ലേഖനം: എളിയവരെ ആദരിക്കുക | റെനി മാത്യു, ലക്നൗ

മാനവരാശി ആകമാനം ഒരു മരവിപ്പിൽ ജീവിക്കുന്ന കാലഘട്ടമാണിത്.
ഈ നൂറ്റാണ്ടിൽ ഒരു പക്ഷേ ലോകം മുഴുവനും ഒരുപോലെ നിസ്സഹായ അവസ്ഥയിൽ ആയിരിക്കുകയാണ്. ശാസ്ത്ര സാങ്കേതിക വിദ്യകൾ എല്ലാം ഉപയോഗിച്ചിട്ടും മനുഷ്യന്റെ കണ്ണു കൊണ്ടു പോലും ദൃശ്യമല്ലാത്ത ഒരു വൈറസിനെ കീഴ്പ്പെടുത്തുവാൻ കഴിയാതെ പരാജയപ്പെടുകയാണ് ലോകം.
ആഘോഷങ്ങളില്ല, ആർഭാടങ്ങളില്ല, തെരുവുകളിൽ കോലാഹലങ്ങൾ ഇല്ല, കൂട്ടുകാരും കുടുംബക്കാരും തമ്മിൽ കണ്ടാൽ അകലം പാലിക്കുന്ന ഒരു അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു ലോകം.
ആഘോഷങ്ങളും ആഡംബരങ്ങളും ഇല്ലാതെ വിവാഹം നടത്താനും ഉറ്റവരും ഉടയവരും വിലാപങ്ങളും ഇല്ലാതെ ശവസംസ്കാരം നടത്താനും ജനം പഠിച്ചുകഴിഞ്ഞു.
നാം നമ്മെ തന്നെ കണ്ടു ഉണരുവാനും തെറ്റുകൾ മനസ്സിലാക്കി തിരിച്ചു വരുവാൻ ദൈവം അനുവദിച്ചു തന്ന സമയം ആയി ഇതിനെ സ്വീകരിച്ചു കൂടെ.
പ്രാർത്ഥന കൊണ്ടു മാത്രം ഈ അനർത്ഥത്തിൽ നിന്നുള്ള വിടുതലിനായി കാത്തിരിക്കുമ്പോൾ തന്നെ നമ്മുടെ ജീവിത രീതികൾ കൂടി ഒന്നു മാറ്റുവാൻ തയ്യാറാകണം. ദാവീദ് രാജാവ് തന്റെ ജീവിതാനുഭവത്തിൽ മനസ്സിലാക്കിയ സത്യം പറയുന്നത് ഇപ്രകാരമാണ്, “എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും.
യഹോവ അവനെ കാത്ത് ജീവനോടെ പാലിക്കും”
(സങ്കീർത്തനം. 41.1).

നാം എപ്പോഴെങ്കിലും ബലഹീനരും നിസ്സഹായരുമായ എളിയവരെ ആദരിക്കാൻ മറന്നു പോയിട്ടുണ്ടോ? മഹാന്മാരും ഉന്നതരും ആയവരെ മാത്രമല്ലേ ലോകം ആദരിക്കുന്നുള്ളൂ. എന്നാൽ എളിയവനെ ആദരിക്കാനാണ് ദൈവവചനം പറയുന്നത്.
നമ്മെ തിരികെ
സഹായിക്കാൻ പ്രാപ്തിയുള്ളവരെയാണ്
സാധാരണയായി നാം
സഹായിക്കുന്നത്. എന്നാൽ ആയുസ്സിൽ ഒരിക്കലും തിരിച്ചു തരാൻ കഴിയാത്ത നിസ്സഹായരെ സഹായിക്കുവാൻ മറന്നു പോയിട്ടുണ്ടെങ്കിൽ ഒരു മടങ്ങിവരവിന്റെ സമയമാണിത്. എളിമപെടാനോ എളിയവരെ ആദരിക്കുവാനോ ലോകം മറന്നുപോയിരിക്കുന്നു. എല്ലാ ജീവിത സുഖങ്ങളിലും ഏറ്റവും മുന്തിയത് ആഗ്രഹിക്കുന്ന ഈ തലമുറ ഉള്ളതിൽ തൃപ്തിപ്പെടാൻ കഴിയാതെ ആർഭാടങ്ങളിൽ ജീവിക്കുന്നു. ദൈവം എനിക്ക് അനുഭവിക്കാൻ തന്ന അനുഗ്രഹങ്ങളുമായി അവർ അതിനെ അവകാശപ്പെടുന്നു. നാം എളിയവരെ ആദരിക്കാതെ പോയിട്ടുണ്ടെങ്കിൽ, അനർത്ഥ ദിവസങ്ങളിൽ അവരെ സഹായിക്കാതെ പോയിട്ടുണ്ടെങ്കിൽ നമ്മുടെ അനർത്ഥ ദിവസങ്ങളിൽ വിടുവിക്കാതെ കർത്താവ് നമ്മെ വിട്ട് മാറിനിൽക്കും.

ദൈവിക ജ്ഞാനം പ്രാപിച്ച ശലോമോൻ മനസ്സിലാക്കിയ സത്യം ഇതാണ്. എളിയവനോട് കൃപ കാട്ടുന്നവൻ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു (സദൃശ്യവാക്യങ്ങൾ19.17). നാം എളിവനോട് കൃപ കാണിച്ചാൽ സൃഷ്ടാവായ ദൈവത്തിന് കടം കൊടുക്കുന്നതിന് തുല്യമാണ്.
അത് യഹോവയായ ദൈവം നന്മയായി പകരം തരും. പ്രത്യുത ദാരിദ്ര്യത്തെ പരിഹസിക്കുന്നവൻ അവന്റെ സൃഷ്ടാവായ ദൈവത്തെ നിന്ദിക്കുന്നു. (സദൃശ്യവാക്യം17.5). നമുക്ക് സൃഷ്ടാവായ ദൈവത്തിന് വായ്പ കൊടുക്കുവാനും അവനെ നിന്ദിക്കാതെ ജീവിക്കാനും കഴിയും. പ്രവാചകൻ യേശുക്രിസ്തുവിനെക്കുറിച്ച് പറയുന്നതും ഇപ്രകാരമാണ്.
എളിയവരോട് സദ്വർത്തമാനം ഘോഷിക്കുവാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.

മനുഷ്യൻ നിർമ്മിക്കുന്ന ഒരു സങ്കേത ഗോപുരങ്ങൾക്കും സുരക്ഷിതത്വം ഇല്ലാതിരിക്കുമ്പോൾ എളിയവനെ
ആദരിക്കുന്നവരെ അനർത്ഥ ദിവസത്തിൽ വിടുവിക്കുന്ന ദൈവമുണ്ട്. അവൻ നമ്മുടെ സങ്കേതവും കഷ്ടകാലത്തു അടുത്ത തുണയും ആണ്

ശാന്തമായി ഭവനങ്ങളിൽ ഇരിക്കുവാൻ അവസരം ഒരുക്കിത്തന്ന കർത്താവ് നമ്മിൽ നിന്നും നല്ലൊരു മടങ്ങിവരവ് പ്രതീക്ഷിക്കുന്നു. അവസരം കിട്ടിയപ്പോൾ നന്മ ചെയ്യുവാനും മറന്നുപോകരുത്.
എളിയവരോട് കാണിച്ചിരുന്ന സമീപനം, തൃപ്തിയില്ലാത്ത നമ്മുടെ ജീവിതം, മനുഷ്യന് പ്രസാദം ആകേണ്ടതിന്നു നാം കാട്ടിക്കൂട്ടിയ പ്രവർത്തികൾ ഇവ എല്ലാത്തിനോടും നമുക്ക് ദൈവത്തോട് മാപ്പ് അപേക്ഷിക്കാം. എന്റെ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന് നിങ്ങൾ ചെയ്‌തെടത്തോളം എല്ലാം എനിക്കും ചെയ്തു.( മത്തായി18.10).
ഈ ചെറിയവരിൽ ഒരുവനെ തുശ്ചീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ.ഈ ചെറിയവരിൽ ഒരുവന് നശിച്ചുപോകാൻ അനുവദിക്കാത്ത സ്വർഗ്ഗസ്ഥനായ പിതാവ് ആണ് നമ്മുടെ ദൈവം. ആകയാൽ എളിയവരെ ആദരിക്കാം.
എളിയവർക്ക് നന്മ ചെയ്യാം.
അവരെ നമുക്ക് സ്വീകരിച്ച് ചേർത്ത് നിർത്താം. അതിനായി കർത്താവ് നമ്മെ സഹായിക്കട്ടെ.

റെനി മാത്യു, ലക്നൗ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.