കാലികം: ഡൊണാൾഡ് ട്രംപും മാറുന്ന ക്രിസ്തിയ വീക്ഷണവും | റോണി ജോര്ജ്ജ്, കാനഡ
യേശു ക്രിസ്തുവിന്റെ ജീവിതകാലത്തെ അല്ലെങ്കിൽ തിരുവചന പശ്ചാത്തലം മുഴുവാനായി നാം നോക്കുകയാണെങ്കിൽ ഏതൊരു കാലഘട്ടത്തിലും അതതു സമയത്തെ രാഷ്ട്രിയവും , രാഷ്ട്രീയ നേതാക്കന്മാരും ആ കാലഘട്ടത്തിന്റെ ഒഴുക്കിനെയും സംഭവ വികാസങ്ങളെയും ദൈവമക്കൾക്ക് അനുകൂലമായും പ്രതികൂലമായും സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ ഇസ്രായേൽ മക്കൾ മുതൽ ക്രിസ്തു വരെയും ക്രിസ്തു മുതൽ അവന്റെ ശിഷ്യൻമാർ വരെയും അങ്ങനെ വചനത്തിൽ എഴുതിച്ചേർക്കപ്പെട്ടിട്ടുള്ള എല്ലാ കാലഘട്ടത്തിലും പൊതു രാഷ്ട്രീയ സാഹചര്യങ്ങൾ ദൈവത്തിനും ദൈവ മക്കൾക്കും എതിരായിരുന്നു എന്നതാണ് വാസ്തവം.
പണ്ട് കാലങ്ങളിൽ ഭരണാധികാരികളിൽ ജനങ്ങൾ ആഗ്രഹിച്ചിരുന്ന ഗുണങ്ങൾ , സ്നേഹം , കരുണ, പണക്കാരനെയും പാവങ്ങളെയും ഒരു പോലെ കാണുന്ന വ്യക്തിത്വം എന്നിവ ആയിരുന്നെങ്കിൽ, ഇന്നിപ്പോൾ നരേദ്ര മോദിയും , ഡൊണാൾഡ് ട്രംപും ഉൾപ്പെടുന്ന ലോക നേതാക്കന്മാരെല്ലാവരും തിരഞ്ഞെടുപ്പുകൾ വിജയിക്കാൻ ഉപയോഗിക്കകുന്ന രാഷ്ട്രീയ തന്ത്രം ന്യുനപക്ഷത്തെ കടന്നാക്രമിക്കുന്നതിലൂടെ ഭൂരിപക്ഷ വോട്ടുകൾ സ്വന്തമാക്കുക എന്നതാണ്.
ഇന്ത്യയിൽ ന്യുനപക്ഷം ക്രിസ്ത്യാനികളും മുസ്ലിമുകളും ആണെങ്കിൽ, അമേരിക്കയിലും , മറ്റു നോർത്ത് അമേരിക്കൻ രാജ്യങ്ങളിൽ അത് മുസ്ലിമുകളും ക്രിസ്ത്യാനികൾ ഉൾപ്പെടുന്ന കുടിയേറ്റക്കാരുമാണ്.
ഇവർ ഉപയോഗിക്കുന്ന തന്ത്രം ഭൂരിപക്ഷ മത നേതാക്കന്മാരെയും അനുഭാവികളെയും ചെപ്പിടി വിദ്യകളിലൂടെ തങ്ങൾക്കു അനുകൂലമാക്കുക എന്നതാണ്. അതിനായി അവർ തങ്ങളെ തന്നെ ഭൂരിപക്ഷ സമുദായങ്ങളുടെയും വിശ്വാസങ്ങളുടെയും ഏറ്റവും വലിയ പ്രചാരകനും സംരക്ഷകനുമായി സ്വയം ചിത്രീകരിക്കും.
ഇങ്ങനെ ഉള്ള പൊള്ളയായ കള്ളത്തരങ്ങൾക്കു മുന്നിൽ ക്രിസ്ത്യാനികൾ വീണു പോകുന്നത് കൊണ്ടാണ് അമേരിക്കയിലെ പല ക്രിസ്ത്യൻ സഭകളും ഇന്ന് ഭൂരിപക്ഷ പാർട്ടികൾക്ക് വോട്ടു പിടിക്കാനുള്ള ഇടമായി മാറിയത് എന്തിനേറെ പറയുന്നു നോർത്ത് ഇന്ത്യയിൽ ക്രിസ്ത്യാനികളെ കെട്ടിയിട്ടു തല്ലി കൊല്ലുന്ന ആർ എസ് എസ് അനുഭാവികൾ കുമ്പനാട് മുതലുള്ള ക്രിസ്തീയ വേദികൾ നാല് വോട്ടു വാങ്ങാനുള്ള വേദികളായി ഉപയോഗിക്കുന്നതിനും ഇത് തന്നെയാണ് കാരണം.
അമേരിക്കൻ ക്രിസ്ത്യാനികളിൽ നല്ലൊരു വിഭാഗം പൊതുവെ ഡൊണാൾഡ് ട്രംപിനെ പരസ്യമായി അനുകൂലിക്കുന്നവരാണ്. അതിനായി അവർ പറയുന്ന കാരണം അദ്ദേഹം ഒരു ക്രിസ്ത്യാനിയും ക്രിസ്ത്യാനിറ്റിക്കു അനുകൂലവുമാണെന്നുള്ളതാണ്. ഇത് സത്യമാണോ ? സത്യത്തിൽ ക്രിസ്തീയ വിശ്വാസത്തിനു ക്രിസ്തുവല്ലാതെ വേറെ ഒരു സംരക്ഷകൻ ആവശ്യമുണ്ടോ ? ആദി നൂറ്റാണ്ടു മുതൽ ഇന്ന് വരെയും ക്രിസ്തുവും അവന്റെ വാക്കുകളും അതിന്റെ സ്നേഹവും ലോകമെങ്ങും പടർന്നു പന്തലിച്ചതും ജനകോടികളെ കുരിശിങ്കലേക്കു ആകർഷിച്ചതും ഏതെങ്കിലും രാഷ്ട്രീയ നേതാക്കന്മാരുടെ സഹായം കൊണ്ടാണോ ? അല്ല. നീറോയെയും , റോമൻ സാമ്രാജ്യത്തെയും അതി ജീവിച്ച വചനം അത് ഏതു കാലഘട്ടത്തെയും അതി ജീവിക്കുവാൻ ശക്തമാണ്.
രണ്ടുള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ എന്ന് പഠിപ്പിക്കുന്ന വചനം വിശ്വസിക്കുന്ന നാം എങ്ങനെയാണ് – മെക്സിക്കോയിൽ നിന്നും , ഹോണ്ടുറാസിൽ നിന്നും മറ്റു സമീപ പാപ്പര രാജ്യങ്ങളിൽ നിന്നും,കട ഭാരം സഹിക്കാതെയും, മയക്കുമരുന്ന് മാഫിയകളുടെ അടിച്ചമർത്തലും, അടിയും , ലൈംഗീക പീഡനങ്ങളും സഹിക്കവയ്യാതെയും, ജീവനും കയ്യിൽ പിടിച്ചു അതിജീവനത്തിനായി അമേരിക്കയിലേക്ക് ഓടിവരുന്ന പാവങ്ങളെ നിയമപരമായി പോലും ഉള്ളിലേക്ക് കടത്തുവാൻ ഉള്ള വാതിലുകൾ കൊട്ടിയടക്കുന്ന അവരെ മതില് കെട്ടി തടയുന്ന ഒരു ഭരണാധികാരിക്ക് കയ്യടിക്കുന്ന നിലയിലേക്ക് എത്തിയത് ?
വാഷിംഗ്ടൺ പോസ്റ്റ് ന്റെ 2020 ഏപ്രിൽ മാസത്തെ കണക്കനുസരിച്ചു കഴിഞ്ഞ 1170 ദിവസങ്ങക്കുള്ളിൽ 18000 ൽ പരം തെറ്റായ പ്രസ്താവനകളും നുണകളും സാമൂഹ്യ മാധ്യമങ്ങളിലൂടെയും വാർത്ത കുറിപ്പുകളിലൂടെയും, നേരിട്ടും പങ്കുവച്ച ഒരു ഭരണാധികാരിയെ കള്ള സാക്ഷ്യം പറയരുത് എന്ന ദൈവീക കല്പനയിൽ വിശ്വസിക്കുന്ന ക്രിസ്ത്യാനികൾ ചേർത്ത് പിടിക്കുമ്പോൾ നാം ലോകത്തോട് നമ്മെ പറ്റി പറയുന്നതെന്താണ്?
നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന് പറഞ്ഞപ്പോൾ അതിനു മറ്റു നിബന്ധനകൾ ഒന്നും വയ്ക്കാത്ത യേശുവിന്റെ അനുയായികൾ എങ്ങനെയാണ് കറുത്തവര്ഗ്ഗക്കാരനെ തങ്ങളെക്കാൾ താഴെക്കിടയിൽ ഉള്ളവരായും നീചരായും കാണുന്ന വൈറ്റ് സുപ്രമസിക്കാരെ തളളി പറയാത്ത ഒരു നേതാവിനോട് കൈ കോർക്കുന്നത്? മനുഷ്യനെ അവൻറെ നിറവും, ഉയരവും , ജാതിയും , മതവും , ഭാഷയും നോക്കി വേർതിരിക്കുന്നതിനു അറിയാതെയെങ്കിലും അനുകൂലിക്കുന്നതെങ്ങനെയാണ്.
ഇങ്ങനെ മറ്റൊന്നും ആലോചിക്കാതെ അദ്ദേഹത്തെ അന്ധമായി പിൻതുണക്കുമ്പോൾ – കരയുന്നവരോട് കൂടെ കരയുവാൻ ആഹ്വനം ചെയ്യുന്ന വചനം പിൻ പറ്റുന്ന നാം 400 വർഷത്തിൽ പരമായി ജാതി വെറിക്കും അടിമത്വത്തിനും വിവേചനത്തിനും എതിരെ പോരാടുന്ന കറുത്ത വർഗക്കാരുടെ സമരങ്ങൾക്കും, നീതിക്കുവേണ്ടിയുള്ള മുറവിളിക്കും പിൻതിരിഞ്ഞു നിൽക്കുന്നവരോട് ചേർന്നാണ് നിൽക്കുന്നത് എന്നത് മറ്റൊരു യാഥാർഥ്യം മാത്രം.
അദ്ദേഹത്തോട് ചേർന്ന് നിൽക്കുവാൻ ക്രിസ്ത്യാനികൾ ഉയർത്തുന്ന മറ്റൊരു വാദം അദ്ദേഹം സ്വവർഗ വിവാഹം ഉൾപ്പെടെയുള്ള സാമൂഹ്യ തിന്മകൾക്കെതിരെ പോരാടുന്നു എന്നുള്ളതാണ്. ക്രിസ്തുവിന്റെ ജീവിതം എന്താണ് ക്രിസ്ത്യാനികളായ നമ്മെ പഠിപ്പിക്കുന്നത്.
പാപത്തെ വെറുക്കുമ്പോൾ തന്നെ പാപിയെ സ്നേഹിച്ച യേശുവിനെയാണ് വചനം ചൂണ്ടി കാണിച്ച് തരുന്നത്. ചുങ്കക്കാരോടും പാപികളോടും കൂടെ അത്താഴം കഴിച്ച യേശുവിനെയാണ് നാം വായിക്കുന്ന വചനം നമുക്ക് കാണിച്ചു തരുന്നത്. യെഹൂദാ നിയമ പ്രകാരം വേശ്യ വൃത്തിക്ക് പിടിക്കപ്പെട്ടു കല്ലെറിഞ്ഞു കൊല്ലപ്പെടേണ്ടവളായ യുവതിയെ മരണത്തിൽ നിന്ന് രക്ഷിച്ച യേശുവിനെയാണ് നാം വചനത്തിൽ കാണുന്നത്.
അങ്ങനെയുള്ള യേശുവിനെ സമൂഹത്തിനു കാട്ടി കൊടുക്കേണ്ട നാം, ആ സ്നേഹത്തെ ലോകത്തിലെ എല്ലാ പാപികൾക്കും വരച്ചു കാട്ടേണ്ട നാം- അവരെ കല്ലെറിയുന്നവരോട് ചേർന്ന് നിന്നാൽ എങ്ങനെയാണ് നാം ക്രിസ്തുവിന്റെ സ്നേഹം അവരിലേക്ക് എത്തിക്കുന്നത് ? ദീനക്കാർക്കു അല്ലാതെ സൗഖ്യം ഉള്ളവർക്ക് വൈദ്യനെക്കൊണ്ട് എന്ത് ആവശ്യം ?
യേശുവും ആ കല്ലെറിയുന്നവരോട് ചേർന്ന് നിന്നിരുന്നു എങ്കിൽ … കൃപയുടെ സുവിശേഷം കേൾക്കുവാൻ ആ സ്ത്രീക്കു കഴിയുമായിരുന്നോ.ആ ജീവന് നിത്യ രക്ഷ നേടുവാൻ കഴിയുമായിരുന്നോ. തന്റെ തെറ്റുകളെ ശെരിയാക്കുവാൻ മറ്റൊരു അവസരം അവർക്കുണ്ടാകുമായിരുന്നോ.
അപ്പോൾ ക്രിസ്ത്യാനികൾ അവർക്കിഷ്ടമുള്ള വ്യകതിക്കു വോട്ടു ചെയ്യണ്ട എന്നാണോ പറഞ്ഞു വരുന്നത് ? അല്ല. ക്രിസ്ത്യാനികൾ അവരുടെ അടിസ്ഥാന അവകാശമായ വോട്ടവകാശം അതതു രാജ്യങ്ങളിൽ വിനയോഗിക്കുക തന്നെ വേണം. എന്നാൽ സ്വാർത്ഥ തപര്യങ്ങൾക്കായി ക്രിസ്തിയതയെ ഒരു കച്ചവട മാർഗമായി, നാല് വോട്ടു നേടുവാൻ ഉള്ള എളുപ്പ വഴിയായി കാണുന്ന വചനത്തിനു വിവരീതമായി പ്രവർത്തിക്കുന്ന ലോക നേതാക്കളിൽ നിന്നും അവരെ പരസ്യമായി പിന്തുണക്കുന്നതിൽ നിന്നും നാം അകന്നു നിൽക്കേണ്ടത് അനിവാര്യമാണ്
യേശുവിലൂടെ, യേശുവിനെ അറിയിപ്പാൻ യേശു ഒരുക്കിയ വേദികൾ യേശുവിന്റെ മക്കളായ നാം പാപികളെ കല്ലെറിയുവാൻ , അവരെ ദ്വേഷിക്കുവാൻ, അവരുടെ അടിസ്ഥാന അവകാശങ്ങളെ ചോദ്യം ചെയ്യുവാൻ ഉപയോഗിക്കുമ്പോൾ നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിച്ചു ആ സ്നേഹത്തിലൂടെ അവരെ ക്രിസ്തുവിലേക്കു വഴി നടത്തുക എന്ന അടിസ്ഥാന ഉപദേശത്തിൽ നിന്ന് നാം അകന്നു പോകുന്നുണ്ടോ എന്ന് നാം ചിന്തിക്കേണ്ടതും അത്യാവശ്യമാണ്.
ദൈവം നമുക്ക് തന്നിരിക്കുന്ന അവസരങ്ങൾ , അവകാശങ്ങൾ എന്നിവ ലോകത്തിലെ ഭരണ സംവിധാനങ്ങളോട് ചേർന്ന് നിന്ന് അവരുമായി ചങ്ങാത്തം സ്ഥാപിക്കുവാനല്ല മറിച്ചു വരുവാനുള്ള ലോകത്തിലേക്ക് ആളുകളെ ചേർക്കുവാനുപയോഗിക്കുക എന്നതാണ് ഓരോ ക്രിസ്ത്യാനിയുടെയും കർത്തവ്യം. ഇതൊന്നും ചെയ്തില്ലെങ്കിലും സ്വാർത്ഥ താൽപര്യങ്ങൾക്കായി പാപികളെ കല്ലെറിയുന്നവരുടെ ചട്ടുകമായി നാം മാറി ക്രിസ്തുവിലേക്കു എത്തപ്പെടേണ്ടവർക്കു നാം ഒരു തടസ്സമാകാതിരിക്കട്ടെ.
റോണി ജോര്ജ്ജ്, കാനഡ