പഴങ്കഥയും ചെറുചിന്തയും: കാകൻ ഇരിക്കാൻ കോമ്പു കൊടുത്താൽ… | രാജൻ പെണ്ണുക്കര

ബാല്യകാലങ്ങളിൽ വല്യപ്പച്ചന്മാർ
പറഞ്ഞ പഴംചൊല്ലുകളും കഥകളും
ഈ ലോക്കഡോൺ സമയത്തു
ഓർമ്മവരുന്നു.

കാകൻ ഇരിക്കാൻ
കൊമ്പു കൊടുത്താൽ
മേലിൽ നമുക്കൊരു………ദോഷം….

അതായത് പണ്ട് പണ്ട് ഒരു കൊടും കാട്ടിൽ കുറെ അരയന്നങ്ങൾ ഒരു മരത്തിൽ വർഷങ്ങളായി പാർത്തിരുന്നു. അവർ കുടുംബം കുടുംബം ആയി പല ചില്ലകളിൽ കൂടുകെട്ടി വളരെ സന്തോഷകരമായി ആട്ടവും പാട്ടും ആയി കഴിഞ്ഞുപോന്നു.

എന്നാൽ അവൃക്ഷം ഒറ്റത്തടി പോലെ ആകാശം മുട്ടെ ഉയരത്തിൽ വളർന്നു പന്തലിച്ചതും അമ്പു എയ്താൽ പോലും മുകളിൽ എത്താത്ത അത്ര ഉയരത്തിലും ആയിരുന്നു. കൂടാതെ അതിന്റെ വണ്ണം കാരണം ആർക്കും അതിൽ പിടിച്ചു കയറുവാനും സാധിച്ചിരുന്നില്ല.

അകാട്ടിൽ ഒരു വേടൻ കുടുംബമായി പാർത്തിരുന്നു. ആയാൾ പല നാളുകൾ പലരീതിയിൽ പ്രയത്‌നിച്ചിട്ടും ആവൃക്ഷത്തിൽ കയറി ഒരു അരയന്നത്തെ പോലും പിടിക്കാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ ഈ അരയന്നങ്ങളുടെ ഇടയിൽ ചില സമ്പ്രദാങ്ങളും നിയമങ്ങളും ഉണ്ടായിരുന്നു. അവർ അവയെ ഒരു മുടക്കവും കൂടാതെ പാലിച്ചും അവരുടെ രാജാവിന്റെ നിർദേശങ്ങൾ കർശനമായി അനുസരിച്ചും ജീവിച്ചു. രാജാവിന്റെ കല്പനകൾ അവർക്കു അന്തിമ തീരുമാനങ്ങൾ ആയിരുന്നു.

അതനുസരിച്ചു അവർ വേറെ ഒരു പക്ഷികളെയും ആവൃക്ഷത്തിൽ കൂടുകെട്ടാനോ ചേക്കേറാനൊ അനുവദിച്ചിരുന്നില്ല.

അങ്ങനെ വർഷങ്ങൾ കഴിഞ്ഞുപോയി. ഭയങ്കര കാറ്റും ഇടിയും മഴയും
ഉണ്ടായ ഒരു സന്ധ്യ സമയം.

പല മരങ്ങൾ ഒടിഞ്ഞും വേരോടെ പിഴുതും വീണു. പല പക്ഷികളുടെ കൂടുകൾ തകർന്നു പോയി. പലർക്കും അവരുടെ ബന്ധുക്കളും ചർച്ചക്കാരും നഷ്ടമായി.

ആസമയത് എല്ലാം നഷ്ടപെട്ട ഒരു കാകൻ പറന്നു വന്നു അരയന്നങ്ങളുടെ മരക്കൊമ്പിന്റ അറ്റത്തു വന്നിരുന്നു കാ..കാ…എന്ന് കരയാൻ തുടങ്ങി. നേരം നന്നേ ഇരുട്ടി, എല്ലാ അരയന്നങ്ങളും കൂടി ചേർന്നു അവനെ ഓടിക്കാൻ നോക്കി. എന്നാൽ അവൻ നനഞ്ഞു വിറങ്ങലിച്ചു വീണ്ടും വീണ്ടും കരഞ്ഞു കൊണ്ടേയിരുന്നു.

ദയ തോന്നിയ രാജ്ഞി, രാജാവിനോട് പറഞ്ഞു, അയ്യോ അവൻ ഒരു പാവം ആണെന്നു തോന്നുന്നു. ഇത്രയും രാത്രി ആയില്ലേ, സാരമില്ല രാവിലെ അങ്ങു പോയിക്കൊള്ളും. ഇന്ന്‌ രാത്രി അവനെ ഇവിടെ ഇരിക്കാൻ അനുവദിക്കൂ. എങ്കിലും വൈമനസ്സ്യത്തോടെ രാജാവ് സമ്മതം മൂളി.

അങ്ങനെ രാത്രി കഴിഞ്ഞുപോയി. രാവിലെ ഒരു നന്ദി പോലും പറയാതെ കാകൻ മരക്കൊമ്പിൽ ഇരുന്നു താഴോട്ട് ഒന്നു കാഷ്ടിച്ചിട്ടു പറന്നുപോയി.

വർഷങ്ങൾ കഴിഞ്ഞുപോയി. ഒരു ദിവസം വേട്ടക്കാരൻ വന്നു നോക്കിയപ്പോൾ അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല.

അതെ…. അന്ന് കാകന്റെ കാഷ്ടത്തിൽ ഉണ്ടായിരുന്ന ഒരു ചെറിയ കുരു താഴെ മണ്ണിൽ വീണു കിളിർത്തു, ഒരു വലിയ വള്ളിയായി വളർന്നു മരത്തിന്റെ മുകളിൽ വരെ എത്തിയിരിക്കുന്നു.

സമയം ഒട്ടും പാഴാക്കാതെ വേട്ടക്കാരൻ ആ വള്ളിയിൽ പിടിച്ചു മുകളിൽ കയറി എല്ലാ അരയന്നങ്ങളെയും പിടിച്ചു കൊണ്ടുപോയി.

ചിലപ്പോൾ നിങ്ങൾ ചോദിക്കാം ഈ കഥക്ക് ഇവിടെ എന്ത് പ്രസക്തി.

അതെ നമ്മുടെ വിശ്വാസ ജീവിതത്തിലും, ആത്മിക ഗോളത്തിലും നാം അറിയാതെ വീഴുന്ന അഥവാ നമ്മുടെ മനസ്സിൽ ആരൊക്കെയോ എപ്പോഴൊക്കെയോ (നാം നിസാരമെന്നു കരുതുന്ന) വിതക്കുന്ന തെറ്റിദ്ധാരണ (സത്യം ഇല്ലാത്ത ധാരണകൾ) എന്ന വിത്തുകൾ, സംശയത്തിന്റ വിത്തുകൾ ഉണ്ട്.

എന്നാൽ അതിനു അനുകൂലമായ സാഹചര്യവും പരിതഃസ്ഥിതിയും കിട്ടുമ്പോൾ അവ സ്നേഹക്കുറവായി മുളച്ചു, വെറുപ്പ്, പക, പിണക്കം, വിരോധം, ദേഷ്യം, വൈരാഗ്യം, എന്നിവയായി വളർന്നു (2കോരി 12:20) നമ്മെയും നമ്മിലുള്ള നന്മകളെയും ആത്മിക ജീവിതത്തെയും ഒരു ചില്ലു കൊട്ടാരം തകരുന്ന രീതിയിൽ എന്നന്നേക്കും നശിപ്പിച്ചുകളയാറില്ലേ

പിശാചിന്റെ തന്ത്രങ്ങളെ നിങ്ങൾ അറിയാത്തവർ അല്ലല്ലോ. അതെ ശത്രുവിന് നിങ്ങൾ ഇടം കൊടുക്കരുത്.

(രാജൻ പെണ്ണുക്കര)
വസായ് റോഡ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.