നൈജീരിയയിൽ വീണ്ടും ക്രൈസ്തവ കൂട്ടക്കുരുതി

അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ വീണ്ടും ക്രൈസ്തവ കൂട്ടക്കുരുതി. തീവ്രവാദികളുടെ ആക്രമണത്തിൽ 81 പേർ കൊല്ലപ്പെട്ടു. ഗ്രാമത്തലവൻ ഉൾപ്പെടെ ഏഴ് പേരെ തട്ടിക്കൊണ്ടുപോയ തീവ്രവാദികൾ ഗ്രാമവാസികളുടെ 400ൽപ്പരം നാൽക്കാലികളെയും കടത്തിയെന്ന് പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബോർണോ സംസ്ഥാനത്തെ ഫഡുമാ കൊളോംഡി ഗ്രാമത്തിൽ ജൂൺ ഒൻപതിനായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ബൊക്കോ ഹറാം തീവ്രവാദികളാണെന്നാണ് പ്രാദേശിക ഭരണകൂടം നൽകുന്ന വിവരം. അക്രമണസൂചനകളൊന്നും നൽകാതെ ശാന്തരായി എത്തിയ ഒരു സംഘം ആളുകൾ, മതപ്രഭാഷണം ശ്രവിക്കാൻ ക്ഷണിച്ചുകൊണ്ട് ഗ്രാമവാസികളെ ഒരുമിച്ചുകൂട്ടിയശേഷം വെടിയുതിർക്കുകയായിരുന്നുവെന്ന് ആക്രമത്തിൽനിന്ന് രക്ഷപ്പെട്ട ഒരാൾ പ്രാദേശിക ഭരണകൂടത്തോട് വെളിപ്പെടുത്തി. ‘ആദ്യം അവർ ഞങ്ങളെയെല്ലാം ഒരുമിച്ചൂകൂട്ടി. അതിനുശേഷം ഞങ്ങളോട് മതപ്രഭാഷണം നടത്തി. ഞങ്ങളുടെ കൈയിൽ എന്തെങ്കിലും ആയുധങ്ങൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ അത് തരണമെന്ന് ആവശ്യപ്പെട്ട്. തുടർന്ന് ഞങ്ങൾക്കു നേരെ നിറയൊഴിക്കുകയായിരുന്നു.’
രാവിലെ കന്നുകാലികളെ മേയ്ക്കാൻ കൊണ്ടുപോകുന്ന സമയത്താണ് സംഘം ഗ്രാമത്തിലെത്തി മതപ്രഭാഷണത്തിൽ പങ്കെടുക്കാൻ ഗ്രാമീണരെ ക്ഷണിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടിട്ടുണ്ട്. 13 പേർക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചു എന്നാണ് പ്രാഥമിക വിവരം. രാവിലെ 10 മുതൽ ഏതാണ്ട് ആറ് മണിക്കൂറോളം ആക്രമികൾ ഗ്രാമത്തിൽ ആക്രമം അഴിച്ചുവിട്ടു. യുദ്ധവിമാനത്തിലെത്തിയ നൈജീരിയൻ എയർഫോഴ്‌സ് വെടിയുതിർത്തതോടെയാണ് തീവ്രവാദികൾ ഗ്രാമത്തിൽനിന്ന് രക്ഷപ്പെട്ടത്. ലോകരാജ്യങ്ങളുടെ ശ്രദ്ധ കൊറോണാ പ്രതിരോധത്തിൽ കേന്ദ്രീകരിക്കപ്പെടുന്നത് അവസരമാക്കി തീവ്രവാദികൾ പുനഃസംഘടിതരാകുമെന്ന നിരീക്ഷകരുടെ മുന്നറിയിപ്പുകൾ ശരിയാകുന്നതിന്റെ ഭീതിയിലാണ് ആഫ്രിക്കയിലെയും മധ്യപൂർവേഷ്യയിലെയും ക്രൈസ്തവർ. നൈജീരിയയിൽ മാത്രമല്ല സമീപ രാജ്യങ്ങളായ മാലിയിലും ബുർക്കിനോഫാസോയിലും തീവ്രവാദ ആക്രമണങ്ങൾ പതിവാകുകയാണ്. ഇക്കഴിഞ്ഞ ആഴ്ചമാത്രം നൈജീരിയയിലും (93 പേർ) മാലിയിലുമായി (27 പേർ) 120 ക്രൈസ്തവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

-ADVERTISEMENT-

You might also like