ചെറു ചിന്ത: ക്രൂശിൻ പാതയിൽ | അക്സ സൂസൻ അലക്സ്

യേശുവിൻ പിൻപേ പോകാനുറച്ചു
പിന്മാറാതെ പിൻ ഗമിക്കും

ക്രൂശെന്റെ മുമ്പിൽ ലോകമെൻ പിൻപിൽ
പിൻ മാറാതെ പിൻഗമിക്കും”

ലോക പ്രസിദ്ധമായ ഈ ഗാനത്തിനു പിന്നിൽ ഒരു സംഭവകഥ ഉണ്ട്. ഏകദേശം 150 വർഷങ്ങൾക്ക് മുമ്പ് വെയിൽസ് ഉണർവിന് ശേഷം, ഒരു അമേരിക്കൻ മിഷനറി സുവിശേഷഘോഷണത്തിന്റെ ഭാഗമായി നോർത്ത് – ഈസ്റ്റ് ഇന്ത്യയിൽ എത്തി. ആസമിലെ വളരെ അക്രമാസക്തമായ ഒരു ഗ്രാമത്തിൽ അദ്ദേഹം തന്റെ പ്രേക്ഷിത പ്രവർത്തനം ആരംഭിച്ചു. തത്ഫലമായി, ഗാരോ ഗോത്ര വർഗ്ഗത്തിലെ നൊക്സങ് എന്ന വ്യക്തിയും കുടുംബവും ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുവാൻ ഇടയായി. ഇത് അറിഞ്ഞ ഗ്രാമത്തലവൻ അവർ സ്വീകരിച്ച വിശ്വാസത്തിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം, തന്റെ കുടുംബത്തെ അമ്പെയ്ത് ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി.

എന്നാൽ ക്രിസ്തുവിനോടുള്ള വിശ്വാസം മുറുകെ പിടിച്ചുകൊണ്ട്, ക്രൂശിന്റെ സ്നേഹം കൈവിടാതെ നൊക്സങ് ഉറച്ചുനിന്നു. ഇതിൽ കോപിഷ്ഠരായ ആ ഗ്രാമത്തലവനും കുട്ടരും
തന്റെ കണ്മുമ്പിൽ വെച്ച് രണ്ടു പൈതങ്ങളെയും, പ്രിയതമയെയും ക്രൂരമായി കൊലപ്പെടുത്തി. ഇത് കണ്ട് കൊണ്ടിരുന്ന നൊക്സങ് ഇപ്രകാരം പാടി.

“എല്ലാരുമെന്നെ കൈവിട്ടെന്നാലും
പിൻമാറാതെ, പിൻഗമിക്കും
ക്രൂശെന്റെ മുമ്പിൽ ലോകമെൻ പിൻപിൽ
പിൻമാറതെ, പിൻഗമിക്കും”.
നൊക്സങ് കർത്താവിനോടുള്ള തന്റെ ആഴമാർന്ന സ്നേഹം അവിടെ പ്രകടമാക്കി. ആരുമില്ലെങ്കിലും ഞാൻ എന്റെ യേശുവിനുവേണ്ടി നിൽക്കും, എന്തെല്ലാം എന്റെ ജീവിതത്തിൽ നഷ്ടമായാലും ക്രൂശിനെ മാത്രം നോക്കിക്കൊണ്ട് ഞാൻ യാത്ര ചെയുമെന്നുള്ള തന്റെ ദൃഢമായ വിശ്വാസം പിൽക്കാലത്ത് ആ ഗ്രാമത്തെ മുഴുവനും ക്രിസ്തുവിനായി നേടുവാൻ തന്നെ സഹായിച്ചു.

“ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ, സങ്കടമോ, ഉപദ്രവമോ, പട്ടിണിയോ, നഗ്നതയോ, ആപത്തോ, വാളോ?” (റോമർ 8:35-39) പ്രിയരേ, നൊക്സങ്ങയെപ്പോലെ വാസ്തവമായി നമ്മൾ യേശുവിനെ സ്നേഹിക്കുന്നുവോ? നമ്മുടെ മുൻഗണന എന്തിനോടാണ്? നമ്മുടെ  ആകുലതകൾ എന്തിനെക്കുറിച്ചാണ്? ഈ ലോകയാത്രയിൽ വിവിധ പ്രയാസങ്ങളിലൂടെ കടന്നുപോകുന്നവരാണ് നമ്മൾ. ചിലർ  സാമ്പത്തിക മേഖലയിൽ ഞെരുങ്ങുമ്പോൾ, മറ്റുചിലർ മാനസികമായ സംഘർഷങ്ങളുടെയും, വിവിധ രോഗങ്ങളുടെയും ക്ലേശം അനുഭവിക്കുന്നു. ഇങ്ങനെയുള്ള പ്രതികൂലങ്ങളുടെ നടുവിൽ നാം ആയിരിക്കുമ്പോൾ സന്തോഷത്തിന്റെ ഒരു കണികയും നമ്മുടെ ചുറ്റും കണ്ടില്ലെന്നുവന്നേക്കാം.
എല്ലാവരാലും തള്ളപ്പെട്ട അഥവാ ഒറ്റപ്പെട്ട  അവസ്ഥയിൽ ആയിരിക്കാം നമ്മൾ. ഇപ്രകാരമുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോൾ യേശുവുമായുള്ള നമ്മുടെ സ്നേഹം എപ്രകാരം ആയിരിക്കുന്നു?

സ്നേഹിതരേ, അപ്പോസ്തലനായ പൌലോസിനോടൊപ്പം നമുക്കും ഉറപ്പോടുകൂടെ പറയുവാൻ കഴിയട്ടെ,
“മരണത്തിന്നോ,ജീവന്നോ, ദൂതന്മാർക്കോ, വാഴ്ചകൾക്കോ, അധികാരങ്ങൾക്കോ, ഇപ്പോഴുള്ളതിന്നോ, വരുവാനുള്ളതിന്നോ, ഉയരത്തിന്നോ, ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നും നമ്മെ വേർപിരിപ്പാൻ കഴികയില്ല”.

നമ്മുടെ ആശ്രയം കർത്താവിൽ ആണെങ്കിൽ,എല്ലാറ്റിലും  ഉപരിയായി ദൈവത്തെ മാത്രം നാം സ്നേഹിക്കുന്നുവെങ്കിൽ ഒന്നിനെക്കുറിച്ചും ഭയപ്പെടേണ്ട ആവശ്യമില്ല. ആ ക്രൂശിന്റെ സ്നേഹത്തോട് നമുക്ക് അടുത്ത് വരാം. അരുമ നാഥനോട് പറ്റിച്ചേർന്നു നിന്നു നമ്മുടെ ദൈനംദിന ജീവിതം മുന്നോട്ട്  നയിക്കാം. വിശ്വാസത്തിനു വേണ്ടി പോരാടി കൊണ്ട് നമ്മുടെ ക്രിസ്തീയ ജീവിതം വിജയകരമായി നൊക്സങ്നെ പോലെ നമുക്കും നിത്യതയെ ലാക്കാക്കി പൂർത്തിയാക്കാം.

അക്സ സൂസൻ അലക്സ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.