ലേഖനം: ഉറപ്പും ആഗ്രഹവും | അനീഷ് ജോണ് ജേക്കബ്, കുവൈറ്റ്

ജ്യേഷ്ഠസഹോദരനായ അഹരോന്റെ കുഴിമാടത്തിനരികെ നിന്ന് മനുഷ്യജീവിതത്തിന്റെ ക്ഷണികതയെ ഇളയ സഹോദരൻ മോശെ വിവരിക്കുന്നതാണ് തൊണ്ണൂറാം സങ്കീർത്തനത്തിന്റെ പ്രമേയം. അഹരോന്റെ വേർപാട് സൃഷ്ടിക്കുന്ന ശൂന്യത ആഴമുള്ളതെങ്കിലും ഭക്തനായ മോശെയുടെ ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും പ്രത്യാശയും ഉന്നതനിലവാരത്തിലെത്തുന്ന മനോഹരദൃശ്യമാണ് അനുവാചകർക്ക്‌ നൽകുന്നത് . സങ്കീർത്തനം 90 നൽകുന്നത് പ്രധാനമായും രണ്ട് ആശയങ്ങൾ ആണ്.

1. മോശെയുടെ ഉറപ്പ്‌ – സങ്കീ 90 : 10
മനുഷ്യ ജീവിതത്തെ കുറിച്ചുള്ള മോശെയുടെ ‘2 ‘ വിലയിരുത്തലുകൾ ശ്രദ്ധേയവും ചിന്തനീയവുമാണ് .

(എ) മനുഷ്യജീവിതം രാവിലെ താഴെച്ചു വളർന്ന് വൈകുന്നേരം
വാടിപ്പോകുന്ന പുല്ലിന് സമമാണ് – സങ്കീ 90 : 5 ,6 .
(ബി) മനുഷ്യന്റെ ആയുഷ്കാലം വേഗം തീരുന്നതും , ആയുസ്സിന്റെ
പ്രതാപം പ്രയാസവും ദുഖവും മാത്രമാണ് – സങ്കീ 90 : 10

മേല്പറഞ്ഞവ ഒരു യാഥാർഥ്യമായി നിലകൊള്ളുമ്പോൾ തന്നെ
” ഞങ്ങൾ പറന്നു പോകും ” എന്നുള്ളതായിരുന്നു മോശെയുടെ ഉറപ്പ് . ഇത് മോശെക്കു മാത്രമല്ല ഏതു കാലത്തും ജീവിക്കുന്ന ക്രിസ്തുഭക്തർക്ക് ഉറപ്പോടെ സധൈര്യം പ്രഘോഷിക്കുവാൻ കഴിയുന്ന വാക്കുകളാണീ
2. മോശെയുടെ ആഗ്രഹം – സങ്കീ 90 : 12
“ജ്ഞാനമുള്ളൊരു ഹൃദയം ” വേണമെന്നുള്ളതാണ് മോശെയുടെ ആഗ്രഹം . മിസ്രയിമിലെ സകല ജ്ഞാനവും അഭ്യസിച്ച മോശെ ലോകജ്ഞാനത്തിന്റെ നശ്വരത മുന്നമേ തിരിച്ചറിഞ്ഞതാണ് . സഹോദരന്റെ വിയോഗം ഒരിക്കൽ കൂടി ഉയരത്തിലെ ജ്ഞാനമുള്ള ഹൃദയത്തിന്റെ ആവശ്യകത മോശെയെ ബോധ്യപ്പെടുത്തുകയാണിവിടെ. ജ്ഞാനമുള്ള ഹൃദയത്തിന്റെ ലക്ഷണങ്ങൾ.

1 . നാളുകളെ എണ്ണുവാൻ ഉപദേശിക്കും – സങ്കീ 90 : 12
നാളുകളെ എണ്ണിത്തുടങ്ങുമ്പോൾ ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ച് ബോധ്യം വരുകയും മുന്നോട്ടുള്ള പ്രയാണം അതിസൂക്ഷ്മതയോടെ നയിക്കുവാൻ സഹായകമാകുകയും ചെയ്യും.
2 . ദൈവത്തിന്റെ ദയക്കായുള്ള ആഗ്രഹം – സങ്കീ 90 : 14
ജ്ഞാനമുള്ള ഹൃദയം ദൈവത്തിന്റെ ദയക്കായ് കാംക്ഷിക്കുകയും അതിൽ ആനന്ദിക്കുകയും ചെയ്യും . കാരണം നാം മുടിഞ്ഞുപോകാതിരിക്കുന്നത് അവിടുത്തെ ദയ അല്ലോ .
3 . ദൈവത്തിന്റെ പ്രസാദത്തിനായുള്ള താത്പര്യം – സങ്കീ 90 : 17
ജ്ഞാനമുള്ള ഹൃദയം ജീവിതചുവടുകളിൽ ദൈവപ്രസാദം ആഗ്രഹിക്കുകയും ദൈവോന്മുഖമായ ജീവിതത്തിനു പ്രാധാന്യം നല്കുന്നതുമായിരിക്കും
4. അരുമനാഥന്റെ മടങ്ങിവരവിനായുള്ള കാത്തിരിപ്പ് – സങ്കീ 90 : 13
ജ്ഞാനമുള്ള ഹൃദയത്തിനു ചോദിക്കുവാനുള്ള ഏക ചോദ്യം
” യഹോവേ മടങ്ങി വരണമേ എത്രത്തോളം താമസം ”

അനീഷ് ജോണ് ജേക്കബ്, കുവൈറ്റ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.