കൊറോണക്കാല ധ്യാനചിന്തകൾ: ദൈവം എവിടെ? | ഡോ. ജെസ്സി ജെയ്‌സൺ

ചിന്തിച്ചാലും ഉറക്കെ ചോദിക്കരുതാത്ത ഒരു ചോദ്യമല്ലേ ഇത് എന്നു തോന്നുന്നുണ്ടല്ലേ? കഷ്ടതയുടെ നാളിൽ ദൈവവിശ്വാസമുള്ളവനും ഇല്ലാത്തവനും ഒരേ നൊമ്പരത്തോടെ ചോദിക്കുന്ന ചോദ്യം! ദൂതന്മാരുടെ കാവൽ, ബാധയൊന്നും അടുക്കാതെ കാക്കുന്ന കവചം, തൂവലുകൾ കൊണ്ട് പൊതിയൽ , പാറയുടെ പിളർപ്പിലുള്ള മറവ്, കണ്ണിമക്കാതെയുള്ള ദൈവീക സംരക്ഷണം, ഇതൊക്കെ നെഞ്ചോടടുക്കിപ്പിടിച്ചാണല്ലോ നമ്മളൊക്കെ ജീവിച്ചു പോരുന്നത്. എന്നാൽ തുലനം വയ്ക്കാനില്ലാത്ത ഒരു പ്രതിസന്ധിക്ക് ഇന്ന് സാക്ഷിയാകുമ്പോൾ, ജനജീവന് സംരക്ഷണം നല്കാനാവാതെ വിറങ്ങലിച്ചു നിൽക്കുന്ന ഭരണാധികാരികളെ കാണുമ്പോൾ, ആർക്കും ആരെയും ധൈര്യപ്പെടുത്തുവാൻ കഴിയാതാകുമ്പോൾ, അന്ത്യാഭിലാഷം കേൾക്കുവാൻ പോലും ആരുമില്ലാതെ ശതകോടീശ്വരരും, ലോകഇമ്പങ്ങളിൽ മുഴുകി ദൈവത്തെ മറന്നു ജീവിച്ചവരും, വിശ്വസ്തരായി ദൈവത്തെ സേവിച്ചവരും ഒരുപോലെ കൈവിട്ടു പോകുമ്പോൾ, ഒരു ചോദ്യം ബാക്കിയാവുന്നു- ദൈവം എവിടെ? എന്തേ നിശ്ശബ്ദനായിരിക്കുന്നു? സങ്കീർത്തനങ്ങളിൽ മുഴങ്ങിക്കേട്ടിട്ടുള്ള ഈ ചോദ്യത്തെ (സങ്കീ. 115:3) (സങ്കീ. 42:3) ശത്രുവിന്റെ വെല്ലുവിളിയായി മാത്രമാണ് നാം കണ്ടിരുന്നതെങ്കിൽ ഇന്ന് അത് നമ്മിൽ തന്നേ പ്രതിധ്വനിക്കുന്നുണ്ടാകാം. “നമ്മുടെ ദൈവം സ്വർഗ്ഗത്തിലുണ്ട്, തനിക്കിഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു.” (സങ്കീ. 115:3) “അവന്റെ കണ്ണുകൾ ദർശിക്കുന്നു, അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു.” യഹോവയുടെ സിംഹാസനം സ്വർഗത്തിൽ ആകുന്നു. (സങ്കീ. 11:4) “അവൻ സർവ്വ ഭൂമിക്കും മഹാരാജാവാകുന്നു.” (സങ്കീ. 47:2) തുടങ്ങിയ പാടിപ്പഴകിയ മറുപടികളും നമുക്ക് പരിചിതം. വിശ്വാസികളായവർ, ദൈവത്തെ സേവിക്കുന്നവർ, നേരിടുന്ന അസാമാന്യ ദുരിതങ്ങളുടെ പശ്ചാത്തലത്തിൽ ഈ ചോദ്യം കൈകാര്യം ചെയ്യപ്പെടുന്നതിന്റെ പ്രായോഗിക ദൈവശാസ്ത്രപരമായ ഒരു അപഗ്രഥനമാണ് (practical theological reflective analysis) ഈ എഴുത്തിന്റെ പ്രതിപാദ്യം.

നിസ്സഹായമനസ്സുകളുടെ രോദനം
ഒന്നാം ലോക മഹായുദ്ധകാലത്തും അനന്തരമായും ലോകത്തെ വേട്ടയാടിയ തീവ്രമായ പ്രതിസന്ധികൾ ധാരാളം പേരെ ‘ദൈവം എവിടെ’ ചോദ്യത്തിലേക്കു നടത്തിയിട്ടുള്ള ചരിത്രം നമുക്കറിയാമല്ലോ. നാടും, വീടും നഷ്ടപ്പെട്ടവർ, മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾ, പങ്കാളികളെ കണ്ടെത്താനാവാതെ അനാഥത്വത്തിലേക്ക് തള്ളപ്പെട്ടവർ, ശരീരം മുറിവേറ്റവർ, അവയവങ്ങൾ നഷ്ടപ്പെട്ടവർ, ക്രൂരമായി ഉപദ്രവിക്കപ്പെട്ടവർ – അവസാനിക്കാത്ത ഓരോ ദുരന്തത്തിനും സാക്ഷിയായവർ ചോദിച്ചു, ‘ദൈവം എവിടെ’? ഒരു വശത്ത് വിശ്വാസത്തിൽ ഉറച്ചുനിന്ന് ദൈവത്തെ ഉദ്ധാരണങ്ങളുടെ ദൈവമായി അറിഞ്ഞവരും, മറുഭാഗത്ത് ദൈവ നിഷേധത്തിൻ്റെ ശക്തമായ ആശയങ്ങൾ ആവിഷ്ക്കരിച്ചവരും ഉണ്ടായി. ദൈവം മരിച്ചു, ദൈവം സൃഷ്ടിയുടെ മാത്രം ദൈവമാണ് പരിപാലകനല്ല തുടങ്ങിയ വീക്ഷണങ്ങൾ പ്രചാരം നേടിയ ഒരു കാലഘട്ടം ഉണ്ടായി. മനുഷ്യജീവിതത്തിൽ എക്കാലത്തും പ്രതിസന്ധികൾ ഉണ്ടായിരുന്നു, ഇനിയും ഉണ്ടാകും, അനുബന്ധമായി ദൈവത്തെക്കുറിച്ചുള്ള ചോദ്യങ്ങളും. യേശു കർത്താവും ശിഷ്യരുമൊത്ത് പടകിൽ അക്കരെക്കു പോകുമ്പോഴാണ് വലിയോരു പ്രതിസന്ധി ഉണ്ടായത്. കർത്താവ് അതിലുണ്ടായിരുന്നു എന്ന കാരണത്താൽ ആ കൊടുങ്കാറ്റ് ഒഴിഞ്ഞുപോയില്ല. ശിഷ്യന്മാരുടെ ചോദ്യം ഇതായിരുന്നു, “ഗുരോ ഞങ്ങൾ നശിച്ചു പോകുന്നതിൽ നിനക്ക് വിചാരമില്ലയോ?” മറ്റൊരുവിധത്തിൽ പറഞ്ഞാൽ, “നീ ദൈവമാണെന്ന് ഞങ്ങൾ ധരിച്ചു, എന്നാൽ എന്തുകൊണ്ടാണ് അങ്ങ് ഞങ്ങളെ കരുതാത്തത്?”. ദുരിതാനുഭവത്തിൽനിന്നും, തങ്ങളിൽനിന്നുതന്നെയും അവർ ഒരു നിമിഷത്തേക്കെങ്കിലും ശ്രദ്ധ ഗുരുവിലേക്ക് മാറ്റി.
കഷ്ടതയുടെ ആഴത്തിൽനിന്ന് ദൈവത്തിന്റെ സ്വഭാവത്തിലേക്ക് നോട്ടം മാറ്റുമ്പോൾ
കഷ്ടത വരുമ്പോഴാണ് , ഒരുപക്ഷെ, അങ്ങേയറ്റത്തെ കഷ്ടത നേരിടുമ്പോഴാണ്, മനുഷ്യൻ ദൈവത്തെ ആത്മാർഥമായി തെരയുക. കഷ്ടതയുടെ ഉദ്ദേശ്യങ്ങളായി നാം വിശദീകരിക്കാറുള്ളത്: ദൈവം തന്റെ പ്രത്യേക ഉദ്ദേശ്യനിവർത്തിക്കായി അനുവദിക്കുന്ന അനുഭവങ്ങൾ, ദൈവത്താലുണ്ടാകുന്ന ബാലശിക്ഷ, ശുദ്ധീകരണത്തിനായുള്ളത്, മറ്റുള്ളവരുടെ ആശ്വാസത്തിന് നമ്മെ ഉപയോഗിക്കുവാൻ, ദൈവത്തോട് അധികം അടുപ്പിക്കുവാൻ, ക്രിസ്തുവിന്റെ കഷ്ടതയിൽ പങ്കാളിത്തത്തിന് , സഹിഷ്ണുത, സിദ്ധത എന്നിവയിലൂടെ പ്രത്യാശയിലേക്ക് നടത്തുവാൻ തുടങ്ങിയവയാണ്. ഇതൊക്കെ കഷ്ടതയുടെ മാനുഷികാനുഭവം ഉൾക്കൊള്ളുവാൻ ഗണ്യമായി സഹായിക്കാറുണ്ട്.
കൊറോണ എന്ന മഹാമാരി പക്ഷെ, ഇത്തരം വിശദീകരണങ്ങൾക്കു അപ്പുറമായുള്ള ചില ചോദ്യങ്ങളിലേക്കാണ് നമ്മെ തള്ളിവിടുന്നത്. അതിൽ പ്രധാനമായുള്ളത്- ദൈവം ആര്? ദൈവം എന്ത് ചെയ്യുന്നു? ദൈവം എന്തുകൊണ്ട് പ്രതികരിക്കുന്നില്ല തുടങ്ങിയ ചോദ്യങ്ങളാണ്. ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ മേല്പറഞ്ഞ വിശദീകരണങ്ങളൊക്കെ സാമാന്യ മനുഷ്യന് കഷ്ടതയുടെ മാനങ്ങൾ തിരിച്ചറിയാൻ സഹായകമാണെങ്കിലും, മാനവജാതിയുടെ ഭാവനകൾക്കതീതമായുള്ള കഷ്ടത വരുമ്പോൾ എന്തുകൊണ്ട് ‘എനിക്കിതു’ വന്നു എന്നതിനു പകരം എന്തുകൊണ്ട് ‘ദൈവം’ ഇത് അനുവദിച്ചു എന്ന ചോദ്യം ഉണ്ടാകുന്നു. ദൈവകേന്ദ്രീകൃതമായ വിഷയങ്ങൾക്ക് ആ ദിശയിലുള്ള വിചിന്തനമാണ് ഓരോ വ്യക്തിയിലും ഉണ്ടാകേണ്ടത്.

HIV/AIDS (1981-2012) കൊന്നൊടുക്കിയത് 36 മില്യൺ ജനങ്ങളെയാണെങ്കിൽ ബ്ലാക്ക് ഡെത്ത് black death (1346-1353) മൂലം ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഇവിടങ്ങളിൽ ഇല്ലാതായത് 200 മില്യൺ ആണെന്നാണ് കണക്ക്. മഹാമാരികൾ ചരിത്രത്തിൽ കുറവല്ല, എന്നാൽ നമ്മുടെ ജീവിതകാലത്ത് ഇതുപോലൊന്നു വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ലെന്നു മാത്രം. സാധാരണ കഷ്ടതകളിൽ നിന്ന് ഇത്തരം മഹാമാരികൾക്കുള്ള വ്യത്യാസം എന്താണ്? സാധാരണ പ്രതിസന്ധികൾക്ക് ഏതെങ്കിലും വിധത്തിൽ ഒരറുതി പ്രതീക്ഷിക്കാം, ഇവിടെ അതില്ല; മനുഷ്യന് പരസ്പരം ആശ്വസിപ്പിക്കാം, സഹായിക്കാം, ഇവിടെ അതില്ല; അവശ്യ വസ്തുക്കൾ ലഭ്യമാണ്, ഇവിടെ അതില്ല; ദേശങ്ങൾ തന്നെ ശൂന്യമായിപ്പോകുന്നു, അറിവ്, ധനം, കരുത്ത് , അധികാരം, ആരോഗ്യം ഇങ്ങനെ സഹായിക്കുമെന്നു വിശ്വസിച്ചതെല്ലാം നിഷ്പ്രയോജനമായിത്തീരുന്ന അവസ്‌ഥ. വിലാപങ്ങളുടെ എഴുത്തുകാരൻ പറഞ്ഞു തുടങ്ങുന്നതുപോലെ, “അയ്യോ, ജനപൂർണ്ണയായിരുന്ന നഗരം ഏകാന്തയായിരിക്കുന്നതെങ്ങനെ?…അവളുടെ സകല പ്രിയന്മാരിലും അവളെ ആശ്വസിപ്പിക്കുവാൻ ആരുമില്ല…ഉത്സവത്തിന് ആരും വരായ്ക കൊണ്ട് സീയോനിലേക്കുള്ള വഴികൾ ദുഖിക്കുന്നു; അവളുടെ വാതിലുകളൊക്കെയും ശൂന്യമായിപ്പോയി… പുരോഹിതന്മാർ നെടുവീർപ്പിടുന്നു.” (വിലാ. 1:1-4). തങ്ങളുടെ ഒരു കഴിവിനും കോവിഡ് -19 ദുരന്തത്തിൽ മനുഷ്യനെ സഹായിക്കുവാൻ കഴിയുന്നില്ലെന്നു കണ്ട നിരീശ്വരവാദികളായ പല ഡോക്ടർമാരും ‘ദൈവമേ’ എന്ന് നിലവിളിച്ച അനുഭവങ്ങൾ പല രാജ്യങ്ങളിൽനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
സമാനതകളില്ലാത്ത പ്രതിസന്ധികളിൽ ദൈവത്തെ നോക്കിക്കണ്ടവർ
ഈ കൊറോണാ മഹാമാരി സുനിശ്ചിതമായി നമുക്ക് വാഗ്ദാനം ചെയ്യുന്നത് അനിശ്ചിതത്വം മാത്രമാണ്. ലോകം മുഴുവനും അത്തരം ഒരു ഭാവിയിലേക്ക് ഉറ്റു നോക്കുകയാണ് പ്രത്യേകിച്ചും, ആരോഗ്യ, സാമ്പത്തിക മേഖലകളിൽ. ‘സമാനതകളില്ലാത്ത അനിശ്ചിതത്വം’ എന്ന് നാം ഇതിനെ പേരിട്ടു വിളിക്കുന്നു. ഇവിടെയാണ് മനുഷ്യൻ മാത്രം പ്രസക്തമായിരുന്ന ഒരു കാലത്തിൽനിന്ന് ദൈവത്തിങ്കലേക്ക് നോട്ടം മാറുന്നത്. ബൈബിളിലേക്ക് ഒന്നു ശ്രദ്ധിക്കാം. തികച്ചും വിഭിന്നമായ കാലഘട്ടവും, സാഹചര്യവുമാണെങ്കിലും, ‘മനുഷ്യമനസ്സിന് ഉൾക്കൊള്ളുവാനാവാത്ത തരം പ്രതിസന്ധി’ എന്നതിൽ സമാനമായ സംഭവങ്ങളാണ്, സൊദോം ഗോമോറായുടെ നാശത്തിനു മുൻപിൽ യഹോവയുടെ സന്നിധിയിൽത്തന്നേ നിന്നുപോയ അബ്രഹാം (ഉല്പ. 18:22), ഏറ്റവും ദൈവഭക്തനും നീതിമാനും ദോഷം വിട്ടകലുന്നവനുമായ ഇയ്യോബ് (ഇയ്യോ .1:1), മനോഹാരിയായിരുന്ന സീയോൻ പുത്രിയുടെ തകർച്ചക്കുമുമ്പിൽ വിലപിക്കുന്ന യിരെമ്യാവ്‌ (വിലാപങ്ങൾ) ഇവരൊക്കെ നമ്മെ ഓർമ്മപ്പെടുത്തുന്നത്. ഓരോന്നായി ചിന്തിക്കാം.
യഹോവയുടെ തോട്ടം പോലെ സുന്ദരമായിരുന്ന സൊദോം-ഗോമോറായിൽ ഇടംകൈയും വലംകൈയും തിരിച്ചറിയാത്ത ജനം മുഴുവനും നേരിടുവാൻ പോകുന്ന നാശം കേട്ടയുടൻ, അബ്രഹാം ന്യായമായും അതിൻ്റെ മാനുഷികകാരണങ്ങൾ ആരാഞ്ഞിരിക്കാം; എന്നാൽ അവൻ ഭയപ്പാടോടെ ഒരു ന്യായവാദത്തിനായി, വിറയലോടെ ഒരു വിലപേശലിനായി യഹോവയുടെ സന്നിധിയിൽ നിൽക്കുമ്പോൾ, ചോദ്യം ദുരിതത്തെക്കുറിച്ചല്ല പിന്നെയോ ദൈവത്തെക്കുറിച്ചു തന്നെ ആയിരുന്നു. സത്ത ഇതാണ്, നീതിമാനായ ദൈവം ഇതിൽ എന്ത് ചെയ്‍വാൻ പോകുന്നു? മനുഷ്യന്റെ ന്യായമായ എല്ലാ ചോദ്യങ്ങളും ദൈവസന്നിധിയിൽ സ്വീകാര്യമാണ്; ശകാരിക്കില്ല, വിശദീകരണം നൽകും. ലഭിച്ച ഉത്തരം ഇതാണ്, “ഇല്ല എൻ്റെ നീതിക്ക് ഭംഗം വന്നിട്ടില്ല, വരികയുമില്ല.” 50-ൽ തുടങ്ങി 10-ലെത്തിയപ്പോഴും ഒരേ ഉത്തരം, ഞാൻ മാറ്റമില്ലാത്ത ദൈവമാണ്. (ഉല്പ.18:23-33) അവസരത്തിനൊത്ത് നീതിവ്യവസ്‌ഥകൾ മാറ്റുന്നവനല്ല; ഗതിഭേദത്താലുള്ള ആച്ഛാദനം എനിക്കില്ല, കാരണം ഞാൻ ദൈവമാണ്, ഞാൻ ആകുന്നവൻ ഞാൻ ആകുന്നു എന്നവൻ.
അബ്രഹാം ഒരു സമൂഹത്തിന്റെ മഹാനാശം കണ്ട് ദൈവത്തെ അന്വേഷിച്ച വ്യക്തിയായിരുന്നെങ്കിൽ, ഒരു വ്യക്തിയുടെ ദുരിതത്തിൻ്റെ തീവ്രത കണ്ട് ഒരു സമൂഹം നടത്തുന്ന ഇടപെടലുകളാണ് ഇയ്യോബിന്റെ പുസ്തകത്തിലുള്ളത്. അവിടെയും ഒരു ഭക്തന് വന്നുകൂടിയ തുല്യംവക്കാനില്ലാത്ത കഷ്ടനഷ്ടങ്ങൾക്ക് വിശദീകരണങ്ങൾ നൽകുവാനുള്ള മാനുഷികപ്രയത്നമാണ് എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടായത്. ഉത്തരങ്ങൾ പലതും കുറ്റപ്പെടുത്തലുകളായി മാറി, എത്ര ഉത്തരം നൽകിയിട്ടും ചോദ്യങ്ങൾ ബാക്കിയായി- ഒടുവിൽ, ദൈവം ആര്, ദൈവം എന്ത് ചെയ്യുന്നു? ദൈവത്തിന്റെ ശക്തിയും ഉദ്ദേശ്യവും എന്താണ്? എന്ന് ഗ്രഹിക്കേണ്ടത് മാത്രം ആവശ്യമെന്നു വന്നു. അതിനോട് ഏകീഭവിക്കുക മാത്രമാണ് മനുഷ്യന് വേണ്ടത് എന്ന തിരിച്ചറിവ് അത്ഭുതാവഹമായ ആശ്വാസം നൽകുന്നു. എണ്ണിഎണ്ണി നിരത്തിയ വാദങ്ങൾക്ക് ദൈവം മറുപടി പറയുവാൻ തുടങ്ങിയപ്പോൾ ഇയ്യോബിന്‌ കാര്യം മനസ്സിലായി- താൻ എത്ര നീതിമാനായാലും, ശ്രേഷ്ഠനായാലും ദൈവമാകുന്നില്ല; ദൈവം തന്നെയാണ് അത്യുന്നതൻ. “ദൈവത്തിനു സകലവും കഴിയുമെന്നും അവന്റെ ഉദ്ദേശ്യമൊന്നും അസാധ്യമല്ലെന്നും ഞാൻ അറിയുന്നു..” എന്ന് പറഞ്ഞുകൊണ്ട് അവൻ വായ് പൊത്തുന്ന രംഗം ആരാധനയുടെ പാരമ്യം കാട്ടിത്തരുന്ന മനോഹരമായ ഒന്നാണ് (ഇയ്യോ.42:2). എനിക്കല്ല ജ്ഞാനമുള്ളത്, ദൈവത്തിനാണ്; ഞാൻ പഠിക്കേണ്ടത് ദൈവത്തോട് ചോദിച്ചാണ് എന്നൊക്കെ ഏറ്റുപറയുന്ന ഇയ്യോബിന്റെ വാക്കുകൾ ഇങ്ങനെ, “ഞാൻ നിന്നെക്കുറിച്ച് ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ എന്റെ കണ്ണാൽ നിന്നെ കാണുന്നു. ആകയാൽ ഞാൻ പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.” (42:6)
വിലാപങ്ങളുടെ പ്രവാചകനാകട്ടെ, സീയോന് വന്നുഭവിച്ച തകർച്ചയുടെ തീവ്രമായ വേദനയിലാണ്. വിവരണങ്ങൾ ഏറെയും ഭീതിപ്പെടുത്തുന്ന ഏകാന്തത (isolation), വിശപ്പ് (Hunger), അനിശ്ചിതത്വം (uncertainty), ചോദ്യങ്ങൾ (queries) ഇവയുടേതാണ്. എന്നാൽ ഇടയ്ക്കിടെ ദൈവത്തിങ്കലേക്കു നോക്കുന്നുമുണ്ട്. “നാം മുടിഞ്ഞു പോകാതിരുന്നത് യഹോവയുടെ ദയയാകുന്നു. അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ. അത് രാവിലെ തോറും പുതിയതും, നിന്റെ വിശ്വസ്തത വലിയതും ആകുന്നു.” (വിലാ. 3:22) “മനസ്സോടെയല്ലല്ലോ അവൻ മനുഷ്യപുത്രന്മാരെ ദുഖിപ്പിക്കുന്നത്.” (3:33). ദൈവത്തെക്കുറിച്ചുള്ള ശരിയായ വീക്ഷണത്തിലെത്തുക മാത്രമാണ് ഇത്തരം കഠിനമായ സാഹചര്യങ്ങളിൽ നമുക്ക് തുണയാവുക. നിരാശയും, ഒറ്റപ്പെടലും, മരണവും, ശൂന്യതയും, നികത്താനാവാത്ത നഷ്ടങ്ങളും ഒക്കെ എല്ലാ മനുഷ്യർക്കും എന്നപോലെ ദൈവത്തെ അറിയുന്നവർക്കും വരാം എന്ന സത്യം പറയുവാനോ ചിന്തിക്കുവാനോ നാം മടിക്കുന്നു. ഇവിടെ ദൈവത്തിനു നമ്മെ വിടുവിക്കുവാൻ കഴിയും എന്നതിൽ സംശയമില്ല. എന്നാൽ അവിടുത്തെ ഹിതത്തിന് സമ്പൂർണ്ണ വിധേയത്വത്തിൽ ഏല്പിക്കുക എന്നത് വിശ്വാസത്തിന്റെ, ശിഷ്യത്വത്തിൻ്റെ ഉന്നതമായ ഒരു തലമാണ്. ഗ്ലാഡിസ് സ്റ്റൈൻസ് എന്ന വിധവ ഇന്നും സദ്ധാരണക്കാരായ നമുക്ക് പോലും മുറിവുണങ്ങാത്ത ആ വേർപാടിനെ മറികടന്നത്, പ്രതിസന്ധിയുടെ വിശകലനത്തിനപ്പുറമുള്ള ഒരു ദൈവീക ദർശനം പ്രാപിച്ചതിനാലാവണം.

പ്രതിസന്ധികളോട് പ്രതികരിക്കുമ്പോൾ: വിശ്വാസം, വിലാപം, വിധേയത്വം
കഷ്ടതയോടുള്ള മനുഷ്യന്റെ സ്വാഭാവിക പ്രതികരണത്തിൽ പടിപടിയായി കാണുന്നത് ചിലതുണ്ട്-അവിശ്വസനീയവും അപ്രതീക്ഷിതവുമായതിനാലുള്ള തിരസ്കരണം അഥവാ നിഷേധം (rejecting the reality because it is unbelievable and unexpected), എത്രയോ പേർക്ക് സംഭവിച്ചു എനിക്കും സംഭവിക്കാം എന്ന തിരിച്ചറിവിലൂടെയുള്ള അംഗീകാരം (accepting the fact that many have faced it and now I too may be prepared to face), ആ പ്രതിസന്ധിയോട് പൊരുത്തപ്പെട്ടുകൊണ്ട് അതിജീവനം (I accept the reality of having this problem but I am determined to face it and survive, in death or life, I know my life is secure in God). ഇതിൽ ഒന്നാമത് പറഞ്ഞ തിരസ്കരണം (rejection) നമുക്കെല്ലാം അറിവുള്ളതുപോലെ ഒരു ദുർഘടമായ ഘട്ടമാണ്. ഒന്നുകിൽ ദൈവത്തെക്കുറിച്ചുള്ള ആഴമായ ഒരു തിരിച്ചറിവിലൂടെ അതിജീവനത്തിലേക്കോ, പൂർണ്ണ വിധേയത്വത്തിലേക്കോ നാം വളരും. അതല്ലെങ്കിൽ, നിഷേധാത്മകതയുടെ പടവുകൾ ഇറങ്ങുകയായി. സ്വയ പരിതാപം (self-pity), കോപം (anger), മറ്റുള്ളവരെ പഴിചാരൽ (blaming), ഭയം (fear), നിരാശ (despair), സ്വയത്തകർച്ച (resignation by different means) തുടങ്ങിയവയാണ് ചുവടുകൾ. ജീവിതത്തിലും മരണത്തിലും നാം ഒരുപോലെ ക്രിസ്തുവിൽ സുരക്ഷിതരാണെന്ന യാഥാർഥ്യം. “എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും” എന്ന് പറയുമ്പോൾ അപ്പസ്തോലനായ പൗലോസിനെ കഷ്ടതയിലും ഉപദ്രവങ്ങളിലും അസാമാന്യ ധൈര്യത്തോടെ നിർത്തിയത് ശരിയായ ദൈവാനുഭവമായിരുന്നു എന്നുതന്നെ കരുതാം.
ഇവിടെ ദൈവശാസ്ത്രപരമായ പല വസ്തുതകൾ ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷാഘാതം വന്ന ഒരു സമൂഹമായി ആഗോള ക്രൈസ്തവ കുടുംബത്തെ മാറ്റിയ സമൃദ്ധിയുടെ ദൈവശാസ്ത്രത്തിന്റെ (prosperity theology) നിലപാടുകൾ. കഷ്ടതയില്ല, ഉണ്ടാകില്ല, സമൃദ്ധി മാത്രമാണ് ‘അനുഗ്രഹത്തിൻ്റെ അടയാളം’ എന്ന് പറഞ്ഞ് ദൈവത്തിന്റെ പരമാധികാരത്തിനുമേൽ മാനുഷികമായി സ്‌ഥാപിച്ച തത്വങ്ങൾ ഇത്തരം പ്രതിസന്ധിയിൽ ഒരു വഴിയും കാട്ടുന്നില്ല എന്ന് നാം തിരിച്ചറിയുന്നു. ദൈവത്തിന്റെ പരമാധികാരം സുവിശേഷത്തിന്റെ ഏതോ കോണിൽ ഒതുക്കിവെക്കപ്പെട്ട ഒരു ചിന്തയല്ല; അത് സത്യസുവിശേഷത്തിന്റെ കാതലാണ്. ഈ സുവിശേഷത്തിൽ ദൈവം തൻ്റെ വാഗ്ദത്തങ്ങളോടൊപ്പം മുന്നറിയിപ്പുകളും നൽകുന്നു; ഇതിലെ വ്യവഹാരത്തിൽ രക്ഷയും ശിക്ഷാവിധിയുമുണ്ട്; സ്നേഹവും ശിക്ഷണവുമുണ്ട്.

നമ്മുടെ ദൈവം സിംഹാസനസ്‌ഥനായിരിക്കുന്നു, അവൻ്റെ വിവേകത്തിനു അന്തമില്ല, അവന്റെ രാജത്വത്തിൻ്റെ ചെങ്കോൽ നീതിയുള്ള ചെങ്കോൽ ആകുന്നു; അവൻ തനിക്കിഷ്ടമുള്ളതൊക്കെയും ചെയ്യുന്നു എന്ന പരിജ്ഞാനമാണ് നമ്മെ നിലനിർത്തുന്നത്. ദൈവം ഇന്നലെയും ഇന്നും എന്നും അനന്യൻ തന്നെ. സാഹചര്യം അനിശ്ചിതത്വം നിറഞ്ഞതായാലും, അത്തിവൃക്ഷം തളിർക്കില്ല, മുന്തിരിവള്ളിയിൽ ഫലമുണ്ടാകയില്ല, ഗോശാലകളിൽ കന്നുകാലി ഉണ്ടാകയില്ല… എന്നൊക്കെ വിലപിക്കുന്ന ഹബക്കൂക്‌ തൻ്റെ ചിന്തകളെ പരുവപ്പെടുത്തുന്നത് ശ്രദ്ധ മറ്റൊന്നിലേക്ക് തിരിച്ചു വിട്ടുകൊണ്ടാണ് (shifting focus to something else)- സാഹചര്യങ്ങളിൽ നിന്ന് ദൈവത്തിന്റെ പരമാധികാരത്തിലേക്ക്. കാഴ്ച മാറിയപ്പോൾ പ്രതികരണം മാറി. “എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും. അവൻ എന്റെ കാൽ പേടമാൻകാൽ പോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു.” (ഹബ 3:18-19).
‘ദൈവം എവിടെ’ എന്ന ചോദ്യം ഏതൊരാളിലും ഉണ്ടാകാവുന്ന ഒരു പ്രതിസന്ധിയാണ് ലോകം ഇന്ന് നേരിടുന്നത്. ഭീതിനിറഞ്ഞ കൂട്ടമരണങ്ങൾ ലോകത്തിനു നൽകുന്ന ഈ മഹാമാരിക്കിടയിൽ നമ്മുടെ ദൈവത്തിന്റെ പരമാധികാരത്തിലേക്ക് ഹൃദയം ഏകാഗ്രമാക്കാം. ദൈവം നീതിമാനാണെന്നും, മഹാദയയുള്ള ദൈവമെന്നും, സർവജ്ഞാനിയാണെന്നും അവനിൽ അനീതിയില്ലെന്നും അബ്രഹാം, ഇയ്യോബ്, യിരെമ്യാവ്, പൗലോസ് തുടങ്ങിയവരോടു ചേർന്നു നമുക്കും ഉറച്ചു പറയാം. നമ്മുടെ ചോദ്യവുമായി അടുത്തു ചെന്നാൽ, അതു തന്നെയാവും ദൈവം നമ്മോടും പറയുക. പ്രതിസന്ധികളെക്കുറിച്ചുള്ള ശരിയായ വീക്ഷണം അവിടെനിന്നാണ് ലഭിക്കുക. അവിടെ മൂന്നു കാര്യങ്ങൾ നമ്മെ നിലനിർത്തും- വിശ്വാസം (ദൈവം മാറ്റമില്ലാത്തവൻ എന്ന ധൈര്യം, തൻ്റെ പരമാധികാരത്തിലുള്ള വിശ്രാമം), വിലാപം (പിഴവുകൾ ഏറ്റുപറഞ്ഞുപേക്ഷിച്ച്, കണ്ണീരോടെ ദൈവത്തിങ്കലേക്ക് മടങ്ങിയെത്തൽ), വിധേയത്വം (മരണത്തിലും, ജീവനിലും ദൈവത്തിൽ നാം സുരക്ഷിതർ എന്ന ബോധ്യത്തിൽനിന്നുണ്ടാകുന്ന പൂർണ്ണ സമർപ്പണം). നമുക്ക് മുൻപേ പോയ ഭക്തർ ഏതു ഘോരദുരിതത്തിലും നദി പോലെ സമാധാനം അനുഭവിച്ചതും അങ്ങനെതന്നെ.

ഡോ. ജെസ്സി ജെയ്‌സൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.