ചെറു ചിന്ത: മനുഷ്യനെ മനുഷ്യനാക്കുന്ന ഘടകം എന്ത് ? | നെവിൻ മങ്ങാട്ട്

വളരെ പണ്ട് ഒരു ഗുരു തന്റെ ശിഷ്യന്മാരെ എല്ലാം അടുത്ത് വിളിച്ച് ഇങ്ങനെ ഒരു ചോദ്യം അവരോട് ചോദിച്ചു “മനുഷ്യനെ മനുഷ്യനാക്കുന്ന ഘടകം എന്ത് ? വ്യത്യസ്തമായ ഉത്തരങ്ങൾ സമർത്ഥരായ ശിഷ്യന്മാരിൽ നിന്നും ഗുരുവിന് ലഭിച്ചെങ്കിലും തനിക്ക് തൃപ്തികരമായ ഒരു ഉത്തരം നല്കാൻ ആർക്കും സാധിച്ചില്ല. എന്നാൽ ഈ ചോദ്യം നമ്മളെ ഏറെ ചിന്തിപ്പിക്കേണ്ട ഒന്നാണ്. എന്താണ് നമ്മളെ നാം ആക്കി മാറ്റുന്നത് ?മനുഷ്യൻറെ രൂപം ഉള്ളത് കൊണ്ട് മനുഷ്യൻ എന്ന് നമുക്ക് അവകാശപ്പെടാം എങ്കിലും മനുഷ്യനെ മനുഷ്യനാക്കുന്ന ഘടകം എന്താണ് ?

നമ്മൾ എല്ലാം അറിവുള്ളവരാണ്. അറിവുകൾ മനുഷ്യനെ ചീർപ്പിക്കുന്നു. അറിവുള്ളവൻ എന്ന് സമൂഹത്തിൽ നടിക്കുവാൻ ആഗ്രഹിക്കുന്നവരാണ് മനുഷ്യർ എല്ലാവരും. ഒരു കാര്യം അറിയില്ല എന്ന് മറ്റുള്ളവരുടെ മുന്നിൽ തുറന്ന് സമ്മതിക്കുവാൻ ഒരു വിമുഖത മനുഷ്യർക്കു എല്ലാം ഉണ്ട്. അറിയില്ല എന്ന് പറഞ്ഞാൽ നമ്മൾ അവിടെ കുറഞ്ഞു പോകുന്നു എന്നുള്ള ഒരു വലിയ തെറ്റിധാരണ നമ്മളിൽ എവിടോ നമ്മൾ പോലും അറിയാതെ കുടികൊള്ളുന്നു.എന്നാൽ മനുഷ്യനെ മനുഷ്യനാക്കുന്ന ഘടകം തിരിച്ചറിവാണ്. നമ്മൾ ആരാണ് എന്നുള്ള തിരിച്ചറിവാണ് പലപ്പോഴും നമ്മളെ നാം ആക്കി മാറ്റുന്നത്. അതാണ് നമ്മളിലെ മനുഷ്യത്വം തട്ടി ഉണർത്തുന്നത്. എന്തൊക്കയോ ആണെന്നും എന്തൊക്കയോ അറിയാമെന്നും പലതും സമ്പാദിച്ചു കൂട്ടി എന്നുള്ള വലിയ അറിവില്ലായ്മ നമ്മളിലെ മനുഷ്യത്വത്തെ കൊല്ലുന്നു. തിരിച്ചറിവാണ് നമ്മളെ താഴ്മ ഉള്ളവരാക്കി മാറ്റുന്ന വലിയ ഒരു ഘടകം. ഒരു പഴംചൊല്ല് മലയാളത്തിൽ ഇങ്ങനെയുണ്ട് “താഴ്ന്ന നിലത്തെ നീരോടു , അവിടേ ദൈവം തുണ ചെയ്യൂ” എന്ന്. ദൈവം താഴ്മ ഉള്ളവരെയാണ് സ്നേഹിക്കുന്നത്. നികളികളെയും ഉന്നത ഭാവികളെയും അഹങ്കാരികളെയും ദൈവം വെറുക്കുന്നു. ഇന്ന് ലോകത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു ഈ മഹാവ്യാധികൾ എല്ലാം നമുക്ക് തന്നെ ഒരു പാഠം തന്നെ ആണ്‌. അടുത്ത് നിൽക്കുന്ന സഹോദരനെ സ്നേഹിക്കാതെയും കരുതാതെയും കുറേ ദാനധർമങ്ങൾ നടത്തിയാൽ ദൈവം പ്രസാദിക്കില്ല. വിശുദ്ധ വേദപുസ്തക പ്രകാരം നമ്മൾ നോക്കുകയാണെങ്കിൽ ദാസനെ പോലെ സേവനം ചെയ്യുക എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. ഒരു ദാസൻ തൻ്റെ യജമാനന് ചെയ്യുന്നത് സമൂഹത്തിൽ പ്രചരിപ്പിച്ചു സ്വയം പൊങ്ങുന്നത് നമ്മൾ എവിടെയെങ്കിലും കണ്ടിട്ടോ വായിച്ചിട്ടോ ഉണ്ടോ? കണ്ണീര് വീണാലും ഒപ്പിയെടുത്തു തുരുത്തിയിൽ ആക്കുന്ന അപ്പന്റെ മക്കളായ നമ്മൾ കണ്ണീര് വീഴുന്നത് ഒപ്പിയെടുത്തു സമൂഹ മാധ്യമങ്ങളിൽ കൂടെ പ്രചരിപ്പിക്കരുത് ഈ അവസരത്തിൽ. അപ്പോൾ തിരിച്ചറിവ് ഒരു മഹാധനമാണ് . മനുഷ്യനെ മനുഷ്യനാക്കുന്ന ഘടകം നമ്മളെ തന്നെ തിരിച്ചറിയുക എന്നതാണ്. നമ്മളിലുള്ള ബലഹീനതകൾ ദൈവ സന്നിധിയിൽ തുറന്ന് സമ്മദിക്കുമ്പോഴാണ് ബലഹീനതയിൽ തികഞ്ഞു വരുന്ന ദൈവശക്തി വെളിപ്പെടുന്നത്. ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ സഹജീവികളോട് കരുണയും സ്നേഹവും കരുതലും നൽകുന്നത് നമ്മളിലെ തിരിച്ചറിവും താഴ്മയും ആണ്. സ്നേഹിക്കാം കരുതാം, ഈ വിപത്തിനെ ഒറ്റക്കെട്ടായി നേരിടാം.ദൈവം അനുഗ്രഹിക്കട്ടെ.

നെവിൻ മങ്ങാട്ട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.