കോവിഡ് 19; ഡൽഹിയിൽ ആരോഗ്യ പ്രവർത്തകരുടെ അവധികൾ റദ്ദാക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകരുടെ അവധി റദ്ദാക്കി. അവധിയില്‍പോയവരെ തിരികെ വിളിപ്പിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള ആശുപത്രികളിലെ എംഡിമാര്‍, ഡീന്‍, ഡയറക്ടര്‍മാര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്കി.
അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകര്‍ എത്രയും വേഗം അവരുടെ ജോലികളില്‍ തിരികെ പ്രവേശിക്കണമെന്നാണ് നിര്‍ദേശം. സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്ക് അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമേ അവധി അനുവദിക്കൂ.
ഹോം ക്വാറന്റൈനുമായി ബന്ധപ്പെട്ട് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ പുറപ്പെടുവിച്ച ഉത്തരവിനെ എതിര്‍ത്ത് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ രംഗത്ത് വന്നിരുന്നു. രാജ്യമെങ്ങുമുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികള്‍ക്ക് ഹോം ക്വാറന്റൈനില്‍ പോകാന്‍ ഐസിഎംആര്‍ അനുമതി നല്കിയിട്ടുള്ളപ്പോള് എ ന്തുകൊണ്ടാണ് ഡല്‍ഹിക്ക് മാത്രം വ്യത്യസ്ത മാര്ഗനിര്ദേശങ്ങളെന്ന് കേജരിവാള്‍ ചോദിച്ചു.
ഡല്‍ഹിയിലെ ഭൂരിഭാഗം കോവിഡ് രോഗികളും രോഗലക്ഷണം പ്രകടിപ്പിക്കാത്തവരാണെന്നും അവര്‍ക്കെല്ലാവര്‍ക്കുമുള്ള ക്വാറന്റൈന് സൗകര്യം ഏര്‍പ്പെടുത്തുക എളുപ്പമല്ലെന്നും കേജരിവാള്‍ പറഞ്ഞു. കോവിഡ് രോഗികളെ ഹോം ക്വാറന്റൈന് അയക്കുന്നതിന് മുൻപായി അഞ്ചു ദിവസം നിര്‍ബന്ധിത സ്ഥാപന ക്വാറ ന്റൈനില്‍ പ്രവേശിപ്പിക്കണമെന്നായിരുന്നു ലഫ്. ഗവര്‍ണര്‍ ഉത്തരവിട്ടത്.