കാലികം: ആരാധനകൾക്കു തടസ്സങ്ങളോ? | പാ. സാം റോബിന്‍സണ്‍

കാലത്തിന്റെ സഞ്ചാരപഥത്തിൽ ആധുനികത എന്ന പദം കൂട്ടുകൂടിയപ്പോൾ ദൈവീക ആരാധനകളുടെ രൂപവും ഭാവവും മാറിയതോടപ്പം ഉദ്ദേശവും മാറിയിരിക്കുന്നു. മുൻ കാലങ്ങളിൽ ഭക്തന്മാരുടെ ദൈവീക ആരാധനയുടെ ഉദ്ദേശം ദൈവപ്രസാദമായിരുന്നെങ്കിൽ ഈ ആധുനിക കാലഘട്ടത്തിൽ അത് സമൂഹത്തിന്റെയും മനുഷ്യരുടെയും പ്രസാദത്തിനുവേണ്ടിയായിത്തീർന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദൈവീക ആരാധനയിൽ ദൈവപ്രസാദം നേടാൻ കഴിഞ്ഞില്ലെങ്കിൽ ആരാധനക്ക് എവിടെയോ തടസ്സം നേരിട്ടിട്ടുണ്ടെന്നുള്ളത് തീർച്ച. ആരാധനയുടെ ഉദ്ദേശത്തിലുള്ള ഈ മാറ്റങ്ങളല്ലേ ദൈവപ്രസാദം ലഭിക്കാതവണ്ണം ഇന്നത്തെ ആരാധനകൾക്കു തടസ്സങ്ങളായി മാറിയിരിക്കുന്നത്?

സഭകളിലെ ആരാധന

” 1ദിന -16:29-ൽ പറയുന്നു യെഹോവയ്‌ക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുക്കുവിൻ. കാഴ്ചയുമായി അവന്റെ സന്നിധിയിൽ ചെല്ലുവിൻ വിശുദ്ധഭൂഷണം ധരിച്ചുകൊണ്ട് യെഹോവയെ നമസ്കരിക്കുവിൻ. “ദൈവത്തിന് തക്ക മഹത്വം നൽകണം അത് കല്പനയാണ്. എന്തുകൊണ്ടോ നമ്മുടെ സഭ ആരാധനകൾ ചടങ്ങുകളായി മാറിക്കൊണ്ടിരിക്കുന്നു. മൂന്നു പാട്ടു, അല്പ്പം അന്യഭാഷ, ചെറിയ സങ്കിർത്തനം , സമയബന്ധിതമായ പ്രസംഗങ്ങൾ…. ഇതിൽ ദൈവത്തിനു തക്ക മഹത്വം ലഭിക്കുന്നുണ്ടോ എന്ന് പരിശോധികേണ്ടിയിരിക്കുന്നു. സമയ ബന്ധിതമായ നമ്മുടെ ആരാധന ചടങ്ങുകൾ ദൈവീക ആരാധനകൾക്കു തടസ്സങ്ങൾ തന്നെയാണ്. പണ്ടുകാലത്തെ ആരാധന രീതികൾ മാറിയിരിക്കുന്നു. ഒരു പക്ഷെ അത് നല്ലതായിരിക്കാം. രീതികൾ മാറിയാലും ആരാധനയുടെ ഉദ്ദേശ്യം നമ്മളിൽ നിന്ന് മാറാതിരിക്കട്ടെ. ഘടികാരം നിയന്ത്രിക്കുന്ന ആരാധനകളും, ഉത്സാഹം ഇല്ലാത്ത ആരാധനയും, ഐക്യതയില്ലാത്ത സഭകളിലെ ദൈവ മക്കളും, സഭാരാഷ്രീയവും, ദൈവീക ആരാധനകൾക്കു തടസ്സങ്ങൾ തന്നെയാണ്. സഭകളിൽ ദൈവ പ്രസാദമല്ലാത്ത ആരാധനകളും, ഇക്കിളി കൂട്ടുന്ന പ്രസംഗങ്ങളും, പാരമ്പര്യങ്ങളും മാറ്റി നമുക്ക് മടങ്ങി വരാം.

ഓൺലൈൻ ആരാധന

ഈ ലോക്ക്ഡൗൺ സമയത്ത് കണ്ടുവരുന്ന ഒരു ആരാധന ശൈലി ആണ് ഓൺലൈൻ ആരാധന. ലോകത്തിന്റെ ഏത് ഭാഗത്തായിരുന്നാലും ഓൺലൈനിലൂടെ ദൈവത്തെ ആരാധിക്കുവാനുള്ള ഒരു സംവിധാനമാണിത്. വളരെ ദുഖത്തോടെ എഴുതട്ടെ ഓൺലൈൻ ആരാധനകൾ പലതും പ്രഹസനങ്ങളായി മാറിയിരിക്കുന്നു. വളരെ ചുരുങ്ങിയ ആളുകൾ മാത്രം നല്ല മനസ്സോടെ ഇതിൽ ദൈവത്തെ ആരാധിക്കുന്നു. ആരാധനയിൽ ദൈവത്തെ കാണുന്നതിന് പകരം ഓൺലൈനിൽ എന്നെ എത്ര പേര് കാണുന്നു എന്ന ചിന്തയോടെ ഇരിക്കുന്ന പ്രാർത്ഥനകൾ, ആരാധനകൾ, വളരെ ദുഃഖം ഉണ്ടാവുന്നതാണ്. ആരാധന സമയത്തെ ചെറിയ അലസത പോലും ദൈവത്തിന്റെ കോപത്തിന് കാരണമായിതീരുന്നു. ഉദാഹരണം അബ്രഹാം യാഗം കഴിച്ചപ്പോൾ പ്രാവിന്റെ അശുദ്ധമായത് ഉപേക്ഷിച്ചില്ല. ചെറിയ തെറ്റ് വലിയ ദൈവ കോപത്തിന് കാരണമായി തീരുന്നു. ഓലൈനിൽ ആരാധനകൾ കൂടുമ്പോൾ അലസത അധികമായി ഉണ്ടാകുവാൻ സാധ്യതകൾ ഉണ്ട്. ഇതിൽ ഭൂരിഭാഗം പേരും ഈ അലസതയിൽ കുടുങ്ങി ദൈവ കോപത്തിന് പാത്രങ്ങളാകുന്നു.. ഇതു ആരാധനയിൽ ഒരു തടസ്സമാണ്. നമുക്കു ദൈവം തരുന്ന ദൂതുകൾ, പാട്ടുകൾ മറ്റുള്ളവർക്കു നല്കുക. പക്ഷെ നമ്മൾ ദൈവത്തെ ആരാധിക്കുന്നത് മനുഷ്യർ കാണുന്നതിനെക്കാൾ ദൈവം കാണട്ടെ. കാരണം ആരാധന സ്വികരിക്കേണ്ടത് ദൈവം അല്ലയോ? റോമർ -12:1-ൽ പറയുന്നതുപോലെ “നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുട ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദമുള്ള യാഗമായി സമർപ്പിക്കുവിൻ. “ഒരു ബുദ്ധിയുള്ള ആരാധന നമ്മുടെ മാധ്യമങ്ങളിൽ നമുക്ക് ലഭിക്കട്ടെ.അതിനായി പ്രാർത്ഥിക്കാം പരിശ്രമിക്കം.

വീടുകളിലെ ആരാധന

പുതിയ നിയമത്തിൽ ആധുനിക കാലഘട്ടത്തിലെ ആരാധനകൾ പലതും വീടുകളിൽ ആയിരുന്നു. പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ അപ്പൊസ്ഥലപ്രവർത്തികളിൽ ഇറങ്ങി വരുന്നതും ഒരു മാളിക മുറിയിൽ ആയിരുന്നു. ഈ ലോക്ക്ഡൗൺ സമയത്ത് പലരും ആരാധിക്കുന്നതു ഭാവനങ്ങളിലാണ്. പക്ഷെ ഭാവനങ്ങളിൽ ആയതിനാൽ ചിലർക്ക് ആരാധനയോടുള്ള താല്പര്യം കുറയുന്നു. ചില കുടുംബഗങ്ങൾ ആരാധനകൾക്ക് പങ്കെടുക്കുക പോലും ഇല്ല. പക്ഷെ അപ്പൊസ്ഥലപ്രവർത്തി 16:25-29 വരെ വായിക്കുബോൾ പൌലോസും ശീലാസും തടവറയിൽ ദൈവത്തെ ആരാധിച്ചു എന്ന് നാം വായിക്കുന്നു. അവിടെ കൂടെ ആരാധിക്കുവാൻ ജനം ഇല്ല. പാട്ടു പാടുന്നവരോ പ്രസംഗിക്കുന്നവരോ ഇല്ല; കേൾക്കുവാൻ ജനവും ഇല്ല. പക്ഷെ അവരുടെ ആരാധന കേൾക്കുവാൻ ദൈവം ഉണ്ടായിരുന്നു. നമ്മുടെ വീടുകളിൽ ജനം ഇല്ലാത്തതും ആരാധന നയിക്കുന്നവർ ഇല്ലാത്തതും നമ്മുടെ ദൈവീക ആരാധനകൾക്ക് തടസ്സം ആകരുത്. തടസ്സങ്ങൾ മാറ്റുന്നതാകണം നമ്മുടെ ആരാധനകൾ. പ്രതികൂല സാഹചര്യത്തെക്കാൾ നാം പരിശോധികേണ്ടതു ദൈവത്തെ ആരാധിക്കുവാനുള്ള സാധ്യതകളാണ്. ഈ നാളുകളിൽ ദൈവീക ആരാധന ഉയരുന്ന ആലയങ്ങളായി നമ്മുടെ ഭാവനങ്ങൾ മാറുവാൻ പരിശ്രമിക്കാം.

പ്രിയ ദൈവമക്കളെ ദൈവിക ആരാധനയിലെ തടസ്സങ്ങൾ നാം തന്നെ സൃഷ്ടിക്കുന്നതാണ്. സാഹചര്യങ്ങൾ നമ്മുടെ ആരാധനകൾക്കു തടസ്സം അല്ല. നമ്മുടെ തെറ്റായ ചിന്തകളും പ്രവർത്തികളും ആരാധനകൾക്കു തടസ്സങ്ങൾ തന്നെയാണ്.പ്രഹസനങ്ങൾ, ചടങ്ങുകൾ, അഭിനയങ്ങൾ, ആരാധന കച്ചവടങ്ങൾ എന്നീ തടസ്സങ്ങളെ നമ്മുക്കു മാറ്റാം. ജീവനും വിശുദ്ധിയും ഉള്ള ആരാധന നമ്മുടെ ജീവിതത്തിൽ നിർബന്ധം ആക്കാം…ഉണരാം…ആരാധനയുടെ രൂപങ്ങൾ, ഭാവങ്ങൾ, രീതികൾ മാറുവാൻ സാധ്യതകൾ ഉണ്ട്. പക്ഷെ ദൈവിക ആരാധനയുടെ ഉദ്ദേശം മാറാതെ നമുക്ക് ദൈവിക ആരാധനക്കുവേണ്ടി ഒരുങ്ങാം പ്രാർത്ഥിക്കാം… ആമേൻ..

പാസ്റ്റർ സാം റോബിന്‍സണ്‍

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.