന്ന് വേണം ഇപ്പോൾ കരുതുവാൻ. കാരണം വീണ്ടും രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഇതിൽ ഉത്തരവാദിത്വം സഭാനേതൃത്വത്തിൻ്റെയും വിശ്വാസികളുടെ മേൽ വന്നില്ല എന്ന ആശ്വാസമുണ്ട്. ഈ സർവ്വേയിൽ ക്രൈസ്തവ എഴുത്തുപുര പ്രധാനമായും മുന്നോട്ട് വെച്ചത് അഞ്ച് ചോദ്യങ്ങളാണ്
1 ) കേരളത്തിലെ ഒരു പാസ്റ്റർക്ക് ലഭിച്ചു കൊണ്ടിരുന്ന വരുമാനത്തിൽ എന്ത് കുറവുണ്ടായി?
2 ) ഈ സാമ്പത്തിക മാന്ദ്യതയെ എങ്ങനെയാണ് നേരിടുന്നത്?
3) ഓൺലൈൻ സാധ്യതകൾ ഉപയോഗിച്ചു കൂട്ടായ്മകൾ നടത്തുന്നുണ്ടോ? ഉണ്ടെങ്കിൽ അതും സാമ്പത്തിക വരുമാനവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
4) വരുമാനത്തിൽ ഉണ്ടായ കുറവും അതിനെ തുടർന്ന് ചെയ്തുതീർക്കാൻ ആവാതെ മുടങ്ങിയ കാര്യങ്ങളും എന്തൊക്കെയാണ്?
5)നിങ്ങളുടെ സഭാനേതൃത്വവും മറ്റു സംഘടനകളും നിങ്ങൾക്ക് ഏതൊക്കെ രീതിയിൽ സഹായങ്ങൾ ചെയ്തു?
യഥാർത്ഥത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് സർവേയിൽ നിന്ന് ലഭിച്ചത്. അതിൽ പ്രധാനം കേരളത്തിലെ 82 ശതമാനം ദൈവദാസന്മാരും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിൽ കൂടിയാണ് കടന്നുപോകുന്നത്. പട്ടിണിയുടെ അനുഭവമുള്ള ദൈവദാന്മാർ നിരവധി ഉണ്ട് എന്നുള്ളതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ഇതിൽ 68 ശതമാനത്തിൻ്റെ സ്ഥിതി വളരെ ബുദ്ധിമുട്ടിലും 14 ശതമാനത്തിൻ്റെ സ്ഥിതി താരതമ്യേന ഭേദവും ആണ്. 18 ശതമാനം ദൈവദാസന്മാർക്ക് കാര്യമായ സാമ്പത്തിക പ്രശ്നങ്ങൾ ഇല്ല. അതിന് കാരണം താരതമ്യേന വലിയ സഭകളിൽ ശുശ്രൂഷിക്കുന്നത് കൊണ്ടും മാസവരുമാനം കൃത്യമായി ഇപ്പോഴും ലഭിക്കുന്നുണ്ട് എന്നതുമാണ്.
ആഹാരത്തിനു പോലും ഭാരപ്പെടുന്ന ദൈവദാസന്മാർ ആണ് കൂടുതലും. ഈ കാര്യങ്ങൾ പുറത്തു പറയുവാനും സർവ്വേ ടീമിനോട് വെളിപ്പെടുത്തുവാനും തന്നെ ഇവർക്ക് ബുദ്ധിമുട്ടായിരുന്നു. മാസവാടക,
കറണ്ട് ബിൽ, കുട്ടികളുടെ ഫീസ് തുടങ്ങിയവ അടക്കുവാൻ വന്നേ ബുദ്ധിമുട്ടുന്നവരാണ് ഭൂരിപക്ഷവും. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇൻറർനെറ്റ് / കേബിൾ ടിവി റീചാർജ്, അനുബന്ധ ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവക്ക് ബുദ്ധിമുട്ടുന്നവരും ഏറെയാണ്. ചികിത്സാസംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുന്നവരും കുറവല്ല.
തങ്ങളുടെ സഭാ നേതൃത്വത്തിൽനിന്നും ഭക്ഷണ കിറ്റ് പോലെയുള്ളവ ഉള്ള ലഭിച്ചത് 30 ശതമാനത്തിന് താഴെ മാത്രമാണ് എന്ന് സർവേ സൂചിപ്പിക്കുന്നു. അതും ഒറ്റത്തവണ മാത്രം.
ചെറിയ സഭകളിലും മറ്റ് സ്വതന്ത്ര സഭകളിലും ശുശ്രൂഷിക്കുന്ന ദൈവദാസന്മാരുടെ കാര്യമാണ് കൂടുതൽ പ്രയാസത്തിൽ ആയിരിക്കുന്നത്. മറ്റ് സാമൂഹിക സേവന സംഘടനകളുടെ എന്തെങ്കിലും സഹായം ലഭിച്ചത് 10 ശതമാനത്തിൽ മാത്രം താഴെ ആളുകൾക്കാണ്.
ഓൺലൈൻ വഴി കൂട്ടായ്മകൾ നടത്തുന്നത് 20 ശതമാനം മാത്രമാണ്. ഇത് ദൈവദാസന്മാർക്ക് കാര്യമായ വരുമാനത്തിന് കാരണമാകുന്നുമില്ല.
കേരളത്തിലെ അപേക്ഷിച്ച് നോർത്ത് ഇന്ത്യയിലും മറ്റുമുള്ള ദൈവദാസന്മാരുടെ സ്ഥിതി പരിതാപകരമാണ് എന്ന് പറയേണ്ടി വരും.
ഇന്ത്യയിൽ വിവിധ പ്രദേശങ്ങളിൽ ആയിരിക്കുന്ന വിവിധ പ്രായത്തിലുള്ള അഞ്ഞൂറോളം ദൈവദാസന്മാരുമായാണ് ക്രൈസ്തവ എഴുത്തുപുര ബന്ധപ്പെട്ടത്.
തങ്ങളുടെ ബുദ്ധിമുട്ടുകൾ മനുഷ്യരോട് പറയാതെ വിശ്വാസത്താലുള്ള ജീവിതം നയിക്കുകയാണ് ഭൂരിഭാഗവും. തങ്ങളുടെ ബുദ്ധിമുട്ടുകൾ പുറത്തു പറയാൻ ഇവർ ആഗ്രഹിക്കുന്നില്ല. എത്രയും വേഗം ഈ മഹാവ്യാധി അവസാനിക്കട്ടെ എന്ന് ഞങ്ങളും പ്രാർത്ഥിക്കുന്നു.
അതോടൊപ്പം ഞങ്ങൾ ആഗോള ക്രൈസ്തവ എഴുത്തുപുര കുടുംബം ഈ ലോക്ക്ഡൗൺ സമയത്ത് ചെയ്ത സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് ഒപ്പം അത്യാവശ്യ സഹായങ്ങൾ ആവശ്യമുള്ള 76 ദൈവദാസൻമാർക്ക് സാമ്പത്തികമായി സഹായം എത്തിക്കുവാൻ കഴിഞ്ഞു എന്നതിൽ തികഞ്ഞ ചാരിതാർഥ്യം ഉണ്ട് .
ആയതിനാൽ നിങ്ങളും നിങ്ങളാൽ കഴിയും വിധം സഹായം നിങ്ങളുടെ ദൈവദാസന്മാർക്ക് ചെയ്യുന്നതിൽ ഒട്ടും ഉപേക്ഷ വിചാരിക്കരുത് എന്ന് സ്നേഹത്തോടെ പ്രിയപ്പെട്ട വായനക്കാരേ ഓർമിപ്പിക്കട്ടെ.