ശുഭദിന സന്ദേശം : അപഹാരവും വ്യവഹാരവും | ഡോ.സാബു പോൾ

”….സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ”(എബ്രാ.10:34).

സത്യ സുവിശേഷം അംഗീകരിച്ച് വേർതിരിക്കപ്പെട്ട ദിനങ്ങൾ…..
അന്നാളുകളിൽ അകംനിറഞ്ഞു നിന്ന സംതൃപ്തിയും സമാധാനവും….
ആത്മീയ കൂട്ടായ്മകളുടെ ഭാഗമാകാനുള്ള ആവേശം….
വചനത്തെ ഉയർത്താനുണ്ടായിരുന്ന ധീരത…..

ഒരു പക്ഷേ, ഇന്നു തിരിഞ്ഞു നോക്കുമ്പോൾ എവിടെയോ കൈമോശം വന്ന പഴയകാല തീക്ഷ്ണത….

അന്ന് പലപ്പോഴും ദാരിദ്ര്യമായിരുന്നു. യാത്ര ചെയ്യാൻ സ്വന്തമായി സൈക്കിൾ പോലുമില്ലായിരുന്നു. എന്നിട്ടും ദൂരെയുള്ള മീറ്റിംഗുകളിൽ നടന്നു പോയി സംബന്ധിക്കുമായിരുന്നു. അതിൻ്റെ ആനന്ദവും ആവേശവും ഒന്നു വേറെ തന്നെയായിരുന്നു….

എബ്രായ ലേഖനകാരനും ഓർമ്മിപ്പിക്കാനുള്ളത് അത്തരം പൂർവ്വകാലത്തെക്കുറിച്ചാണ്. പീഢനങ്ങളെ ദീർഘക്ഷമയോടും സഹനത്തോടും കൂടി എങ്ങനെയോ അതിജീവിച്ചു എന്നല്ല, സമ്പത്തുകളുടെ അപഹാരം പോലും സന്തോഷത്തോടെ സഹിച്ചു എന്നാണ് തനിക്ക് എബ്രായ വിശ്വാസികളെക്കുറിച്ച് പറയാനുള്ളത്. അടി കിട്ടിയപ്പോൾ തിരുനാമത്തിനു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായ തുകൊണ്ട് സന്തോഷിച്ചുകൊണ്ടു പോയ (അ.പ്രവൃ.5:41) അപ്പൊസ്തലൻമാരെപ്പോലെ……

എന്നാൽ കൊരിന്ത്യ സഭയ്ക്ക് ലേഖനമെഴുതുമ്പോൾ ലോക മനുഷ്യരുടെ മുമ്പിൽ വ്യവഹാരത്തിനായി പോകുന്ന അവരെ ശാസിക്കുകയാണ് പൗലോസ് (1കൊരി. 6:1).

നാളെകളിൽ ലോകത്തെ ന്യായം വിധിക്കേണ്ടവർ….
ദൂതന്മാരെപ്പോലും വിധിക്കാൻ വിളിക്കപ്പെട്ടവർ…
സഭകളിൽ ജ്ഞാനികളുണ്ടായിട്ടും ലോകത്തിലെ കോടതികളെ ആശ്രയിക്കുന്നു…
നഷ്ടം സഹിക്കാനുള്ള മനസ്സില്ല എന്നു മാത്രമല്ല, അന്യായം ചെയ്തു നഷ്ടം വരുത്തുകയും ചെയ്യുന്നു……

നോക്കൂ…….
ഒരേ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവർ…
ഒരേ ആത്മാവിനാൽ ആരാധിക്കുന്നവർ…
സ്വർഗ്ഗപ്രവേശം എന്ന ഒരേ ലക്ഷൃത്തിനായി ഇറങ്ങിത്തിരിച്ചവർ….

അവരിൽ ഒരു കൂട്ടർ അപഹാരത്തിലും സന്തോഷിക്കുമ്പോൾ മറ്റൊരു കൂട്ടർ വ്യവഹാരത്തിൽ സന്തോഷിക്കുന്നു.

പ്രിയമുള്ളവരേ,
എന്തെല്ലാം വാരിക്കൂട്ടി പ്രബലനായാലും. വ്യവഹാരം കൊണ്ട് ന്യായമല്ലാത്തതിനെപ്പോലും അപഹരിച്ചെടുത്താലും……
കേവലം സൂക്ഷ്മജീവികൾ മതി എല്ലാം തകർത്തു തരിപ്പണമാക്കാൻ എന്നു സമകാലീന സംഭവങ്ങൾ തെളിയിക്കുമ്പോൾ വചനപ്രകാരം ജീവിക്കാൻ സമർപ്പിക്കാം…..

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply