ചെറു ചിന്ത: പരിശ്രമത്താൽ എന്തിനേയും വശത്താക്കാം | പാ. പ്രമോദ് സെബാസ്റ്റ്യന്‍

A feeling of deep admiration for someone or something elicited by their abilities, qualities, or achievements.
ഒരു വ്യക്തിക്ക് , ഒരു വസ്തുവിന്, ഒരു നേട്ടത്തിന്, ഒരു കഴിവിന് നാം നല്‍കുന്ന വ്യക്തിപരമായ മൂല്യമാണ് ബഹുമാനത്തിനാധാരം.

ഒരാള്‍ എങ്ങനെയാണ് ജീവിക്കുന്നത്, സമൂഹത്തില്‍ എങ്ങനെയാണ് പെരുമാറുന്നത്, എങ്ങനെയാണ് സംസാരിക്കുന്നത്, മറ്റുള്ളവരോട് അയാളുടെ സമീപനം എങ്ങനെയാണ്, അയാള്‍ എത്രത്തോളം സത്യസന്ധനാണ്, അയാൾ എത്രത്തോളം കഠിനാധ്വാനിയാണ്, എത്രത്തോളം ജ്ഞാനിയാണ്, ബഹുമാനത്തിന് കാരണങ്ങൾ പലതാകാം.

ഒരു വ്യക്തിയെ ബഹുമാനിക്കുന്നു എങ്കിൽ ആ വ്യക്തിക്കു പ്രത്യേകശ്രദ്ധ നൽകി മതിപ്പോടെ കാണുന്നു. ന്യായമായും ആ വ്യക്തി ബഹുമാനത്തിന്‌ അർഹമായ എന്തെങ്കിലും ചെയ്‌തിട്ടുണ്ടാകും അത് നമ്മെ സ്വാധീനിച്ചിട്ടുണ്ടാകാം.
മറ്റുള്ളവരെ ബഹുമാനിക്കുക എന്നത് ഒരു പരിഷ്കൃത ലക്ഷണമത്രേ.

മറ്റുള്ളവരെ ബഹുമാനിക്കുക എന്നതുപോലെ വളരെ പ്രാധാന്യമുള്ള കാര്യമാണ് സ്വയം ബഹുമാനിക്കുക എന്നുള്ളത്. മറ്റുള്ളവരെ ബഹുമാനിക്കണമെങ്കില്‍ സ്വയം ബഹുമാനിക്കാന്‍ പരിശീലിക്കണം. ഏതു നല്ല മാറ്റവും നമ്മിൽനിന്ന് ആരംഭിക്കണം.

നാം ആരെന്ന് അറിയുകയും നമ്മുടെ കഴിവുകളില്‍ വിശ്വാസമുണ്ടാവുകയും നമ്മുടെ ഗുണങ്ങളെക്കുറിച്ച് ആത്മാഭിമാനം തോന്നുകയും ചെയ്യുന്നുണ്ടെങ്കില്‍ നമുക്ക് സ്വയം ബഹുമാനിക്കാനറിയാം.

ചിലര്‍ സ്വന്തം കാര്യത്തെക്കുറിച്ച് പോലും സ്വയം താഴ്ത്തി സംസാരിക്കുന്നത് കേട്ടിട്ടില്ലേ.എനിക്ക് അത്ര വലിയ കഴിവൊന്നുമില്ല. ഇപ്പോഴും മറ്റുള്ളവരെ കാണുമ്പോള്‍ എന്‍റെ മുട്ടു വിറയ്ക്കും. ഓ, ഞാന്‍ ഈ അറ്റത്തെങ്ങാനും ഇരുന്നോളാം’എന്നിങ്ങനെയുള്ള കമന്‍റുകള്‍ പലപ്പോഴും എളിമയുടെ ലക്ഷണങ്ങളായി കണക്കാക്കാന്‍ പറ്റില്ല. അത് ആത്മവിശ്വാസക്കുറവിന്റെയും സ്വയം ബഹുമാനിക്കാനറിയാത്തതിന്റേതും ആകാം.
‘ദേ, ഞാനൊരു തറയാ’ എന്ന് ചിലര്‍ വീമ്പു പറയുന്നത് കേള്‍ക്കാം. ഇതിങ്ങനെ പലവട്ടം ആവര്‍ത്തിക്കുമ്പോള്‍ ഉപബോധമനസ് അത് സ്വീകരിച്ചു അതിനനുസരിച്ച് പെരുമാറാന്‍ തുടങ്ങും. വാക്കും ചിന്തയും നിമിത്തം യഥാര്‍ഥത്തില്‍ ഒരു തറയാകുന്നു.

ഒരു വ്യക്തിയെ അദ്വിതീയനാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം, അവൻ ആരാണെന്ന് പൂർണ്ണമായും ഉൾക്കൊള്ളുകയും അവൻ ആരാണെന്ന് വ്യക്തമാക്കുന്ന എല്ലാത്തിനും അത് അനുസരിച്ച് ജീവിതം നയിക്കാൻ തയ്യാറാകുകയും ചെയ്യുമ്പോൾ ആണ്.

സ്വയം ബഹുമാനിക്കുക. സ്വന്തം കഴിവുകൾ കണ്ടെത്തുക. ആ കഴിവുകൾ പ്രയത്നങ്ങളിലൂടെ വളർത്തുക. വിജയം നേടിയെടുക്കുക, കാര്യങ്ങള്‍ നേടുമ്പോൾ സ്വയം അഭിനന്ദിക്കുക.

വലിയ നേട്ടം ഒരു ദിനം കൊണ്ട് എത്തുകയില്ല.ഓരോ നേട്ടവും ശ്രേഷ്ഠം എന്ന് കരുതി അടുത്ത നേട്ടത്തിനായി പൊരുതുക. പരിശ്രമത്താൽ എന്തിനെയും വശത്താക്കാം. ഇനിയും വലിയ ജയങ്ങൾ മുന്നിലുണ്ട്. ഇതുവരെ നേടിയതൊന്നും ചെറുതുമല്ല .

പാ. പ്രമോദ് സെബാസ്റ്റ്യന്‍

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.