ലേഖനം : സഭയും യുവജനങ്ങളും(ഭാഗം 2) | ആന്റണി ജോസഫ്

യുവജനങ്ങളോട് (വിശ്വാസി) ആത്മീക നേതൃത്വത്തിന് ഉണ്ടായിരിക്കേണ്ട മനോഭാവങ്ങൾ

 

1. ഓരോ യുവാവിൻ്റെയും യുവതിയുടെയും കൃപാവരങ്ങൾ വ്യക്തമായി അറിഞ്ഞ് അതിന് അവർക്ക് അവസരങ്ങൾ സൃഷ്ടിക്കണം.

യുവജനങ്ങളുടെ കൃപകളറിഞ്ഞ്, താലന്തുകൾ അറിഞ്ഞ അവരെ പ്രോത്സാഹിപ്പിക്കാതിരുന്നതുകൊണ്ട് എത്രയോപേർ ഉപയോഗിക്കപ്പെടാതെ പോയി. ഒരു സ്ഥലം സഭയുടെ മുഖ്യ ഘടകമാണ് യുവജനങ്ങൾ എന്ന വിശ്വാസം അവർക്ക് തന്നെ ഉണ്ടാകണം. സൺഡേസ്കൂൾ അദ്ധ്യാപകരായും ആധുനിക രീതിയിലുള്ള സുവിശേഷീകരണത്തിനായും ഒക്കെ ഇവരെ നിയമിക്കണം. ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും ഒക്കെ സുവിശേഷികരിക്കുവാൻ ഇവർക്ക് കഴിയും. ആധുനിക രീതിയിലുള്ള സുവിശേഷീകരണത്തിന് ഇവരെ എടുത്ത് ഉപയോഗിക്കുമാറ് സഭകൾ പക്വതയിലേക്ക് മാറപ്പെടേണം. ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ അവരെ ഭരമേല്പിച്ചാൽ അവർ ആത്മീയ പക്വതയും ദൈവ വചന പരിജ്ഞാനമുള്ള വരും ആകുകയും കാലക്രമേണ ആത്മീയ നേതൃത്വത്തിലേക്ക് വരികയും ചെയ്യും. പൗലോസും തിമോത്തിയോസുമായുള്ള ബന്ധം ഇതിന് നല്ലൊരു ഉദാഹരണമാണ്. (അപ്പോ. പ്രവ. 16:1-3).

അവരുടെ സാക്ഷി ജീവിതം നിലനിർത്തി പോരുന്നതിനുവേണ്ടി നിർദ്ദേശങ്ങൾ നൽകുന്നതോടൊപ്പം തന്നെ പരസ്യ ശുശ്രൂഷകളിൽ അവരുടെ താലന്ത് മനസ്സിലാക്കി അവരെ കൊണ്ട് ശുശ്രൂഷപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അങ്ങനെ ഒരു നിലപാട് അവരുടെ ജീവിതത്തെ സൂക്ഷിക്കുന്നതിനും കരുതുന്നതിലും സഹായകരമായിരിക്കും. ( 1 കൊരി. 9:27; 1 തിമൊ. 4:12-16).

2. യുവ സഹോദരങ്ങളുമായി നിരന്തരമായി ആശയവിനിമയം നടത്തണം

Communication gap (ആശയവിനിമയം നടത്താത്തത് മൂലമുള്ള വിടവ്) ആണ് ഇന്നത്തെ സഭകളിലെ യുവ ജനങ്ങളോടുള്ള ബന്ധത്തിലുള്ള ഏറ്റവും വലിയ പ്രശ്നം. യുവജനങ്ങളുടെ പ്രശ്നങ്ങളും പരാതികളും കേൾക്കാനും, സൗമ്യമായി അതിനു പരിഹാരം തിടുക്കത്തിൽ കാണാനും ആത്മീക നേതൃത്വത്തിനു കഴിയണം. യുവജനങ്ങൾ ന്യായ ന്യായങ്ങൾ നിരത്തി വിശ്വാസികൾക്ക് മാതൃകയല്ലാത്ത പല കാര്യങ്ങളും ചിലപ്പോൾ ശരിയാണെന്ന് ധരിച്ചവരായി പോകാനിടയുണ്ട്. ഉദാഹരണമായി പ്രേമിച്ച് വിവാഹം കഴിച്ചാൽ എന്താണ്?, ആഭരണ ധാരണം, സിനിമ കാണൽ, തുടങ്ങി ഉള്ള കാര്യങ്ങൾ തന്നെ ചിന്തിക്കുക. ഇത് അവർക്ക് ബൈബിൾ അടിസ്ഥാനത്തിൽ മാർഗ്ഗനിർദ്ദേശം നൽകപ്പെടേണ്ട വിഷയങ്ങൾ തന്നെയാണ്. ഇവയെക്കുറിച്ച് വ്യക്തിപരമായി തന്നെ യുവജനങ്ങളോട് ആത്മീക നേതൃത്വം ഇടപെടുവാനും തിരുത്തുവാനും ഇടയായിതീരണം.

3. ഉപദേശ പരമായ കാര്യങ്ങൾ

വിശുദ്ധ ബൈബിളിലെ അടിസ്ഥാന ഉപദേശങ്ങളിൽ എങ്കിലും ഇവരെ നിശ്ചയമുള്ളവർ ആക്കി മാറ്റണം. ദൈവം, ത്രിത്വം, യേശുക്രിസ്തുവിന്റെ ദൈവത്വം, മനുഷ്യത്വം, പരിശുദ്ധാത്മാവിൻ്റെ ആളത്വം, പരിശുദ്ധാത്മാവിൻ്റെ ദൈവത്വം, പാപം, മനുഷ്യന്റെ വീഴ്ച, പാപ പരിഹാരവും പാപമോചനവും, സ്നാനം അത് എന്തിനാണ്, ആരാണ് സ്നാനം ഏൽക്കേണ്ടത്, ശിശുസ്നാനമാണോ വിശ്വാസസ്നാനമാണോ ബൈബിൾ പഠിപ്പിക്കുന്നത്, ഏതു നാമത്തിൽ ആണ് സ്നാനം പെടേണ്ടത്?, വിശുദ്ധിയുടെയും വേർപാടിൻ്റെ ഉപദേശങ്ങൾ, കർതൃമേശ, സത്യത്തിലും ആത്മാവിലും ഉള്ള യഥാർത്ഥ ആരാധന, പ്രാർത്ഥന, കർത്താവിന്റെ രഹസ്യ വരവ്, പരസ്യമായ വരവ്, യേശുക്രിസ്തുവിൻ്റെ ആയിരമാണ്ട് ഭൂമിയിലെ ഭരണം, അന്ത്യന്യായവിധി, നിത്യത സ്വർഗത്തിലോ, നരകത്തിലോ ഇത്യാദി ഉപദേശങ്ങൾ അവരെ പഠിപ്പിക്കണം. സഭാ യോഗങ്ങൾ ഉപദേശത്തിൽ അധിഷ്ഠിതമായ പ്രസംഗങ്ങൾ ആയി മാറട്ടെ. ഇത് നാം ഗൗരവപരമായി തന്നെ എടുക്കണം. ഇന്ന് അനേകം യുവജനങ്ങൾക്കും ഉപദേശത്തിൽ വേണ്ടത്ര നിശ്ചയമില്ല.

4. സഭയിലെ യുവജനങ്ങളോട് പ്രതീക്ഷാനിർഭരമായ (positive) ഒരു നിലപാട് ആത്മീയ നേതൃത്വം കൈകൊള്ളേണം.

ഇരുമ്പായാലും ഉപയോഗശൂന്യമായി കിടന്നാൽ തുരുമ്പെടുക്കും. ‘അവനെ ഒന്നിനും കൊള്ളില്ല’ എന്നുള്ള ധാരണയും അതിന്റെ അടിസ്ഥാനത്തിൽ അവരോടുള്ള പെരുമാറ്റവും യുവജനങ്ങളെ പിന്മാറ്റക്കാരും പ്രവർത്തനരഹിതരുമാക്കും, അവരെക്കൊണ്ട് ചിലതൊക്കെ ചെയ്യുവാൻ കഴിയും എന്നുതന്നെ ഉറെക്കുകയും അതിനവരെ ധൈര്യപ്പെടുത്തുകയും വേണം. യുവ ജനങ്ങളിൽ നിന്ന് സഭ ചിലതു പ്രതീക്ഷിക്കുന്നു എന്ന ധാരണ ഇത് അവരിൽ ജനിപ്പിക്കും.

5. യുവത്വത്തിന്റെ പ്രത്യേകതകളെക്കുറിച്ച് നേതൃത്വം ബോധവാന്മാരായിരിക്കണം

പ്രായോഗിക പരിജ്ഞാനം അതിന്റെ കുറവ് അപക്വതയും അമിതമായി ആവേശമുള്ള ഒരു പ്രായം എന്ന നിലയിൽ അവരിൽ നിന്ന് ചില അപാകതകളും വീഴ്ചകളും കൂടി ആത്മീയ നേതൃത്വം പ്രതീക്ഷിക്കണം. അങ്ങനെ സംഭവിച്ചാൽ അത് അവരെ ബോധ്യപ്പെടുത്തി തെറ്റുതിരുത്തി മുന്നേറുവാൻ ഉത്സാഹിപ്പിക്കണം.

6. യുവജനങ്ങളെ ശാസിക്കേണ്ടതായും വരും

യുവ ജനങ്ങളെ മുഴുവനും സഭാനേതൃത്വം തുല്യരായി കാണണം. ബന്ധസ്വന്തങ്ങൾ കാരണം ചിലരുടെ തെറ്റുകൾ മൂടിവെച്ച് മറ്റുചിലരുടെ തെറ്റുകൾ ഉയർത്തിക്കാട്ടുന്ന പ്രവണത ശരിയല്ല. ഗുരുതരമായ പിശകുകൾ ആര് വരുത്തിയാലും മുഖംനോക്കാതെ സഭയ്ക്കെടുക്കുവാനുള്ള ശിക്ഷണവും അവലംബിക്കേണ്ടതുണ്ട്. സ്വന്തക്കാരെ സംരക്ഷിക്കുകയും അല്ലാത്തവരെ നിർഭയം ശകാരിക്കുകയും ചെയ്യുന്നത് ശരിയല്ല. മുഖപക്ഷം അരുത്. ശാസനയും തർജ്ജനയും അവർ നഷ്ടപ്പെടാനല്ലന്നും അവരുടെ ക്രമീകരണത്തിന് ഉത്തമമായ ഭാവിക്കും വേണ്ടതാണെന്ന് ഉറപ്പ് ഉണ്ടാകുവാൻ പോരുന്നതായിരിക്കണം.

7. യുവജനങ്ങൾക്ക് മാതൃകകളായിരിക്കുക

യുവജനങ്ങൾ പ്രതീക്ഷിക്കുന്ന ജീവിതവും മാതൃകയും ആത്മീയ നേതൃത്വത്തിൽ കാണാതെ വരുമ്പോഴാണ് അവർ തികച്ചും അസംതൃപ്തരാകുന്നതും ചൂടാകുന്നതും ഒക്കെ തന്നെ. ആത്മീയ നേതൃത്വത്തിൽനിന്നും യുവ സഹോദരങ്ങൾ ചിലത് പ്രതീക്ഷിക്കുന്നുണ്ട്. ഉപദേശം മാത്രമല്ല ചെറുപ്പക്കാർ നോക്കുന്നത്. ജീവിതം കൂടിയാണ്. ആത്മീയ നേതൃത്വത്തിലെ പലരും ദൈവസന്നിധിയിൽ സ്വന്തം സ്ഥിതി പരിശോധിക്കാതെ മറ്റുള്ളവരുടെ ന്യൂനത കണ്ടുപിടിക്കുവാനും, കുറ്റപ്പെടുത്തുവാനും ശ്രമിക്കുന്നതും, എന്തിനെയും ഏതിനെയും വിമർശിക്കുന്നതിനെയും ചോദ്യം ചെയ്തുവെന്നും വരാം. അത് ഉണ്ടാകരുത്. അതുപോലെതന്നെ ആവശ്യ ബോധത്തോടും ഉത്സാഹത്തോടെയും നിർവഹിക്കപ്പെട്ട കാര്യങ്ങൾ ചിലർ എല്ലാം ഉദാസീനതയോടും അവഗണനാമനോഭാവത്തോടുകൂടിയാണ് ചെയ്യുന്നതെങ്കിൽ ഇത് കണ്ടേ യുവജനങ്ങളും വളരുകയുള്ളൂ. ആരാധനയിൽ പോലും മാതൃകയില്ലാതെ ഇരിക്കുന്നത് അവരിലും മന്ദത ഉളവാക്കും.

ബാഹ്യ പ്രകടനങ്ങൾ അല്ല ഹൃദയത്തിന്റെ നിഷ്കളങ്കതയും ആത്മാർഥതയുമാണ് യുവാക്കൾ ആഗ്രഹിക്കുന്നത്. മാതൃകാപരമായ ജീവിതം ഉള്ള ആത്മീയ നേതൃത്വത്തെ യുവജനങ്ങൾക്ക് എങ്ങനെ ബഹുമാനിക്കതിരിക്കുവാൻ കഴിയും? സഭയിലുള്ള കൂട്ടു വിശ്വാസികളോട്, പുറത്തുള്ളവരോട്, അയൽക്കാരോട്, വസ്തു വകകളോട്, പണത്തോട്, വിവിധ പ്രശ്നങ്ങൾ ഇവയോട് ആത്മീയ നേതൃത്വം സ്വീകരിക്കുന്ന നിലപാട് യുവജനങ്ങളെ സ്വാധീനിക്കും. യുവജനങ്ങൾക്ക് സഭയോട് സ്നേഹവും ആത്മാർത്ഥതയും ഉത്തരവാദിത്വവും ഉണ്ടാകേണ്ടത് ആത്മീയ നേതൃത്വത്തിൽ നിന്നാണ് എന്നോർക്കണം.

ആന്റണി ജോസഫ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply