ശുഭദിന സന്ദേശം : ദിവ്യശക്തിയും ദിവ്യസ്വഭാവവും | ഡോ.സാബു പോൾ
”…നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവന്നും ഭക്തിക്കും വേണ്ടിയതു….ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു”(2 പത്രോ.1:3,4).
ആത്മീയ ജീവിതത്തിൻ്റെ ആരംഭം എപ്പോഴാണ്…?
ക്രിസ്തീയ പേരുള്ള മാതാപിതാക്കളുടെ മക്കളായി ജനിക്കുമ്പോഴാണോ…?
അല്ലെന്നാണ് നിക്കൊ ദെമോസുമായുള്ള കർത്താവിൻ്റെ സംഭാഷണം വ്യക്തമാക്കുന്നത്(യോഹ.3).
യഹൂദ കുടുംബത്തിൽ ജനിച്ച, തുറന്ന മനസ്സോടെ സത്യാന്വേഷണത്തിനായി സമർപ്പിച്ച, തീവ്രനിലപാടുകളിൽ നിലനിൽക്കുന്ന പരീശ സമൂഹത്തിൻ്റെ പ്രതിനിധിയും പ്രമാണിയുമായ ഒരുവൻ്റെ ജീവിതമാകുന്ന പുസ്തകത്തിലെ ഇതുവരെയുള്ള ഏടുകൾ(പാരമ്പര്യങ്ങൾ) ഒന്നുമല്ലെന്നും വചനത്താലും പരിശുദ്ധാത്മാവിനാലുമുള്ള പുതിയ തുടക്കമാണ് സ്വർഗ്ഗത്തിനവകാശിയാകുവാൻ ആദ്യപടിയെന്നും അസന്നിഗ്ദമായി കർത്താവ് പ്രഖ്യാപിക്കുന്നു.
ഇനി അപ്പൊസ്തല പ്രവൃത്തി രണ്ടാമധ്യായത്തിലേക്ക് വരാം….
പരിശുദ്ധാത്മ അവരോഹണത്തോടെ സഭയ്ക്ക് സമാരംഭം കുറിക്കുമ്പോൾ കൂടി വന്നവരോട് പത്രോസ് അപ്പൊസ്തലൻ പ്രസംഗിക്കുന്നു. ‘ഞങ്ങൾ എന്തു ചെയ്യണം?’ എന്ന ചോദ്യത്തിന് മറുപടിയായി മാനസാന്തരം, സ്നാനം, പരിശുദ്ധാത്മ സ്നാനം, വേർപാട് എന്നിവയെ അക്കമിട്ട് നിരത്തുന്നു(38,40).
അങ്ങനെ സ്നാനമേറ്റ് സഭയോട് ചേർന്നവർ അപ്പൊസ്തലിക ഉപദേശം, കൂട്ടായ്മ, അപ്പം നുറുക്ക്, പ്രാർത്ഥന എന്നിവ സഭാ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകങ്ങളാക്കി തുടർന്നു പോന്നു(42).
ഭൂമിയിൽ ജനിച്ചു വീഴുന്ന കുഞ്ഞ് മലർന്നും കമിഴ്ന്നും മുഴങ്കാലിൽ നീന്തിയും ഇരുന്നും അവസാനം എഴുന്നേറ്റ് നിൽക്കുന്നതു പോലെ ക്രിസ്തീയ ജീവിതത്തിനും ഒരു ക്രമവും വളർച്ചയുമുണ്ട്. അതിനെ ക്രമവിരുദ്ധമാക്കാൻ നമുക്കവകാശമില്ല. അതുകൊണ്ടാണല്ലൊ ശിശു സ്നാനം വചനപ്രകാരം ശരിയല്ലെന്ന് നാം വാദിക്കുന്നതും…..
ഇനി, പ്രധാന വിഷയത്തിലേക്ക് വരട്ടെ. ദിവ്യശക്തിയാണോ, ദിവ്യ സ്വഭാവമാണോ പ്രധാനം….?
പത്രോസ് ശ്ലീഹ പറയുന്നത് ശ്രദ്ധിക്കുക. ദിവ്യശക്തിയാലാണ് ജീവനും ഭക്തിക്കും വേണ്ടതെല്ലാം ലഭിക്കുന്നത്, അതിമഹത്തായ വാഗ്ദത്തങ്ങൾ നൽകപ്പെട്ടത്.
ദിവ്യശക്തിയാൽ മേല്പറഞ്ഞതെല്ലാം ലഭിക്കുമെന്നത് ശരിയായിരിക്കുമ്പോൾ തന്നെ അവയുടെ പരമമായ ലക്ഷ്യമെന്താണെന്ന് തുടർന്ന് പത്രോസ് ശ്ലീഹ വ്യക്തമാക്കുന്നു. ‘ലോകത്തിലെ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ട് ദിവ്യസ്വഭാവത്തിന് കൂട്ടാളികളായിത്തീരാൻ’ വേണ്ടിയാണ് ഇവയെല്ലാം നമുക്ക് നൽകപ്പെട്ടത്.
അപ്പോൾ ദിവ്യസ്വഭാവമാണ് പരമപ്രധാനമായതും ആത്മീയ പുരോഗതിയിലേക്ക് മുന്നേറുമ്പോൾ ലഭിക്കുന്നതും.
ഇനി, നമ്മൾ ഏതിനാണ് പ്രാധാന്യം കൊടുക്കുന്നത്…?
ദിവ്യശക്തി പ്രദർശിപ്പിക്കുന്ന ശുശ്രൂഷ ചെയ്യുന്ന വ്യക്തിയെയോ, അതോ ദൈവീക സ്വഭാവം ജീവിതത്തിൽ വെളിപ്പെടുത്തുന്ന വ്യക്തിയെയോ…?
പലപ്പോഴും ദിവ്യശക്തി പ്രദർശിപ്പിക്കുന്ന വ്യക്തിക്കാണ് പ്രാധാന്യം നമ്മൾ നൽകുന്നത്. ദിവ്യശക്തി ലഭിച്ചവർ ആ ശക്തിയാൽ ലോകത്തിലെ മോഹത്താലുള്ള നാശത്തെ ജയിക്കണമായിരുന്നു. അത് സംഭവിക്കാത്തതു കൊണ്ടാണ് ഇന്നലെകളിലെ മിസ്രയീമ്യ ലാവണത്തിലേക്ക് ചിലർ മടക്കയാത്ര നടത്തിയത്….
പ്രിയമുള്ളവരേ,
മുമ്പിലുള്ള പല പ്രലോഭനങ്ങളെയും നാം തരണം ചെയ്യേണ്ടതായിട്ടുണ്ട്. അതിന് സ്വാഭാവിക ശക്തി കൊണ്ട് കഴിയുകയില്ല. അതുകൊണ്ടാണ് ദിവ്യശക്തി നമുക്ക് നൽകിയിരിക്കുന്നത്. ദിവ്യസ്വഭാവത്തിന് ഉടമകളാകാം…!
ജയകരമായ ക്രിസ്തീയ ജീവിതം നയിക്കാം…!!
ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
ഡോ.സാബു പോൾ




- Advertisement -